04 June Sunday

രാഗങ്ങള്‍ പെയ്യുന്ന മേഘം

എം ജയചന്ദ്രന്‍Updated: Sunday Jun 19, 2016

നിലാവുപെയ്യുന്ന ഏകാന്ത ധനുമാസരാവുകളില്‍ അറിയാതെ മനസ്സിലേക്ക് കയറിവരുന്ന ഒരു ഗാനമുണ്ട്. സോ...ജാ... രാജകുമാരി... സോ...ജാ... കിദാര്‍ ശര്‍മയുടെ വരികള്‍, ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും പത്മശ്രീയുംകൊണ്ട് രാജ്യം ആദരിച്ച ചരിത്രപുരുഷനായ ബംഗാളി സംഗീതജ്ഞന്‍ പങ്കജ് മല്ലിക്കിന്റെ സംഗീതം. എല്ലാത്തിനും എല്ലാത്തിനും മുകളില്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് ഹൃദയത്തില്‍ നിറയുന്ന ആ ശബ്ദം. സൈഗാളിന്റെ സ്വരമാധുരി. 76 വര്‍ഷംമുമ്പാണ് സൈഗാള്‍ സോ...ജാ... രാജകുമാരി പാടുന്നത്. ഇപ്പോഴും പുതുമമാറാതെ അവസാനിക്കാത്ത പ്രണയമായി അത് നമുക്കൊപ്പമുണ്ട്.

സൈഗാളിന്റെ എത്രയെത്ര ഗാനങ്ങള്‍ നമുക്ക് പ്രിയപ്പെട്ടതായി. മധുകര്‍ ശ്യാംഹമാരെ, മേരെ സപ്നോം കി റാണി, ജബ്ദില്‍ ഹി ടൂട്ട് ഗയാ, റംഷിം റംഷിം... സിനിമാഗാനങ്ങള്‍പോലെ ജനപ്രിയമായി അദ്ദേഹത്തിന്റെ ഗസലുകളും. ഗായകനൊപ്പം നായകനുമായി സൈഗാള്‍ ഇന്ത്യന്‍ ചലച്ചിത്രവേദി കീഴടക്കി. സ്വര്‍ണത്തിന് സുഗന്ധം ലഭിച്ചതുപോലെയായിരുന്നു സൈഗാളിന്റെ അഭിനയസിദ്ധി. ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറെന്ന പദവിയില്‍ ആസ്വാദക ലക്ഷങ്ങള്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം പ്രതിഷ്ഠിച്ചു.

സൈഗാളിന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന പുസ്തകമാണ് 'കെ എല്‍ സൈഗാള്‍: ദ ഡെഫനിറ്റീവ്  ബയോഗ്രഫി'. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന പ്രാണ്‍ നെവിലില്‍ ദീര്‍ഘ ഗവേഷണത്തിനുശേഷം രചിച്ച ഈ ജീവചരിത്രം സൈഗാളിനെക്കുറിച്ചുമാത്രമല്ല ഇന്ത്യന്‍ ചലച്ചിത്രഗാനമേഖലയെക്കുറിച്ചും അറിവ് നല്‍കും.

ജമ്മു രാജാവിന്റെ ഉദ്യോഗസ്ഥനായിരുന്ന അമര്‍ചന്ദിന്റെയും വീടിന്റെ അകത്തളങ്ങളില്‍ സ്നേഹത്തിനൊപ്പം സംഗീതവും നിറച്ച കേസര്‍ദേവിയുടെയും അഞ്ചുമക്കളില്‍ നാലാമന്‍ കുന്ദന്‍ലാല്‍ സൈഗാള്‍ യൌവനത്തിന്റെ ആവേശവുമായി കല്‍ക്കട്ടയ്ക്ക് വണ്ടികയറുമ്പോള്‍ ഇന്ത്യന്‍ജനതയുടെ ഹൃദയത്തില്‍ കൂടുകൂട്ടാനുള്ള യാത്രയാണതെന്ന് അറിഞ്ഞിട്ടുണ്ടാകില്ല. ഒപ്പമുണ്ടായിരുന്നത് ആത്മമിത്രവും പ്രചോദനവുമായ മെഹര്‍ചന്ദ് ജയില്‍. പില്‍ക്കാലത്ത് ആസാം സോപ്പ് ഫാക്ടറി സ്ഥാപിച്ച് വ്യവസായലോകത്ത് മുദ്രപതിപ്പിച്ചു അദ്ദേഹവും. കലയുടെയും സംഗീതത്തിന്റെയും കേന്ദ്രം അന്ന് കല്‍ക്കട്ടയാണ്. രവീന്ദ്രനാഥടാഗോറിന്റെ കല്‍ക്കട്ട. മുഷായരകളുടെയും മെഹ്ഫിലുകളുടെയും കല്‍ക്കട്ട. ബി എന്‍ സിര്‍ക്കാറിന്റെ നാഷണല്‍ തിയറ്ററിലെത്തിയ സൈഗാളില്‍ അവര്‍ ഒരു അഭിനേതാവിനെ കണ്ടെത്തി. നാഷണല്‍ തിയറ്ററിന്റെ ആദ്യ ഹിന്ദിചിത്രമായ മൊഹബ്ബത്ത് കെ അന്‍സുവില്‍ അദ്ദേഹം നായകനായി. സജീവമായ കലാജീവിതത്തിന്റെ തുടക്കമായി അത്.

1935ല്‍ പുറത്തുവന്ന ദേവദാസ് സൈഗാളിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി. കശ്മീരില്‍നിന്ന് ബംഗാളിലെത്തിയ സൈഗാള്‍ വളരെവേഗം ബംഗാളിഭാഷ പഠിച്ചു. രവീന്ദ്രനാഥടാഗോര്‍ ബംഗാളിയല്ലാത്ത ഒരാള്‍ക്കുമാത്രമേ തന്റെ ഗീതങ്ങള്‍ ആലപിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളൂ. അത് കെ എല്‍ സൈഗാളാണ്.

അതുല്യകലാകാരനെന്നപോലെ മഹാനായ മനുഷ്യസ്നേഹിയുമായിരുന്നു സൈഗാളെന്ന് പ്രാണ്‍ നെവില്‍ ചൂണ്ടിക്കാട്ടുന്നു. കലയോട് സമര്‍പ്പിത മനസ്സായിരുന്നു അദ്ദേഹത്തിന്. 'ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദേവദാസ് എന്റെ ഉള്ളിലുണ്ടായിരുന്നു' എന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. കേവലം 15 വര്‍ഷംമാത്രം നീണ്ട കലാജീവിതത്തില്‍ കാലത്തെ അതിശയിക്കുന്ന സംഭാവനകള്‍ നല്‍കാന്‍ സാധിച്ചതും ഈ സമര്‍പ്പണ മനോഭാവംകൊണ്ടുതന്നെ. അവസാനചിത്രമായ പാര്‍വണ രോഗബാധിതനായശേഷമാണ് ചിത്രീകരിക്കപ്പെട്ടത്. 'ടൂട്ട് ഗയേ സബ് സപ്നേ മേരെ'' എന്ന ഹിറ്റ്ഗാനം പാര്‍വണയിലാണുള്ളത്. 'മരണത്തോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, നീയവിടെ കാത്തുനില്‍ക്കുക എന്ന്. ഇത് പൂര്‍ത്തിയാക്കിയശേഷമേ എന്നെ എടുക്കാവൂ എന്ന്.'' മറ്റുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. രോഗക്കിടക്കയിലും ചിത്രം പൂര്‍ത്തീകരിക്കപ്പെടണമെന്നുമാത്രം ആഗ്രഹിച്ച സൈഗാളിനെപ്പറ്റി മേഘജ്യോതിസിന്റെ ക്ഷണികതയെന്ന കവിവാക്യം അന്വര്‍ഥമായി. നാല്‍പത്തിരണ്ടാം വയസ്സില്‍ ആ നക്ഷത്രം പൊലിഞ്ഞു. സംഗീതസംവിധായകനായ നൌഷാദ് സൈഗാളിന് നല്‍കിയ വിശേഷണം അന്വര്‍ഥമാണ്. രാഗങ്ങള്‍ പെയ്യുന്ന മേഘം എന്നാണ് നൌഷാദ് സൈഗാളിനെ വിളിച്ചത്.

സംഗീതജ്ഞരുടെ ജീവിതം വായിക്കാന്‍ എനിക്കെപ്പോഴും താല്‍പ്പര്യമാണ്. ബിഥോവന്റെ ജീവചരിത്രംപോലെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില പുസ്തകങ്ങള്‍ ഓര്‍ക്കുന്നു. യാത്രകളിലാണ് വായന. പുസ്തകങ്ങള്‍ സഹയാത്രികര്‍.

സൈഗാളിന്റെ ജീവചരിത്രം വാങ്ങുമ്പോള്‍ വേഗം വായിച്ചുപോകാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. കാരണം, ഇത്രയേറെ ഗവേഷണങ്ങള്‍ക്കുശേഷം രചിക്കപ്പെട്ടതായതുകൊണ്ടുതന്നെ ഭാഷാപരമായ ദുര്‍ഗ്രാഹ്യത ഉണ്ടാകാമെന്ന മുന്‍ധാരണ ആദ്യപേജുകളില്‍ത്തന്നെ തകര്‍ന്നു. ഇംഗ്ളീഷ് ഭാഷയില്‍ സാമാന്യവിവരമുള്ള ആര്‍ക്കും ആസ്വദിച്ച് വായിക്കാന്‍ സാധിക്കുന്ന പുസ്തകമാണിത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വായിച്ച പുസ്തകങ്ങളില്‍എന്നെ ഉലച്ചുകളഞ്ഞ പുസ്തകം ബെന്യാമിന്റെ ആടുജീവിതമാണ്. വായിക്കുന്ന അധ്യായങ്ങള്‍ ഉടന്‍ മനസ്സില്‍ പുനഃസൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. മൂന്നുദിവസംകൊണ്ട് ആടുജീവിതം വായിച്ചുതീര്‍ത്തു. ഇപ്പോഴും അതിലെ ഓരോ സംഭവങ്ങളും മനസ്സിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top