25 June Saturday

കാടിനെ ചെന്നുതൊടുമ്പോള്‍

റോസി തമ്പിUpdated: Sunday Aug 3, 2014

അവതരണത്തിലെ സത്യസന്ധതകൊണ്ട് അടുത്തകാലത്ത് എന്നെ ഏറെ ആകര്‍ഷിച്ച പുസ്തകമാണ് എന്‍ എ നസീറിന്റെ കാടിനെ ചെന്നുതൊടുമ്പോള്‍. ആ പേരില്‍ത്തന്നെയുണ്ട് എഴുത്തുകാരന്റെ പ്രകൃതം. കാടിനെ തൊടുമ്പോള്‍ എന്നല്ല കാടിനെ ചെന്നുതൊടുമ്പോള്‍ എന്നാണ് ശീര്‍ഷകം. എങ്ങനെ കാടിനെ കാണണം എന്നുള്ള അറിയിപ്പാണിത്.

നസീറിന്റെ എല്ലാ അലച്ചിലുകളും കാടിനെ തേടിയായിരുന്നു. കാടിന്റെ മായാമോഹനവലയത്തില്‍ പ്രണയികണക്കെ പെട്ടുപോയ ഒരാള്‍. അത് ഒരു ആത്മീയ പ്രണയമാണ്. കാടുമായുള്ള തീവ്രപ്രണയം. ഫ്രാന്‍സിസ് അസീസിക്ക് പ്രകൃതിയുമായി ഉണ്ടായിരുന്ന പ്രണയംപോലെ. കാട് അയാള്‍ക്കുമുന്നില്‍ താനേ തുറന്നുവരുന്ന ഒരു പുസ്തകമാണ്.കാന്താരതാരകം. നളചരിതത്തിന്റെ വ്യാഖ്യാനം കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ആ പേര് ഏറെ കൊതിപ്പിച്ചിട്ടുണ്ട്. കാട് ഒരു നിത്യവിസ്മയമായി അന്നുമുതല്‍ തോന്നിത്തുടങ്ങിയിരുന്നു. അല്‍പ്പമൊക്കെ കാടിനെ തൊടാന്‍ വല്ലപ്പൊഴുമെങ്കിലും കഴിഞ്ഞു. തൊടുന്തോറും ഏറെ നിഗൂഢമെന്നോ വന്യമെന്നോ പറഞ്ഞ് കാട് അകലേക്ക് പോയി. എന്നാല്‍, നസീറിന്റെ ഈ പുസ്തകം കാടിന്റെ എല്ലാം എന്റെ മുന്നില്‍ കൊണ്ടുവച്ചിരിക്കുന്നു.

ചെരിപ്പൂരിയിട്ട് നസീറിനെപ്പോലെ എനിക്കും അതിലൂടെ സ്വസ്ഥമായി നടക്കാം. താന്‍ കണ്ടതും നീണ്ടകാലത്തെ തപസ്സിലൂടെ അനുഭവിച്ചറിഞ്ഞതും പേനകൊണ്ടും ക്യാമറകൊണ്ടും നസീര്‍ പകര്‍ത്തിവയ്ക്കുന്നു. എന്നാല്‍, ആത്മാവുകൊണ്ട് ഓരോ വായനക്കാരുടെയും ആത്മാവില്‍ കാടിനെ ഒപ്പിവയ്ക്കാനുള്ള താന്ത്രികവിദ്യയും അയാള്‍ക്കുണ്ട്. നസീറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ "കാട് നല്‍കിയ വരമാണത്.' കവിതയും യാത്രയും ആത്മീയതയും പ്രണയവും ഇഴപിരിഞ്ഞുകിടക്കുന്ന ഒരു ജന്മമാണ് എഴുത്തുകാരന്റേത്. അതുകൊണ്ടായിരിക്കണം ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് കവിതയ്ക്കുവേണ്ടി ജന്മം മുഴുവന്‍ അലഞ്ഞുതീര്‍ത്ത പി കുഞ്ഞിരാമന്‍നായര്‍ക്കും എ അയ്യപ്പനുമായത്. അല്‍പ്പം ഭ്രാന്തില്ലാതെ ഒരാള്‍ക്ക് എങ്ങനെ കവിയാകാന്‍ കഴിയും? പ്രണയിയാകാന്‍ കഴിയും? ആത്മീയതയിലേക്കിറങ്ങി നടക്കാന്‍ കഴിയും?നിശബ്ദതയ്ക്ക് കാതോര്‍ക്കുന്ന ഹരിത ആത്മീയതയാണീ പുസ്തകം. ഇല പൊഴിയുന്ന ശബ്ദംമുതല്‍ ആനയുടെ ചിന്നംവിളിവരെ ഈ നിശബ്ദതയില്‍ നസീര്‍ വായനക്കാര്‍ക്ക് കേള്‍പ്പിച്ചുതരും. ഇലത്തുമ്പുകളില്‍നിന്ന്, മണ്ണടരുകളില്‍നിന്ന് ശരീരത്തിലേക്ക് കയറിവരുന്ന നൂലട്ടകള്‍മുതല്‍ വെള്ള കാട്ടുപോത്തുവരെയും ഒറ്റയാനായ കൊമ്പന്‍മുതല്‍ പാമ്പുകളും പക്ഷികളുംവരെയുമുള്ള ജീവജാലങ്ങളുടെ വിശാലമായ ലോകം.

കേരളത്തിന്റെ കാട് ഓരോ ഋതുവിലും എങ്ങനെ വേഷം മാറുന്നുവെന്ന് ഇത്ര ഭംഗിയായി ഇതിനുമുമ്പ് ആരും പറഞ്ഞുതന്നില്ല. (കാടിനെക്കുറിച്ചുള്ള പുസ്തകങ്ങളെ ഓര്‍മിക്കാതെയല്ല)ഒറ്റയ്ക്കും കൂട്ടായും ഗവേഷകരോടൊപ്പവും ആദിവാസികളുടെയും ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്കൊപ്പവും പല കാലങ്ങളില്‍ നസീര്‍ നടത്തിയ യാത്രകളില്‍ ഓരോന്നിനും ഓരോ സ്വഭാവമാണ്. വര്‍ഷകാലത്ത് ജലനിബിഡമായ അരുവി, ഇലപൊഴിയുംകാലത്ത് ഇല നദിയായി മാറുന്ന കാഴ്ച, ഉണങ്ങിയ ഇലയുമായി നില്‍ക്കുന്ന മരം ചെറിയൊരു കാറ്റനങ്ങുമ്പോള്‍ പൂമ്പാറ്റമരമായി മാറുന്ന കാഴ്ച, ഇതെല്ലാം കവിതയിലെന്നപോലെ മനോഹരമായ ചിത്രങ്ങളാണ്.

ഓരോ ജീവജാലങ്ങളും അയാളുടെ ക്യാമറയ്ക്കുമുന്നില്‍ ഫോട്ടോയ്ക്കുവേണ്ടി പോസ് ചെയ്യുന്നു; കാമുകനോടെന്നപോലെ. ഒരു തരത്തില്‍ പറഞ്ഞാല്‍ ഏറെ സ്വകാര്യമായി കാട് തന്നോടുപറഞ്ഞ രഹസ്യങ്ങളെ പരസ്യപ്പെടുത്തുക എന്നൊരു ചാരപ്പണികൂടി നസീര്‍ നമുക്കുവേണ്ടി ചെയ്യുന്നു.കാടിന്റെ നിഗൂഢസൗന്ദര്യം നമുക്കുമുന്നില്‍ തുറന്നുവയ്ക്കുന്ന ഈ പുസ്തകം വായിച്ചുകഴിയുമ്പോള്‍ കാട് കാണാന്‍ പോകണം എന്ന തോന്നലല്ല, മറിച്ച് ആ സൗന്ദര്യം അവിടെയുണ്ട് അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കിവിടെ സമാധാനമായി ഇരിക്കാം- കാടവിടെ ഉള്ളതുകൊണ്ടാണ് നമുക്ക് സമാധാനമായി നാട്ടിലുറങ്ങാന്‍ കഴിയുന്നത് എന്ന തിരിച്ചറിവാണ് ഉണ്ടാകുന്നത്. ഇതൊരു വലിയ പാരിസ്ഥിതിക നൈതികതയാണ്.

ഏറെ സൗമ്യമായി പ്രണയാര്‍ദ്രമായ ഭാഷയില്‍ നമുക്കരികത്തിരുന്ന് ഒരു സെന്‍ഗുരുവിനെപ്പോലെ നസീര്‍ കാടിന്റെ കഥ പറഞ്ഞുതീരുമ്പോള്‍ പരിസ്ഥിതിദിനത്തിലെ മരം നടലല്ല പരിസ്ഥിതിപ്രേമമെന്നും കാടിനുപകരമാവില്ല ആ മരം നടല്‍ എന്നും നാം മനസിലാക്കും.ആദിവാസികളെക്കുറിച്ചും ഫോറസ്റ്റ് ഉദ്യോഗസ്ഥരെക്കുറിച്ചും തനിക്കുള്ള അനുഭവങ്ങള്‍ നസീര്‍ പറയുന്നത് തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ്. കേവലം കാല്‍പ്പനിക ചിന്തയ്ക്കും മുഖമടച്ച വിമര്‍ശത്തിനുമപ്പുറത്താണ് ആ യാഥാര്‍ഥ്യം. തരംകിട്ടിയാല്‍ തോട്ടയിട്ട് മീന്‍പിടിക്കുന്ന ആദിവാസിയെയും മറുവശത്ത് കാടിനെ ദൈവമായി കാണുന്ന ആദിവാസിയെയും നസീര്‍ കണ്ടുമുട്ടുന്നു.

കാടിനെ ഏറെ സ്നേഹിക്കുന്ന ഫോറസ്റ്റ് ഓഫീസര്‍മാരും ഗാര്‍ഡുമാരും ഈ യാത്രയില്‍ കടന്നുവരുന്നു. ശാസ്ത്രീയമായ നിരീക്ഷണവും കാടിനോടുള്ള പക്ഷപാതവും ചേര്‍ത്ത് അത്ഭുതകരമായ ഒരു വനലോകത്തെ നസീര്‍ നമുക്കുമുന്നില്‍ അവതരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top