അക്ഷരലോകം ഓർമപ്പെടുത്തി ഒരു വായനാ ദിനം കൂടി; വായിക്കാം വിവേകത്തോടെ

അക്ഷരങ്ങളുടെ ലോകത്തേക്ക് വഴിനടക്കാൻ വീണ്ടുമൊരു വായനാദിനം കൂടി എത്തിച്ചേർന്നിരിക്കുകയാണ്. "വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വലയും" എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളെ നെഞ്ചിലേറ്റിക്കൊണ്ട്, വായനയുടെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. കേട്ടും കണ്ടും കാര്യങ്ങൾ വേഗത്തിലറിയാൻ ഇഷ്ടപ്പെടുന്ന ഇന്നത്തെ സമൂഹം ഒരു ഫോൺ സ്ക്രീനിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ വായനയെയും ഭാഷയെയും നമ്മൾ എങ്ങനെ സമീപിക്കുന്നുവെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ലോകത്തിന് കീഴിലുള്ള എല്ലാ അറിവുകളും വിരൽതുമ്പിലെ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ഡിജിറ്റൽ യുഗത്തിൽ വായനയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ട്.
കേരളത്തിന്റെ നട്ടെല്ലായി വായന വളർത്തിയെടുക്കാൻ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി എൻ പണിക്കരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും വളരെ പ്രധാനമാണ്. അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19നാണ് നാം വായനാദിനമായി ആചരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ആദ്യ ഗ്രന്ഥശാലയ്ക്ക് അടിത്തറയിട്ട അദ്ദേഹം ഗ്രാമീണ സർവ്വകലാശാലകൾ എന്ന് വിശേഷിപ്പിക്കാവുന്ന നാനൂറിലധികം വായനശാലകൾക്ക് തുടക്കമിട്ടു. കേരള പബ്ലിക് ലൈബ്രറി ആക്ട് നിലവിൽ വന്നതും, മുപ്പത്തിരണ്ട് വർഷക്കാലം ഗ്രന്ഥശാലാ സംഘത്തെ നയിച്ചതുമെല്ലാം "വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പഠിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.
കൂട്ടുകാരന്റെ കയ്യിൽ നിന്ന് പുസ്തകം കടം വാങ്ങി ആർത്തിയോടെ വായിച്ചു തീർത്ത പഴയ കാലഘട്ടമല്ല ഇത്. പുസ്തകങ്ങളിൽ നിന്നും കമ്പ്യൂട്ടറിലേക്കും മൊബൈലിലേക്കും വായനയുടെ ഘടനയും ശൈലിയും ഇന്ന് മാറിക്കഴിഞ്ഞു. പുസ്തകങ്ങളുടെ മണവും സ്പർശനവുമുള്ള വായന ഡിജിറ്റൽ സ്ക്രീനുകളിൽ നിന്ന് ലഭിക്കില്ലെങ്കിലും, അറിവുകൾ നേടാൻ ഓൺലൈൻ ലോകത്ത് പരിമിതികൾ കുറവാണ് എന്നത് വായനയുടെ ഭാവിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മാധ്യമം ഏതായാലും ശരി, ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി നമുക്ക് വായനയെ മുറുകെപ്പിടിക്കാം.







0 comments