29 May Monday

ഇന്ത്യന്‍ ഭക്ഷണത്തിന്റെ സാംസ്കാരിക ചരിത്രം

സുനില്‍ പി ഇളയിടംUpdated: Sunday Nov 20, 2016

ഇന്ത്യയുടെ ഭക്ഷണ/ പാചക/ രുചി ചരിത്രത്തിലേക്കും
അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തിലേക്കുമുള്ള മികച്ച
പ്രവേശകമാണ് കൊളീന്‍ ടെയ്ലര്‍ സെന്‍ രചിച്ച 
സദ്യയും ഉപവാസവും: ഇന്ത്യന്‍ ഭക്ഷണചരിത്രം
(എലമ മിറ എമ : അ ഒശീൃ്യ
ീള എീീറ ശി കിറശമ) എന്ന ഗ്രന്ഥം


തനിമാവാദത്തിന്റെയും 'സാംസ്കാരികത്തനിമ'’എന്ന ആശയത്തെ മുന്‍നിര്‍ത്തി കെട്ടിപ്പടുക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെയും പൊള്ളത്തരം ഏറ്റവും നന്നായി വെളിപ്പെടുക ഒരു ജനസമൂഹത്തിന്റെ ഭക്ഷണസംസ്കാരത്തിലേക്കും രുചിശീലങ്ങളിലേക്കും പാചകക്രമങ്ങളിലേക്കും നോക്കുമ്പോഴായിരിക്കും. ഭക്ഷണവിഭവങ്ങളുടെ നിര്‍മാണച്ചേരുവകള്‍മുതല്‍ പാചകക്രമങ്ങള്‍വരെയായി, സാംസ്കാരികവും മതപരവും വാണിജ്യപരവും മറ്റുമായ കൊടുക്കല്‍വാങ്ങലുകളുടെ മൂര്‍ത്തമായ ആവിഷ്കാരങ്ങളിലൊന്നായാണ് നമ്മുടെയൊക്കെ തീന്‍മേശകളില്‍, ഭക്ഷണം ഇടംപിടിച്ചിരിക്കുന്നത്. മനുഷ്യസമൂഹങ്ങളുടെ പങ്കുവയ്പിന്റെയും കൂടിക്കലരുകളുടെയും പ്രകാശനസ്ഥാനമാണത്. സഹസ്രാബ്ദങ്ങളിലൂടെ കൈമറിഞ്ഞെത്തിയ രുചിശീലങ്ങളെയും പാചകരീതികളെയും പിന്‍പറ്റിക്കൊണ്ടാണ് നാമൊക്കെ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുന്നതെന്ന തിരിച്ചറിവ്, തനിമയെയും സത്താപരമായ വിശുദ്ധിയെയുംകുറിച്ചുള്ള എല്ലാ അവകാശവാദങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കും. നമ്മുടെ രുചികള്‍ നമ്മുടേതു മാത്രമല്ലെന്ന് ബോധ്യപ്പെടുത്തും. നമ്മുടെ വിഭവങ്ങള്‍ നമ്മുടേതല്ലെന്നും 'നമ്മള്‍'’എന്നതുതന്നെ എത്രയോ വിപുലമായ ഒരു ബന്ധവ്യവസ്ഥയുടെ പേരാണെന്നും അത് തെളിയിച്ചുതരും.

ആറായിരം വര്‍ഷക്കാലത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭക്ഷണത്തിന്റെ സാംസ്കാരികചരിത്രമാണ് കൊളീന്‍ ടെയ്ലര്‍ സെന്‍ തന്റെ 'സദ്യയും ഉപവാസവും: ഇന്ത്യന്‍ ഭക്ഷണചരിത്രം'’ (Feasts and Fasts: A History of Food in India) എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. (ദില്ലിയിലെ 'സ്പീക്കിങ് ടൈഗര്‍'’എന്ന പ്രമുഖ പ്രസാധക സ്ഥാപനമാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.) ഇന്ത്യ എന്ന് താന്‍ എഴുതുന്നത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അതിര്‍ത്തിയെ മുന്‍നിര്‍ത്തിയല്ലെന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡമെന്നും ദക്ഷിണേഷ്യയെന്നുമെല്ലാം പരാമര്‍ശിക്കപ്പെട്ടുവരുന്ന വിപുലമായ ഒരു ഭൂപ്രദേശത്തെ മുന്‍നിര്‍ത്തിയാണെന്നും കോളീന്‍ ടെയ്ലര്‍ സെന്‍ ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഭക്ഷണവിഭവങ്ങളുടെയും രുചിശീലങ്ങളുടെയും ചരിത്രത്തില്‍ ദേശാതിര്‍ത്തികള്‍ എത്രയോ അപ്രസക്തമാണെന്നും ആറായിരം വര്‍ഷങ്ങളുടെ സുദീര്‍ഘ ചരിത്രത്തിനുള്ളില്‍ അറുപതോ എഴുപതോ വര്‍ഷങ്ങള്‍ എന്നത് മഹാസമുദ്രത്തിലെ ജലബിന്ദുവെന്നതുപോലെ അപ്രധാനമാണെന്നും അവര്‍ പറയുന്നു. പലപ്പോഴും നാം അറിഞ്ഞും അറിയാതെയും കൊണ്ടുനടക്കുന്ന ദേശീയമായ മിഥ്യാഭിമാനത്തിനെതിരെ ഭക്ഷണം ഒരു സാംസ്കാരികരൂപകമായി ഉയര്‍ന്നുവരുന്നതിന്റെ ആമുഖാവതരണമാണ് ആ പ്രസ്താവന.

കാലാവസ്ഥയും ഭൂപ്രകൃതിയുംമുതല്‍ മതവും തത്വചിന്തയുംവരെയുള്ള നാനാവിധ ഘടകങ്ങള്‍ പല പല അനുപാതങ്ങളില്‍ ഉള്‍പ്പെട്ടുനില്‍ക്കുന്ന ഒന്നായി ഭക്ഷണത്തെയും രുചിശീലങ്ങളെയും പരിഗണിക്കുന്നതിനാലാണ് ഇന്ത്യന്‍ ഭക്ഷണത്തിന്റെ സാമാന്യചരിത്രം എന്നതില്‍നിന്ന് ഈ പുസ്തകം ഉയര്‍ന്നുനില്‍ക്കുന്നത്. ഏതെങ്കിലുമൊരു ഭക്ഷണവിഭവമോ പാചകക്രമമോ രുചിശീലമോ അതില്‍ത്തന്നെ സ്വയംപൂര്‍ണമായ യാഥാര്‍ഥ്യമല്ല. മറിച്ച് ആ വിഭവത്തിന്റെ ഉപഭോക്താക്കളുടെ ജീവിതപരിസരവും വിശ്വാസസംഹിതകളും ആചാരക്രമങ്ങളും ഉള്‍പ്പെട്ടുകിടക്കുന്ന മൂര്‍ത്തമായ ഒരു സാംസ്കാരിക സംയോഗമാണ് അത്. ഇത്തരമൊരു പരിഗണനയോടെ ഇന്ത്യയുടെ പാചക/ ഭക്ഷണ സംസ്കൃതിയെ അഭിസംബോധന ചെയ്യുന്നു എന്നതാണ് ഈ കൃതിയെ പ്രധാനമാക്കുന്നത്. ഇന്ത്യയുടെ ഭക്ഷണചരിത്ര പഠനമേഖലയിലെ എക്കാലത്തെയും മികച്ച ക്ളാസിക്കുകളായി പരിഗണിക്കപ്പെടുന്ന കെ ടി അചയ്യയുടെ ഗ്രന്ഥങ്ങളുടെയും (A Historical Companion to Indian Food - 1994, A Historical Dictionary of Indian Food - 1998), കൊളീന്‍ ടെയ്ലറുടെതന്നെ ഈ മേഖലയിലെ പൂര്‍വഗ്രന്ഥങ്ങളുടെയും (Curry : A Global History, Street Food around the World : An Encyclopedia of Food and Culture) മികച്ച പിന്തുടര്‍ച്ചയാണ് ഈ പുസ്തകം. ഇന്ത്യന്‍ ഭക്ഷണചരിത്രത്തില്‍ മാത്രമല്ല; ഇന്ത്യയുടെ സാംസ്കാരികചരിത്രത്തില്‍ തല്‍പ്പരരായ ആര്‍ക്കും അത്യന്തം ഉപയോഗപ്രദമായ ഗ്രന്ഥമാണ്. സംസ്കാരത്തെ സമഗ്ര ജീവിതരീതിയായി (whole way of life) കാണുന്ന കാഴ്ചവട്ടത്തിനുള്ളില്‍ നിലയുറപ്പിച്ചുകൊണ്ട്, സവിശേഷമായ ഒരു സാംസ്കാരിക ബന്ധവ്യവസ്ഥയിലെ നിര്‍മിതിയായി ഇന്ത്യയിലെ ഭക്ഷണവും പാചകവും രുചിശീലങ്ങളും വികസിച്ചുവരുന്നതിന്റെ ചിത്രം അത് വായനക്കാര്‍ക്കുമുന്നില്‍ ഹൃദ്യമായി അനാവരണംചെയ്യുന്നു.

ആമുഖം ഉള്‍പ്പെടെ 14 അധ്യായങ്ങളായാണ് തന്റെ ഗ്രന്ഥം കൊളീന്‍ ടെയ്ലര്‍ സെന്‍ സംവിധാനംചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രാക്ചരിത്ര ഘട്ടവും കാലാവസ്ഥയും വിളകളുമാണ് ആദ്യ അധ്യായത്തില്‍ ഗ്രന്ഥകാരി ചര്‍ച്ച ചെയ്യുന്നത്. അവസാനത്തെ രണ്ട് അധ്യായങ്ങളില്‍ സ്വാതന്ത്യ്രപ്രാപ്തിക്കുശേഷമുള്ള ഇന്ത്യന്‍ ഭക്ഷണശീലങ്ങളും ഇന്ത്യന്‍ പ്രവാസികളുടെ ഭക്ഷണവും പരിഗണിക്കപ്പെടുന്നു. ഇതിനിടയിലെ 11 അധ്യായങ്ങളില്‍ വൈദികസമൂഹത്തിന്റെ ഭക്ഷണസംസ്കൃതി, ബുദ്ധ-ജൈന മതങ്ങളും സസ്യാഹാരനിഷ്ഠയുടെ വ്യാപനവും മൌര്യഭരണാനന്തം ഉത്തരഭാരതത്തില്‍ വികസിച്ചുവന്ന ബഹുസാംസ്കാരിക പരിസരം ജന്മംനല്‍കിയ ഭക്ഷണശീലങ്ങള്‍, ഗുപ്തകാലത്തോടെ ദൃഢമാകുന്ന മതസങ്കല്‍പ്പങ്ങളും അത് ഗംഗാതടങ്ങളിലെയും മധ്യേന്ത്യയിലെയും ഭക്ഷണക്രമത്തില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളും, ചരകനും സുശ്രുതനും ഉള്‍പ്പെടെയുള്ള പ്രാചീന ഭിഷഗ്വരന്മാരുടെ ചര്‍ച്ചകളിലെ ഭക്ഷണവിചാരങ്ങള്‍, മധ്യയുഗങ്ങളില്‍ വികസിതമാകുന്ന പ്രാദേശിക പാചക/ വിഭവ സംസ്കൃതികള്‍, ദില്ലി സുല്‍ത്താനേറ്റിന്റെ വരവോടെ ഇന്ത്യയിലെ ഭക്ഷണസംസ്കൃതിയില്‍ അരങ്ങേറിയ ദിശാവ്യതിയാനങ്ങള്‍, മുഗളഭരണവും അതിന്റെ ഭക്ഷണസംസ്കൃതിയും, കോളനിവാഴ്ചയോടെ രൂപംകൊണ്ട പുതുവിഭവങ്ങളും ശീലങ്ങളും എന്നിങ്ങനെ, ഇന്ത്യാചരിത്രത്തിലെ കാലക്രമത്തെ പൊതുവെ പിന്‍പറ്റിക്കൊണ്ട്, ഗ്രന്ഥകര്‍ത്രി തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നു. പതിനൊന്നാം അധ്യായത്തില്‍ ഇന്ത്യന്‍ പാചകസംവിധാനത്തിന്റെ സാങ്കേതിക സ്വരൂപത്തെയും അതിന്റെ സാമാന്യഭാവത്തെയും കുറിച്ചുള്ള ഉപദര്‍ശനങ്ങളും കൊളീന്‍ ടെയ്ലര്‍ അവതരിപ്പിക്കുന്നുണ്ട്.

നിരവധി വര്‍ണചിത്രങ്ങളുടെയും ചാര്‍ട്ടുകളുടെയും മധ്യകാല രുചിക്കൂട്ടുകളെക്കുറിച്ചുള്ള കൌതുകകരമായ വിവരങ്ങളുടെയും അകമ്പടിയോടെ മനോഹരമായി സംവിധാനം ചെയ്യപ്പെട്ട ഒന്നാണ് ഈ ഗ്രന്ഥം. അതുകൊണ്ടുതന്നെ വളരെയേറെ സവിശേഷസ്വഭാവമുള്ള ഒരു വിഷയമായിരുന്നിട്ടും ഈ പുസ്തകം അത്യന്തം സുഗമമായ ഒരു വായനാനുഭവം പകര്‍ന്നുതരുകയും ചെയ്യുന്നു. സാംസ്കാരിക ചരിത്രത്തിന്റെ വിമര്‍ശനാത്മക പരിപ്രേക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഈ ഗ്രന്ഥം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ എന്ന സംശയം, അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന വായനക്കാര്‍ക്ക്, ഉന്നയിക്കാനുണ്ടാകും. അതുപോലെ രാഷ്ട്രീയചരിത്രത്തിന്റെ കാലാനുക്രമണികയെ പിന്‍പറ്റിക്കൊണ്ട് ഭക്ഷണത്തിന്റെയും പാചക/ രുചി പാരമ്പര്യങ്ങളുടെയും ചരിത്രം വിശദീകരിക്കാനുള്ള ശ്രമവും വിമര്‍ശനത്തിന് വഴിവച്ചേക്കാം. എന്നാല്‍, ഇതിനെല്ലാം ശേഷവും ഇന്ത്യയുടെ ഭക്ഷണ/ പാചക/ രുചി ചരിത്രത്തിലേക്കും അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തിലേക്കുമുള്ള മികച്ച പ്രവേശകമായി ഈ ഗ്രന്ഥം നിലകൊള്ളുന്നുണ്ട്. ഈ കൃതിയെ സാധുവാക്കുന്ന ഘടകവും മറ്റൊന്നല്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top