ad
Deshabhimani

അസമത്വം ഇല്ലാതാക്കാൻ ലോകത്തിനൊരു 'കേരളപാഠം'

Histor Of tomorrow

'ഹിസ്റ്ററി ഫോർ ടുമോറോ : ഇൻസ്പിരേഷൻ ഫ്രം ദി പാസ്റ്റ് ഫോർ ദി ഫ്യൂച്ചർ ഓഫ് ഹ്യുമാനിറ്റി' എന്ന പുസ്തകവും രചയിതാവ് റോമൻ ക്രിസ്റ്റ്നാറികും.

avatar
പി ടി രാഹേഷ്

Published on Apr 08, 2026, 09:25 AM | 6 min read

മുന്നോട്ടുള്ള വഴി കണ്ടെത്താൻ പിന്നിലേക്ക് നോക്കാൻ ലോകത്തോട് പറയുന്ന പുസ്തകമാണ് ഓസ്‌ട്രേലിയയിൽ സാമൂഹിക തത്വചിന്തകനായ റോമൻ ക്രിസ്റ്റ്നാറികിൻ്റെ 'ഹിസ്റ്ററി ഫോർ ടുമോറോ : ഇൻസ്പിരേഷൻ ഫ്രം ദി പാസ്റ്റ് ഫോർ ദി ഫ്യൂച്ചർ ഓഫ് ഹ്യുമാനിറ്റി'. കാലാവസ്ഥാ പ്രതിസന്ധി മുതൽ കൃത്രിമബുദ്ധിയുടെ അപകടസാധ്യതകൾ വരെയുള്ള അടിയന്തര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് കഴിഞ്ഞ ആയിരം വർഷത്തെ ആഗോള ചരിത്രത്തിൽ നിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുക എന്ന് പര്യവേക്ഷണം ചെയ്യുകയാണ് ഈ പുസ്തകം. സാമൂഹ്യ മാറ്റം സൃഷ്ടിക്കുന്നതിനുള്ള ആശയങ്ങളുടെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ എഴുത്തുകാരൻ ചരിത്രത്തിൽ നിന്നുള്ള ഉൾക്കാഴ്ചകൾ മാനവികതയുടെ ഭാവിയിലേക്കായി പങ്കിട്ട നിധികളായാണ് വിലയിരുത്തുന്നത്.


ലോകത്ത് നിലനിൽക്കുന്ന അസമത്വത്തെ ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ മാതൃകകൾ പരിചയപ്പെടുത്താനായി എഴുത്തുകാരൻ തെരഞ്ഞെടുക്കുന്നത് കേരളത്തെയും ഫിൻലാഡിനേയുമാണ്. സന്തോഷസൂചികയിൽ ഉയർന്നുനിൽക്കുന്ന രാജ്യമായ ഫിൻലാൻഡ് എന്ന രാജ്യത്തിനൊപ്പം കേരള മോഡലിനെയും ഈ നാട്ടുകയുടെ സാമൂഹ്യ വളർച്ചയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ലോകത്തിനു പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ.


വർത്തമാനകാലത്തിന് അമിത പ്രാധാന്യം നൽകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, ഇത് നമ്മുടെ അടുത്ത നീക്കങ്ങൾക്കുള്ള വഴികാട്ടിയായി കഴിഞ്ഞകാല അനുഭവങ്ങളെ വിലമതിക്കുന്നില്ല. പാരിസ്ഥിതിക തകർച്ച, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, കൃത്രിമബുദ്ധി (AI), ജനറ്റിക് എഞ്ചിനീയറിംഗ് എന്നിവയുടെ ഭീഷണികൾ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൂട്ടായ വെല്ലുവിളികൾ നേരിടുമ്പോൾ, തലമുറകളായി നമ്മുടെ പൂർവ്വികർ കൈമാറിയ വിവേകത്തിന്റെ വലിയ ശേഖരം പ്രയോജനപ്പെടുത്തുന്നതിൽ നാം പരാജയപ്പെടുകയാണ്. മുന്നോട്ടുള്ള വഴി കണ്ടെത്താൻ പിന്നിലേക്ക് നോക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് ചരിത്രത്തെയും വർത്തമാനത്തെയും കോർത്തിണക്കുന്ന ഈ പുസ്തകം ചെയ്യുന്നത്. ഈ പുസ്തകത്തിലെ പത്ത് അധ്യായങ്ങളും മനുഷ്യരാശി നേരിടുന്ന പത്ത് പ്രധാന ആഗോള വെല്ലുവിളികളെയാണ് കൈകാര്യം ചെയ്യുന്നത്.


സാങ്കേതിക കണ്ടുപിടുത്തങ്ങളേക്കാൾ സാമൂഹികമായ കണ്ടുപിടുത്തങ്ങൾക്കാണ് (Social Innovations) ഞാൻ പ്രാധാന്യം നൽകുന്നത് എന്നു പറയുന്ന എഴുത്തുകാരൻ മനുഷ്യർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള അസാധാരണമായ കഴിവിൻ്റെ ചരിത്രം ഓർമ്മിപ്പിക്കുന്നു. ചരിത്രത്തെ റൊമാന്റിസൈസ് ചെയ്യുന്നതിനെതിരെ (അമിതമായി പുകഴ്ത്തുന്നതിനെതിരെ) മുന്നറിയിപ്പ് നൽകുകയും, ചരിത്രം ദുരന്തങ്ങളും ചൂഷണങ്ങളും നിറഞ്ഞതാണെങ്കിലും, അനീതിക്കെതിരെ പോരാടി അതിജീവിച്ച പൂർവ്വികർ നമുക്ക് പ്രചോദനമാകുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുകയും ചെയ്യുകയാണ് ഈ പുസ്തകം.


സമത്വം എന്നത് കേവലം യാദൃശ്ചികമായി സംഭവിക്കുന്നതോ, ദാനശീലമുള്ള ഒരു ഭരണകൂടത്തിന്റെ സമ്മാനമോ അല്ലെന്നും മറിച്ച് ദീർഘകാല സാമൂഹിക പോരാട്ടങ്ങളുടെയും പ്രതിബദ്ധതയുള്ള ജനകീയ പ്രവർത്തനങ്ങളുടെയും ഫലമാണെന്ന് ലോകത്തിന് പറഞ്ഞുകൊടുക്കാൻ ഫിൻലാഡിനൊപ്പം കേരളത്തെ തിരഞ്ഞെടുക്കുന്നു എന്നതാണ് ഈ പുസ്തകത്തെ നമുക്കിടയിൽ കൂടുതൽ പ്രസക്തമാക്കുന്നത്.


അസമത്വം കൂടുതലുള്ള സമൂഹങ്ങൾ രാഷ്ട്രീയ അസ്ഥിരതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കപ്പെടുന്നുവെന്നും നമുക്ക് കാണാനാവും. ഇത്തരമൊരു ലോക സാഹചര്യത്തിലാണ് ഫിൻലാൻഡിലെയും കേരളത്തിലെയും അസമത്വം ഇല്ലാതാക്കിയതിന്റെ ചരിത്രഗാഥ ലോകത്തിന് ഒരു പുതിയ പാഠമായി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.


ലോകം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കുകയും, ഇതിനെ മറികടക്കാൻ നടത്തിയ ചരിത്രപരമായ മുന്നേറ്റങ്ങളെ കുറിച്ച് വിലയിരുത്തുകയും ചെയ്യുന്ന ഈ പുസ്തകത്തിലെ ഒരു അധ്യായത്തിൽ അസമത്വത്തെ മറികടക്കാനുള്ള മാർഗമായി 'കേരള മോഡൽ' ചർച്ച ചെയ്യപ്പെടുന്നത് അഭിമാനകരമായ സന്ദർഭമാണ്. ലോകത്ത് നിലനിൽക്കുന്ന അസമത്വത്തെ ഇല്ലാതാക്കാൻ കഴിഞ്ഞതിന്റെ മാതൃകകൾ പരിചയപ്പെടുത്താനായി എഴുത്തുകാരൻ തെരഞ്ഞെടുക്കുന്നത് കേരളത്തെയും ഫിൻലാഡിനേയുമാണ്. സന്തോഷസൂചികയിൽ ഉയർന്നുനിൽക്കുന്ന രാജ്യമായ ഫിൻലാൻഡ് എന്ന രാജ്യത്തിനൊപ്പം കേരള മോഡലിനെയും ഈ നാട്ടുകയുടെ സാമൂഹ്യ വളർച്ചയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ലോകത്തിനു പരിചയപ്പെടുത്തുകയാണ് എഴുത്തുകാരൻ. "Bridging the Inequality Gap: Struggles for Equality in Kerala and Finland" എന്ന അധ്യായത്തിലൂടെ കേരളത്തിലെയും, ഫിൻലൻഡിലെയും സമത്വത്തിനായുള്ള ചരിത്രപരമായ പോരാട്ടങ്ങൾ വിശ്വപ്രസിദ്ധമായ ഈ പുസ്തകത്തിലൂടെ നമുക്ക് വായിച്ചെടുക്കാനാവും.


history of tomorrow


അസമത്വവും, അതിന്റെ ആഘാതങ്ങളും ലോകത്തമ്പാടുമുള്ള മനുഷ്യജീവിതത്തെ ആഴത്തിൽ ബാധിക്കുന്നു. സമത്വമുള്ള രാജ്യങ്ങളിൽ സാമൂഹികമായ പുരോഗതി, മെച്ചപ്പെട്ട ആരോഗ്യം, ആയുർദൈർഘ്യം, കുറഞ്ഞ കുറ്റകൃത്യങ്ങൾ എന്നിവ കാണപ്പെടുന്നു വെന്നും. നേരെമറിച്ച്, അസമത്വം കൂടുതലുള്ള സമൂഹങ്ങൾ രാഷ്ട്രീയ അസ്ഥിരതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കപ്പെടുന്നുവെന്നും നമുക്ക് കാണാനാവും. ഇത്തരമൊരു ലോക സാഹചര്യത്തിലാണ് ഫിൻലാൻഡിലെയും കേരളത്തിലെയും അസമത്വം ഇല്ലാതാക്കിയതിന്റെ ചരിത്രഗാഥ ലോകത്തിന് ഒരു പുതിയ പാഠമായി ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്.


കേരളത്തിലെ സ്ത്രീകൾ ജാതീയതയേയും കൊളോണിയലിസത്തെയും വെല്ലുവിളിച്ചു കൊണ്ട് സാമൂഹിക പുരോഗതിയുടെ പല മാനദണ്ഡങ്ങളിലും (ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, സ്ത്രീ സാക്ഷരത) മുൻപന്തിയിലെത്തിയതിന്റെ യഥാർത്ഥ കാരണം രണ്ട് നൂറ്റാണ്ടുകളായി നടന്ന കഠിനമായ സാമൂഹിക പോരാട്ടങ്ങളാണെന്ന് ഈ ചരിത്ര പുസ്തകം വിലയിരുത്തുന്നു. കേരളത്തിലെ മാറു മറയ്ക്കൽ സമരവും (ചാന്നാർ ലഹള) വിദ്യാഭ്യാസ വിപ്ലവവുമെല്ലാം കേരളത്തിലെ സ്ത്രീകൾക്ക് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന സാമൂഹിക പദവിയും സാമ്പത്തിക സ്ഥിരതയും നൽകിയെന്ന ചരിത്ര യാഥാർഥ്യം ലോകം വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.


സ്വാതന്ത്ര്യത്തിന് മുമ്പുള്ള ദശകങ്ങളിൽ കർഷകർ സംഘടിക്കുകയും ഭൂപ്രഭുക്കൾക്കെതിരെ പോരാടുകയും ചെയ്തപ്പോൾ അക്കമ്മ ചെറിയാനെപ്പോലെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ സ്ത്രീകൾ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിന്നതിൻ്റെ പോർവീര്യവും പുസ്തകം വിശദീകരിക്കുന്നു. ആധുനികകാലത്തെ ഒരു വിപ്ലവമായാണ് കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തെ ഈ പുസ്തകം അടയാളപ്പെടുത്തുന്നത്. ഇടതുപക്ഷ ഗവൺമെന്റിന്റെ നേതൃത്വത്തിൽ 1998-ൽ ആരംഭിച്ച് ഇന്ന് 45 ലക്ഷം സ്ത്രീകൾ പങ്കാളികളായ കുടുംബശ്രീ പദ്ധതി ഇന്ന് ലോകത്തെ തന്നെ ഏറ്റവും മികച്ച ദാരിദ്ര്യ നിർമ്മാർജ്ജന-സ്ത്രീ ശാക്തീകരണ പദ്ധതികളിൽ ഒന്നാണെന്ന് പുസ്തകം ലോകത്തിന് പരിചയപ്പെടുത്തുന്നു.


കേരളത്തിലെ മാറു മറയ്ക്കൽ സമരവും (ചാന്നാർ ലഹള) വിദ്യാഭ്യാസ വിപ്ലവവുമെല്ലാം കേരളത്തിലെ സ്ത്രീകൾക്ക് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന സാമൂഹിക പദവിയും സാമ്പത്തിക സ്ഥിരതയും നൽകിയെന്ന ചരിത്ര യാഥാർഥ്യം ലോകം വായിച്ചെടുക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.


വിപ്ലവ രാഷ്ട്രീയത്തിന് പകരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏർപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1970-ൽ നടപ്പിലാക്കിയ ഇന്ത്യയിലെ ഏറ്റവും വിപ്ലവകരമായ ഭൂപരിഷ്കരണ പരിപാടി നിലനിന്നിരുന്ന നാടുവാഴിത്ത രീതികളെയും അസമത്വങ്ങളെയും ഇല്ലാതാക്കിയെന്ന ചരിത്രപാഠം പുതിയ ലോകത്തിന് ഒരു അത്ഭുതമായിരിക്കും. നവലിബറൽ ചെലവുചുരുക്കൽ നടപടികളുടെ ആഘാതങ്ങൾക്കിടയിലും രാജ്യത്തെ ഏറ്റവും വിപുലമായ ക്ഷേമ-വിദ്യാഭ്യാസ സംവിധാനങ്ങൾ നിലനിർത്താനും സാധിക്കുന്ന ഭൂപ്രദേശമായ കേരളം ലോകത്തെ ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും. കേരള രാഷ്ട്രീയത്തിന്റെ മുഖവാചകം "പുനർവിതരണം" എന്നതാണെന ബിൽ മക്കിബൻ നിരീക്ഷണം അസമത്വം ഇല്ലാതാക്കാൻ കേരളം നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചുരുക്കൊഴുത്താണ്.


history of tomorrow


കേരളത്തെപ്പോലെ തന്നെ ഫിൻലൻഡും അസമത്വത്തിനെതിരെ പോരാടി സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുത്തതിൽ സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ ചരിത്രത്തിൽ ഒരു സമാനതയുണ്ടെന്നാണ് പുസ്തകം നമുക്ക് പറഞ്ഞു തരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഫിൻലാൻഡ് യൂറോപ്പിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. കൃഷിയെയും വനത്തെയും ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു ഗ്രാമീണ ജനതയായിരുന്നു അവിടെയുണ്ടായിരുന്നത്. നോർവേയെപ്പോലെ എണ്ണ നിക്ഷേപമോ, സ്വീഡനെപ്പോലെ കോളനി ഭരണത്തിലൂടെ ലഭിച്ച സമ്പത്തോ ഫിൻലാൻഡിന് ഉണ്ടായിരുന്നില്ല.1907-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തുതന്നെ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യമായി ഫിൻലാൻഡ് മാറി. ലോകത്തിൽ തന്നെ ആദ്യമായി സ്ത്രീകൾക്ക് പാർലമെന്റിലേക്ക് മത്സരിക്കാനും വിജയിക്കാനും സാധിച്ചതും അവിടെയാണ്. തിരഞ്ഞെടുക്കപ്പെട്ട ആദ്യകാല വനിതാ എംപിമാരിൽ ഉപരിവർഗക്കാർ മാത്രമല്ല, തുന്നൽക്കാരിയും വേലക്കാരിയും ഉണ്ടായിരുന്നു. വിശ്വപ്രസിദ്ധമായ വിദ്യാഭ്യാസ മാതൃകയുള്ള ഫിൻലൻഡിൽ സ്വകാര്യ സ്കൂളുകൾ വളരെ കുറവാണ്. എല്ലാവർക്കും സൗജന്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സർക്കാർ ഉറപ്പാക്കുന്നു.


കേരളത്തെപ്പോലെ തന്നെ ഫിൻലൻഡും അസമത്വത്തിനെതിരെ പോരാടി സമത്വമുള്ള ഒരു സമൂഹം കെട്ടിപ്പടുത്തതിൽ സ്ത്രീകളുടെ മുന്നേറ്റത്തിലൂടെ ചരിത്രത്തിൽ ഒരു സമാനതയുണ്ടെന്നാണ് പുസ്തകം നമുക്ക് പറഞ്ഞു തരുന്നത്.


കേരളത്തിന്റെയും ഫിൻലൻഡിന്റെയും ചരിത്രങ്ങൾ കാണിക്കുന്നത് സാമൂഹിക മാറ്റം എന്നത് മുകളിൽ നിന്ന് ലഭിക്കുന്ന ഔദാര്യമല്ല, മറിച്ച് താഴെത്തട്ടിലുള്ള മനുഷ്യരുടെ സംഘടിതമായ പോരാട്ടത്തിന്റെ ഫലമാണ് എന്നാണ്. കൊളോണിയലിസത്തിനും ജാതി വ്യവസ്ഥയ്ക്കും ദാരിദ്ര്യത്തിനുമെതിരെ ജനങ്ങൾ ഒന്നിച്ചു നിന്നപ്പോൾ കേരളവും, ഫിൻലാഡും അസമത്വത്തിന്റെ ദുരിതക്കയങ്ങൾ ഒരുപോലെ മുറിച്ചു കടന്നു. സാമ്പത്തിക അസമത്വം ഇന്നും ലോകത്തെ വലിയൊരു വിപത്തായി തുടരുന്നു. എന്നാൽ കേരളത്തിലെയും ഫിൻലൻഡിലെയും അനുഭവങ്ങൾ നമുക്ക് പ്രത്യാശ നൽകുന്നു. രാഷ്ട്രീയ പ്രവർത്തകയായ ഏഞ്ചല ഡേവിസ് പറഞ്ഞതുപോലെ "കൂട്ടായ പ്രവർത്തനങ്ങളിലാണ് (collectivities) നാം പ്രത്യാശയുടെയും ശുഭപ്രതീക്ഷയുടെയും ഉറവിടങ്ങൾ കണ്ടെത്തുന്നത്." ലോകത്തെ അസമത്വം മറികടക്കാനുള്ള പ്രത്യാശയും ശുഭപ്രതീക്ഷയുമായാണ് ഭൂമിയിലെ ഈ രണ്ട് ഇടങ്ങളെ നമുക്കിവിടെ കാണാനാവുക.


ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന ബാല്യങ്ങൾ ഫിൻലഡിലും കേരളത്തിലുമാണെന്ന് പുസ്തകം വ്യക്തമാക്കുകയാണ്. 1949 മുതൽ ഫിൻലൻഡ് സർക്കാർ എല്ലാ ഗർഭിണികൾക്കും സൗജന്യമായി ഒരു 'ബേബി ബോക്സ്' (Baby Box) നൽകുന്നുണ്ട്. ഇതിൽ കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങൾ, പുതപ്പുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പെട്ടി തന്നെ ഒരു തൊട്ടിലായും ഉപയോഗിക്കാം. ഇത് ഫിൻലഡിൽ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ഫിൻലൻഡിലെ കുട്ടികൾക്ക് ഏഴ് വയസ്സ് വരെ ഔദ്യോഗിക സ്കൂൾ വിദ്യാഭ്യാസം തുടങ്ങേണ്ടതില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും ഒരേ നിലവാരമുള്ള സർക്കാർ സ്കൂളുകളിലാണ് പഠിക്കുന്നത്.


1948 മുതൽ സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്നുണ്ട്. കൂടാതെ, സ്കൂളുകളിലെ ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളെയും (സയൻസ് ലാബുകൾ, മ്യൂസിക് റൂമുകൾ തുടങ്ങിയവ) പുസ്തകം പ്രശംസിക്കുന്നുണ്ട്. കേരളത്തിലെ കുട്ടികളുടെ അവസ്ഥ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതാണെന്ന് പുസ്തകം നിരീക്ഷിക്കുന്നു. ആരോഗ്യ സൂചികകളായ കുറഞ്ഞ ശിശുമരണ നിരക്ക്, ഉയർന്ന ആയുർദൈർഘ്യം എന്നിവയിൽ കേരളം ലോകനിലവാരത്തിനൊപ്പമാണ്. പണ്ട് മുതലേ വാക്സിനുകൾക്കും ആശുപത്രികൾക്കും നൽകിയ പ്രാധാന്യമാണ് ഇതിന് കാരണമെന്ന് പുസ്തകം അടിവരയിടുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മുൻപന്തിയിലായിരുന്നു. മിഷണറിമാരുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ഇടപെടലുകളുമാണ് ഇതിന് സഹായിച്ചത്.


കേരളത്തിലെ കുട്ടികളുടെ വളർച്ചയിൽ ഇവിടുത്തെ സാമൂഹിക ബോധത്തിന് വലിയ പങ്കുണ്ട്. വായനശാലകളും രാഷ്ട്രീയ ബോധവും കുട്ടികളെ ചെറുപ്പം മുതലേ ചിന്തിക്കുന്നവരായി വളർത്തുന്നു എന്ന കണ്ടെത്തൽ പുസ്തകം അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയുകയാണ്. രണ്ട് നാടുകളും തമ്മിലുള്ള താരതമ്യം ചെയ്തു കൊണ്ട് ഫിൻലൻഡും, കേരളവും കുട്ടികൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ അസമത്വമില്ലാത്ത ലോകത്തിനെങ്ങനെയാണ് വഴി കാട്ടുതെന്ന് പുസ്തകം വിശദീകരിക്കുന്നു.ബേബി ബോക്സ് വഴി ഫിൻലഡ് തുടക്കം കുറിക്കുമ്പോൾ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ വഴി മികച്ച പരിചരണവും, ശ്രദ്ധയും നൽകിയും, സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിലൂടെ മികച്ച പോഷകാഹാരം ഉറപ്പാക്കിയും സുരക്ഷിതവും സുന്ദരവുമായ ബാല്യം സൃഷ്ടിക്കുന്നതിൻ്റെ പാഠങ്ങൾ ലോകത്തിന് പകർന്നു നൽകുകയാണ് പുസ്തകം.


roman krz


സമ്മർദ്ദമില്ലാത്ത പഠനവും,സാക്ഷരതയ്ക്കും പ്രാഥമിക വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യവും നൽകി ഒരു കുട്ടി ജനിക്കുന്നത് പണക്കാരന്റെ വീട്ടിലായാലും, പാവപ്പെട്ടവന്റെ വീട്ടിലായാലും അവർക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ഈ രണ്ട് ചെറിയ നാടുകളും മനുഷ്യ സമൂഹത്തിനാകെ മാതൃകയാണെന്ന് പറയുമ്പോൾ അതിലെ ഒരു നാട്ടിലെ മനുഷ്യർക്ക് ഉണ്ടാവുന്ന അഭിമാനം ചെറുതല്ല.


ഓക്സ്ഫാമി (Oxfam)ന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, 'അസമത്വം ഓരോ നാല് സെക്കൻഡിലും കുറഞ്ഞത് ഒരാളുടെയെങ്കിലും മരണത്തിന് കാരണമാകുന്നു'; പ്രധാനമായും വിശപ്പും അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ അഭാവവുമാണ് ഇതിന് കാരണം. ഈ മരണങ്ങളിൽ ഭൂരിഭാഗവും 'ഗ്ലോബൽ സൗത്ത്' (വികസ്വര രാജ്യങ്ങൾ) ലാണ് സംഭവിക്കുന്നത്. ഗ്ലോബൽ സൗത്തിലെ ഏറ്റവും സമത്വമുള്ള പ്രദേശങ്ങളിലൊന്നായി കേരളം പലപ്പോഴും ഉയർത്തിക്കാട്ടപ്പെടാറുണ്ട്. എന്നാൽ ഗ്ലോബൽ നോർത്തിലേക്ക് വരുമ്പോൾ ശ്രദ്ധ പലപ്പോഴും സ്കാൻഡിനേവിയൻ രാജ്യങ്ങളിലേക്കാണ് നീളുന്നത്. തികച്ചും വ്യത്യസ്തമെന്ന് തോന്നിക്കുന്ന കേരളത്തിന്റെയും ഫിൻലൻഡിന്റെയും അസമത്വം ഇല്ലാതാക്കിയ ചരിത്രത്തിലെ സാമ്യത വിശകലനം ചെയ്തുകൊണ്ട് സമത്വ സുന്ദരമായ ഒരു ലോകത്തിനു വേണ്ടിയുള്ള സ്വപ്ന മാതൃകകളാണ് നല്ലൊരു നാളേക്ക് വേണ്ടി പുസ്തകം ചർച്ചയ്ക്ക് വെക്കുന്നത്.


കേരളത്തിലെ കുട്ടികളുടെ വളർച്ചയിൽ ഇവിടുത്തെ സാമൂഹിക ബോധത്തിന് വലിയ പങ്കുണ്ട്. വായനശാലകളും രാഷ്ട്രീയ ബോധവും കുട്ടികളെ ചെറുപ്പം മുതലേ ചിന്തിക്കുന്നവരായി വളർത്തുന്നു എന്ന കണ്ടെത്തൽ പുസ്തകം അഭിമാനത്തോടെ ലോകത്തോട് വിളിച്ചു പറയുകയാണ്. രണ്ട് നാടുകളും തമ്മിലുള്ള താരതമ്യം ചെയ്തു കൊണ്ട് ഫിൻലൻഡും, കേരളവും കുട്ടികൾക്കായി നടത്തുന്ന നിക്ഷേപങ്ങൾ അസമത്വമില്ലാത്ത ലോകത്തിനെങ്ങനെയാണ് വഴി കാട്ടുതെന്ന് പുസ്തകം വിശദീകരിക്കുന്നു.


വിഭവങ്ങൾ കൂടുതൽ നീതിപൂർവ്വം വിതരണം ചെയ്യാൻ സർക്കാരുകളെ നിർബന്ധിക്കുന്നതിൽ സാമൂഹിക പ്രസ്ഥാനങ്ങൾക്കുള്ള പങ്കും, ജനങ്ങൾ കൊളോണിയലിസം, പുരുഷാധിപത്യം, ഭൂപ്രഭുത്വം, കുറഞ്ഞ വേതനം, ദാരിദ്ര്യം എന്നിവയ്ക്കെതിരെ ആവർത്തിച്ച് നടത്തിയ പോരാട്ടും തെളിയിക്കുന്നത്, ആളുകൾ ഒന്നിച്ചുനിന്നാൽ സമത്വം നേടിയെടുക്കാൻ സാധിക്കുമെന്നാണ്. വിഭവങ്ങളുടെ നീതിരഹിതമായ വിതരണം നടക്കുന്ന നിലവിലെ ലോകക്രമത്തെ അട്ടിമറിക്കാനും, സമത്വത്തിനായുള്ള പോരാട്ടത്തിന്റെ മുൻനിരയിലേക്ക് ആധുനിക സമൂഹത്തെ കൂട്ടിക്കൊണ്ടു വരാനും കഴിയുന്ന തീവ്രമായ പ്രതീക്ഷയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ലോകത്തിനു കേരളം വഴി കാണിക്കും എന്ന് പറയുന്ന ഈ പുസ്തകം മലയാളികൾക്ക് അഭിമാനവും, മനുഷ്യവംശത്തിനൊരു പാഠപുസ്തകവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home