30 May Tuesday

നാട്, കാലം, ചടയൻ... എൻ ശശിധരന്റെ പുസ്‌തകത്തിലൂടെ

ജി സാജൻUpdated: Thursday Sep 8, 2022

മഹാ വ്യസനങ്ങളുടെ നദി ഇങ്ങനെ ഒരു പേര് കേട്ടാൽ ആ പുസ്‌തകം വാങ്ങാതിരിക്കുന്നതെങ്ങനെ? വായിക്കാതിരിക്കുന്നതെങ്ങനെ? നാടകകൃത്തും സാഹിത്യ നിരൂപകനുമായ എൻ ശശിധരന്റെ ആത്മകഥാപരമായ കുറിപ്പുകളാണ്. എന്നാൽ അതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന അച്ഛനെക്കുറിച്ചും പിൽക്കാലത്തു പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനെക്കുറിച്ചും അവിസ്‌മ‌രണീയമായ ഒരു ചിത്രമുണ്ട്.

ഒരു നെയ്‌‌തു തൊഴിലാളിയായിരുന്നു എൻ ശശിധരന്റെ അച്ഛൻ. (ഈ അച്ഛനെ ആധാരമാക്കിയാണ് നെയ്‌ത്തുകാരൻ എന്ന സിനിമ സൃഷ്ടിച്ചിരിക്കുന്നത്).  അറുപതുകളുടെ ആദ്യമാണ് ക്ഷാമകാലം ശശിധരൻ എഴുതുന്നു:

“രാവിലെ തന്നെ അച്ഛൻ ഉണർന്നു അടുക്കളയിൽ പ്രവേശിക്കും. കാത്തുവെച്ചിരുന്ന ചേമ്പിൻ ചുവടുകൾ അച്ഛനും ഞാനും ചേർന്ന് കിളച്ചെടുക്കും. കട്ടി കൂടിയ ഒരുതരം ‘കുതിര’ ഗോതമ്പായിരുന്നു അക്കാലത്തു അരിക്ക് പകരം റേഷൻ കടകളിലൂടെ വിതരണം ചെയ്‌തിരുന്നത്. അത് പലവട്ടം ഉരലിലിട്ട് കുത്തി തൊലി കളഞ്ഞു പുഴുങ്ങി തേങ്ങാപ്പാലും ചേർത്ത് നിർമിക്കുന്ന കഞ്ഞി. കൂവക്കിഴങ്ങും പച്ചമുളകും ചേർത്തുണ്ടാക്കുന്ന ചേമ്പിൻ പുഴുക്ക്.”

പല ദിവസവും രാത്രി അച്ഛനും തൊഴിലാളി സഖാക്കളും ഏറെ വൈകുവോളം ഇരുന്നു രാഷ്ട്രീയം ചർച്ച ചെയ്യും അന്ന് കുട്ടിയായിരുന്ന ശശിധരനും ഈ ചർച്ചകൾ കേൾക്കാനിരിക്കും ലോക കാര്യങ്ങളാണ് ചർച്ചയിൽ പാട്രിസ് ലുമുംബയുടെ വധം, സാമ്രാജ്യത്വ ചൂഷണങ്ങൾ, എ കെ ജിയുടെ സമരവീര്യം, ഇ എമ്മിന്റെ ധൈഷണിക ജാഗ്രത... ഇതൊക്കെ ചർച്ചയിൽ വരും. വെറും കൗതുകത്തിനാണ് ശശിധരൻ ഇവരുടെ കൂടെ ഇരിക്കുന്നത്. അവന്റെ കൂടെ അവനു പ്രിയപ്പെട്ട അവന്റെ നായയും ഉണ്ടാവും.  പലതും അവന് മനസ്സിലാവില്ല. എന്നാൽ കഥാപുസ്‌തകങ്ങളിൽ നിന്ന് കിട്ടാത്ത എന്തോ ചിലത്, ആദ്യമായി കടൽക്കരയിലെത്തിയ കുട്ടിയെപ്പോലെ കേട്ടിരുന്നു എന്നാണ് ശശിധരൻ ഓർക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന പ്രവർത്തകരും ഈ ചർച്ചകളിൽ പങ്കാളികളാവാൻ വരും. ഇങ്ങനെ വരുന്നവരിൽ പ്രധാനിയായിരുന്നു പിന്നീട് മാർക്‌സിസ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയ ചടയൻ ഗോവിന്ദൻ. സംസാരത്തിനിടയിൽ ഉറങ്ങിപ്പോകുന്ന കുട്ടിയുടെ തലമുടിയിൽ തലോടി ഇരിക്കും ചടയൻ. ഒരുദിവസം ആകസ്‌മികമായ ഒരു സംഭവമുണ്ടായി: കുട്ടിയുടെ കളിക്കൂട്ടുകാരനായിരുന്ന നായ സമ്മേളനത്തിനിടയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

ശശിധരൻ തുടർന്ന് എഴുതുന്നു:

“മരണമെന്നാൽ നിതാന്തമായ ഇല്ലായ്മയാണെന്നറിഞ്ഞ ഞാൻ പൊട്ടിക്കരഞ്ഞുതുടങ്ങി. മരിച്ചവരോടുള്ള നമ്മുടെ ബാധ്യത തീർക്കുകയാണ് ആദ്യം വേണ്ടത് എന്ന് ചടയൻ പറഞ്ഞു. പട്ടിക്കുഞ്ഞിനെ കൈത്തണ്ടയിൽ തൂക്കിയെടുത്ത ചടയൻ ഗോവണിയിറങ്ങി. പിന്നാലെ കരഞ്ഞുകൊണ്ട് ഞാനും. കൈക്കോട്ടുമായി ചടയൻ കുന്നുംപുറത്തേക്കു നടന്നുതുടങ്ങി. ആ നടത്തത്തിനിടയിലും ഇരുൾമരങ്ങൾക്കിടയിൽ കുഴികുത്തി അവനെ സംസ്‌ക‌രിക്കുന്നതിനിടയിലും തിരിച്ചു വീട്ടിലേക്കുള്ള യാത്രയിലും ചടയൻ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. വാക്കുകൾ ഓർമ്മയില്ല. പക്ഷെ, അന്നുമിന്നും ജീവിതത്തെയും മരണത്തേയും സ്നേഹത്തേയും കുറിച്ചുള്ള എന്റെ അറിവുകളുടെ സത്യവചനങ്ങളായി അവ മനസ്സിലുണ്ട്.…

ഏറ്റവും ഒടുവിൽ പറഞ്ഞ വാക്കുകൾ: “മോൻ കുട്ടിയായതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ കരയുന്നത്. മുതിർന്നു വലിയ ആളായാൽ ലോകത്തെക്കുറിച്ചു അറിഞ്ഞു തുടങ്ങിയാൽ പിന്നെ ഞാൻ മരിച്ചാലും മോൻ കരയില്ല.’ അതുകേട്ടു പിന്നെയും ഞാൻ കരഞ്ഞു. കണ്ണൂരും കാസർഗോഡുമുള്ള രണ്ടു ചെറിയ ഗ്രാമങ്ങളിലാണ് എൻ ശശിധരൻ ജീവിച്ചത്. പുറം യാത്രകൾ വളരെ കുറവായിരുന്നു. ലോക സഞ്ചാരങ്ങളെല്ലാം പുസ്തകങ്ങളിൽ കൂടി മാത്രം. എന്നാൽ ഈ ഗ്രാമങ്ങളുടെ ആത്മാവിലൂടെ ലോകത്തെക്കുറിച്ചും നമ്മുടെ സമൂഹത്തെക്കുറിച്ചും അദ്ദേഹം ഏറെപ്പറയുന്നുണ്ട്. ചടയൻ ഗോവിന്ദനെ കുറിച്ചുള്ള അധ്യായം മലയാളിയുടെ ഇടതു രാഷ്ട്രീയത്തിന്റെ ആദ്യകാലങ്ങളെക്കുറിച്ചു നൽകുന്നത് സവിശേഷമായ അറിവുകളാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top