ad
Deshabhimani

കമ്പിളികണ്ടത്തെ കൽഭരണികൾ -മനുഷ്യനാകാൻ ഉള്ള വിളി

kambilikandathe k
avatar
ബി റാം

Published on Feb 26, 2026, 10:58 AM | 10 min read

ന്ദിക്കുന്നേൽ മേരിയുടെയും അബ്രഹാത്തിന്റെയും മകനായി ഇടുക്കിയിലെ കമ്പിളി കണ്ടത് ജനിച്ച ബാബു അബ്രഹാമിന്റെ ജീവിത കഥകൾ കണ്ണുനീരിൽ ചാലിച്ചതാണ് ഈ പുസ്തകം നിറയെ. തനിയെ കുറിച്ച മുഖമൊഴി മുതൽ ഒരു കൃതജ്ഞതാ ബലിയായി: ആമേൻ വരെ എത്തിനിൽക്കുന്ന മൂന്ന് ഭാഗങ്ങളിലായി മുപ്പത്തിയാറ് അധ്യായങ്ങൾ അല്ല അനുഭവങ്ങളുടെ വീഞ്ഞ് കുപ്പികളിൽ നിറച്ചിരിക്കുന്ന വീര്യമേറിയ സത്തകൾ ആണ് ഇതിലുടനീളം ഉള്ളത്.


'ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ള പാച്ചിലിൽ അവിടെ അവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചു കയറി വെള്ളത്തിലങ്ങ് പൊങ്ങിക്കിടക്കണം എന്നിട്ട് ഓളത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തു വെച്ച് കെട്ടി ഒരു ചങ്ങാടം ഉണ്ടാക്കണം. കര പറ്റി കഴിയുമ്പോഴുണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞുനീങ്ങുമ്പോൾ നിന്റെ മനസ്സിൽ. തീരമെത്തി കഴിയുമ്പോൾ മറ്റാർക്കെങ്കിലും ഉപകരിക്കാനായി ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളി വിടണം മുങ്ങി പോകുമായിരുന്ന ആരെങ്കിലുമൊക്കെ ആ ചങ്ങാടം കയറി തീരത്ത് എത്തുമ്പോൾ നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന സ്വാർത്ഥതയില്ലാത്ത ഒരു ആനന്ദമുണ്ട് അതായിരിക്കണം നിന്നെ എന്നും നയിക്കേണ്ടത്'.


കമ്പിളി കണ്ടത്തെ കൽഭരണിക്കുള്ളിൽ അനുവാചകനായ ഞാൻ നുഴഞ്ഞുകയറിയപ്പോൾ മുഖപുരയും അവതാരികയും കാണാതെ നേരിട്ട് കണ്ടത് നന്ദിക്കുന്നേൽ മേരിയുടെ ശക്തമായ നിർദ്ദേശങ്ങൾ ആണ്. ഒരമ്മ മകനു നൽകുന്ന പാഠപുസ്തകം പോലെ ജീവിതകാലം വരെ കാത്തുസൂക്ഷിക്കാൻ സുവർണ്ണ ലിപികളിൽ വയ്ക്കാൻ അർഹതയുള്ള അക്ഷരങ്ങൾ .അതെ അക്ഷരങ്ങൾ ഒരിക്കലും ക്ഷരം സംഭവിക്കാത്തവയാണ് . ചില വാക്കുകളും അതുപോലെയാണ് നന്ദിക്കുന്നേൽ ആ സ്ഥലകാല നാമം പോലും ദൈവം അനുഗ്രഹിച്ചു കൽപ്പിച്ച പോലെയാണ് നന്ദിയുടെയും കടപ്പാടിന്റെയും സ്മരണകുന്നുകൾ നിറഞ്ഞ ചില മനുഷ്യരുടെ ഇടം.


ഒരു അമ്മ നൽകിയ നിർദ്ദേശം മാത്രമല്ല ആ വരികൾ, മകനോടുള്ള കരുതൽ, അടങ്ങാത്ത സ്നേഹം, ആശങ്കയില്ലാതെ ഏത് സാഹചര്യവും തരണം ചെയ്യാനുള്ള പാകതയും പക്വതയും , കൂടാതെ നിസ്സഹായരായ മറ്റു മനുഷ്യർക്കും ഉപകാരമാകാൻ ആ ചങ്ങാടം വെള്ളത്തിലേക്ക് തള്ളി വിടണം എന്ന കാരുണ്യ സ്പർശവുമാണ് . നേരിന്റെ മഷി കൊണ്ട് എഴുതിയ പുസ്തകം എന്ന് അവതാരികയിൽ കുറിച്ചിട്ടുണ്ട് എങ്കിലും അനുവാചകനായ എനിക്ക് കണ്ണുനീരിൽ ചാലിച്ചെഴുതിയ പുസ്തകം എന്ന് പറയാനാണ് ഇഷ്ടം. ഈ പുസ്തകത്തിലെ മുപ്പത്തിയാറ് അധ്യായങ്ങളിലൂടെയും കടന്നുപോകുമ്പോൾ കണ്ണുനീരൊന്നും എനിക്ക് വന്നില്ല എന്ന് പൂർണ്ണമായും പറയാനാകില്ല കാരണം ഇതിലെ ചില അനുഭവങ്ങൾ വായനക്കാരൻ എന്ന നിലയിൽ എന്റെ ജീവിതത്തിലൂടെയും കടന്നുപോകുന്നുണ്ട് അതുകൊണ്ടുതന്നെ എവിടെയൊക്കെയോ ഏതെല്ലാമോ ഭാഗങ്ങൾ വായിക്കുമ്പോൾ ഹൃദയത്തിൽ ഒരു കൊള്ളിയൻ വന്നു അടിച്ചു പെട്ടെന്ന് മാഞ്ഞ് ഒരു മഴത്തുള്ളി വീഴും പോലെ ഒരു തുള്ളി ഒരേയൊരു തുള്ളി കണ്ണുനീർ അനുവാചകനായ എനിക്കുമുണ്ടായി എന്ന് തുറന്നെഴുതാൻ മടിയില്ല.


ഓരോ മനുഷ്യനും ഒരു കഥയാണ് നമ്മുടെ അനുഭവങ്ങളാണ് പ്രശ്നങ്ങളാണ് ഏറ്റവും വലുത് എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാണുമ്പോൾ നമ്മുടെ സങ്കടങ്ങൾ ഒന്നും ഒന്നുമല്ല എന്ന് തോന്നും തരത്തിലാണ് പല അനുഭവങ്ങളും. വില്യം ഷെസ്പിയറും പിന്നീട് ഗാന്ധിജിയും കടമെടുത്ത പോലെ ഷൂസ് ഇല്ലാത്ത എന്റെ ദുഃഖം കാലില്ലാത്തവനെ കണ്ടപ്പോൾ അങ്ങ് മാറി എന്നതാണ് കമ്പിളി കണ്ടത്തെ കൽഭരണികൾ വായിക്കുന്ന സമാന അനുഭവമോ അതിൽ കുറവോ കൂടുതലോ അനുഭവമുള്ളവർക്ക് പറയാൻ സാധിക്കുന്നത്. ബാബു അബ്രഹാം കുറിച്ചത് പോലെ ജീവിതം വിരുന്നിന് വിളിച്ചപ്പോൾ വീഞ്ഞ് തീർന്നു അതിഥികൾക്ക് മുന്നിൽ അപമാനിതരായി വിധിക്കപ്പെട്ട ഒരു കുടുംബം നന്മകൾ ഒന്നും വരാൻ സാധ്യത കൽപ്പിക്കാത്ത ഒരു നസ്രത്ത്. എന്നാൽ മനസ്സ് നിറയെ ജീവിതത്തെയും മക്കളെയും പറ്റി ദീർഘ ദർശനം ഉള്ള നന്മയുടെ നൂറുമേനി കൊയ്യാൻ പാകതയുള്ള വിളനിലമായ നന്ദികുന്നേൽ മേരിയാണ് ഈ കൽഭരണിക്കുള്ളിൽ ഏറ്റവും സ്വാദുള്ള വിയർപ്പിന്റെ ഉപ്പുകല്ല്.


തനിയെക്കുറിച്ച മുഖ മൊഴിയിൽ 1950കളുടെ ആരംഭം മുതലുള്ള കുടിയേറ്റത്തിന്റെയും പ്രകൃതിയുടെ പ്രഹരങ്ങളും പകർച്ചവ്യാധികളും മിക്കവാറും ദിവസങ്ങളിൽ വിരുന്നു വന്നിരുന്ന ആ നാളുകളിൽ പട്ടിണിയും പരിവട്ടവുമായി കാട് വെട്ടിത്തെളിച്ച് കൃഷിയിറക്കി നല്ല നാളയെ സ്വപ്നം കണ്ട് ജീവിച്ച കുറേ മനുഷ്യാത്മാക്കളെ സൂചിപ്പിക്കുന്നതാണ്. ഒരു തുറന്നെഴുത്തിന്റെ നേർസാക്ഷ്യമാണ് പിന്നീട് അങ്ങോട്ടുള്ള അധ്യായങ്ങൾ എന്ന് വായനക്കാർക്ക് മനസ്സിലാകും. അക്കാലത്ത് കല്യാണം കഴിച്ച പെണ്ണുങ്ങൾക്ക് അവരുടെ വീട്ടിലും പറമ്പിലും ആയി ചെയ്യുന്ന പണി ഇടംമാറ്റി കിട്ടുക മാത്രമാണ് വിവാഹം കൊണ്ട് സംഭവിക്കുന്ന കാര്യം എന്ന് തുറന്നെഴുതാൻ എഴുത്തുകാരന് സാധിച്ചു. മൺകട്ടകളാൽ ഭിത്തി തീർത്ത പുൽ വീടിന് അര ഭിത്തി കെട്ടിത്തിരിച്ച രണ്ടു കൊച്ചുമുറികൾ പ്രസവം കഴിഞ്ഞു വേദന ശമിക്കുമ്പോൾ ഉണ്ടാകുന്ന വിശപ്പ് മുൻകൂട്ടി കണ്ടതിനാലാണ് മേരിയമ്മ കഞ്ഞി ഉണ്ടാക്കി രണ്ടു മക്കൾക്കും കുടിക്കാൻ കൊടുത്തതു , ബാക്കി ഇളയ കുട്ടിക്ക് വേണ്ടി കരുതിവച്ചതും ഒരു കാലൊടിഞ്ഞ കട്ടിലിൽ മക്കളെ കിടത്തിയിട്ട് അമ്മ കരയുന്നത് കേട്ടാലും മക്കൾ എഴുന്നേറ്റു വരരുതെന്ന് മൂത്ത മകൾക്ക് കർശന ഉപദേശം നൽകിയ ശേഷം അടുത്ത മുറിയിൽ പോയ അമ്മ പരസഹായി ഇല്ലാതെ ഒരു കുഞ്ഞിനെ ജന്മം നൽകാൻ ചതുരത്തിൽ കയർ പാകിയ ആ കട്ടിലിൽ രണ്ട് കൈയും പിടിച്ചുനിന്നു ബാബു എബ്രഹാം എന്ന കുഞ്ഞിന്റെ ജന്മത്തിനുള്ള മുഖമൊഴി തനിയെ കുറിക്കാൻ ഒരുങ്ങുക എന്നത് ഒരു സ്ത്രീ ഏറ്റെടുക്കുന്ന ഏറ്റവും വലിയ സാഹസികത തന്നെയാണ്.


പുസ്തകത്തിൽ എവിടെയോ പെറ്റു വീണ പട്ടിക്കുഞ്ഞുങ്ങളെ പോലെ എന്ന പരാമർശം വായിച്ചത് ഓർമ്മയിൽ വന്നു .ഇവിടെ ഒരു പട്ടിയോ പൂച്ചയോ അല്ല ഒരു മനുഷ്യ സ്ത്രീയാണ് പ്രസവത്തിന് ഒരുങ്ങിയത് പഴയ കാലങ്ങളിൽ സർവ്വസാധാരണമാണ് എങ്കിലും ഇന്നൊക്കെ അത് ചിന്തിക്കുമ്പോൾ പുതിയ തലമുറയ്ക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല എന്ന വാസ്തവം സ്ത്രീപക്ഷത്തിന് മാറ്റുകൂട്ടുകയെ ഉള്ളു . അപ്പനെ കുറിച്ചുള്ള പരാമർശങ്ങളിൽ സ്നേഹവും കർക്കശവും നിറഞ്ഞു നിൽക്കുമ്പോഴും ഒരു സമയത്ത് ഒരിക്കലും ചെയ്തിട്ടില്ലാത്ത കൃഷിക്കായി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാതെ നാടുവിട്ടു പോയത് മുതൽ അമ്മ മേരിയാണ് ഈ ജീവിതങ്ങൾ കഥയിലുടനീളം കൊണ്ടു പോകുന്നത്. വയറൻ എന്ന് വിളിപ്പേര് വന്ന എഴുത്തുകാരന്റെ വിശപ്പിനെ വെല്ലുവിളിക്കാൻ അനാഥാലയത്തിന് പോലും സാധിക്കില്ല എന്നറിഞ്ഞിട്ടും മക്കളെ എല്ലാം അവിടെ ചേർക്കാൻ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ വീണുപോയ അമ്മയല്ലാതെ മറ്റാരാണ് കമ്പിളികണ്ടത്തെ കൽഭരണിയിൽ നിറഞ്ഞു നിൽക്കേണ്ടത് എന്നായിരിക്കും ഏതൊരു വായനക്കാരനും സ്വയം ചോദിക്കാനുള്ളത്.


മരണത്തിലേക്ക് യാത്ര തുടങ്ങാൻ അമ്മയും കുഞ്ഞുങ്ങളും ശ്രമിച്ചപ്പോഴും കമ്പിളി കണ്ടെത്തിലും തെള്ളിതോട്ടിലും ഒക്കെയുള്ള ആളുകളല്ലേ നമ്മളെ അറിയുള്ളൂ നമുക്ക് എല്ലാ ദിവസവും ചിന്നാർ കടന്ന് അപ്പുറം പോയി ഭിക്ഷ തെണ്ടിയാൽ നമുക്ക് കഞ്ഞികുടിക്കാൻ വക കിട്ടില്ലേ എന്ന് ജെസിയുടെ ചോദ്യത്തിന് വാരിപ്പുണർന്ന് അമ്മ നൽകിയ ഉമ്മകൾ മരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച നിമിഷമായി എഴുത്തുകാരന് തോന്നാതെ ഇരിക്കാൻ സാധിക്കില്ല

സഹായിക്കേണ്ട കുടുംബക്കാരും പട്ടക്കാരും വഴികളും പിഴകളും ചുമത്തിയപ്പോഴും തിരുസഭയെയും പട്ടക്കാരെയും നിശിതമായി ചോദ്യം ചെയ്യാനും ചോദ്യ മുനയിൽ നിർത്താനും അമ്മയ്ക്ക് സാധിച്ചിരുന്നു. താൻ എവിടുത്തെ അച്ഛനാടോ? ദൈവം ചേർത്തത് തകർക്കാൻ തനിക്ക് ആരാ പട്ടം തന്നത് ?ശരിയാ മനസ്സുകൾ മരവിച്ചവൾ വേറെ എന്തു പറയണം എങ്ങനെ പറയണം അത്തരം സന്ദർഭങ്ങൾ ആകാം സ്ത്രീത്വത്തെ കുറിച്ചുള്ള എഴുത്തുകാരന്റെ സങ്കല്പങ്ങളുടെ മാതൃദൈവമായി അമ്മ മാറിയത്. അടക്കാ പൊട്ടിക്കുന്ന ദിനം മാത്രം ചാക്കരി ചോറും ഉണക്കമീൻ കറിയും ചമ്മന്തിയും ഉണ്ടാകുന്ന ദിനങ്ങളും ഇളയ മകൾക്ക് തേങ്ങാ മോഷണക്കാരി എന്ന പട്ടം ചാർത്തി കൊടുത്ത അയൽപക്കത്തെ കൊച്ചമ്മയും രണ്ടു സ്ത്രീകളുടെ രീതികളെ താരതമ്യം ചെയ്യുന്ന ആഴം അറിയാത്ത കയങ്ങളിൽ വായനക്കാർ തിരിച്ചറിയുന്നു. ഒന്ന് നിസ്സഹായ അമ്മയും മറ്റേത് പണപ്പെരുപ്പിൽ ആർത്തുല്ലസിക്കുന്ന അയൽപക്കത്തെ കൊച്ചമ്മയും. ഉപദേശി മലയിലെ പോക്കുവരവ് അമ്മായിയുടെ മക്കളുടെ മലം കോരാനും, ചന്തി തുടയ്ക്കാനും പെരിങ്ങലത്തിന്റെ ഇല പറിക്കാനും ആയിരുന്ന ബാല്യം ഈ കഥയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നുണ്ട്.


കീറിപ്പോയ മുഖചിത്രങ്ങളിൽ കാളത്തോട്ടിലെ അനാഥാലയത്തിലേക്കുള്ള യാത്രയിൽ ആദ്യമായി കല്ലാർകുട്ടി ഡാം കണ്ടതും ബസ് യാത്ര ചെയ്തതും എല്ലാം ബാല്യത്തിലെ നീറുന്ന നൊമ്പരങ്ങളിലെ ഇടവേളകളിലെ ചെറിയ സന്തോഷം മാത്രമാണ്. വയറു നിറച്ച് കഴിക്കാൻ ഭക്ഷണം മാത്രം ലക്ഷ്യം കണ്ടുള്ള അനാഥാലയത്തിലേക്കുള്ള യാത്രയിൽ വേറെ എന്തൊക്കെ ഉണ്ടായാലും എന്ത് കാര്യം എന്നതാണ് വരികളിലൂടെ കടന്നുപോയ എനിക്ക് ചോദിക്കാനുള്ളത്. പുഞ്ചിരികൾ ഇല്ലാത്ത ഒന്നേകാൽ വർഷം വാഴച്ചുണ്ടിന്റെ പോള തുറന്നു അതിന്റെ അടിയിൽനിന്ന് തേൻ കുടിക്കുന്ന കുട്ടി ബാബു തുടർന്നു വന്ന ഒന്നേകാൽ വർഷം അവിടെ കഴിഞ്ഞു. ചില അധ്യായങ്ങൾ ഒരു നോവലിന്റെ വർണ്ണനയും ഗരിമയും നിലനിർത്തുന്നു എന്ന് എനിക്ക് തോന്നി . ചില വർണ്ണനകൾ പ്രയോഗങ്ങൾ പുഴു പൊങ്ങിക്കിടക്കുന്ന ഗോതമ്പ് കഞ്ഞി പോലെ അങ്ങനെതന്നെ നിലനിൽക്കുന്നുണ്ടാകും. സ്കൂളിൽ ഡി.ഇ .ഓ വരുന്ന ദിവസങ്ങളിൽ കുട്ടികൾക്ക് ഒരു പനി വരുന്നതിനു പോലും അനുവാദം ഉണ്ടായിരുന്നില്ല എന്നൊക്കെ തുറന്നു എഴുതിയ സെപ്റ്റിക് ടാങ്കും ചെമ്പരത്തിവേലിയും എന്ന അധ്യായത്തിൽ ദയനീയമായ ചില സന്ദേശങ്ങൾ അടയാളപ്പെടുത്തുന്നുണ്ട് .നൂറിലേറെ പേർക്ക് രണ്ടേ രണ്ടു ശൗചാലയങ്ങൾ ഒരുപക്ഷേ തിന്നാലല്ലേ തൂറാൻ സാധിക്കൂ എന്ന സാമൂഹികമായ സത്യം അനാഥാലയം നടത്തിപ്പുകാർ മനസ്സിലാക്കിയതിനാൽ ആകാം ശൗചാലയങ്ങളുടെ എണ്ണം കുറച്ചത് എന്നാണ് വായനക്കാരൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.


പുലരിയുടെ പുടവകളിൽ മെത്രാന് ഭക്ഷണം കൊടുക്കുന്ന പ്രമാണികളുടെ വിളംബൽ രീതികൾ ആട് പിതാവേ, കോഴിപിതാവേ, പന്നി പിതാവേ, പോത്ത് പിതാവേ എന്ന് ഇടയ്ക്കു കേൾക്കുന്ന കുട്ടി ബാബു കൈലിരുന്ന റസ്ക്കും ബണ്ണും ആരോടോ കലി തീർക്കുന്ന ദേഷ്യത്തിൽ ആഞ്ഞു കടിച്ചു എങ്കിലും വിശപ്പിന്റെ വിളിയോടൊപ്പം ചിരിയും വന്നു കാണാതിരിക്കില്ല. ചെരുപ്പിട്ടിട്ട് ശീലമില്ലാത്ത പയ്യൻ ചെരുപ്പ് പള്ളി നടയിൽ മറന്നതിൽ എന്ത് അതിശയോക്തിയാണ്? സ്ഥിരമായി വട്ടപ്പേര് നമ്മളെ ഒരാൾ വിളിച്ചാൽ സ്വന്തം പേര് പോലും മറന്നു പോകുന്ന നമ്മൾ ചെരിപ്പ് മറന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. മഴത്തുള്ളികൾ കൊണ്ടൊരു മാല എന്ന അധ്യായത്തിൽ സുബൈദ എന്ന സഹപാഠിയുടെ തേങ്ങാ ചമ്മന്തിയും മീൻ വറുത്തതും ചോറും പങ്കുവെച്ച് കുട്ടി ബാബുവിനെ സ്നേഹത്തിൽ ചാലിച്ച് നൽകിയത് മതത്തിനും മനുഷ്യർക്കും ഇടയിലെ മതിൽക്കെട്ടുകൾ പൊട്ടിച്ചു കൊണ്ടുള്ള സ്നേഹത്തിന്റെ യഥാർത്ഥ പര്യായങ്ങൾ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. അന്യമതസ്ഥരിൽ നിന്നും ചോറു വാങ്ങി കഴിച്ചാൽ കൂടോത്രം ആയിരിക്കുമെന്ന് അമ്മാവന്റെ ഉപദേശത്തിലും പുരോഗമനപരമായി ചിന്തിക്കുന്ന അമ്മയുടെ മറുപടി അങ്ങനെ കൂടോത്രവും ഓത്തും ഒന്നും ഒന്നും ഭക്ഷണത്തിന് ഇല്ല എന്നതായിരുന്നു അമ്മയുടെ പക്ഷം . ആഹാരത്തേക്കാളും വിശപ്പിനെക്കാളും വലുതല്ല മതവും ജാതിയും എന്ന് തിരിച്ചറിഞ്ഞത് സമകാലിക സമൂഹത്തിൽ ഇടം നേടുന്ന വാക്കുകൾ തന്നെയാണ് തീർച്ച.


ബാല്യത്തിന്റെ വികൃതികളിൽ ഗൃഹാതുരത്വം ഓർമിപ്പിക്കുന്ന പുസ്തകത്തിൽ ഒളിപ്പിക്കുന്ന അമ്പിളിയും ഉണ്ണിക്കണ്ണനോട് പ്രാർത്ഥിക്കാത്തത് കൊണ്ടാണ് മയിൽപീലികൾ പെറാത്തത് എന്ന അമ്പിളിയുടെ വാക്കുകളും ബാല്യത്തിന്റെ നിഷ്കളങ്കമായ സുതാര്യത ഉണർത്തുന്ന സ്നേഹത്തിന്റെ നന്മനിറഞ്ഞ മുഹൂർത്തങ്ങളാണ്. പൂജയ്ക്ക് എടുക്കാത്ത പൂക്കളിൽ എന്നെ ആകർഷിച്ചത് അമ്മ പാടുന്ന രണ്ട് വരികൾ ആയിരുന്നു "തിരമാലയിൽ നടന്നോനെ നിന്നെ തിരയുന്നു ഞങ്ങൾ ഒന്നായി" പാടവരമ്പത്തിലൂടെ ഇരുട്ടിൽ നടന്നുവരുന്ന അമ്മ ഇഴജന്തുക്കളെ ഭയന്നിരുന്നു പാടിയത് എന്നത് അമ്മയുടെയും ഉള്ളിലെ കെടാത്ത ഏറ്റവും ചെറിയ നാളങ്ങളിൽ ഒന്നാവാനേ സാധ്യതയുള്ളൂ. ക്ലാസ്സിൽ ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാതിരുന്ന ബാബുവിനെ ബെഞ്ചിന്റെ മുകളിൽ കയറ്റി നിർത്തിയപ്പോൾ മറ്റുള്ളവരെക്കാൾ മുകളിലാണ് താനെന്ന് വളരെ ശുഭചിന്ത കൊണ്ടുവരാൻ ആ ബാലന് സാധിച്ചത് സമകാലിക സമൂഹത്തിൽ ബൈക്ക് വാങ്ങി കൊടുക്കാത്തതിന് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന യുവത്വം തിരിച്ചറിയേണ്ടതാണ്.


കമ്മലിടാത്ത ദൈവവിളിയിൽ ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ പേപ്പറിൽ അവസാന ചോദ്യത്തിന് പടം വരച്ചു നൽകേണ്ട ഉത്തരത്തിനു മുന്നിൽ പെൻസിലും സ്കെയിലും കോമ്പസ്സും ഒരു ചോദ്യചിഹ്നമായി മനസ്സിൽ വന്ന ബാല്യം മാത്യൂസ് മാഷിന്റെ ചൂരൽ സ്പർശമേറ്റ് കണ്ണുനീർ പൊഴിച്ചെങ്കിലും ഇരുമലയ്ക്കപ്പുറക്കാരൻ രാജൻ തോളിൽ തട്ടി ആശ്വസിച്ചപ്പോൾ കരച്ചിലിന്റെ അഴിമുഖത്ത് നിന്നും കുട്ടി ബാബു തിരികെ വന്നു . അത്തം നാളിനെ അമ്മ വീട്ടിൽ വില്ലൻ ആയിട്ടാണ് കണ്ടിരുന്നത് കുടുംബത്തിൽ ഒരു കൊലപാതകിയുടെ പരിവേഷം കൈവന്നത് കുടുംബത്തിൽ ഉണ്ടായ അനാഥത്വം ഒരുപക്ഷേ അത്തം നാളിലെ ജനനം എന്നവർ വിശ്വസിച്ചതാകാം. കപടമായ മിഥ്യാധാരണകളും അന്ധവിശ്വാസവും പുലർത്തുന്ന ചില കുടുംബക്കാർ എങ്കിലും അന്നും ഇന്നും ഉള്ളതുകൊണ്ട് വായനക്കാരൻ എന്ന നിലയിൽ അതിശയോക്തി തെല്ലും എനിക്കില്ല.


നേന്മേനി വാക ഋതു മാറി പൂത്തപ്പോൾ എന്ന ഉപമ പോലെ തോന്നിപ്പിക്കുന്ന അധ്യായത്തിൽ നാടും വീടും വിട്ടുപോയ അപ്പനെ കുറിച്ചുള്ള പരാമർശങ്ങൾ പരമാർത്ഥങ്ങളായി തോന്നിയിട്ടുണ്ട് . എനിക്ക് കാലം മാറി പൂക്കുന്ന തൊടിയുടെ താഴെയുള്ള നെൻമേനി വാകയോട് ഒരുതരം ആരാധനയായിരുന്നു . കർക്കിടകം കഴിയുമ്പോഴേക്കും മൊട്ടിട്ട ഓണാവധിക്ക് വിടരുമായിരുന്നു ഒരു ചെമന്ന നെൻമേനി വാക. ഒരുപക്ഷേ എഴുത്തുകാരൻ അച്ഛന്റെ വരവും ആ പൂവിന്റെ വരവുപോലെ പ്രതീക്ഷിച്ചിരിക്കാം. മുന്നോട്ടുള്ള അധ്യായങ്ങളിൽ നാട്ടിൽ നിന്നും സെമിനാരിയിലേക്ക് പോയ ബാബുവിനെ ജെസ്സിയുടെ കത്തുകളിലൂടെ ലഭിച്ച അച്ഛന്റെ മടങ്ങിവരവും മടങ്ങിവരവിന് ശേഷമുള്ള കടുത്ത മദ്യപാനവും ഉറങ്ങാൻ വിടാതെ അമ്മയെ തല്ലുന്ന ക്രൂരതകളും വേട്ടയാടുന്നതും എല്ലാം ഒരു വെറുപ്പിന്റെ പരിവേഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും അവസാന അധ്യായത്തിൽ അപ്പന്റെ സ്നേഹം ഒരു ആശ്വാസമായി മാറുന്നത് ഒരു നാണയത്തിന്റെ ഇരുവശങ്ങളെപ്പോലെ കാണാനും സാധിക്കും.


അച്ഛനാവുക എന്നത് ഒരു വലിയ കാര്യമല്ല നല്ല മനുഷ്യൻ ആകുക എന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ഒരു നല്ല ക്രിസ്ത്യാനിയാകാൻ പരിശ്രമിക്കുക നല്ല മനുഷ്യൻ ക്രൈസ്തവൻ ആകുമ്പോൾ അവൻ അവരിൽ നന്മ കാണും അവൻ അപരനിൽ നന്മ കാണും. മതങ്ങൾക്ക് ഉപരിയായി മനുഷ്യനെ കാണും . അങ്ങനെയൊക്കെയായി തീർത്തശേഷമാണ് അച്ഛനാകണോ എന്ന് ചിന്തിക്കാൻ തുടങ്ങേണ്ടത് ജോസ് അച്ഛൻ പലപ്പോഴായി ബാബുവിന് നൽകിയ ദർശനങ്ങൾ അബ്രഹാമിന്റെ ബലിയിൽ മാറ്റുകൂട്ടുന്നു. ദൈവികൻ ആകുന്നതു മാത്രമല്ല ദൈവവിളി ഒരു മനുഷ്യൻ ആകുന്നതാണ് ഏറ്റവും വലിയ വിളി. ചില സമയത്ത് ഉത്തരം കിട്ടാതെ കുഴഞ്ഞിരിക്കുന്ന സന്ദർഭങ്ങളിൽ ചിലരുടെ മറുപടികൾ ആശ്വാസമാകും എങ്കിൽ അതിലാണ് ഏറ്റവും വലിയ പ്രതീക്ഷകളുടെ പ്രകാശം ഒളിഞ്ഞിരിക്കുന്നത് .നീ നന്നായി വായിക്കണം തുടർന്നും പഠിക്കണം കാണുന്ന മാനത്തിനപ്പുറം ആയിരിക്കണം നീ നിശ്ചയിക്കുന്ന പരിധി എന്നിട്ട് ആ സ്വപ്നങ്ങളെ എത്തിപ്പിടിക്കാനായി സർവ്വശക്തിയും എടുത്തു പറക്കണം എല്ലാ മാനങ്ങളുടെയും അതിർത്തി കടന്ന് പറക്കണം നീ പറന്നുയരുമ്പോഴും ഇരുട്ടിൽ പറക്കാൻ അറിയാതെ തപ്പി തടയുന്നവർക്കായി ഒരു കരുതൽ വേണം അതാണ് മനുഷ്യനാകാൻ ഉള്ള വിളി. ഇത്തരം വാക്കുകളേക്കാൾ ഊർജ്ജം മറ്റെന്തിനാണ് കിട്ടുക എന്ന് വായനക്കാരനെ മനനം ചെയ്യിപ്പിക്കും തരത്തിലാണ് ഈ വരികൾ.


മൂന്നാമത്തെ ഭാഗത്തിലേക്ക് എല്ലാ അധ്യായങ്ങളിലും അനുഭവങ്ങളുടെ കലവറകളുടെ വാതിലുകൾ തുറന്നു തന്നെ കിടക്കുന്നുണ്ട്. എങ്കിലും ഒരു കൃതജ്ഞതാ ബലിയായി ആമേൻ അതിൽ പ്രതീക്ഷയുടെ പ്രകാശത്തിന്റെ തിരകൾ ആളിക്കത്തിയിരുന്നു. ഒരുപക്ഷേ ഈ അവസാന അധ്യായത്തിലേക്ക് എന്നെ എഴുതാൻ പ്രേരിപ്പിച്ചത് എന്നിലെ വായനക്കാരനിലെ ജിഞ്യാസ്സ ആകാം .

ഇതിൽ ബാബുവിന്റെ രണ്ടാം വർഷ എം. എ മനശാസ്ത്ര പഠനം, ഷാദ്ര മാനസികാരോഗ്യ ആശുപത്രിയിലെ ഇന്റേൺഷിപ്പ് , ഫ്രാൻസിലെ ജീവിതം വരെ എത്തി നിൽക്കുമ്പോൾ ദൈവം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന പ്രകാശ വലയമാണ് വായനക്കാരനായ എന്റെ തലയ്ക്കുചുറ്റും കറങ്ങുന്നത് . നേട്ടങ്ങൾ ചെറുപുഞ്ചിരിയോടെ വായിക്കുമ്പോഴും അമ്മയുടെ ആരോഗ്യനിലയിലെ വെല്ലുവിളികൾ കണ്ണുകൾ നനയിപ്പിക്കുന്നുണ്ട്. അമ്മയ്ക്ക് ഒന്നേയുള്ളൂ മക്കൾ കരപറ്റും വരെ ഒരുപക്ഷേ പണ്ടത്തെ ചങ്ങാടം കെട്ടി കരയിലെത്തണം എന്ന നിർദ്ദേശം പോലെ ജീവിതത്തിന്റെ കരപറ്റണം എന്ന പ്രതീക്ഷ കൈവിടാതെ കണ്ണടയരുത് എന്ന പ്രാർത്ഥന മാത്രമേ അവശേഷിച്ചിരുന്നുള്ളൂ . ഡൽഹിയിലെ സമ്പന്ന പ്രദേശങ്ങളിലെ വീടുകളിൽ ട്യൂഷൻ എടുത്ത് കിട്ടുന്ന മാസ വരുമാന മുറ പോലെ അമ്മയ്ക്ക് എത്തിച്ചിരുന്ന ബാബുവിനെ മറ്റൊന്നും ചെയ്യാൻ സാഹചര്യം അനുവദിച്ചിരുന്നില്ല. ഇത്രയും പ്രതിസന്ധികൾക്ക് നടുവിലും എം .എ ഗവേഷണപ്രബന്ധം പ്രൊഫസർ ഹുസൈനിന്റെ കീഴിൽ ചെയ്യണമെന്ന് ആവശ്യം ബാബു നിരസിച്ചത് സ്വാഭാവികം. മനസ്സുകൊണ്ട് ഇക്‌ബാൽ സാറിനെ നേരത്തെ ഉറപ്പിച്ചത് കൊണ്ടാകാം ബാബു അങ്ങനെ ഒരു തീരുമാനമെടുത്തത്.

അപ്പോഴും റിസർച്ച് പ്രോജക്ടിന് ഹുസൈൻ പ്രൊഫസർ ബാബുവിന്റെ 47 മാർക്ക് വെട്ടിക്കുറച്ചത് ഒരു അധ്യാപകന് ചേർന്ന കാര്യമല്ല. വിദ്യാർത്ഥികൾ വിധേയരായില്ല എങ്കിൽ അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നതാണ് വലുത് എന്ന് ധരിക്കുന്ന സമകാലിക സമൂഹത്തിലെ അധ്യാപകർ അന്നും ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോൾ ഇത് ചില മനുഷ്യരുടെ സഹജമായ വാസനയാണ് എന്നെ എനിക്ക് പറയാനുള്ളൂ. ഇപ്പോൾ തനിക്ക് മനസ്സിലായോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ആരാണ് പ്രൊഫസർ ഹുസൈൻ അന്ന് ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ ആശിച്ച കളിപ്പാട്ടം കൈക്കലാക്കിയ ഒരു വികൃതി കുട്ടിയുടെ ഭാവം ആ മുഖത്ത് നിഴച്ചതായി ബാബുവിനു തോന്നി എങ്കിൽ അനുവാചകനായ എനിക്ക് ബാലിശമായ ഒരു അധ്യാപകൻ ആണ് ഹുസൈൻ എന്നേ പറയാനുള്ളൂ. അധ്യാപകൻ തന്നെയാണോ എന്നും ഒരു സംശയം ഹുസൈൻ സാറിനെ പറ്റി ആലോചിക്കുമ്പോൾ ഇടയ്ക്ക് തോന്നുന്നു.


ആ തോന്നലുകൾക്ക് അല്പം ശമനം ലഭിച്ചത് ഇക്‌ബാൽ സാറിന്റെ വാക്കുകളും സാമീപ്യവും ആയിരിക്കാം. "അയാൾ ഇട്ട മാർക്ക് അല്ല നിന്റെ കഴിവിനെ വിലയിരുത്തുക നീ വിജയിക്കും മുന്നോട്ടുള്ള യാത്രയിൽ ഹുസൈനെ കുറിച്ചുള്ള ഓർമ്മകൾ പോലും നീ കൂടെ കൂട്ടരുത് നീ വിജയിക്കും എനിക്ക് ഉറപ്പാണ് ഇതിനേക്കാൾ വലിയ ശമനം എന്താണ് വേറെ" .1999 ജൂലൈ മാസം പകുതിയിൽ വീണ്ടും പാരീസിലേക്ക് വിമാനം കയറി ഒരുമാസത്തെ വിസ എക്സ്റ്റൻഷന് അപേക്ഷിച്ച ബാബുവിനെ റെസിഡന്റ് കാർഡ് പതിപ്പിച്ചത് ദൈവത്തിന്റെ കൈകൾ ആണെന്ന് നിസംശയം വായനക്കാർക്ക് പറയാൻ സാധിക്കും

കോളേത്തിന്റെ വീട്ടിൽ പഠിക്കുമ്പോഴും ജെസ്സിയുടെ കത്തും അമ്മയെ വഷളാക്കുന്ന ആരോഗ്യനിലയും ബാബുവിനെ തളർത്തി തിരികെ പോകാൻ ടിക്കറ്റ് കാശുമില്ലാത്ത അവസ്ഥ പക്ഷേ അവിടെയും ദൈവത്തിന്റെ കൈകൾ കോളേത്തിന്റെ കൈകളുടെ രൂപത്തിൽ ഒരു കവർ ബാബുവിനെ നീട്ടി. കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് ആയിരുന്നു അത്." നാം ഇരുട്ടിൽ അടിയുമ്പോഴും മിന്നാമിനുങായെങ്കിലും ഒരു വെളിച്ചം എത്തുമെന്ന് ഓർമ്മപ്പെടുത്തലാണ് ആ അനുഭവം" പ്രതീക്ഷയുടെ പ്രകാശം ആളിപ്പടരുന്ന രംഗമാണ് അമ്മയെ അച്ഛൻ ഏറെ പ്രണയിച്ചിരുന്നു എന്ന് ബാബുവിനെ ബോധ്യം തന്ന നാളുകൾ. നിസ്സഹായതയും വേദനയും നാളെ കുറിച്ചുള്ള ആകുലതയും അപ്പന്റെ മുഖവും ബാബുവിനെ വിട്ടു പോകുന്നില്ല. അപ്പനുമായി കൂടുതൽ അടുത്ത നിമിഷങ്ങൾ ഇതായിരിക്കാം. മരണക്കിടയ്ക്കയിൽ വെച്ചു അമ്മ മക്കൾക്ക് നൽകുന്ന നിർദ്ദേശം അപ്പന് ഒപ്പിട്ടു കൊടുക്കേണ്ട ചെക്കുകളും അത് ഒരു വർഷത്തേക്ക് മാത്രമല്ല അപ്പൻ ജീവിച്ചിരിക്കുന്ന കാലമത്രയും ചെയ്യണം മരിക്കാൻ ഒരുങ്ങുമ്പോഴും ഭർത്താവിനോടുള്ള കരുതൽ നൽകുന്ന ഭാര്യ മാത്രമായിരുന്നില്ല ആ സ്ത്രീ യാത്ര പറയും മുമ്പ് പരിഭവങ്ങൾ ഒന്നുമില്ലാതെ സുതാര്യമായി , നിസ്വാർത്ഥമായി ഭർത്താവിനെ സ്നേഹിക്കുന്ന സ്ത്രീ കൂടിയാണ് അവിടെ തെളിഞ്ഞു വരുന്നത് .


തുടക്കത്തിലെ സൂചന പോലെ അമ്മയ്ക്ക് അപ്പൻ സുന്ദരനാണ് അമ്മയുടെ സംസ്കാരശേഷമാണ് ബാബുവും അപ്പനും കൂടുതൽ അടുത്തറിയാൻ ശ്രമിച്ചത് അതിന് കാരണവും അമ്മയുടെ മരണശേഷം വീട്ടിൽ നിന്നും മടങ്ങിപ്പോയ സഹോദരിമാരായിരിക്കാം. അമ്മയുടെ വേർപാട് താങ്ങാതെ കരച്ചിൽ അടക്കാതിരുന്ന നാളുകളിൽ ബാബുവിനു ആശ്വാസം അപ്പന്റെ സാന്നിധ്യവും കരുതലും ആയിരുന്നു . ആ നാളുകളിൽ അപ്പൻ മദ്യപിച്ചിരുന്നില്ല

അപ്പന്റെയും സഹോദരങ്ങളുടെയും നിർബന്ധപ്രകാരം അമ്മയുടെ ഓർമ്മകളും പേറി മെയ് മാസം 20ന് പാരീസിലേക്ക് വിമാനം കയറിയ ബാബുവിനെ ആകാശത്തെ നക്ഷത്രങ്ങളിൽ ഒരു പക്ഷേ അമ്മയെ സങ്കൽപ്പിച്ചിരിക്കാം. അമ്മ അറിഞ്ഞു തന്ന ആ സ്നേഹം ഇന്നും ഞങ്ങൾ നാലു മക്കളിലും പുഴയായി ഒഴുകുന്നുണ്ട് യൂറോപ്പിന്റെ പല കോണുകളിലായി കഴിയുന്ന ഞങ്ങളുടെ കൊച്ചു പിണക്കങ്ങൾ പരിഭവങ്ങൾ അമ്മ നിലാവിന്റെ കൃപയാൽ ഒരിക്കലും നീണ്ടുനിൽക്കാറില്ല അതെ അത് അങ്ങനെ തന്നെയാണ് നന്ദിക്കുന്നേൽ മേരിയുടെ മക്കൾക്ക് അതങ്ങനെയാണ്." നമ്മുടെ മരുഭൂമികളിൽ ഓരം പറ്റി മരുപ്പച്ചകളുമുണ്ട്. മണൽ കാറ്റുകൾ സൃഷ്ടിക്കുന്ന മായ ആ മരുപ്പച്ചകളെ കാണാതാക്കാം. അപ്പോൾ കണ്ണുകൾ അടച്ച് ഉള്ളിലേക്ക് നോക്കുമ്പോൾ എപ്പോഴെങ്കിലും ലഭിച്ച ഒരു സ്നേഹത്തെ നാം ഓർത്താൽ മതി മരുപ്പച്ചകൾ ലക്ഷ്യത്തിലേക്കുള്ള ആ യാത്രയ്ക്ക് ഇന്ധനമാകും. എന്റെ ഓരോ നേട്ടവും നന്ദി പറയുവാനുള്ള ഓരോ അവസരങ്ങളാണ്. അങ്ങനെയാകുമ്പോൾ അനേകം അവസരങ്ങൾ നന്ദി പറയാൻ മാത്രമായി എനിക്ക് ലഭിക്കും. കമ്പിളി കണ്ടെത്തെ വക്കുപൊട്ടിയ കൽഭരണിയിൽ ആരൊക്കെയോ കോരിനിറച്ച വെള്ളം പഴക്കമുള്ള മുന്തിയ ഇനം വീഞ്ഞായി മാറിയിരിക്കുന്നു. എന്റെ ഈ ജീവിതം എന്നും എപ്പോഴും ഒരു കൃതജ്ഞതാ ബലിയാണ് -ആമേൻ അവസാനത്തെ വരികൾ ഓർമ്മകൾ കൂടിയ വീഞ്ഞുകൾ പോലെ വീര്യം കൂടുംതോറും ഓർമ്മകളുടെ വീര്യവും കൂടും എന്ന പച്ച സത്യത്തിൽ വിശ്വസിക്കാനാണ് വായനക്കാരൻ എന്ന നിലയിൽ എന്റെ സന്തോഷം.


മുഴുവനും വായിച്ചപ്പോൾ ഈ സൃഷ്ടി വിചാരണ ചെയ്യപ്പെട്ട സൃഷ്ടിയായി ഒരു പക്ഷേ ഒരു സിനിമാ രൂപത്തിൽ ദർശിക്കാൻ ആകുമെന്ന് പ്രത്യാശയുമാണ് എളിയ അനുവാചകനായ എനിക്ക് തുറന്നെഴുതാൻ ഉള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home