ഓർമ്മയുടെ നാൾവഴികൾ


ബി റാം
Published on Apr 30, 2026, 11:31 AM | 3 min read
ഓർമ്മകൾക്ക് മരണമില്ല എന്ന യാഥാർഥ്യത്തിൽ ഊന്നിയ ഭൂതകാലത്തിലെ നേർസാക്ഷ്യങ്ങൾ ചിന്തകളിൽ ചിതലരിക്കുമ്പോൾ അതിൽ നിന്ന് അടർത്തിയെടുത്ത ചില അമൂല്യമായ അനുഭവങ്ങളുടെ അറിവ് പങ്കുവെച്ച ലഘുചരിത്ര പുസ്തകമാണ് ഓർമ്മയുടെ നാൾവഴികൾ.
പി മഹാദേവൻ എന്ന നവതിയിൽ എത്തിനിൽക്കുന്ന ലാളിത്യത്തിന്റെ പര്യായമായ തുളസി പോലുള്ള ഹൃദയവും കർമ്മവും കാഴ്ചവച്ച ഒരു മനുഷ്യൻ ജീവിതത്തിൽ നാളിതുവരെ അദ്ദേഹത്തിന്റെതായ പേരിൽ ഒരു പുസ്തകം പോലും രചിച്ചിട്ടില്ല. എന്നാൽ നവതി കഴിഞ്ഞ സന്ദർഭത്തിൽ ജീവിതത്തിന്റെ രണ്ടാം കുട്ടിത്തത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ ബാല്യകൗമാര കാലങ്ങളിൽ നേർസാക്ഷ്യം വഹിച്ചതും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചില ചരിത്ര സംഭവങ്ങൾ കടലാസിലേക്ക് കുറിച്ചതാണ് ഈ പുസ്തകം. പുസ്തകങ്ങളെകുറിച്ച് കുഞ്ഞുണ്ണി മാഷ് പണ്ട് പറഞ്ഞത് പുത്തകം എന്നാണ് പുതിയത് അകത്തുള്ളത് എന്നാണ് അർത്ഥം . അങ്ങനെയാണെങ്കിൽ ഈ ഗ്രന്ഥത്തിൽ നിന്ന് ഒരു കാര്യമെങ്കിലും പുതിയതായി ലഭിക്കുമെന്നതിൽ തെല്ലും സംശയമില്ല.
കരമന എന്ന പ്രദേശത്തിന്റെ ഭൂപരിസരം, തിങ്ങി നിരനിരയായി നിൽക്കുന്ന വീടുകൾ, ക്ഷേത്രങ്ങൾ, കൽപ്പടവുകൾ, ഇടവഴികൾ, റോഡുകൾ ഈ പ്രദേശത്ത് ജനിച്ചുവളർന്ന് വിശ്വപൗരന്മാരായി തീർന്നവർ എന്നിത്യാധികാര്യങ്ങൾ ഒരു തിരശ്ശീലയിൽ വീഴുന്ന നിഴലും വെളിച്ചവുമായി വായനക്കാരുടെ മുന്നിലെത്തുന്നതാണ് ഈ ലഘു ചരിത്രകൃതി. വായനക്കാർ പഴമക്കാർ ആണെങ്കിൽ അവർക്ക് ഗൃഹാതുരത്വം ഉളവാക്കാൻ പറ്റുന്ന പലതും ഇതിലുണ്ട്. ഇനി വായനക്കാർ പുതിയ തലമുറയിൽ ഉള്ളവരാണെങ്കിൽ നിങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണ്, കാണുന്ന സ്ഥലങ്ങൾ, സ്ഥലകാലനാമങ്ങൾ കൈകൂപ്പുന്ന ക്ഷേത്രങ്ങൾ എന്നിവയുടെ ചരിത്രം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും .
ഓർമ്മകൾ നുണഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം അലിയാത്ത മധുര പലഹാരമായി അനുഭവിക്കാം. പി മഹാദേവൻ ഈ പുസ്തകം സഹധർമ്മിണി ഭഗവതി അമ്മാളിനാണ് സമർപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയിലാണ് ഇതിന്റെ താളുകൾ തുറക്കുന്നത്. ഇങ്ങനെയൊരു പുസ്തകം ജനിക്കാൻ ഇടയായ ഒരു മനുഷ്യരെയും വിട്ടു പോകാതെ കടപ്പാടിനായും ഒരു താള് മാറ്റിവെച്ചിട്ടുണ്ട്. ഉള്ളടക്കത്തിലേക്ക് എത്തിനോക്കിയാൽ തിരുവിതാംകൂറിന്റെ ചരിത്രം മുതൽ തിരുവനന്തപുരത്തെ പ്രധാന ക്ഷേത്രങ്ങൾ വരെ ഇരുപത്തിയാറ് അധ്യായങ്ങൾ ഈ പുസ്തകത്തിലുണ്ട്.
കേരളത്തിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രങ്ങൾ അടങ്ങിയ പല സൃഷ്ടികളും നമുക്കിവിടെ ലഭ്യമാണ് എന്നതിൽ സംശയമില്ല പക്ഷേ ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില അധ്യായങ്ങളിൽ ഗ്രന്ഥകർത്താവ് കണ്ടതും നേർസാക്ഷ്യം വഹിച്ചതുമായ ചില രസകരമായ സംഗതികളാണ് അനുവാചകൻ എന്ന നിലയിൽ എന്നിൽ സ്വാധീനിച്ചത്. കുട്ടിക്കാലത്തെ വിദ്യാഭ്യാസം എന്ന അധ്യായത്തിൽ മലയാളത്തിൽ അധ്യാപകർ പണ്ട് പഠിപ്പിച്ചിരുന്ന ചില പ്രയോഗങ്ങൾ രസകരമായി തോന്നും. കാർബൺഡയോക്സൈഡിന്റെ മലയാളം ഇങ്കലമ്ലാ വാതകം എന്നും നെൽപ്പാടങ്ങളെ ഇറച്ചകുളമെന്നും ഒക്കെയുള്ള പ്രയോഗങ്ങൾ കൗതുകമുണർത്തുന്നതായി തോന്നും.
ചില സ്ഥലകാല നാമങ്ങൾ പഠിപ്പിക്കുമ്പോൾ തീവണ്ടി കടന്നുപോകുന്ന സ്റ്റേഷനുകൾ കോഡ് ഭാഷയിൽ പഠിപ്പിച്ചിരുന്നത് രസകരമാണ് ചവറ പത്മന തേവലക്കര ചകിരി കൊണ്ട് പിഴയ്ക്കണം അതുപോലെ ക ക ക കംസൻ കി കി കി കൃഷ്ണൻ പു പു പു പൂതന എന്നാം കഥയിൽ നല്ലൊരു ജാതിയിൽ വന്നു പിറന്നു നല്ലൊരു രൂപഗുണങ്ങളുമുണ്ട്, ഹരി എന്നദ്ധ്യാക്ഷരം അരികത്തൂടി പോയിട്ടില്ല, കണ്ടാൽ നല്ലൊരു പുരുഷനവന് വേണ്ടാത്തലവും കോപവുമേറും കണ്ടജനത്തിനു ശുണ്ഠിയടിക്കും രണ്ടാം വാക്കിനു കേറിയടിക്കും. ഇത്തരം പ്രാസത്തിലൂടെ അന്നത്തെ വിദ്യാർത്ഥികളിൽ കൗതുകവും താല്പര്യവും ജനിപ്പിക്കും തരത്തിലായിരുന്നു പഠനരീതികളെന്നു കാണാം.
തൻ്റെ ബാല്യ-കൗമാരകാലത്തെ ചില രാഷ്ട്രീയ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതും കൗതുകകരമാണ്. അതിലാദ്യത്തേത് സ്വാതിതിരുനാൾ സംഗീതക്കച്ചേരിയിൽ പങ്കെടുക്കാനെത്തിയ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ നേർക്കുണ്ടായ ആക്രമണത്തെപ്പറ്റിയുള്ളതാണ്. സംഗീതക്കച്ചേരി കേൾക്കാനെത്തിയവരുടെ കൂട്ടത്തിൽ ഗ്രന്ഥകാരനുമുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മഹാരാജാവിനെക്കുറിച്ചും രാജഭക്തിയെക്കുറിച്ചും പരാമർശമുണ്ട്. പഴയമനസ്സുകളിൽ ബാലരാമവർമ്മ മഹാരാജാവ് ഉണർത്തിയ സ്നേഹബഹുമാനങ്ങളുടെ ഒരു നേർചിത്രം ഈ കൃതിയിൽ കാണാൻ കഴിയും. ക്ഷേത്രങ്ങളുടെ ചരിത്രങ്ങൾ നമുക്ക് പലതുമറിയാം എങ്കിലും കരമനയിലുള്ള ചിലന്തിവല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും, പൂജപ്പുരയിലുള്ള പ്രപഞ്ചേശ്വര ക്ഷേത്രവും വായനക്കാരൻ എന്ന നിലയിൽ ഞാൻ അറിഞ്ഞത് ഈ ഗ്രന്ഥത്തിലൂടെയാണ്.
ചരിത്രങ്ങൾ കാലത്തിന്റെ കയ്യൊപ്പുകളാണ്. വിശാലമായ ഈ ലോകത്തിൻ്റെ ഓരോ കോണിനും പറയാൻ ഓരോ ചരിത്രങ്ങളുണ്ടാകും. ഭൂതകാല വിവരങ്ങളെ വർത്തമാന കാലത്തിൽ ഭാവിയിലേക്ക് വേണ്ടി പഠിക്കുന്നതാണ് ചരിത്രം. സമകാലിക സമൂഹം എങ്ങനെ ഉണ്ടായി? നാം ഇപ്പോൾ ജീവിക്കുന്ന ഈ ലോകത്തിന്റെ പൂർവ്വരീതികൾ, സംവിധാനങ്ങൾ എന്തൊക്കെയായിരുന്നു, പൂർവികരുടെ സംഭാവനകൾ എത്രത്തോളം സാമൂഹിക പ്രസക്തി നേടി, ഒരു നാടിന്റെ, ദേശത്തിന്റെ, കാലത്തിന്റെ, കാലഘട്ടത്തിന്റെ ശംഖനാദം അന്നത്തെ ജനതയുടെ കാതുകളിലും കണ്ണുകളിലും നേർസാക്ഷ്യം വഹിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതെല്ലാം വർത്തമാനകാലത്തിന്റെയും, ഭാവി സമൂഹത്തിൽ വളർന്നു വരുന്ന തലമുറകൾക്കും പ്രയോജനമാകണമെങ്കിൽ ചരിത്രരേഖകൾ ഉണ്ടായേ മതിയാകൂ.
ഒരു തലമുറയിൽ ജീവിച്ചിരുന്ന നമ്മുടെ പൂർവികർ മണ്ണിലേക്ക് മടങ്ങി പോയപ്പോൾ കരുതിവെച്ച ചില കുറിപ്പുകൾ മാത്രമാണ് വർത്തമാനകാല സമൂഹത്തിൽ നമുക്ക് പരിശോധിക്കാനുള്ള രേഖകൾ. "ചരിത്രം മനുഷ്യനെ ബുദ്ധിമാനാക്കുന്നു” എന്ന് ഫ്രാൻസിസ് ബേക്കൺ കുറിച്ചതുപോലെ ചരിത്രങ്ങൾ മനുഷ്യനെ ചിന്തിപ്പിക്കാനും, അറിവിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് വസ്‌തുതകളെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. 'ഓർമ്മയുടെ നാൾവഴികൾ' എന്ന പി മഹാദേവൻ്റെ പുസ്‌തകം ഒൻപതു പതിറ്റാണ്ടുകൾക്കപ്പുറം ഈ മണ്ണിൽ ജീവിച്ചിരിക്കുന്ന മനുഷ്യൻ്റെ മനനത്തിൽ നിന്നും ഓർത്തെടുത്ത് കുറിച്ച തിരുവിതാംകൂറിന്റെയും അന്നത്തെ സാമൂഹ്യ സാംസ്‌കാരിക വൈവിധ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും, ക്ഷേത്രങ്ങളും, കരമന ദേശവും, പ്രശസ്ത വ്യക്തികളും തുടങ്ങി ഓർമ്മയിൽ അവശേഷിക്കുന്ന ഒരുപിടി അമൂല്യമായ അറിവുകളാണ്.
ഓർമ്മകൾ ആത്മനിഷ്ഠമാണ് അവ വസ്തുതകളുമായി പൊരുത്തപ്പെടണമെന്നില്ല കാഴ്ചക്കാർ നിൽക്കുന്ന ഇടവും കാണുന്ന രീതിയും കാഴ്ചയെ സ്വാധീനിക്കുമെന്ന് അവതാരികയിൽ സൂചിപ്പിച്ചപോലെ ഓർമ്മയിലേ ഓളം വെട്ടുന്ന ചില സന്ദർഭങ്ങൾ കണ്ടതും കേട്ടതുമായ ചരിത്ര സംഭവങ്ങൾ ഈ ഗ്രന്ഥത്തിൽ സ്പർശിക്കുന്നുണ്ട്. ചരിത്രത്തിൻ്റെ ആധികാരികമായ ധാരാളം ഗ്രന്ഥങ്ങൾ നമുക്കിവിടെയുണ്ട്. എന്നിരുന്നാലും ഈ പുസ്‌തകത്തിലെ പല കാര്യങ്ങളും പുതിയ തലമുറകൾക്ക് കേട്ട് കേൾവി പോലുമില്ലാത്തതായിരിക്കും എന്നതിൽ രണ്ടഭിപ്രായമുണ്ടാകാനിടയില്ല. ഈ പുസ്തകത്തിലെ ചരിത്രപരമായ ആശയങ്ങൾ, സത്യങ്ങൾ കാലത്തിന്റെ കയ്യൊപ്പായി അവശേഷിക്കുകയും വരുംതലമുറ എന്നും സ്മരിക്കാൻ ഇടയാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു.











0 comments