ad
Deshabhimani

സിഎസ്ഐആർ- യുജിസി നെറ്റ് അപേക്ഷ ഇപ്പോൾ

pgdccd students

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on May 30, 2026, 04:49 PM | 2 min read

​നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ്‌ സിഎസ്ഐആർ- യുജിസി നെറ്റ് (CSIR-UGC –NET ) ജൂൺ പരീക്ഷയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം. പരീക്ഷയിൽ ലഭിക്കുന്ന സാധുവായ സ്കോർ രാജ്യത്തെ കോളേജുകളിലും സർവകലാശാലകളിലും സയൻസ് വിഷയങ്ങളിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നിർണയിക്കുന്നതോടൊപ്പം ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ് ) അവാർഡിനും അർഹത നിശ്ചയിക്കുന്നു. പിഎച്ച്ഡി പ്രവേശനത്തിനും നെറ്റ് യോഗ്യത ഇപ്പോൾ പ്രധാന ഘടകമാണ്. പരീക്ഷ ജൂലൈ 17 നും 18 നും വിവിധ കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷ ജൂൺ 19 വരെ ഓൺലൈനായി നൽകാം.


വിഷയങ്ങൾ


കെമിക്കൽ സയൻസസ്/എർത്ത്, അറ്റ്മോസ്‌ഫെറിക്, ഓഷ്യൻ ആൻഡ്‌ പ്ലാനറ്ററി സയൻസസ്/ലൈഫ് സയൻസസ്/മാത്തമാറ്റിക്കൽ സയൻസസ്/ഫിസിക്കൽ സയൻസസ് എന്നിങ്ങനെ അഞ്ച്‌ അടിസ്ഥാന സയൻസ് വിഷയങ്ങളിലായാണ് സിഎസ്ഐആർ - യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. ഈ വിഷയങ്ങളുമായി ചേർന്നുനിൽക്കുന്ന കോഴ്സുകൾ പഠിച്ചവർക്ക് ആ വിഷയത്തിലെ പരീക്ഷ എഴുതാം.


യോഗ്യത


വിഷയത്തിൽ 55 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലയിൽനിന്നും മാസ്റ്റർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക/പട്ടിക/ ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അർഹതയുണ്ട്. നാലുവർഷ/ തത്തുല്യം ഡിഗ്രി നേടിയവർക്ക് 75 ശതമാനം മാർക്ക്/ തത്തുല്യം ഗ്രേഡ് വേണം. സംവരണ വിഭാഗക്കാർക്ക് അഞ്ച്‌ ശതമാനം മാർക്കിളവുണ്ട്. അസി.പ്രൊഫസർ നിയമനം/ പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള അപേക്ഷയ്‌ക്ക് പ്രായപരിധി ബാധകമല്ല. ജെആർഎഫിന് അപേക്ഷിക്കുന്നുണ്ടെങ്കിൽ 2026 ജൂലൈ ഒന്നിന് പ്രായം 30 കവിയരുത്. സംവരണ വിഭാഗക്കാർക്ക് അഞ്ച്‌ വർഷം ഇളവുണ്ട്. സി എസ്ഐആർ- യുജിസി നെറ്റ് പാസാകുന്ന നാല്‌ വർഷ ബിരുദക്കാർക്ക് ജെആർഎഫിനും പിഎച്ച്ഡി പ്രവേശനത്തിനും യോഗ്യത ഉണ്ടെങ്കിലും അസി.പ്രൊഫസർ നിയമനത്തിന് അപേക്ഷ അർഹതയില്ല.


പരീക്ഷാ ഘടന


കംപ്യൂട്ടറധിഷ്ഠിത പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്റ്റീവ് മാതൃകയിൽ മൂന്ന്‌ മണിക്കൂർ ആയിരിക്കും. ആകെ മാർക്ക് 200. ചോദ്യപേപ്പറിൽ മൂന്ന്‌ പാർട്ടുകൾ ഉണ്ടെങ്കിലും എല്ലാ പാർട്ടുകളും തുടർച്ചയായി എഴുതേണ്ടതാണ്. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്ക് ഉണ്ട്. പാർട്ട്- എ എല്ലാ വിഷയങ്ങൾക്കും പൊതുവായിട്ടുള്ളതാണ്. ജനറൽ ആപ്റ്റിറ്റ്യൂഡ് ആൻഡ് ലോജിക്കൽ റീസണിങ്, അനലറ്റിക്കൽ ആൻഡ്‌ ന്യൂമറിക്കൽ എബിലിറ്റി, ഗ്രാഫിക്കൽ അനാലിസിസ്, ക്വാണ്ടിറ്റേറ്റീവ് കംപാരിസൺ, സീരീസ് ഫോർമേഷൻ, പസ്സിൽസ് തുടങ്ങിയവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. പാർട്ട് -ബിയിൽ അപേക്ഷയിൽ നൽകിയ വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ. പാർട്ട് - സി അതത് ശാസ്ത്ര വിഷയത്തിന്റെ പ്രായോഗിക വശം, ശാസ്ത്രപരിജ്ഞാനത്തിലൂടെ പ്രശ്നപരിഹാര മാർഗങ്ങൾ തുടങ്ങിയവ വിശകലനം ചെയ്യേണ്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം.


മറ്റു വിവരങ്ങൾ


പരീക്ഷ രണ്ട് ഷിഫ്റ്റുകളിൽ നടക്കും. രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്‌ക്കുശേഷം 3 മുതൽ 6 വരെയും. കേരളത്തിൽ കാസർകോട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെന്ററുകൾ ഉണ്ട്. കവരത്തി, മംഗളൂരു, ഉഡുപ്പി, കോയമ്പത്തൂർ, തിരുനെൽവേലി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം. വിവരങ്ങൾക്ക്:https://csirnet.nta.nic.in,www.nta.ac.in. ഹെൽപ് ലൈൻ :011/40759000,69227700.ഇ– മെയിൽ:[email protected].



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home