Deshabhimani

കായികതാരങ്ങൾക്ക് അവസരം സിആർപിഎഫിൽ 521 കോൺസ്റ്റബിൾ

സിആർപിഎഫിൽ
വെബ് ഡെസ്ക്

Published on Oct 02, 2026, 07:32 PM | 1 min read

സിആർപിഎഫിൽ 521 കോൺസ്റ്റബിൾ കേന്ദ്ര സായുധ പോലീസ് സേനയായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) സ്പോർട്സ് ക്വാട്ട വിജ്ഞാപന പ്രകാരം ഗ്രൂപ്പ് "സി" വിഭാഗത്തിൽ നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ തസ്തികകളായ ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി), കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വിവിധ സ്പോർട്സ് ഇനങ്ങളിലായി ആകെ 521 ഒഴിവുണ്ട്‌. ഇതിൽ ഹെഡ് കോൺസ്റ്റബിൾ വിഭാഗത്തിൽ 182 (പുരുഷന്മാർ–-150, സ്ത്രീകൾ–-32), കോൺസ്റ്റബിൾ വിഭാഗത്തിൽ 339 (പുരുഷന്മാർ–-258, സ്ത്രീകൾ–-81) എന്നിങ്ങനെയാണ്‌ ഒഴിവുകൾ. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഇന്ത്യയിലുടനീളമോ വിദേശത്തോ സിആർപിഎഫിന്റെ ആവശ്യാനുസരണം എവിടെയും സേവനമനുഷ്ഠിക്കാനുള്ള ബാധ്യത ഉണ്ടായിരിക്കും. ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യ വിജയവും കോൺസ്റ്റബിൾ തസ്തികയിലേക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയവുമാണ് അടിസ്ഥാന യോഗ്യത. ഇതോടൊപ്പം വിജ്ഞാപനത്തിൽ പറയുന്ന നിശ്ചിത സ്പോർട്സ് ഇനങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അന്താരാഷ്ട്ര, ദേശീയ, ഇന്റർ യൂണിവേഴ്സിറ്റി അല്ലെങ്കിൽ സ്കൂൾ ദേശീയ തലങ്ങളിൽ രാജ്യത്തെയോ സംസ്ഥാനത്തെയോ പ്രതിനിധീകരിച്ച് മെഡലുകൾ നേടുകയോ പങ്കെടുക്കുകയോ ചെയ്ത യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി: 18–23. നിയമാനുസൃത ഇളവ്‌ ലഭിക്കും. ഏഴാം ശമ്പള കമീഷൻ പ്രകാരം ഹെഡ് കോൺസ്റ്റബിളിന് 25,500–81,100/- നിരക്കിലും (പേ ലെവൽ-4), കോൺസ്റ്റബിളിന് 21,700–69,100/- നിരക്കിലും (പേ ലെവൽ-3) ശമ്പളം ലഭിക്കും. അപേക്ഷകരുടെ ബയോമെട്രിക് ഐഡന്റിറ്റി പരിശോധന, ഒറിജിനൽ സർട്ടിഫിക്കറ്റ് പരിശോധന, ശാരീരിക അളവെടുപ്പ്, കായികക്ഷമത പരിശോധന, വിശദമായ മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷാഫീസ്. എല്ലാ വിഭാഗങ്ങളിലെയും വനിതാ ഉദ്യോഗാർഥികൾ, എസ്‌സി, എസ്‌ടി, എക്സ്-സർവീസ്മെൻ എന്നിവർക്ക് ഫീസ് ഇല്ല. crpf.gov.in വഴി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 12 മുതൽ സ്വീകരിച്ചു തുടങ്ങും. അവസാന തീയതി നവംബർ 11.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home