ad
Deshabhimani

നോവൽ താണ്ടുന്ന ചരിത്ര പാതകൾ

ireechal kapp
avatar
ജി സാജൻ

Published on May 29, 2026, 11:46 AM | 5 min read

കേരളത്തിന്റെ ചരിത്രത്തിലെ നിർണായക ഘട്ടമാണ് സ്വാതന്ത്ര്യലബ്ധിക്ക് മുൻപും പിൻപും നടന്ന കർഷകസമരങ്ങൾ. ഈ സമരങ്ങൾ നമ്മുടെ സാഹിത്യത്തിൽ എത്ര പ്രതിഫലിച്ചിട്ടുണ്ട് എന്നൊരു അന്വേഷണം നടത്തുന്നതിനിടയിലാണ് ഷംസുദീൻ കുട്ടോത്തിന്റെ “ഇരീച്ചാൽ കാപ്പ്“ എന്ന നോവൽ വായിക്കുന്നത്.


മലയാളത്തിൽ വന്നിട്ടുള്ള അപൂർവമായ എത്‌നോഗ്രാഫിക് നോവലുകളിലൊന്നാണിത്.


എഴുത്തുകാരൻ എപ്പോഴൊക്കെ തന്റെ ഗൃഹാതുരകളിലേക്ക് മടങ്ങിയിട്ടുണ്ടോ അവിടെയൊക്കെ താൻ ചവിട്ടിയ മണ്ണും ചെളിയും കുന്നും ഇടവഴിയും കാണുന്ന ഇടങ്ങളാണ് ഇരീച്ചാൽ കാപ്പും വയലാംബ്രോൾ കുന്നും ആവളപ്പാണ്ടിയും കുളിരിടവഴിയുമൊക്കെ. കൗതുകകരമായ ഈ പേരുകൾക്ക് പിറകിൽ അപൂർവമായ ധാരാളം കഥകളും ചരിത്രവുമുണ്ട്.


ഈ നോവലിലാണ് ഞാൻ മലബാറിലെ കർഷക സമരത്തിന്റെ കഥകൾ വായിച്ചത്. അതിമനോഹരമായാണ് ഷംസുദീൻ ഈ കഥ പറയുന്നത്. ഇരീച്ചാൽ കാപ്പിനെ തൊട്ടുരുമ്മി കുണ്ടൂർമുഴി തോട്ടിലൂടെയാണ് ഗുളികപ്പുഴ പയ്യോളിയിലെത്തുന്നത് എന്നെഴുതുമ്പോൾ ഒരു ഭൂവിഭാഗം മുഴുവൻ നമ്മളെ തൊട്ടു തലോടി കടന്നുപോകും.


കമ്മ്യൂണിസ്റ്റുകാരനായിരുന്ന വളയംപറമ്പിൽ വേലായുധനായിരുന്നു ആളുകളെ തോണിയിൽ പുഴ കടത്തിയിരുന്നത്. ഇപ്പോൾ അത് ചെയ്യുന്നത് വേലായുധന്റെ മകൻ ഉക്കാരനാണ്. ഉക്കാരനിൽ കൂടിയാണ് ആ കാലഘട്ടത്തിന്റെ കഥകൾ ഗുളികപ്പുഴയുടെ തീരത്തുകൂടി പടർന്നിറങ്ങിയത്. ഉക്കാരനിലൂടെ പഴയ കാർഷിക സമരത്തിന്റെ കഥകൾ ഷംസുദീൻ പറയുന്നു. അതിൽ പ്രധാനമാണ് ആവളയിൽ നടന്ന കൈതോല സമരം.


“അന്നൊക്കെ കുറ്റ്യോട്ട്നട തോട് ഗുളികപ്പുഴയിൽ ചേരുന്ന മുക്കുമ്മലിന് മുന്നേ തോട്ടിന്റെ രണ്ട് കരേലും നെറച്ചും കൈതോലക്കാടായിരുന്നു. കാടെന്ന് പറഞ്ഞാൽ ശരിക്കും ഇരുട്ടുള്ള സ്ഥലം. അക്കാലത്ത് പുലയരുടെ വീടുകളിൽ കൈതോല ഉണക്കി പായ മെടഞ്ഞും കുട്ടയുണ്ടാക്കിയും പേരാമ്പ്ര ചന്തയിലേക്ക് നടന്നുപോയി അതൊക്കെ അവിടെ വിറ്റുതീർക്കും. തിരിച്ചുവരുമ്പോ കുടിലുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങും. തോട്ടിന്റെ രണ്ടുകരേലും നികുതി കെട്ടാതെ കിടക്കുന്ന ഭൂമിയിലെ കൈതോലയുടെ അവകാശം തൊട്ടടുത്ത കൈവശക്കാരുടേതായിട്ടാണ് കണക്കാക്കിയിരുന്നത്.


കൈതോല വെട്ടുന്നവർ പൈസയും പായയും കൈവശക്കാർക്ക് കൊടുക്കണം എന്നതായിരുന്നു അവരുണ്ടാക്കിയ നിയമം. പട്ടിണിയും ഇല്ലായ്മയും കാരണം പല കുടിലുകളിലും അടുപ്പ് പോലും പുകയാതിരുന്ന കാലമായിരുന്നു അത്. പായ മെടയുന്നവർക്ക് അവിടെനിന്നും കൈതോല സൗജന്യമായി വെട്ടാനുള്ള അവകാശം നൽകണമെന്ന അഭിപ്രായം ആദ്യം വന്നത് കർഷക തൊഴിലാളികൾക്കിടയിൽ നിന്നാണ്. കമ്മ്യൂണിസ്റ്റ് കുഞ്ഞമ്പുവായിരുന്നു അതിന് തുടക്കമിട്ടത്.”ഈ വാദം തൊഴിലാളികൾക്കിടയിൽ അതിവേഗം പ്രചരിച്ചു. സമരത്തിന്റെ വിത്ത് ആദ്യം മുളപൊട്ടിയത് പുലയപ്പെണ്ണുങ്ങൾക്കിടയിൽ നിന്നാണ്. അവർ നേരിട്ടിറങ്ങി കൈതോല വെട്ടിത്തുടങ്ങി. ഭൂവുടമകൾ ഇത് തടഞ്ഞു. സംഘർഷത്തിൽ ഒരു തൊഴിലാളി സ്ത്രീയുടെ കൈമുറിഞ്ഞു. സമരക്കാർ രോഷാകുലരായി. അവർ ഒന്നടങ്കം കൈതോല കൊയ്യാൻ തുടങ്ങി. മിനിറ്റുകൾ കൊണ്ട് കൈതോലക്കാട് അപ്രത്യക്ഷമായി. എന്തായാലും കലാപം വർദ്ധിച്ചതേയുള്ളൂ. കൊയിലാണ്ടിയിലെ താലൂക്കാപ്പീസിന് മുന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വലിയ സമരം നടന്നു. പലസ്ഥലത്തും വലിയ സംഘർഷമുണ്ടായി. മാത്രമല്ല കലക്ടറുമായി നടന്ന സംഭാഷണം പരാജയപ്പെടുകയും ചെയ്തു. നികുതിയടയ്ക്കാത്ത മിച്ചഭൂമി തൊട്ടടുത്ത കൈവശക്കാർക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു കലക്ടറുടെ നിലപാട്.


അപ്പോഴാണ് സമര നേതാക്കളിൽ ഒരാളായ സഖാവ് കുഞ്ഞമ്പു അമ്പത്തേഴിലെ സർക്കാർ ഭൂമി നിയമത്തിലെ ഭേദഗതി പുതുക്കിയ വിവരം അറിയുന്നത്. ഈ നിയമം കലക്ടറെ ബോധ്യപ്പെടുത്തുന്നതിലും സമരക്കാർ വിജയിച്ചു.


“ആവളയിൽ നടന്ന ആ സമരം കേരളത്തിലെ കർഷക ചരിത്രത്തിലെ തന്നെ വലിയ അധ്യായമാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നിലെ കൈതോല സമരം ഉക്കാരന്റെ ഓർമ്മയിലെ ചോര തിളക്കുന്ന ഓർമ്മയാണ്. കഥ കേട്ടുകൊണ്ട് തോണിയങ്ങനെ നീങ്ങുമ്പോൾ ഉക്കാരൻ പഴയ ഓർമ്മയിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കും. കേൾക്കുന്നവരിൽ ചിലരും അതേറ്റുവിളിക്കും.”


മറ്റൊരു പ്രധാന സമരം ആവളപ്പാണ്ടിയിൽ നടന്നത് കർഷക തൊഴിലാളിയുടെ കൂലിയും സമയക്രമവും സംബന്ധിച്ചായിരുന്നു. പലപ്പോഴും അതിരാവിലെ തുടങ്ങുന്ന പണി രാത്രി ഇരുട്ടുന്നതുവരെ തുടർന്നു. ഇതിന് ഒരു അറുതി വരുത്താൻ വൈകിട്ട് അഞ്ച് മണിക്ക് വിസിലടിക്കുന്ന സമ്പ്രദായം കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പാക്കി. എന്നാൽ ഇതിനെപ്പൊളിക്കാൻ പല സമയത്ത് വിസിലടിക്കാൻ ഭൂവുടമകൾ ആളുകളെ ഏർപ്പെടുത്തി. അങ്ങനെയാണ് ചുവന്ന കൊടി ഉയർത്താനും ഒപ്പം വിസിലടിക്കാനും തൊഴിലാളി സംഘടനകൾ തുടങ്ങിയത്.

അക്കലത്ത് നടന്ന പ്രധാന സമരമായിരുന്നു കൂത്താളി സമരം.


“കൂത്താളി മൂപ്പിൽ നായരുടെ അധികാര പരിധിയിലായിരുന്നു കൂത്താളി മലവാരം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഭൂപ്രദേശം. കഴിക്കാനൊന്നും കിട്ടാതെ നാട് പട്ടിണിയിലായിരുന്ന കാലമായിരുന്നു. ഭക്ഷ്യ ദൗർലഭ്യം കാരണം നാടാകെ ദുരിതത്തിലായി. ഏറെക്കാലം മൂപ്പിൽ നായരുടെ ഭൂമി പുനംകൃഷിക്ക് നൽകിയിരുന്നു. എന്നാൽ പിന്തുടർച്ചാവകാശികൾ ഇല്ല എന്ന കാരണം പറഞ്ഞ് ഭൂമിയത്രയും മദിരാശി സർക്കാർ ഏറ്റെടുത്തു. ഇതോടെ കൃഷി പൂർണമായും നിന്നു….നാട് പട്ടിണിയിലായി. ജനങ്ങൾ വിശപ്പ് കാരണം പലയിടത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു.”


അതിനിടയിൽ കർഷകർ ചേർന്ന് കൂത്താളി മലയടിവാരത്ത് കാട് ചെത്തി കൃഷിയിറക്കാൻ തീരുമാനിച്ചു. എന്നാൽ ഈ ശ്രമങ്ങളെയെല്ലാം പോലീസ് പരാജയപ്പെടുത്തി. കർഷകർ സംഘടിച്ചു. എ കെ ജി, സി എച്ച് കണാരൻ, കേരളീയൻ, എ വി കുഞ്ഞമ്പു, എം കെ കേളു തുടങ്ങിയ നേതാക്കളെല്ലാം സമരത്തിൽ പങ്കാളികളായി.


കമ്മ്യൂണിസ്റ്റുകാരെയും കർഷകരേയും വേട്ടയാടുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്ത ഒരു കാലമായിരുന്നു തുടർന്നത്.


മേപ്പയ്യൂരിലെ അബ്ദുള്ള എന്നയാളാണ് സമരഭൂമിയിലെ തേക്കുമരത്തിൽ കയറി ചെങ്കൊടി കെട്ടിയത് എന്ന് ആകാശത്തേക്ക് കണ്ണുകളുയർത്തി പറയുമ്പോൾ ഉക്കാരൻ ആ കൊടിയേ പുഴയുടെ നടുവിൽ കാണുന്നതായി തോന്നും. ഉക്കാരന്റെ കണ്ണുകളിൽ അപ്പോൾ പ്രകാശം നിറയും.


പന്ന്യാൻകൊട മലയിൽ ഒളിവിൽ കഴിഞ്ഞ് പോകുന്നതിനിടെ സമര വോളന്റിയർ ആയിരുന്ന കെ ചോയിയെ ഗുണ്ടകൾ ചങ്ങാരംപള്ളിയിൽ നിന്നും വെടിവച്ചുകൊന്നു.

അക്കാലത്ത് തോണിത്തൊമ്പിൽ ചുണ്ണാമ്പുകൊണ്ട് ‘ചത്താലും ചെത്തും കൂത്താളി’ എന്ന മുദ്രാവാക്യം എഴുതിവച്ചിരുന്നു. എന്തായാലും സമരം വിജയിച്ചു.

കൂത്താളി മലവാരം സമരത്തിലൂടെ മദിരാശി സർക്കാരിൽ നിന്ന് കർഷകർക്ക് പതിച്ചുകിട്ടി.


ഷംസുദീന്റെ നോവൽ ഒരു സാമൂഹിക രാഷ്ട്രീയ നോവലാണ് എന്ന് ഇതുകൊണ്ട് തെറ്റിദ്ധരിക്കരുത്. എന്റെ ഒരു അന്വേഷണത്തിന്റെ ഭാഗം ഇവിടെകണ്ടതിനെക്കുറിച്ച് സൂചിപ്പിച്ചു എന്നേയുള്ളു.


യാദൃച്ഛികമായാണ് ഈ നോവലിലേക്കും ചരിത്രരചനയിലേക്കും എത്തുന്നത് എന്ന് ഒരു പത്രപ്രവർത്തകൻ കൂടിയായ ഷംസുദീൻ പറയുന്നു.


" നാട്ടിൽ നിന്ന് മാറി നിന്നായിരുന്നു കോളേജ് പഠനവും ജോലിയുമൊക്കെ. നാട്ടിലേക്ക് തിരിച്ചെത്തുമ്പോഴൊക്കെ കിട്ടുന്ന വല്ലാത്ത ഒരാനന്ദമുണ്ട്. എവിടെ പോകുമ്പോഴും നാടും ഒപ്പമുണ്ട് എന്ന തോന്നൽ എപ്പഴോ ഉള്ളിൽ പെട്ടു. മാറിനിന്ന് നാടിനെ കുറിച്ച് ചിന്തിക്കുമ്പോൾ മറ്റൊരു കാഴ്ച നമുക്ക് കിട്ടും. മരിച്ചു പോയവർ, വേറിട്ട് ജീവിക്കുന്നവർ, വഴികൾ, പാടങ്ങൾ, കുന്നിൻ ചരിവുകൾ, തോട് ..... ഇങ്ങനെ പലതരത്തിൽ നാട് നമ്മെ പൊതിയുന്നതായി തോന്നിയിട്ടുണ്ട്. നാട്ടിലെ ഒരു ഇടവഴി കാണുമ്പോൾ, അതുവഴി പല കാലങ്ങളിലായി നടന്നു പോയ മനുഷ്യരെ ഓർക്കും. എത്ര മനുഷ്യരുടെ കാലടികൾ പതിഞ്ഞ വഴിയാണ് അതെന്ന് ഓർക്കുമ്പോൾ പെടുന്ന ഒരു വിസ്മയമുണ്ട്. ആ വിസ്മയമാണ് ഇരിച്ചാൽ കാപ്പ് എന്ന നോവലിലേക്ക് എത്തിച്ചത്.


“കുട്ടോത്ത് എന്നാണ് എൻ്റെ ഗ്രാമത്തിൻ്റെ പേര്. ആ പേരിനു പിന്നിലെ ചരിത്രം തേടിയിറങ്ങിയപ്പോഴാണ് മനസിലായത് , നാടിൻ്റെ പഴയ കഥകൾ അറിയുന്നവർ കുറവാണെന്ന്. ആ തിരിച്ചറിവ് വല്ലാത്ത വിഷമമുണ്ടാക്കി. ഞങ്ങളുടെ നാട്ടിലെ പ്രശസ്തനായ എഴുത്ത് കാരനാണ് ആവള ടി. കുഞ്ഞിരാമകുറുപ്പ്. കവി വി ടി കുമാരൻ മാഷുടേയും തിക്കോടിയൻ്റെയും കെ എ കൊടുങ്ങല്ലൂ രിൻ്റെയുമൊക്കെ സുഹൃത്തായിരുന്നു അദ്ദേഹം.


“ആവള ടി യുടെ മകനാണ് അന്തരിച്ച പ്രശസ്ത കഥാകൃത്ത് എം സുധാകരൻ. അടിയന്തരാവസ്ഥക്കാലത്ത് ആവള ടി എഴുതിയ റിസ്റ്റ് വാച്ച്, മനുഷ്യമൃഗം തുടങ്ങിയ കഥകളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാനാദ്യമായി കേൾക്കുന്ന എഴുത്തുകാരൻ അദ്ദേഹമാണ്. ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പ് മരിച്ചു പോയിട്ടുണ്ടെങ്കിലും നാട്ടിലെ എഴുത്തുകാരൻ്റെ പേരിൽ അഭിമാനം തോന്നി. ആവള ടിയുടെ കഥകൾ കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിൻ്റെ പേരിലുള്ള വായനശാലയുടെ പ്രവർത്തകർ 'മനുഷ്യമൃഗം' എന്ന പേരിൽ പുസ്തകമാക്കാൻതീരുമാനിച്ചു.


“നാട്ടിലെ പത്രപ്രവർത്തകനായതുകൊണ്ടാകാം എന്നെയാണ് പുസ്തകത്തിന് അനുബന്ധ കുറിപ്പെഴുതാൻ തീരുമാനിച്ചത്. എനിക്ക് കിട്ടിയ വലിയ അംഗീകാരമായിട്ടാണ് ആ അവസരത്തെ തോന്നിയത്.


“തിക്കോടിയൻ പണ്ടെഴുതിയ അവതാരികയാണ് പുതിയ പതിപ്പിനും ഉപയോഗിച്ചത്. പത്ത് പേജുള്ള കുറിപ്പാണ് കഥാസമാഹാരത്തിന് അനുബന്ധമായി ഞാനെഴുതിയത്. നാടിനെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും അന്വേഷിച്ചുള്ളയാത്രയാണ് എന്നെ നോവൽ എഴുതാനുള്ള ചിന്തയിലേക്ക് എത്തിച്ചത്.


“ഒരു റെക്കോർഡറുമായി നാട്ടിലെ പ്രായമുള്ള ഒരുപാട് മനുഷ്യരെ പോയി കണ്ട് പല സമയങ്ങളിലായി സംസാരിച്ചു. പലരുടേയും ഓർമ്മകൾ ക്രമം തെറ്റിയും മങ്ങിയും പോയിരുന്നു. പോയകാലത്തിൽ പെട്ട് ചിലർ നിശ്ബ്ദരായി. ചിലർ കണ്ണ് നിറച്ച് ഓർമകളെ തിരിച്ചു വിളിക്കാൻ ശ്രമിച്ചു.


“കുറേ കാലം മുന്നേ ഇറങ്ങേണ്ടിയിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നി. സമരങ്ങളുടേയും സഹനങ്ങടെടേയും കഥകളുടെ ചീളുകൾ അവരുടെയൊക്കെ വാക്കുകൾക്കിടയിൽ വീണു കിടന്നു. പറ്റാവുന്ന അത്രയും പെറുക്കി കൂട്ടി. ഭാവനകൂടി ചേർത്ത് എഴുത്ത് മുന്നോട്ട് പോയി. ആയാത്രയിൽ നാട്ടിലെ മരിച്ചു പോയവരെ കണ്ടു. കുട്ടിക്കാലം മുതൽ കാണുന്ന വഴികൾ കണ്ടു. ചുരുട്ടിയ മുഷ്ടികൾ കണ്ടു. നാടിനെ ഉണർത്തിയ മുദ്രാവാക്യങ്ങൾ കേട്ടു. ആരും കാണാത്ത കുളിരിടവഴിയിലൂടെ അലഞ്ഞു, അവിടെയും കണ്ടു അവഗണിക്കപ്പെട്ട മനുഷ്യരെ. അടയാളം പതിപ്പിക്കാതെ കാലം മുറിച്ച് കടന്നുപോയ മനുഷ്യരെ.


“കുട്ടോത്ത് സുയിപ്പൻതൊടിയായി. കുട്ടിക്കാലത്ത് കളിച്ചു നടന്ന എൻ്റെ വീടിനു മുന്നിലുള്ള ഇരിച്ചാൽ കാപ്പ് എന്ന പാടശേഖരത്തിലെ തളം കെട്ടിയ വെള്ളത്തിൻ്റെ തണുപ്പ് തൊട്ടു. കണ്ണടച്ച് കാപ്പിലെ ജീവജാലങ്ങളെ കണ്ടു, അറിഞ്ഞു. മിത്തുകളും ജിന്നുകളുമൊക്കെ വട്ടംചുറ്റി. മരിച്ചവരുടെ ഘോഷയാത്ര കണ്ടു. നാട്ടിലെ മരിച്ചവരെല്ലാം കാപ്പിൽ ഒത്തുകൂടുന്നതായി സങ്കൽപിച്ചു. ഒരു സ്വപ്നം പോലെ തോന്നിയ എഴുത്തു കാലം. കൂത്താളി സമരം, കൈതോല സമരം എല്ലാം ചേർന്നപ്പോൾ എഴുത്തിന് കുറച്ച് കൂടി ഗൗരവം വന്നു. നാടിനെ അടയാളപ്പെടുത്തണമെന്ന ആഗ്രഹമാണ് ഇരിച്ചാൽ കാപ്പ് എന്ന നോവലിലേക്ക് എന്നെ കൊണ്ടുപോയത് എന്ന് ഒറ്റവാക്കിൽ പറയാം"


അനുഭവങ്ങളിൽ നിന്ന് എഴുത്തിലേക്കുള്ള വഴികൾ വിവരിക്കവേ ഷംസുദീൻ വികാരഭരിതനായി. ഇരീച്ചാൽ കാപ്പ് ഒരു സ്ഥലരാശിയാണ്. പലതരം മനുഷ്യരും ജീവജാലങ്ങളും സാംസ്കാരിക രൂപങ്ങളും മിത്തുകളും സ്വപ്നങ്ങളും നിറഞ്ഞ ഒരു സ്ഥലരാശി.


അങ്ങോട്ട് പോകുന്ന അലൻ റൂമി എന്ന പത്രപ്രവർത്തകന്റെ കാഴ്ചയിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. ഇതിൽ അന്വേഷണാത്മകതയും നിഗൂഢതയുമുണ്ട്. ഇതുവരെയും രേഖപ്പെടുത്താത്ത മനുഷ്യരുടെ കഥകൾ ഇവിടെ ഷംസുദീൻ പറയുന്നു. ഭ്രമാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്റെ സവിശേഷമായ അന്തരീക്ഷ സൃഷ്ടിയും കഥാപാത്രങ്ങളും മറ്റൊരു വിശദമായ വായനയിൽ ഉൾപ്പെടുത്താം. ചരിത്രത്തിന്റെ ഈ രേഖകൾ നോവലിൽ സന്നിവേശിപ്പിച്ചതിന് നന്ദി, ഷംസുദീൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home