മാവേലിക്കര> മലയാളത്തിന്റെ പ്രിയകവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രശസ്ത കവിത,' മഗ്ദലന മറിയത്തിന്' ആ പേരു നല്‍കിയത് മാവേലിക്കരക്കാരനായ കെ എം വര്‍ഗ്ഗീസ്. വര്‍ത്തമാന കാലത്ത് മതമൗലിക വാദികള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്തൊരു സാഹിത്യ സൗഹൃദത്തിന്റെ ഊഷ്മളത അതിന്റെ പിന്നിലുണ്ട്.
മഗ്ദലമറിയത്തിന്റെ നക്കല്‍, വ്യാഖ്യാനമെഴുതാനായി കവി വരിക്കോലില്‍ കേശവനുണ്ണിത്താന്റെ കൈവശം 1921 ഏപ്രിലിലാണ് വള്ളത്തോള്‍ കൊടുത്തുവിട്ടത്. 1921 ജൂണ്‍ 18 ന് വ്യാഖ്യാനമെന്തായി എന്നറിയാനായി വള്ളത്തോള്‍ വീണ്ടും കത്തെഴുതി. 'പശ്ചാത്താപം പ്രായശ്ചിത്തം' എന്ന എന്റെ കൃതി വ്യാഖ്യാനമെഴുതാനായി ശ്രീമാന്‍ വരിക്കോലില്‍ നിങ്ങളുടെ കയ്യില്‍ തന്നിട്ടില്ലയോ. ഇടവം 25-ന് വ്യാഖ്യാന സഹിതം ഇവിടെ തിരിച്ചെത്തിക്കാമെന്ന് ഉണ്ണിത്താന്‍ ഏറ്റു പറഞ്ഞിരുന്നു. വ്യാഖ്യാനത്തിന്റെ പണി എന്തായി. വേഗത്തില്‍ അച്ചടിപ്പിക്കണമെന്ന് ആത്മപോഷിണി മാനേജര്‍ക്ക് ആഗ്രഹമുണ്ട്. അതിനാല്‍ നിങ്ങള്‍ സദയം ഒരു ശുഷ്‌കാന്തി വെയ്ക്കാനപേക്ഷ'. ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം. ചരിത്രമായ ആ കത്തുകള്‍ക്കും ഒരു നൂറ്റാണ്ട് തികയുകയാണ്
'ഒരു തേവിടിശ്ശി, അഥവാ പശ്ചാത്താപം പ്രായശ്ചിത്തം' എന്നായിരുന്നു വള്ളത്തോള്‍, കെ എം വര്‍ഗ്ഗീസിന് അയച്ചു കൊടുത്ത കവിതയുടെ പേര്. ഇതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച വര്‍ഗ്ഗീസ്, കവിതയുടെ വ്യാഖ്യാനവും അവതാരികയും എഴുതി അയച്ചപ്പോള്‍, അതിനൊപ്പം അയച്ചകത്തില്‍ ഇങ്ങനെയെഴുതി: 'മഗ്ദലനമറിയം യേശുവിനെ സമീപിക്കും മുമ്പ് ഒരു തേവിടിശ്ശി ആയിരുന്നുവെങ്കിലും ഇന്ന് ഭൂലോകമെങ്ങുമുള്ള ക്രൈസ്തവര്‍ അവളെ പാപവിമുക്തി ലഭിച്ച ഒരു പാവന ചരിതയും വിശുദ്ധയുമായി പരിഗണിച്ചിരിക്കുന്നതിനാല്‍ 'തേവിടിശ്ശി' എന്ന പേര്‍ അനൗചിത്യ ദോഷാസ്പദവും അരോചകവുമായി പരിണമിച്ചേക്കും. അതിനാല്‍ മഗ്ദലനമറിയം എന്ന് നാമകരണം ചെയ്യുകയാണ് ഉചിതം'. കത്ത് വായിച്ച വള്ളത്തോള്‍, കവിതക്ക് മഗ്ദലനമറിയം എന്ന പേരു നല്‍കുകയായിരുന്നു. കെ എം വര്‍ഗ്ഗീസ് നിര്‍ദ്ദേശിച്ച ചില മാറ്റങ്ങള്‍ കൂടി കവിതയില്‍ വരുത്തിയാണ് വള്ളത്തോള്‍ ഇന്നു കാണുന്ന 'മഗ്ദലനമറിയം' പ്രസിദ്ധീകരിച്ചത്. കുമാരനാശാന്‍, ഉള്ളൂര്‍ എന്നിവരുമായി വര്‍ഗ്ഗീസ് നടത്തിയ കത്തിടപാടുകളുടെ രേഖകളും അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ ജീവിതയാത്രയിലുണ്ട്.
മഗ്ദലന മറിയം പിറവിയെടുത്തിട്ട് ഒരുനൂറ്റാണ്ട് പിന്നിടുമ്പോള്‍, ചരിത്രത്തോട് നീതി പുലര്‍ത്തണമെങ്കില്‍ കെ എം വര്‍ഗ്ഗീസിന്റെ ചരിത്രവും ചര്‍ച്ച ചെയ്യപ്പെടണം. 1889 ഏപ്രില്‍ 22 ന് മാവേലിക്കര കാമ്പുശ്ശേരി മാത്തന്റെയും ആച്ചിയുടെയും മകനായി ജനനം. വിശേഷണങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്താനാവാത്ത ചിത്രമെഴുത്ത് കെ എം വര്‍ഗ്ഗീസിന്റെ 59-ാം ചരമവാര്‍ഷിക ദിനമാണ് ബുധനാഴ്ച. .1962 ജൂലൈ 21 നായിരുന്നു മരണം.മലയാള ഗദ്യകവിതാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന നിലയില്‍ മാത്രമല്ല ചിത്രമെഴുത്ത് അറിയപ്പെടുന്നത്. ചിത്രകാരന്‍, കവി, ചരിത്രകാരന്‍, നിരൂപകന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിലും അതുല്യ സംഭാവനകള്‍ നല്‍കിയിട്ടുള്ള അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
മാവേലിക്കര കോട്ടക്കകം സ്‌കൂളിലും മാവേലിക്കര ഗവ. ഇംഗ്ലീഷ് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. ചിത്രകലാ പഠനശേഷം ആര്‍ച്ച് ഡീക്കന്‍ റവ. ഉമ്മന്‍മാമന്റെ ഗുമസ്തനായി കുറച്ചുനാള്‍ ജോലി ചെയ്തു. മാവേലിക്കര ഉദയവര്‍മ്മയുമായുള്ള സൗഹൃദം ചിത്രമെഴുത്തിലും സാഹിത്യത്തിലും കൂടുതല്‍ ഇടപെടാന്‍ സാഹചര്യമൊരുക്കി. പ്രശസ്ത ചിത്രകാരനായ പി മുകുന്ദന്‍ തമ്പിയുടെ ശിക്ഷണത്തില്‍ 16-ാം വയസില്‍ ചിത്രകല അഭ്യസിച്ചു തുടങ്ങിയ വര്‍ഗീസിന്റെ ചിത്രകലയിലെ അസാമാന്യ പ്രാവീണ്യമാണ്, പില്‍ക്കാലത്ത് ചിത്രമെഴുത്ത് എന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ചിത്രകലയിലെ വര്‍ഗ്ഗീസിന്റെ വേറിട്ട ശൈലി ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വര്‍ഗീസ് വരച്ച, ശ്രീനാരായണ ഗുരുവിന്റെ ചിത്രം, മഹാത്മാ ഗാന്ധി കേരള സന്ദര്‍ശന വേളയില്‍ കാണാനിടയായി. 'ഈ ചിത്രം എന്നെ വല്ലാതാകര്‍ഷിച്ചു. ഇത് രചിച്ച കലാകാരന്‍ തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. ആ കലാകാരനെ ഞാന്‍ ആദരിക്കുന്നു', എന്നായിരുന്നു ഗാന്ധിജിയുടെ പ്രതികരണം. മരണം വരെ, ജീവിതത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായി വര്‍ഗ്ഗീസ് ഈ വാക്കുകളെ നെഞ്ചിലേറ്റി.
22-ാം വയസില്‍ സാഹിത്യമേഖലയിലേക്ക് കടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതിയ ലേഖനങ്ങളിലൂടെയാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ വര്‍ഗീസിനെ കേരളമറിഞ്ഞത്. പ്രാചീനതാരകയില്‍ 1913 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിച്ച 'ബുള്‍പ്പട്ടിക്ക് വെച്ച കാടി' ആണ്
ആദ്യത്തെ ചെറുകഥ. മലയാള ചെറുകഥ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ 'അസ്വാതന്ത്ര്യ തമസ്' അടക്കം നിരവധി ചെറുകഥകള്‍ ആ തൂലികയില്‍ പിറന്നു. മലയാളത്തിലെ ആദ്യ ഗദ്യകവിതയായി അംഗീകരിച്ചിട്ടുള്ള, ചിത്രമെഴുത്തിന്റെ 'സുഖസ്വപ്നം' പ്രസിദ്ധീകരിച്ചത് 1918 ഒക്ടോബറില്‍ ആത്മപോഷിണിയിലാണ്. ഈ കവിതയടക്കമുള്ള കവിതകളുടെ സമാഹാരമായ 'ചെങ്കോലും മുരളിയും' (ചിത്രമെഴുത്തിന്റെ ഗദ്യകവിതകള്‍) 1941 ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സാഹിത്യമേഖലയില്‍ അത് വലിയൊരു വിപ്ലവമായി. മലയാളത്തിലെ ആദ്യ ഗദ്യകവിതാ സമാഹാരമായിരുന്നു അത്. തിരുവനന്തപുരം കലാവിലാസിനിയായിരുന്നു പ്രസാധകര്‍. വര്‍ഗ്ഗീസിന്റെ, പ്രസ്ഥാന സുധാലഹരി, ജഗന്‍മണാളന്‍ എന്നീ പ്രശസ്ത കവിതകളും ഈ സമാഹാരത്തിലുണ്ട്. എട്ടു പതിറ്റാണ്ട് പിന്നിടുന്നതിനിടയില്‍ ഗദ്യകവിത പ്രസ്ഥാനത്തില്‍ മാറ്റങ്ങള്‍ നിരവധി ഉണ്ടായെങ്കിലും ചിത്രമെഴുത്തിന്റെ ഇരിപ്പിടം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. മലയാള ഗദ്യകവിതയുടെ പ്രോദ്ഘാടകന്‍ എന്ന നിലയില്‍ മലയാളത്തിന്റെ 'വാള്‍ട്ട് വിറ്റ്മാന്‍' എന്നും ചിത്രമെഴുത്തിനെ വിശേഷിപ്പിക്കുന്നു.
ആധുനിക കവിത്രയമായ ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ എന്നിവരുമായി വര്‍ഗ്ഗീസിനുണ്ടായിരുന്ന ആത്മബന്ധം അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നും തിരിച്ചറിയാം.
.jpg)
1928 ജൂലൈ 2നു ചിത്രമെഴുത്ത് കെ എം വര്‍ഗീസ് മലയാള മനോരമയില്‍ എഴുതിയ ലേഖനം ...source: shijualex.in
കവിതകളുടെ അലിഖിത നിയമങ്ങളെ വെല്ലുവിളിച്ച് വര്‍ഗ്ഗീസ് തുടങ്ങി വെച്ച ഗദ്യകവിത പ്രസ്ഥാനത്തെ പരിഹസിച്ചും വിമര്‍ശിച്ചും ചര്‍ച്ചകളേറെയുണ്ടായി. എന്നാല്‍ മഹാകവി ഉള്ളൂരടക്കമുള്ള പ്രമുഖര്‍ വര്‍ഗ്ഗീസിന് പിന്തുണയുമായെത്തി. ചെങ്കോലും മുരളിക്കും പുറമേ, നെല്ലിമൂട്ടിലമ്മച്ചി, വലിയ മാര്‍ദിവന്നാസ്യോസും തരണനല്ലൂര്‍ നമ്പൂതിരിപ്പാടും, തച്ചില്‍ മാത്തൂത്തരകന്റെ തങ്കക്കൊമ്പന്‍, വേണാടിന്റെ നടുത്തൂണ്‍ അഥവാ പുണ്യവാളനായ ശവരിയാര്‍, മാത്യൂസ് മാര്‍ അത്താനാസ്യോസിന്റെ പഞ്ചകല്യാണി, അഞ്ചാം മാര്‍ത്തോമായുടെ പീഡാനുഭവം അഥവാ ഡച്ചുകാരുടെ പന്തീരായിരം (ചരിത്ര കഥകള്‍), ചിട്ടിത്തലയാള്‍ (നോവല്‍), സുറിയാനി ക്രിസ്ത്യാനികളുടെ രാജ്യരക്ഷാ പുരുഷത്വം, കേരളീയ നസ്രാണികളുടെ രാഷ്ട്രീയ സേവനം (ചരിത്ര ഗ്രന്ഥങ്ങള്‍) എന്നിവയും ചിത്രമെഴുത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികളാണ്. ശ്രീചക്രം (നോവല്‍), കണ്ണൂര്‍ ഫിലിപ്പോസ് ആശാന്‍, പൗവ്വത്തിക്കുന്നേല്‍ കുടുംബചരിത്രം എന്നിവ ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
ചിത്രമെഴുത്തിന്റെ മരണ ശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആത്മകഥയായ, എന്റെ ജീവിതയാത്ര പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിന് അവതാരികയെഴുതിയത് ഡോ. സുകുമാര്‍ അഴീക്കോടായിരുന്നു. അവതാരികയുടെ അവസാന ഭാഗത്ത് അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്: 'എന്റെ ബാല്യത്തോളം പഴക്കമുള്ള ഒരു സാഹിത്യാഭിരുചിയുടെ അങ്കുരത്തിന്റെ സാഫല്യം ഇതുവഴി നടക്കുന്നുണ്ട്. അതെന്റെ സ്വകാര്യമായ സന്തോഷമാണ്'. ഇതില്‍ നിന്നു തന്നെ ചിത്രമെഴുത്തിന്റെ സാഹിത്യജീവിതം കേരളത്തിന്റെ സാംസ്‌കാരിക സാഹിത്യ മേഖലകളെ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നത് വ്യക്തമാണ്. എല്ലാ യാഥാസ്ഥിതിക പ്രതിഷേധങ്ങളെയും മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ടു നേരിട്ട ചിത്രമെഴുത്തിന്റെ ചരിത്രം പഠന വിധേയമാക്കേണ്ട കാലം അതിക്രമിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..