29 March Wednesday

ഗുരു അനുഭവം

അഷിതUpdated: Sunday May 21, 2017

'ഈശ്വരവിശ്വാസമില്ലാത്ത, വലിയ ആത്മീയതയൊന്നുമില്ലാത്ത എനിക്ക് എന്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതിയുമായി അടുത്ത് സംവദിക്കാനായത്. തികച്ചും യാദൃച്ഛികമായാണ് ഗുരുവുമായുള്ള ബന്ധം തുടങ്ങുന്നത് ''


എഴുതിത്തീരുന്ന ഒരനുഭവമല്ല ഗുരു. അത് അറിഞ്ഞുതന്നെ അറിയണം. നിത്യചൈതന്യയതിയുടെ അഗാധമായ പാണ്ഡിത്യമാണ് അദ്ദേഹത്തെ അനേകമനേകം പേര്‍ക്ക് പ്രിയങ്കരനാക്കിയത്. സാഹിത്യം, തത്വചിന്ത, ശാസ്ത്രം, മനഃശാസ്ത്രം, ബോധനശാസ്ത്രം തുടങ്ങിയ ആ അന്വേഷണത്വര കടന്നുചെല്ലാത്ത ഇടങ്ങളില്ല. വലിയൊരു ഗ്രന്ഥാലയത്തിനേക്കാള്‍ കൂടുതല്‍ അറിവ്. അത് തന്നില്‍ത്തന്നെ അടച്ചിടാതെ മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു.

എന്നാല്‍, ഞാനറിയുന്ന ഗുരു അതിനുമപ്പുറത്താണ്. എന്നെ കാണാന്‍ ഗുരു താല്‍പ്പര്യപ്പെട്ടപ്പോഴൊക്കെ ശുദ്ധമായ അഹങ്കാരത്തോടെതന്നെയാണ് ഞാന്‍ പ്രതികരിച്ചിരുന്നത്. സാധാരണ ആത്മീയാചാര്യന്മാരെപ്പോലെ വാഹനങ്ങളുടെ നീണ്ട നിരകളും പരിവാരങ്ങളുമൊന്നുമുണ്ടാകരുതെന്ന് ഞാന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മംഗലംലെയ്നെന്ന ഇടുങ്ങിയ ഇടവഴിയിലാണ് അക്കാലത്ത് എന്റെ താമസം. താന്‍ വൃദ്ധനായതിനാല്‍ സഹായത്തിന് ഒരാളെങ്കിലുമില്ലാതെ പറ്റില്ലെന്നായി അദ്ദേഹം. അപ്പോള്‍ സഹായിയായി ആരാണുണ്ടാകേണ്ടതെന്നൊക്കെ ഞാന്‍ ശാഠ്യം പിടിച്ചു. അതിന് മറുപടിയായി വന്ന ഒരു വരി ഉള്ളറകളിലേക്ക് കടന്ന വെളിച്ചമായി.

'ഞാന്‍ ഒരു പൂന്തോട്ടത്തില്‍ ചെന്നാല്‍ അവിടത്തെ മുല്ലയേക്കാള്‍ നല്ലതാണ് റോസെന്ന് കരുതാറില്ല. എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ട്.''
ഇതിലെന്താ ഇത്ര പുതുമ എന്ന സംശയം ന്യായം. പുതുമയല്ല, ഗുരുമുഖത്തുനിന്ന് അത് വരുമ്പോള്‍ ആ വാക്കുകളുടെ കേവലാര്‍ഥത്തിനപ്പുറം തിരിച്ചറിവിന്റെ ലോകത്തേക്കുള്ള വാതിലുകള്‍ താനേ തുറക്കും. ഓരോരുത്തരിലും അവരുടേതായ പ്രത്യേകതകളുണ്ട്. കഴിവുകളും നന്മകളുമുണ്ട്. അത് കണ്ടറിയാന്‍ നമുക്കാണ് മനസ്സുണ്ടാകേണ്ടത്.

വളരെ ചെറിയ വാചകങ്ങളില്‍ ലളിതമായി വലിയ കാര്യങ്ങള്‍ പറയുക ഗുരുവിന്റെ രീതിയാണ്. ഊട്ടിക്കടുത്ത് ഫേണ്‍ഹില്ലിലെ ആശ്രമത്തില്‍ തറയോട് പാകുന്ന വേളയിലുണ്ടായ ഒരു സംഭാഷണത്തെപ്പറ്റി കേട്ടിട്ടുണ്ട്. വെളുത്ത നിറമുള്ള തറയോട് പാകാന്‍ ഗുരു നിര്‍ദേശിച്ചപ്പോള്‍ ഒപ്പമുള്ളവര്‍ വിലക്കി. ചെളിപറ്റിയാല്‍ പെട്ടെന്ന് അറിയും എന്നതാണ് കാരണം. അപ്പോള്‍ ഗുരു പറഞ്ഞത്രേ!

'ചെളി പറ്റുന്നതല്ല പ്രശ്നം. അത് അറിയുന്നതാണ്, അല്ലേ.''

അഷിത

അഷിത

നമ്മില്‍ പലര്‍ക്കും അങ്ങനെയാണല്ലോ. യഥാര്‍ഥത്തില്‍ ശുദ്ധമായിരിക്കുകയല്ല, മറ്റുള്ളവര്‍ക്ക് അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കുന്നതിനാലാണ് ശ്രദ്ധ മുഴുവന്‍. ആ മനോഭാവത്തെയാണ് ഗുരു തൊട്ടുകാട്ടിയത്. വലിയ കാര്യങ്ങളൊന്നുമല്ല, ഇത്തരം ചെറിയ ചെറിയ കാര്യങ്ങളാണ് എനിക്ക് ഗുരുവിനെപ്പറ്റി പറയാനുള്ളത്. ഞാന്‍ ആരാണ് ഗുരുവിനെ വിലയിരുത്താന്‍. ശിഷ്യയോ. 18 വര്‍ഷത്തിനുശേഷമാണ് ആ സ്ഥാനം അവകാശപ്പെടാനുള്ള ധൈര്യം കിട്ടുന്നത്. ഇതുവരെ ഞാന്‍ തുറന്നുസമ്മതിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല.

ഈശ്വരവിശ്വാസമില്ലാത്ത, വലിയ ആത്മീയതയൊന്നുമില്ലാത്ത എനിക്ക് എന്തുകൊണ്ടാണ് ഗുരു നിത്യചൈതന്യയതിയുമായി അടുത്ത് സംവദിക്കാനായത്. തികച്ചും യാദൃച്ഛികമായാണ് ഗുരുവുമായുള്ള ബന്ധം തുടങ്ങുന്നത്. എന്റെ ഒരു ബന്ധുവിന്റെ പത്തൊമ്പതുവയസ്സുകാരിയായ മിടുക്കിക്കുട്ടി പെട്ടെന്ന് മരണപ്പെട്ടു. നല്ല നര്‍ത്തകിയായിരുന്നു അവള്‍. മകളുടെ വേര്‍പാട് സ്വാഭാവികമായും അച്ഛനമ്മമാരെ തകര്‍ത്തു. എനിക്ക് അവരോട് നിരന്തരമായ കത്തിടപാടുകളുണ്ടായിരുന്നു. പക്ഷേ, എന്റെ ആശ്വാസവാക്കുകളില്‍ തീരുന്നതായിരുന്നില്ല അവരുടെ ദുഃഖം. ഏതെങ്കിലും എഴുത്തുകാരോട് ഉപദേശം തേടാമെന്നുകരുതി. മുംബൈയില്‍ വളര്‍ന്ന എനിക്ക് ഇവിടെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. മാധവിക്കുട്ടിയുടെയും എം ടിയുടെയുമൊക്കെ ചിത്രങ്ങള്‍ എടുത്ത് നിരത്തിവച്ചു. ഇവരിലാരെയെങ്കിലും വിളിച്ചാലോ. അപ്പോഴാണ് മാതൃഭൂമിയില്‍ 'വീട്' എന്ന ലേഖനം കണ്ടത്. എഴുതിയത് നിത്യചൈതന്യയതി. ഞാനാദ്യം കാണുകയാണ്. സന്യാസിയാണെന്നൊന്നും അന്നറിയില്ല. ഇത്ര നീണ്ട പേരോ എന്ന കൌതുകം ആദ്യം. വീടിനെപ്പറ്റിയുള്ള വളരെ ഗംഭീരമായ ലേഖനം. ആനുകാലികത്തിന്റെ ഓഫീസില്‍നിന്നാണ് ആള്‍ സന്യാസിയാണെന്നൊക്കെ അറിഞ്ഞത്. അവര്‍തന്നെ ഫേണ്‍ഹില്ലിലെ വിലാസവും തന്നു.

സാധാരണ വലിയ പ്രശ്നങ്ങളൊക്കെ ഉള്ളവരോടാണല്ലോ സന്യാസിമാര്‍ സംസാരിക്കുക. കത്തെഴുതുന്നത് ഇഷ്ടമാകാതെ വരുമോ. ഞാന്‍ ഇന്‍ലന്‍ഡ് എടുത്തുവച്ചു. എഴുതുകതന്നെ. പക്ഷേ, സാധിച്ചില്ല. അജ്ഞാതമായ ഒരു ഭയം എന്നെ ഗ്രസിച്ചു. ഒരു കൊക്കയിലേക്ക് ആരോ എടുത്തിട്ടപോലെ. ഗുരുരിനെഴുതിയാല്‍ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയാവില്ലെന്ന അകാരണമായ ഒരു ഭയം. എനിക്ക് തീരെ ചെറുപ്പമാണ്. വിവാഹം കഴിഞ്ഞതേയുള്ളൂ. നാലുദിവസം ഭയത്തിന്റെ പിടിയില്‍ കഴിഞ്ഞു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് എഴുതി. 'എനിക്ക് ജീവിതത്തില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല. അങ്ങനെയൊരാള്‍ കത്തെഴുതിയാല്‍ മറുപടി എഴുതുമോ?' എന്നാണ് ആദ്യം ചോദിച്ചത്. അതിന് അനുകൂല മറുപടി കിട്ടിയപ്പോഴാണ് തുടര്‍ന്ന് എഴുതിയത്. അവിടെയും മറ്റൊരു പ്രശ്നം. എന്തുകൊണ്ടോ ആദ്യമറുപടി എഴുതിയത് ഗുരുവല്ലെന്ന് എനിക്ക് തോന്നി. മറ്റാരുടെയോ അക്ഷരം. അതും ഞാനദ്ദേഹത്തോട് സൂചിപ്പിച്ചു. 'സുഗന്ധം മുഴുവന്‍ വലിച്ചെടുത്ത് പൂവ് സമ്മാനിക്കുന്നതിലെന്തര്‍ഥം?''

അടുത്ത കത്ത് മറ്റൊരു കൈപ്പടയിലായിരുന്നു. എനിക്കുറപ്പായി അത് ഗുരുവിന്റെ സ്വന്തം കൈയക്ഷരം! അതാണ് ആ ബന്ധത്തിന്റെ തുടക്കം.

എന്റെ കഥകളെപ്പറ്റി ഗുരു ഏറെയൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, ചിലതൊക്കെ എഴുതാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റൂമി പറഞ്ഞ കഥകളും റഷ്യന്‍ കവിതകളുമൊക്കെ ഗുരുവിന്റെ നിര്‍ദേശമാണ്. ജാനേശ്വര്‍ മഹാരാജ് എന്ന മറാഠി സന്യാസിയുടെ അമൃതാനന്ദം ഗുരു വിവര്‍ത്തനം ചെയ്തുതുടങ്ങിയിരുന്നു. അതിന്റെ പകുതിയിലധികം പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും ആ ജീവിതത്തിരശ്ശീല താഴ്ന്നു. യാത്രപറഞ്ഞ് ഗുരു മടങ്ങി. അമൃതാനന്ദത്തിന്റെ ശേഷഭാഗങ്ങള്‍ ഞാന്‍ മൊഴിമാറ്റിയെങ്കിലും പുസ്തകരൂപത്തിലാക്കിയിരുന്നില്ല. ആരെങ്കിലും തേടിവന്നാല്‍മാത്രം പ്രസിദ്ധീകരിക്കാമെന്ന ചിന്തയോടെ ആശ്രമത്തില്‍ ഏല്‍പ്പിച്ചു. പതിനേഴുവര്‍ഷം പിന്നിട്ടു. അപ്പോഴൊരാള്‍ അത് തേടി വന്നിരിക്കുന്നു.

ഞാന്‍ ഹിമാലയം കണ്ടിട്ടില്ല, കാണണമെന്ന് തോന്നിയിട്ടുമില്ല. എന്തിനാണത്? ഞാന്‍ ഗുരുവിനെ കണ്ടിട്ടുണ്ടല്ലോ. എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. തൃപ്തമായിരിക്കുന്നു. അതാണ് ഗുരു അനുഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top