ad
Deshabhimani

കാലത്തിന്റെ കയ്യൊപ്പു ചാർത്തിയ കലയും കലാപവും

kala kalam kalapam
avatar
ബി റാം

Published on Apr 25, 2026, 12:09 PM | 6 min read

സംഗീതം നാടകം നൃത്തം എന്നിവയാണ് സുകുമാരകലകളായി പരിഗണിക്കുന്നത്. കലകളെല്ലാം ആവിഷ്കരിക്കപ്പെടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതിൽ രണ്ട് അഭിപ്രായമുണ്ടോ എന്ന് സംശയമാണ്. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ചില അതിർവരമ്പുകൾ ഉണ്ടായിരുന്ന ഇരുണ്ട ഭൂതകാലങ്ങൾ അന്നും ഇന്നും സമകാലിക സമൂഹത്തിൽ കാണാൻ പലപ്പോഴും സാധിക്കാറുണ്ട്. കാലം കല കലാപം എന്ന ശ്യാം റജിയുടെ പുസ്തകത്തിന്റെ ശീർഷകത്തിൽ തന്നെ ഇതിനുള്ള ഉത്തരങ്ങളുണ്ടെന്നു പുസ്തകത്തിലെ ഉള്ളടക്കത്തിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകുന്നതാണ്.


ആവിഷ്കാര സ്വാതന്ത്ര്യവും അധികാരവും മലയാള നാടകവേദിയിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതും നാടകം എന്ന കലാരൂപത്തിന്റെ കാലികപ്രസക്തി എത്രത്തോളം ഉണ്ടായിരുന്നു എന്നും സമകാലിക സമൂഹത്തിലും പുതിയ തലമുറകളിലും നാടകത്തിന്റെ ആവശ്യകത എന്താണെന്നുള്ള അറിവും തിരിച്ചറിവും ഈ ഗ്രന്ഥത്തിൽ പ്രകടമാണ്.


ഈ പുസ്തകം വർത്തമാനകാലത്തിനോടുള്ള തുറന്ന സംവാദമാണെങ്കിലും ചരിത്രത്തിൽ ഊന്നിയ അന്വേഷണങ്ങളെ കോർത്തിണക്കിക്കൊണ്ട് ഭൂതകാല വിവരങ്ങളെ വർത്തമാനകാല പ്രസക്തിയുമായി താരതമ്യം നടത്തി ഭാവിയിലേക്ക് വേണ്ടിയുള്ള ദീർഘദർശനമാണ് എന്ന് വായനക്കാർക്ക് മനസ്സിലാകും. അവതാരികയിൽ കുറിച്ചതുപോലെ അധികാരം ആവിഷ്കാര സ്വാതന്ത്ര്യത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കാൻ ശ്രമിച്ചു എന്ന കാര്യം കാലദേശ ഭാഷാതീതമായ ഒന്നാണ്. അത് മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ സങ്കൽപ്പങ്ങളിൽ ഒന്നിനെ ഏറ്റവും ശരിയായ വിധത്തിൽ മൂർത്തമാക്കുന്നുണ്ട്.


ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ തലയ്ക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ് എക്കാലവും അധികാരം എന്ന് കാണാം. നിക്കോസ് കസൻദ്സാക്കിന്റെ നോവലിൽ നിന്നും മാർട്ടിൻ സ്കോർസെസെയുടെ ചലച്ചിത്രത്തിൽ നിന്നും അധികാരത്തിന്റെ ഇടപെടലുകളെ നാം ഖനിച്ചു തുടങ്ങിയാൽ അത് ഡോക്ടർ ഷിവാഗോയിലും റോബിൻസൺ ക്രൂസോയിലും ചെന്നെത്തി അവിടെ നിന്നും സാത്താനിക്ക് വേഴ്സസും ലജ്ജയും എല്ലാം കടന്ന് ഇങ്ങു കൊച്ചുകേരളത്തിലെ കക്കുകളിലും കിതാബിലും ഒക്കെ എത്തുന്ന കാഴ്ച കാണാം. ഇതിനിടയിൽ ഇതിന്റെ തന്നെ ഒരു പങ്കിനെ അടർത്തിയെടുത്ത് വിശകലനത്തിന്റെ സൂക്ഷ്മദർശിനിക്ക് ആത്മാർത്ഥതയാലും അഭിനിവേശത്താലും അർഥപൂർണ്ണം ആക്കുന്നത് വായിച്ചറിയാൻ ആകുമെന്ന സൂചന അക്ഷരംപ്രതി സത്യമാണെന്ന് അനുവാചകർക്ക് ഈ പുസ്തകം തുറന്നുകാട്ടുന്നു.


ആവിഷ്കാര സ്വാതന്ത്ര്യത്തിൽ തുടങ്ങി നാട്ടുഗദ്ദികയിലെ പാട്ടുകൾ വരെ എത്തിനിൽക്കുന്ന ആശയങ്ങളുടെ എഴുത്തുകാരന്റെ തുറന്നെഴുത്താണ് കാലം കല കലാപം. മനുഷ്യൻ സമൂഹത്തോട് നടത്തുന്ന സർ​ഗാത്മകമായ സംവാദമാണ് കലാവിഷ്കാരങ്ങൾ. മനുഷ്യരുടെ ഉല്പത്തി വികാസ പരിണാമങ്ങളുടെ കാലഘട്ടത്തിൽ തന്നെയാണ് കലാരൂപങ്ങളുടെ ആവിഷ്കാരവും. കലാപ്രവർത്തനങ്ങൾ കേവലം പ്രകൃതിയിൽ കാണുന്ന കാഴ്ചകളെ അനുകരിക്കുകയല്ല മറിച്ച് ഒരാളുടെ ഉള്ളിൽ നടക്കുന്ന വികാരവിചാരങ്ങൾ ഏതെങ്കിലും ഒരു മാധ്യമത്തിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് എഴുത്തുകാരൻ തുറന്നെഴുതിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്കുകൾ ഏർപ്പെടുത്തിയിരുന്ന ചരിത്രങ്ങൾ വളരെ വിഹഗ വീക്ഷണത്തിലൂടെ തുറന്നെഴുതാൻ ഗ്രന്ഥകർത്താവ് ശ്രമിച്ചിട്ടുണ്ട്. ഒരുകാലത്ത് നാടകങ്ങളുടെ അവതരണങ്ങൾക്ക് മുൻപ് നാടക കൃതികൾ പുരോഹിതന്മാരെ കാണിച്ച് ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ എന്ന നിയമം ഗ്രീക്ക് നാടക വേദിയിൽ ഉണ്ടായിരുന്നു. ഗ്രീക്ക് നാടകവേദിയെയും നാടകങ്ങളെയും നിയന്ത്രിച്ചിരുന്നത് മതപുരോഹിതന്മാരായിരുന്നു. നാടകങ്ങളെ നിയന്ത്രിച്ചിരുന്നത് മൈസീനയായിരുന്നു. നാടകങ്ങളെ സെൻസർ ചെയ്തിരുന്നതായും ചരിത്രത്തിൽ സൂചനയുണ്ട്. നാടകങ്ങൾ മാത്രമല്ല ചരിത്രങ്ങളും ഇത്തരം സെൻസറുകൾക്ക് വിധേയമായിരുന്നതായി ഈ ഗ്രന്ഥത്തിലുണ്ട്.


പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത ചരിത്രകാരൻ മൈക്കലാഞ്ചലോയുടെ ലാസ്റ്റ് ജഡ്ജ്മെന്റ് എന്ന ചിത്രത്തെ അശ്ലീലം ആരോപിച്ച് വത്തിക്കാനിലെ സിസ്റ്റായിൽ പള്ളിയിൽനിന്ന് സെൻസർ ചെയ്യപ്പെട്ടു. ഒരു കലാസൃഷ്ടി ഒരുകൂട്ടം ജനങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ അതിനെ നശിപ്പിക്കുകയോ നിരോധിക്കുകയോ അല്ല വേണ്ടത് ആ കലാസൃഷ്ടിയോട് താൽപര്യമില്ലാത്തവർ അതിനെ ബഹിഷ്കരിക്കുകയാണ് നല്ലത് എന്ന സൽമാൻ റുഷ്ദിയുടെ അഭിപ്രായം ഈ പുസ്തകത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടയാളമായി കാണാവുന്നതാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന കലാരൂപം എന്ന നിലയ്ക്ക് നാടക പ്രവർത്തനങ്ങളെ എല്ലാ കാലഘട്ടത്തിലും അധികാരികൾ നിയമങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.


ഒരു ജനതയുടെ ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ ആവശ്യകതയെ അഭിനയ കലയിലൂടെ തുറന്നുകാട്ടുന്ന കലയാണ് നാടകം. ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ പ്രാപ്തി നേടിയ കലാരൂപം ആയതിനാൽ നാടക പ്രവർത്തനങ്ങളെ എല്ലാ കാലഘട്ടത്തിലും അധികാരികൾ നിയമങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തിരുന്നു. 1876ൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമായിരുന്നു ഡ്രാമറ്റിക് പെർഫോമൻസ് ആക്ട്. ഇത് പൊതു ഇടങ്ങളിൽ നാടക അവതരണങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന നിയമമാണ്. നാടകങ്ങളിൽ പ്രതിരോധപരമായ ഒരു മുഖം അതിന്റെ ചരിത്രം ഈ ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെയുള്ള കലാപരമായ വിപ്ലവങ്ങൾ ആയിരുന്നു നീൽ ദർപ്പൻ, ഗ്വാക്ക് ബാർ ദർപ്പൻ, ചക്കർ ദർപ്പൻ, സുരേന്ദ്ര വിനോദിനി, ഗജദാനന്ദ പ്രഹസൻ തുടങ്ങിയ നാടകങ്ങൾ. ഈ നാടകങ്ങളിൽ പലരും സാധാരണ ജനങ്ങൾക്ക് കേട്ട് കേൾവി പോലും ഉണ്ടാകാൻ ഇടയില്ല എന്നാണ് ഈ പുസ്തകാസ്വാദനം നടത്തിയ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് തോന്നുന്നത്.


ഇന്ത്യയിൽ സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നൽകിക്കൊണ്ട് അവതരിപ്പിച്ച തളിക്കോട്ട യുദ്ധം, റോഷനാര എന്നീ നാടകങ്ങളെയും ടി. കെ കൃഷ്ണസ്വാമി പവലാർ അവതരിപ്പിച്ച ഇന്ദ്ര സമാജം, പതിഭക്തി, ജംബുലിംഗം, ഖൗറപെട്രി തുടങ്ങിയ നാടകങ്ങളും നിരോധിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയും അതിലെ മൗലിക സ്വാതന്ത്ര്യങ്ങളും ആവിഷ്കാര അവകാശങ്ങളും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്. ജാതിമത ഗോത്ര കുല വർഗ്ഗ ഭേദമില്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശത്തിൽ ഊന്നിയതാണെന്ന ചരിത്രബോധം ഇതിലെ വരികളിൽ പ്രകടമാണ്. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ അധികാരവും ആവിഷ്കാര സ്വാതന്ത്ര്യവും തമ്മിലുള്ള സമരം എവിടെയൊക്കെയോ കുറിക്ക് കൊള്ളുന്ന വാക്കുകൾ ആയി ഈ അധ്യായങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.


അധികാരത്തിന്റെ ശരീരശാസ്ത്രം എന്ന തലക്കെട്ടിൽ ഒരു വ്യക്തിയെയോ മറ്റേതെങ്കിലും വസ്തുവിനെയോ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരം എന്ന് ഓക്സ്ഫോർഡ് ഡിഷ്ണറിയിലെ നിർവചനത്തിൽ നിന്ന് തുടങ്ങുന്നു. മാക്സിസ്റ്റ് പ്രത്യയശാസ്ത്രം അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് വർ​ഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അധികാരം രൂപപ്പെടുന്നത് എന്നാണ്. ഇവിടെ അധികാരത്തെക്കുറിച്ചുള്ള പള്ളിയുടെയും കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നുണ്ട്. അന്റോണിയോ ഗ്രാംഷി. ലൂയി അൽത്തൂസ്സർ, ബ്രേഡ്രർ റസ്സൽ, പൗലോ ഫ്രയർ, ക്രിസ്ഹാൻ, മിഷേൽ ഫുക്കോ, എന്നിവരുടെ അധികാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും കണ്ടെത്തലുകളും വിശദീകരിക്കുന്നുണ്ട്. അച്ചടക്ക അധികാരവും, ജൈവ അധികാരവും, ജൈവ രാഷ്ട്രീയ അധികാരവും ജ്ഞാനവും അധികാരവും എല്ലാം വ്യത്യസ്തമായ കോണിലൂടെ ഗ്രന്ഥകർത്താവ് തുറന്നു കാട്ടുന്നുണ്ട്.


വസന്തത്തിന്റെ ഇടിമുഴക്കം നെഞ്ചിലേറ്റിയ അവരുടെ പ്രതിരോധ സർഗാത്മക പ്രവർത്തനങ്ങൾ എന്ന അധ്യായത്തിൽ നക്സൽ മുന്നേറ്റങ്ങളും സാംസ്കാരിക പ്രവർത്തനങ്ങളും കലാപ്രവർത്തനങ്ങളും തീവ്ര ഇടതുപക്ഷ പ്രത്യേക ശാസ്ത്രവും അടിയന്തരാവസ്ഥാ കാലത്തിലെ വെല്ലുവിളികൾ നിറഞ്ഞ സമൂഹവും ആ കാലഘട്ടത്തിലെ കവികളുടെയും കലാകാരന്മാരുടെയും സർ​ഗസൃഷ്ടികളും കവിതകളും എല്ലാം കടന്നു പോകുന്നുണ്ട്. കാലം പഴയതല്ല- വിട്ടുവീഴ്ചകൾ ഇല്ല- ചോരയ്ക്ക് ചോര- തോക്കിന് തോക്ക്- എന്ന കെ ജി ശങ്കരപ്പിള്ളയുടെ വാക്കുകളിലെ ധ്വനി മുതൽ ഈ അധ്യായത്തിന്റെ മാറ്റുകൂട്ടുന്നു. നക്സൽ പ്രസ്ഥാനങ്ങളുടെ ചരിത്രവും കേരളത്തിലെ അവയുടെ വേരും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രണ്ടായുള്ള പിളരലും എല്ലാം പ്രതിരോധ സർഗാത്മക പ്രവർത്തനങ്ങൾക്ക് നേർസാക്ഷ്യം വഹിച്ചതായി കാണാം. ജനങ്ങളോട് അടുത്ത ബന്ധമില്ലാത്ത ഒരു വിപ്ലവ സാംസ്കാരിക പ്രവർത്തകർ സേനയില്ലാത്ത ഒരു സേനാ നായകനാണ്. അയാളുടെ ആയുധശക്തിക്ക് ശത്രുവിനെ വീഴ്ത്താൻ കഴിയുകയില്ല. മാവോയുടെ വാക്കുകൾ കാലങ്ങളുടെ കയ്യൊപ്പായി തന്നെ തുടരുകയാണ് എന്ന് മനസ്സിലാക്കാം.


ഇന്ത്യൻ ഭരണഘടന റദ്ദ് ചെയ്ത അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ പത്രങ്ങളെ മാത്രമല്ല എല്ലാ കലാപ്രവർത്തനങ്ങളെയും സെൻസർഷിപ്പിന് വിധേയമാക്കി. അധികാരം കൈകാര്യം ചെയ്ത പൊലീസ് സംശയം തോന്നിയ എല്ലാവരെയും മൃഗീയമായി പീഡിപ്പിച്ചു. മറ്റൊരു വ്യക്തിയുടെ സചേതന ജീവിതത്തിന്മേൽ പരിപൂർണ്ണ മേൽക്കോയ്മയുടെ ആനന്ദം സാഡിസത്തിന്റെ അന്തസത്തയാണ് എന്ന പൗലോ ഫെയറിന്റെ വാക്കുകൾ സ്മരണീയമാണ്. ഈ അധ്യായത്തിൽ ഉടനീളം ഇരുണ്ട ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമകളുടെ അവശേഷിപ്പുകൾ ആണെന്ന് അനുവാചകനെ തോന്നും തരത്തിലാണ് ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം കടന്നുപോകുന്നത്. ആറ്റൂർ രവിവർമ്മയും, കെ എസ് സച്ചിദാനന്ദനും കെ ജി ശങ്കരപ്പിള്ളയും, ഒ വി വിജയനും, അയ്യപ്പപ്പണിക്കരും അവരവരുടെ അഭിപ്രായങ്ങളും സർഗാത്മക സൃഷ്ടികളും ഇതിൽ വന്നിട്ടുണ്ട്. ജനകീയ സാംസ്കാരിക വേദിയിലേക്ക് വരുമ്പോൾ കവിയൂർ ബാലന്റെ ഏതാനും വരികൾ ഇവിടെ പ്രകടമാണ്. എഴുപതുകളിലെ മഴയ്ക്ക് യുവ രക്തത്തിന്റെ കടും ചുമപ്പായിരുന്നു- ആദിവാസികളുടെ നിറഞ്ഞ കണ്ണുകളിലും കർഷകരുടെ തകർന്ന അസ്ഥികളിലും നിന്നാണ് അത് ഇരച്ചെത്തിയത്- എൺപതുകളിലെ മഴയ്ക്ക് സഹ്യഗിരിയുടെ കരിം പച്ച നിറമായിരുന്നു- പിന്നെ മഴകൾ ഉണ്ടായില്ല- ഞാറ്റുവേലകൾ അവശേഷിച്ച് ഇറവെള്ളം മാത്രം ഇപ്പോഴും ഇറ്റ് വീഴുന്നു....


കേരളത്തിലെ കലാസാംസ്കാരിക മേഖലയുടെ വേറിട്ട ശബ്ദമായിരുന്ന ജനകീയ സാംസ്കാരിക വേദിയുടെ ശംഖ നാദം ഈ വരികൾ നിന്ന് ഗ്രന്ഥത്തിൽ തുടക്കം കുറിക്കുന്നുണ്ട്. കവിയരങ്ങുകൾ. തെരുവ് നാടകങ്ങൾ, ഗറില്ലാ തിയേറ്റർ, തുടങ്ങിയ ആവിഷ്കാരത്തിന്റെ ചുവടുവെച്ച വേദികളിലൂടെ കടന്നു പോവുകയാണ് ഇവിടെ. നാട്ടുഗദ്ദികയും ഭരണകൂടത്തിന്റെ ആട്ട പ്രകാരവും എന്ന ഭാഗത്തിൽ വയനാട്ടിലെ ആദിവാസികളായ അടിയ, പണിയ വിഭാഗത്തിൽ പെട്ടവരെ അണിനിരത്തി കെ ജെ ബേബി രചനയും സംവിധാനവും നിർവഹിച്ച നാടകമായ നാട്ടുഗദ്ദികയുടെ സ്വാധീനം ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗ ശാന്തിക്കും, പ്രേതബാധ ഒഴിപ്പിക്കുന്നതിനു വേണ്ടി അടിയോർ നടത്തുന്ന ആഭിചാരക്രിയയാണ് ഗദ്ദിക. മുഖ്യധാരയിൽ നിന്നരികവൽക്കരിക്കപ്പെട്ട ആദിവാസി ജീവിതത്തിന്റെ നേർകാഴ്ചയായിരുന്നു നാടു ഗദ്ദിക എന്ന നാടകം. അപൂർണ്ണ എന്ന നാടകത്തിന്റെ തുടർച്ചയാണ് നാട്ടുഗദ്ദികയെന്ന് ഇവിടെ കുറിക്കുന്നു.


നാടിന്റെ മക്കളെ പണ്ട് നമുക്കൊരു കാലമുണ്ടായിരുന്നു, മാവേലിയുടെ കാലം. ആ കാലത്തിൽ നിന്നും നമ്മളെ കട്ടെടുത്തവർ അവരുടെ ദൈവങ്ങളെയും മുറിവാളുകളെയും കാട്ടി നമ്മളെ അടിമകളാക്കി. അവർക്കായി നാം എത്ര കാടുകൾ വെട്ടി തോട്ടങ്ങൾ ഉണ്ടാക്കി. വയലുകളും എത്ര കാവുകളും കോവിലുകളും ഉണ്ടാക്കി?. കെ ജെ ബേബിയുടെ പാട്ടുകളും അഭിപ്രായങ്ങളും ഇതിൽ പ്രത്യക്ഷമാണ്. കെ ജെ ബേബിയുടെ ഗുഡ സിനിമയും മാവേലി മാന്റേം, ബസ് പുർക്കാന, തുടങ്ങിയ നോവലുകളുടെ പ്രസക്തിയും ഈ പുസ്തകത്തിലുണ്ട്. നാടുഗദ്ദിക നാടകത്തിലെ എട്ട് രംഗങ്ങളും വായിച്ചപ്പോൾ നാടകം ആസ്വദിച്ച ചിത്രമായി അനുവാചകർക്ക് തോന്നാതിരിക്കില്ല. പച്ചയായ മനുഷ്യ കഥാപാത്രങ്ങളും ജീവിതങ്ങളും ഇതിലെ പല പ്രയോഗങ്ങളിലും പ്രകടമാണ്. ഒരു കാലഘട്ടത്തിലെ നാടിന്റെയും കാടിന്റെയും വശ്യതയും മനുഷ്യരുടെ ഉള്ളിലെ സുതാര്യമായ മനസ്സും നിഷ്കളങ്കതയുടെ പ്രതീകമായ ചില ഗോത്ര വിഭാഗങ്ങളും അവർ നേരിട്ട ചൂഷണങ്ങളും എല്ലാം പലതാളുകളിലായി ശ്യാമിന്റെ പഠന ഗ്രന്ഥത്തിൽ അടയാളങ്ങളായി കാണാം.


ക്രിസ്തുവിന്റെ ആറാം തിരുമുറിവും പള്ളി മണി ഒച്ചയും എന്ന ഭാഗത്തിൽ പി എം ആന്റണിയുടെ ജീവിതവും നാടക സ്വാധീനങ്ങളും കുറിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചനാ ഭാഷ ഇവിടെ പ്രകടമാണ്. കടലോര ജീവിതങ്ങൾ നയിച്ചിരുന്ന കാലത്തിൽ കടലിന്റെ മക്കളിൽ തുടങ്ങിയ ആദ്യ നാടക രചനകളിൽ നിന്ന് അതിശക്തമായ രാഷ്ട്രീയ പ്രമേയങ്ങളും ചരിത്ര സംഭവങ്ങളും സംസാരിച്ചു തുടങ്ങിയ നാടകങ്ങൾ വരെ എത്തിനിൽക്കുന്നതായി കാണാം. അറിയാത്ത ആകാശങ്ങളെക്കാൾ കലാകാരന് പ്രിയം അറിയുന്ന ഇത്തിരിവട്ടമാണ് എന്ന തത്വത്തിൽ നിന്ന് മാറി ലോകരുടെ ജീവിതങ്ങൾ കഥാപാത്രങ്ങൾ എന്നിവയെ സ്വീകരിച്ചു കൊണ്ടുള്ള രചനകളും അദ്ദേഹത്തിനുണ്ട്. വിശുദ്ധ പാപങ്ങൾ എന്ന നാടകത്തിൽ ജൂതരെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നൽകിയ ഹിറ്റ്ലറെയും ഹിറ്റ്ലറുടെ കൂട്ടക്കൊലകളെ നിശബ്ദത പാലിച്ച് അനുകൂലിച്ച പോപ്പിനെയുമാണ് കേന്ദ്രീകരിക്കുന്നത്. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിൽ ജീസസ്, യൂദാസ് കഥാപാത്രങ്ങളുടെ സംഭാഷണം വൈകാരികത നിറഞ്ഞ നിമിഷങ്ങളായി വായനക്കാരന് തോന്നും തരത്തിലാണുള്ളത്.


ഈ പുസ്തകത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള താളുകളിലൂടെ കണ്ണോടിക്കുമ്പോൾ ഒരു പഴയ കാലഘട്ടത്തിന്റെയും ജനതയുടെയും നീറുന്ന നൊമ്പരങ്ങളും അതിനെ കഥാപാത്ര രൂപത്തിൽ അവതരിപ്പിച്ച ചില മനുഷ്യരും അവരുടെ ഉള്ളിലെ കലാപകാരികളും കലാകാരന്മാരും തെളിഞ്ഞു കാണാം. ഒരു ജനതയുടെ, നാടിന്റെ നിശബ്ദമായ ജീവിതത്തിൽ നിന്ന് മൗനത്തിന്റെ കൊടുമുടിയിൽ നിന്ന് കരച്ചിലിന്റെ അഴിമുഖത്ത് നിന്നുള്ള ഉണർവായിരുന്നു ഇതിലെ പല നാടകങ്ങളും എന്ന് വായനക്കാർക്ക് മനസ്സിലാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവശ്യകത എല്ലാ കാലത്തും ആവശ്യമായ ഒന്നുതന്നെ എന്നത് നിസംശയം എഴുതാം. ഏതൊരു കാലത്തിലും കലയും കലാപവും അനിവാര്യമായി തോന്നിപ്പിക്കും തരത്തിലാണ് ശ്യാം റെജിയുടെ ഈ പുസ്തകം ശ്രമിച്ചിരിക്കുന്നത്. പച്ച ജീവിതങ്ങളുടെ നേർസാക്ഷ്യം ചിത്രീകരിക്കാൻ അദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയ അറിവുകളുടെ കലവറ തുറന്നു കാട്ടുന്നതാണ് ഈ പുസ്തകം. അധികാരം ആവിഷ്കാര സ്വാതന്ത്ര്യത്തെ ചങ്ങലയിലിട്ട് ശ്വാസം മുട്ടിച്ചാലും ആ ചങ്ങലകൾ എന്നും പൊട്ടിത്തെറിച്ചുകൊണ്ട് ചലിച്ചുകൊണ്ടുതന്നെ ഇരിക്കുമെന്ന ധ്വനി ഈ പുസ്തകത്തിൽ തെളിഞ്ഞു നിൽക്കുന്നതായി ആസ്വാദകർക്ക് ബോധ്യമാകും.കാലം മാറിയാലും കോലം മാറിയാലും കലയും കലാപവും തുടർന്നുകൊണ്ടേയിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home