05 June Monday

അമൂര്‍ത്ത ലോകത്തിലെ വിശേഷങ്ങള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday Jun 11, 2017
ഒരുമണിക്കൂറിനുമുമ്പ് അയാള്‍ തന്റെ അയല്‍വാസിയെ കണ്ടിരുന്നു. പേരക്കുട്ടികളെക്കുറിച്ചും പെട്രോള്‍വിലയെക്കുറിച്ചുമൊക്കെ ചര്‍ച്ചചെയ്തു. വീട്ടിലെത്തി വാതില്‍ അടച്ചതേയുള്ളൂ; ഹൃദയത്തില്‍ ഒരു കുതിപ്പ്, മുറതെറ്റിയ  മിടിപ്പുകള്‍,  ഇരുവശത്തേക്കും ഒന്നുലയുംപോലെ സ്പന്ദനങ്ങള്‍. പിന്നെ നിശ്ചലം.
 
അയാള്‍ താഴെവീണു. കുറച്ചുമുമ്പ് പ്രവര്‍ത്തിച്ചിരുന്ന മാംസപേശികള്‍ അനങ്ങാതായി, ക്രമേണ പേശികള്‍ ചുരുങ്ങി ബലപ്പെട്ടു; ഇനിയും ദ്രവാവസ്ഥയിലുള്ള രക്തം ത്വക്കില്‍ നിറം പടര്‍ത്തി. കുടലുകളിലെ അന്നജവും കൊഴുപ്പും പുതിയ വാതകങ്ങളുണ്ടാക്കി വീര്‍ത്തുതുടങ്ങി. അതിന്റെയൊക്കെ സിഗ്നലുകള്‍ ലഭിച്ച ആയിരം ഈച്ചകള്‍ പലേടങ്ങളില്‍നിന്ന് അങ്ങോട്ടുകുതിച്ചു. അഞ്ചുദിവസം കഴിഞ്ഞാണ് വാതില്‍ തുറക്കാന്‍ പൊലീസെത്തിയത്. കൂടെയുണ്ടായിരുന്ന മകള്‍ ദുര്‍ഗന്ധം സഹിക്കാനാകാതെ മൂക്കുപൊത്തി പിന്നിലേക്കൊതുങ്ങി.
മനുഷ്യന്റെ ജീര്‍ണതയെ പ്രതിപാദിക്കുന്ന കഥയാണിത്. എങ്ങോട്ടാണ് നമ്മെ കൊണ്ടുപോകുന്നതെന്ന് ആകാംക്ഷയുണ്ടാക്കിയാണ് കഥ പുരോഗമിക്കുന്നത്. നമുക്കിത്തരം അനുഭവമുണ്ടാകില്ലെന്ന് നാമുറപ്പിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ 'ഇത് ഞാനാകുമോ?' എന്നതോന്നല്‍ ബാക്കിയാകുന്നു. ഒറ്റപ്പെടലുകളും ഏകാന്തതയും മനസ്സിലാക്കാനുള്ള കണക്കുശാസ്ത്രം ആര്‍ക്കും അറിയില്ലല്ലോ...
ആംബര്‍ സ്പാര്‍ക്സ് ശ്രദ്ധേയയായ അമേരിക്കന്‍ എഴുത്തുകാരിയാണ്. അവരുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിലെ ഒരു കഥാരംഭമാണിത്. 'അമൂര്‍ത്തമായ ലോകം' 2016ലെ കഥ/നോവല്‍ വിഭാഗത്തിലെ ഏറ്റവും പ്രധാനകൃതികളിലൊന്നായി കരുതപ്പെടുന്നു. (Amber Sparks - The Unfinished World: 2016, Liveright/Norten). വളരെ കരുതലോടെ പലതരം വൈരുധ്യങ്ങളെ അവര്‍ തന്റെ കഥകളില്‍ കോര്‍ത്തിണക്കുന്നു. ഒറ്റപ്പെടല്‍, ഗൃഹാതുരത്വം, മൂടുപടമിട്ട നേര്‍ത്ത ലൈംഗികത, പൌരാണികതയും ആധുനികതയും എല്ലാം കാഴ്ചവസ്തുക്കള്‍ എന്നപോലെ നാം അനുഭവിക്കുന്നു. പാശ്ചാത്യ എഴുത്തുപരീക്ഷണങ്ങളില്‍ സ്പെക്ലേറ്റിവ് ഫിക്ഷന്‍ (speculative fiction) ഒരു പ്രസ്ഥാനമായി വികസിച്ചുവരുന്നുണ്ട്. ആംബര്‍ സ്പാര്‍ക്സ് ഇതിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു, ഒപ്പം ഗൃഹാന്തരീക്ഷത്തിലെ അതിവാസ്തവികവും അതിശയകരവുമായ സംഭവങ്ങള്‍ സൃഷ്ടിച്ച് മാജിക്കല്‍, സര്‍റിയലിസ്റ്റിക് അനുഭവം അനുവാചകരിലുണ്ടാക്കുക അവരുടെ രീതിയാണ്.
 
ആദ്യത്തെ കഥ ബഹിരാകാശത്തെ സ്ഥിരം ഷട്ടിലില്‍ പരിസരം വൃത്തിയാക്കുന്ന ജീവനക്കാരി സ്ത്രീയുടേതാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ട അവര്‍ ദൈവത്തിന്റെ സാമീപ്യം കാംക്ഷിച്ചാണ് ഇവിടെ ജോലിക്കെത്തിയത്. ബഹിരാകാശകേന്ദ്രം ദിവസേന വൃത്തിയാക്കേണ്ടതുണ്ട്; ഉപകരണങ്ങളില്‍നിന്ന് വിരലടയാളങ്ങള്‍ തുടച്ചുമാറ്റുക, അസ്ട്രോനട്ടുകളുടെ ശരീരത്തില്‍നിന്ന് പൊഴിയുന്ന അഴുക്കുകള്‍, അവരുടെ മുഷിഞ്ഞ വസ്ത്രശകലങ്ങള്‍ എന്നിവ സംസ്കരിക്കുക ഇങ്ങനെ എല്ലാം. നിരന്തരമായ ജോലി പാപങ്ങളെ കഴുകിക്കളയും. സ്ത്രീകള്‍ ദൈവത്തില്‍ വിശ്വസിക്കേണ്ടതുണ്ടോ എന്നവര്‍ക്ക് അറിയില്ല; ദൈവം ഉണ്ടോ എന്നുപോലും. അവര്‍ക്കിപ്പോള്‍ സ്വന്തമെന്ന് പറയാനുള്ളത് ഏകാന്തതമാത്രം. അവരുടെ ഏകാന്തതയ്ക്ക് അനിര്‍വചനീയമായ സൌന്ദര്യമുണ്ടെന്ന് അവര്‍ കണ്ടെത്തിക്കഴിഞ്ഞു.
 
സ്ഥിരം ബഹിരാകാശകേന്ദ്രത്തിലെ ജീവനക്കാരിയിലൂടെയാണ് കഥ വികസിക്കുന്നതെങ്കിലും അസ്ട്രോനട്ടുകള്‍, രാത്രികാവല്‍ക്കാരന്‍ എന്നിവരും ഭൂമിയില്‍നിന്ന് അകന്ന് ജീവിക്കുന്നവര്‍ തന്നെ. ഒറ്റപ്പെടലും ജീര്‍ണതയും വിവിധ തലത്തിലും അളവിലും അവരെല്ലാം അനുഭവിക്കുന്നു. ഭൂമിയില്‍ ജീവിക്കുന്ന പലരും ഇമ്മാതിരി സംഘട്ടനങ്ങളിലൂടെ കടന്നുപോകുന്നവരുമാണ്.
 
'വിസ്മൃതിയിലായ മുഖങ്ങളുടെ സെമിത്തേരി' പ്രത്യക്ഷത്തില്‍ അച്ഛനമ്മമാര്‍ മരിച്ചശേഷം തങ്ങളുടെ പഴയ വീട്ടില്‍ ജീവിക്കുന്ന സഹോദരിയുടെയും സഹോദരന്റെയും കഥ പറയുന്നു. മൃതദേഹങ്ങള്‍ വീട്ടിലെത്തുമ്പോള്‍ രണ്ടുപേരും കുട്ടികള്‍. അന്നുമുതല്‍ പഴയ ഓര്‍മകള്‍ പൂഴ്ത്തിവയ്ക്കല്‍ അവരുടെ രീതിയായി. ഓര്‍മകളോടൊപ്പം നിശ്ശബ്ദതയും ഏകാന്തതയും അവര്‍ക്കുചുറ്റും നിറഞ്ഞു. പഴയ ഓര്‍മകള്‍ സൂക്ഷിക്കാന്‍ എല്ലാം ശാന്തമാകണം. വളര്‍ന്നപ്പോള്‍ അവര്‍ അച്ഛന്റെ കരവിരുത് സ്വായത്തമാക്കി. രണ്ടാളും അറിയപ്പെട്ട ടാക്സിഡെര്‍മിസ്റ്റ് ആയി. പക്ഷികളുടെയും മൃഗങ്ങളുടെയും ചര്‍മങ്ങള്‍ പുനരാവിഷ്കരിക്കുമ്പോള്‍ അവയുടെ യഥാര്‍ഥ ചേഷ്ടകളും രീതികളും കുട്ടികള്‍ ഉറപ്പാക്കിയിരുന്നു. അങ്ങനെ വിസ്മൃതിയിലായ മുഖത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മൃഗത്തോല്‍ ശില്‍പ്പങ്ങളിലും സമൃദ്ധമായി കാണാം. ആംബര്‍ സ്പാര്‍ക്സ് കഥ പറയുന്നത് ഒരു നേര്‍രേഖ മാതൃകയിലല്ല; വ്യത്യസ്ത കാഴ്ചശകലങ്ങള്‍ കഥകളായി കാലനിബന്ധനകളെ അതിലംഘിച്ച് നമുക്കുചുറ്റും വിടരുകയാണ്. എന്നാല്‍, ലോകത്തിന് നമ്മുടെ കഥകള്‍ ആവശ്യമില്ല; ലോകം പ്രത്യേകിച്ചൊരു പ്ളോട്ട് ഇല്ലാതെതന്നെ മുന്നോട്ടുപോകുന്നുണ്ട്. അപ്പോള്‍ നാം  കഥകള്‍ സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാകും? അതല്ലാതെ നമുക്ക് മറ്റെന്താണ് ചെയ്യാനാകുക? ഈ കാഴ്ചപ്പാട് ആംബര്‍ സ്പാര്‍ക്സ് വളരെ വിദഗ്ധമായി കഥയില്‍ വികസിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ പ്ളോട്ടുകള്‍ സൃഷ്ടിക്കപ്പെടുകതന്നെചെയ്യും, തുടര്‍ച്ചയായ രണ്ടുമരണങ്ങളിലൂടെ. മരണവും പ്രണയവും ഓര്‍മകളും കൊലയും കെട്ടുപിണഞ്ഞുകിടക്കുന്ന കഥയില്‍ വൈരനിര്യാതനം ഏവര്‍ക്കും മനസ്സിലാകുന്ന അടയാളവാക്യമാണ് എന്ന പ്രസ്താവമുണ്ട്. സ്നേഹത്തില്‍ എരിഞ്ഞൊടുങ്ങുന്നതും ബാക്കിനില്‍ക്കുന്നതും എന്തെന്നറിയാം: അതാണ് കഥയുടെ ധ്വനി.
 
രൂപഭദ്രതാനിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്ത രചനയാണ് 'ഒരു ചിത്രം നശിപ്പിക്കാന്‍ പതിമൂന്നുവഴികള്‍'. കാലത്തിലൂടെ മുമ്പോട്ടും പിറകോട്ടും യഥേഷ്ടം യാത്രചെയ്യാന്‍ കഴിയുന്ന സ്ത്രീ ഒരു ചിത്രകാരനെയും ചിത്രത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കഥ. ചിത്രത്തിന്റെ യാഥാര്‍ഥ്യം പലകാലങ്ങളില്‍ പലതായി ഭവിക്കുന്നു. പതിമൂന്നാമത്തെ ഉദ്യമം വായിക്കുമ്പോള്‍ കഥ തികച്ചും അതിയാഥാര്‍ഥ്യതലത്തില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞതായി നാം കാണുന്നു.
 
ഒരുപക്ഷേ ഏറ്റവും ശ്രദ്ധേയമായ കഥകളില്‍ ഒന്ന് 'അമൂര്‍ത്തമായ ലോകം'തന്നെയാകും. സേത് എന്ന  ആണ്‍കുട്ടിയും ഇങ്കെ എന്ന പെണ്‍കുട്ടിയും അവരുടെ കുട്ടിക്കാലംമുതല്‍ യുവത്വംവരെ ചെലവിടുന്ന കഥയാണിത്. പലതരം കലാശേഷിപ്പുകള്‍ (മൃലേളമര) ശേഖരിച്ചുവച്ചിട്ടുള്ള മ്യൂസിയംപോലെയാണ് കഥ രൂപകല്‍പ്പനചെയ്തിട്ടുള്ളത്. സേത് കുട്ടിയായിരുന്നപ്പോള്‍ സര്‍ക്കസ് കൂടാരത്തില്‍ ഒരു ആക്സിഡന്റില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെടുകയും വീണ്ടെടുക്കുകയുംചെയ്തു. താന്‍ പ്രേതസമനാണ് എന്ന് അയാള്‍ കരുതുന്നുവെങ്കില്‍ തെറ്റല്ല. രണ്ടു കുടുംബങ്ങളെയും അവരുടെ അതിവിചിത്രമായ ജീവിതാനുഭവങ്ങളെയും ജാലകക്കാഴ്ചകളായി സ്പാര്‍ക്സ് അവതരിപ്പിക്കുന്നു. ഇങ്കെയും സേതും വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള ഹോളിവുഡിലെ കണ്ടുമുട്ടലിനുവേണ്ടി ജീവിച്ചതുപോലെ. കഥതീരുന്നതിങ്ങനെ:  In the telling, the bear is always beautiful, the moon is always full above the burning manor, and there are never enough endings.
ഈ രചനാവൈഭവമാണ് സ്പാര്‍ക്സിനെ പ്രധാനപ്പെട്ട ആധുനിക എഴുത്തുകാരില്‍ ഒരാളാക്കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top