റെയിൽവേയിൽ ജൂനിയർ എൻജിനിയർ ഉൾപ്പെടെ 4098 ഒഴിവ്

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB) വിവിധ തസ്തികകളിലേക്ക് നിയമനം നടത്താനൊരുങ്ങുന്നു. ജൂനിയർ എൻജിനിയർ (JE), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (DMS), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (CMA) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള സൂചനാ വിജ്ഞാപനം (CEN No. 04/2026) റെയിൽവേ പുറപ്പെടുവിച്ചു. ഇന്ത്യയിലുടനീളമുള്ള വിവിധ ആർആർബികളിലായി ആകെ 4,098 ഒഴിവുണ്ട്. യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് റെയിൽവേയുടെ റീജണൽ വെബ്‌സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിലുള്ള എൻജിനിയറിങ് ഡിപ്ലോമ/ബിരുദം അല്ലെങ്കിൽ സയൻസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഏഴാം ശമ്പള കമീഷൻ പ്രകാരം പേ ലെവൽ -6–ലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് തുടക്കത്തിൽ 35,400 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. പ്രായപരിധി: 18–33. നിയമാനുസൃത ഇളവ് ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ, രേഖകളുടെ പരിശോധന, മെഡിക്കൽ ഫിറ്റ്‌നസ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. www.rrbcdg.gov.in വഴിയോ കേരളത്തിലെ പ്രാദേശിക വെബ്സൈറ്റായ www.rrbthiruvananthapuram.gov.in വഴിയോ അപേക്ഷിക്കാം. ആഗസ്റ്റ് 14 മുതൽ സെപ്തംബർ 13 വരെ അപേക്ഷ നൽകാം.










0 comments