28 March Tuesday

നവലിബറലിസം ജനാധിപത്യത്തെ തോല്‍പ്പിക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2016

ലോകത്തെ ഒരു വലിയ കമ്പോളമായി കാണുന്നതില്‍ എന്താണ് തെറ്റ്? നവലിബറലിസം എന്ന സാമ്പത്തിക യുക്തി പിന്നീട് സാമൂഹിക യുക്തിയും സാംസ്കാരിക യുക്തിയും മതങ്ങളുടെ യുക്തിയും ഒക്കെയായി അവതരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും ലളിതവും എന്നാല്‍ ഏറ്റവും മാരകവുമായ ചോദ്യമാണിത്. ഈ ഒരൊറ്റ ചോദ്യത്തെ ഒരായിരം മറുചോദ്യങ്ങളാല്‍ ഭേദിച്ചുകൊണ്ടാണ് വെന്‍ഡി ബ്രൌണ്‍ എന്ന എഴുത്തുകാരി തന്റെ 'അണ്‍ഡൂയിങ് ദി ഡെമോസ്: നിയോലിബറലിസംസ് സ്റ്റെല്‍ത് റെവലൂഷന്‍' എന്ന ശ്രദ്ധേയമായ കൃതി തുടങ്ങുന്നത്. നവലിബറലിസം എന്ന ഗൂഢവിപ്ളവം തകര്‍ത്തെറിഞ്ഞ ക്ഷേമരാഷ്ട്രം എന്ന ആശയം, അത് വഴിതെളിച്ച സാമ്പത്തിക പ്രതിസന്ധി, അസമത്വങ്ങള്‍, സാമാന്യ ജനകോടികളുടെ പാര്‍ശ്വവല്‍ക്കരണം അഴിച്ചുവിട്ട പരിസ്ഥിതി വിനാശങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, പിന്നെ വര്‍ഗ– വര്‍ണ– ലിംഗ മേല്‍ക്കോയ്മകളെ ഊട്ടിയുറപ്പിക്കുന്ന ജനപ്രിയ സാംസ്കാരിക ബിംബവല്‍ക്കരണങ്ങള്‍... അങ്ങനെ നീണ്ടുപോകുന്ന ആ പട്ടികയുടെ ഒടുവില്‍ അവര്‍ ചോദിക്കുന്നു ഇതൊരു സാമ്പത്തിക പ്രമാണമോ, അതോ  മുതലാളിത്തത്തിന്റെയും വരേണ്യവര്‍ഗത്തിന്റെയും കിരാതമായ പകപോക്കലോ?

ഇന്ന് നവലിബറലിസം നവോത്ഥാന സ്വപ്നങ്ങളെ, ജനാധിപത്യമൂല്യങ്ങളെ, തനതു സംസ്കാരങ്ങളെ, ജനകീയ വിദ്യാഭ്യാസ സങ്കല്‍പ്പങ്ങളെ ഒക്കെ കാറ്റില്‍പറത്തി നടത്തുന്ന തേരോട്ടങ്ങളെയും, അതിന് കുടപിടിക്കുന്ന മതസ്ഥാപനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നു ബ്രൌണ്‍. വിദ്യാഭ്യാസവും സംസ്കാരവുംപോലെ സാമ്പത്തിക ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാത്ത ഇടങ്ങളില്‍പ്പോലും വിപണിയുടെ അളവുകോലുകള്‍ മാനദന്ധങ്ങള്‍ കല്‍പ്പിക്കുമ്പോള്‍ സര്‍വകലാശാലകള്‍തൊട്ട് ഭക്ഷണശാലകളും സിനിമാകൊട്ടകകളുംവരെ റേറ്റിങ്ങുകള്‍ക്കും റാങ്കിങ്ങുകള്‍ക്കും വിധേയരാകേണ്ടിവരുന്നു. ഇവിടെ തടവറയിലാക്കപ്പെടുന്നത് ജനാധിപത്യമാണ്. മനുഷ്യന്‍ മൂലധനംമാത്രമായി പരിണമിക്കുമ്പോള്‍ അവിടെ കൊഴിഞ്ഞുവീഴുന്നത് മാനുഷികമൂല്യങ്ങളും നീതിയും ന്യായവും സഹജീവിയോടുള്ള സഹാനുഭൂതിയും സാഹോദര്യവും മറ്റുമാണ്. അവിടെ സമത്വം എന്ന ആശയം കമ്പോളത്തിന്റെ മത്സരപ്രവണതകള്‍ക്കുമുമ്പില്‍ വീണ്ടും വീണ്ടും അടിയറവു പറഞ്ഞ് കാലഹരണപ്പെട്ടുപോകുന്നു. നവലിബറലിസത്തിനോട് കൊമ്പ് കോര്‍ക്കുന്ന വിശാല ജനാധിപത്യത്തിന് നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യം എന്ന ആശയത്തിന്റെ അടിസ്ഥാന തത്വങ്ങളെ നിരന്തരം ചിന്തേരിട്ട് മിനുക്കാനും പുനര്‍വിഭാവനം ചെയ്യാനും, അതിനുവേണ്ടി പോരാടാനും ജാഗരൂകരായ ഒരു ജനത വേണമെന്നതാണ് ബ്രൌണ്‍ ഉയര്‍ത്തുന്ന വാദം. സമത്വം, സാഹോദര്യം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ കമ്പോളം വാഗ്ദാനംചെയ്യുന്ന താല്‍ക്കാലിക സുഖലോലുപതയ്ക്കായി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം തോല്‍ക്കുകയാണ് എന്ന സന്ദേശം നല്‍കാനും ഈ കൃതി ശ്രമിക്കുന്നു.

ലോകമെമ്പാടും നടമാടുന്ന ഭീതിജനകമായ ഒരു സാമൂഹിക, സാമ്പത്തിക അവസ്ഥയെ ചരിത്രപരമായും ദാര്‍ശനികമായും രാഷ്ട്രീയമായും വിശകലനംചെയ്യാനാണ് ബ്രൌണ്‍ ഇവിടെ ശ്രമിക്കുന്നത്. ഒട്ടും ആശ്വാസജനകമല്ല അവര്‍ നിരത്തുന്ന കണ്ടെത്തലുകള്‍. എന്നാല്‍, അതുകൊണ്ടുതന്നെ അടിയന്തരവും ഗഹനവുമായ ഒരു വായന ഈ കൃതി ആവശ്യപ്പെടുന്നു. നവലിബറലിസത്തെക്കുറിച്ച് പല കൃതികള്‍ ഇതിനോടകം രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും നമ്മെ വല്ലാതെ അലട്ടുന്ന, വ്യാകുലപ്പെടുത്തുന്ന ഒരു വായനാനുഭവമാണ് ഈ പുസ്തകം കാഴ്ചവയ്ക്കുന്നത്. അക്കാദമികമായ സമീപനവും ഭാഷയും ആണെങ്കില്‍ക്കൂടി സാമാന്യ ജനങ്ങള്‍ക്കും വായിച്ചു മനസ്സിലാക്കാവുന്ന ഒരു കൃതിയാണിത്. എല്ലാം ചരക്കുവല്‍ക്കരിക്കപ്പെടുന്ന ഈ കാലത്ത് പൊതുസ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും ഒരുപോലെ വിപണിസമ്പദ്വ്യസ്ഥയുടെ അദൃശ്യമായ ഞാണിന്മേല്‍ തൂങ്ങി പാവക്കൂത്തുകള്‍ ആടുമ്പോള്‍ ഇത്തരം കൃതികളും അവ ഉയര്‍ത്തുന്ന ചോദ്യങ്ങളും ചിന്തകളും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സോണ്‍ ബുക്സാണ് പ്രസാധകര്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top