27 July Saturday

തോമസ്‌ ജോസഫ്‌ മടങ്ങിവരും അക്ഷരങ്ങളുടെ കൈപിടിച്ച്‌

എം എസ്‌ അശോകൻUpdated: Saturday Jul 27, 2019

കൊച്ചി> സ്ഥലവും കാലവും കഥാപാത്രങ്ങളുമില്ലാത്തൊരു ലോകം, സ്വപ്‌നങ്ങളിൽനിന്ന്‌ സ്വപ്‌നങ്ങളിലേക്ക്‌ പറക്കുന്ന കാഴ്‌ചകളെ അരിച്ചെടുത്ത കഥാസന്ദർഭങ്ങൾ. ക്രിസ്‌തീയ വിശ്വാസങ്ങളുടെയും ഭജനങ്ങളുടെയും തലങ്ങൾ ഇഴചേരുന്ന ‘അമ്മയുടെ ഉദരം അടച്ച്‌’ എന്ന നോവലിൽ അച്ചടിമഷി പുരളുമ്പോൾ എഴുത്തുകാരൻ തോമസ്‌ ജോസഫ്‌ ലോകത്തോട്‌ ഒന്നും പറയാനും കേൾക്കാനുമാകാതെ പത്തുമാസമായി  രോഗക്കിടക്കയിലാണ്‌. ചികിത്സയ്‌ക്കായി ലക്ഷങ്ങൾ കടം വാങ്ങിയ കുടുംബത്തിന്‌ കൈത്താങ്ങാകാൻ നോവൽ അച്ചടിച്ച്‌ വിൽക്കാനുള്ള ശ്രമത്തിലാണ്‌  സുഹൃത്തുക്കൾ.

28 അധ്യായങ്ങളുള്ള തോമസ്‌ ജോസഫിന്റെ നോവൽ ഇപ്പോൾ അച്ചടിശാലയിലാണ്‌. പുസ്‌തകത്തിന്റെ  കവർ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 2018 സെപ്തംബർ 15നാണ്‌ പക്ഷാഘാതത്തെ തുടർന്ന് തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ തലയിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ചലനശേഷിയും ഓർമയും വീണ്ടുകിട്ടിയില്ല. അഞ്ചുമാസത്തെ ആശുപത്രിവാസം കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ട്‌ ഇപ്പോൾ അഞ്ച്‌ മാസമാകുന്നു. ചികിത്സയ്‌ക്ക്‌ ഇതിനകം 22 ലക്ഷത്തിലധികം രൂപ ചെലവായി. ഭർത്താവിനെ പരിചരിക്കുന്നതോടൊപ്പം മകളുടെ പ്രസവപരിചരണം കൂടി ഏറ്റെടുത്തപ്പോൾ ഭാര്യ റോസിലിയുടെ ചെറിയ ജോലിയും നഷ്ടമായി. മകൻ ജെസ്സേയുടെ ചെറിയ വരുമാനമാണ്‌ ഈ കുടുംബത്തിന്റെ ഏക ആശ്രയം.

വായനപ്പുരയാണ്‌ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. അച്ചടിച്ചെലവ്‌ കഴിച്ചുള്ള പണം മുഴുവൻ തോമസ്‌ ജോസഫിന്റെ കുടുംബത്തിന്‌ നൽകുമെന്ന്‌ വായനപ്പുര മാനേജർ സി ടി തങ്കച്ചൻ പറഞ്ഞു. തോമസ്‌ ജോസഫ്‌ ഏറ്റവുമൊടുവിൽ പൂർത്തിയാക്കിയ നോവൽ അച്ചടിക്കുന്നത്‌ തങ്കച്ചന്റെ ശ്രമഫലമായാണ്‌. സെപ്‌തംബർ ആദ്യം പുറത്തിറക്കുന്ന നോവലിനുവേണ്ടി ബോണി തോമസ്‌ 28 ചിത്രങ്ങൾ വരയ്‌ക്കുന്നു. സുധി അന്നയാണ് കവർ തയാറാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top