മഴ കനക്കുന്നു; എറണാകുളം, കാസറഗോഡ് ജില്ലകളിലും നാളെ അവധി

എറണാകുളം: കനത്ത മഴയെത്തുടർന്ന് എറണാകുളം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് മഴ കണക്കുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയാണ് കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചത്. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
റെസിഡന്റിൽ സ്കൂളുകൾക്ക് അവധി ബാധകമാകില്ല. ഇരു ജില്ലകളിലും മുൻകൂട്ടി തീരുമാനിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കിയിലും കനത്ത മഴയെത്തുടർന്ന് പാംബ്ലാ ഡാമിലെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചു. ഡാമിന് പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. വയനാട് ജില്ലയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.









0 comments