അന്തർലീനത്തിലെ കവിതയുടെ ആത്മാവ്


ബി റാം
Published on May 21, 2026, 01:18 PM | 3 min read
കവിത കാലഘട്ടത്തിന്റെ ഉപ്പാണ്, പ്രത്യാശയുടെ പ്രകാശമാണ്, കാലങ്ങളുടെ ആവശ്യമാണ്, ഇതൊക്കെ എന്നോ ആരൊക്കെയോ പറഞ്ഞ വാക്കുകളാണ്. ചിലപ്പോഴെങ്കിലും അതിനെ കടമെടുക്കാതെ മുന്നോട്ടുപോകാൻ ആവില്ലല്ലോ? ഓരോ മനുഷ്യന്റെയും ചിന്തകളും ആശയങ്ങളും അനുഭവത്തിന്റെ ആകെ തുകയാണ്. അത് കവിതയായോ ചിത്രമായോ മറ്റു രചനകളായോ ഒക്കെ പുറത്തു വരാറുണ്ട്. പുസ്തകത്തെ കുഞ്ഞുണ്ണി മാഷ് വിളിച്ചിരുന്നത് പുത്തകം എന്നാണല്ലോ. പുതിയത് അകത്തുള്ളത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അതുപോലെയാണ് ഏതൊരു പുസ്തകത്തിലും നമുക്ക് പുതിയതായി എന്തെങ്കിലും അറിവുകളും കാഴ്ചപ്പാടുകളും ലഭിക്കുമെന്നതിൽ രണ്ട് അഭിപ്രായമില്ല. ലീന ടീച്ചറിന്റെ അന്തർലീനം എന്ന പുസ്തകം ഇത്തരത്തിലൊന്നാണ്.
അന്തർലീനം എന്ന ശീർഷകത്തിന്റെ അർത്ഥം ഉള്ളിൽ ഇറങ്ങി ചെന്നത് അല്ലെങ്കിൽ ലയിച്ചു ചേർന്നത് എന്നൊക്കെയാണല്ലോ. ലീന ടീച്ചറുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ലയിച്ചുചേർന്ന ചെറിയ ചെറിയ കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. കവിതയാകൽ എന്നതിൽ തുടങ്ങി അമ്മയിൽ വരെ എത്തിനിൽക്കുന്ന 180ല്‍ പരം കവിതകൾ അടങ്ങിയതാണ് ഈ സമാഹാരം. കവനം ചെയ്യുന്നവൻ കവി എന്നും മനനം ചെയ്യുന്നവൻ മനുഷ്യൻ എന്നുമുള്ള അർത്ഥത്തിലും നേർസാക്ഷ്യം വഹിച്ച കാഴ്ചകളുടെ ഭാവനയും ലയിച്ചുചേർന്ന പറഞ്ഞുതീരാത്ത ജീവിതത്തിൽ അന്തർലീനമായി കിടക്കുന്ന ജീവിതങ്ങളെ കുറിച്ചുള്ള കാഴ്ചകളാണ് ഇതിൽ നിറഞ്ഞുനിൽക്കുന്നത്. 'കരളുടഞ്ഞു കവിതയായി കനലെരിഞ്ഞു കവിതയായി കദന മുറഞ്ഞു കവിതയായി പിന്നെ ഞാൻ ഉടഞ്ഞും കവിതയായി' - കവിതയാകൽ എന്ന ആദ്യ കവിതയിൽ കവിയുടെ ഭാവനയുടെ വൈകാരികത തുടക്കത്തിൽ പ്രകടമായ കവിതയാണിത്. ഉപ്പിലിട്ട മാങ്ങ എന്ന കവിതയിൽ കെട്ടുപോകാതിരിക്കാനാണ് എന്നെ ഉപ്പിലേക്ക് എടുത്തിട്ടത്, ഉപ്പ് എന്നെ കെട്ടിപ്പിടിച്ചതിൽ പിന്നെ ഞാൻ വെറും ഉപ്പിലിട്ട മാങ്ങയായിപ്പോയി എന്ന് കവി കുറിച്ചത് ഒരുപക്ഷേ മാങ്ങയുടെ സാധ്യതകളെ ഉപ്പിൽ മാത്രം ഒതുക്കി വെച്ചതിന്റെ പരിഭവമാകാം.
ഒറ്റത്തടി വൃക്ഷം എന്ന കവിതയിൽ ഒരു ഒറ്റത്തടി വൃക്ഷത്തിന്റെ പേര് പറയൂ എല്ലാരും ഒറ്റ തടി തന്നെയല്ലേ എത്ര കൊമ്പുകൾ ഉണ്ടെങ്കിലും. ശരിക്കും കുട്ടിക്കാലം മുതൽ നമ്മൾ പാടിപ്പറഞ്ഞ ഉത്തരം പറഞ്ഞു നടന്ന മനപ്പാഠങ്ങൾ ഒരു ചോദ്യചിഹ്നമായി ചില കവിതകളിൽ എടുത്തു കാണാൻ സാധിക്കും. പശു നമുക്ക് പാൽ തരുന്നു എന്ന പഴയ പ്രസ്താവനയെ തിരുത്തിക്കൊണ്ട് പൊളിച്ചെഴുതുന്ന സമവാക്യങ്ങളുടെ വിഷമീകരണം ഇതിലെ കവിതയുടെ പൊതുസ്വഭാവമാണ്. തരുന്നതല്ലല്ലോ തട്ടിപ്പറിക്കുന്നതല്ലേ പാഠം ഒന്ന് എന്ന കവിത ഒരുപക്ഷേ ഒന്നാം ക്ലാസിലെ സ്മൃതി വെട്ടത്തിലേക്ക് വായനക്കാരെയും കൊണ്ടെത്തിക്കാം. നീയൊന്നു മനസ്സിലാക്കണം എബ്രഹാം ലിങ്കൻ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിലിരുന്ന് പഠിച്ചിട്ടാണ് അമേരിക്കൻ പ്രസിഡന്റ് ആയത് മനസ്സിലായി ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ കീഴിലിരുന്ന് പഠിക്കണമെന്നാണോ അതോ അമേരിക്കൻ പ്രസിഡന്റ് ആകണം എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല. അൺപാർലമെന്ററി എന്ന കവിതയിലെ വരികളാണിവ. ശരിക്കും ഏതൊരു വിദ്യാർത്ഥിയുടെയും മനസ്സിൽ ആവർത്തിച്ചു വന്ന ചില ചോദ്യങ്ങൾ ആകാം ഈ കവിതയിൽ തെളിയുന്നത്.
കടലാസിന്റെ മേലാകെ എന്നെ എന്തെല്ലാമോ കുത്തിവരച്ച് നാശമാക്കിയിട്ട് പറയുന്നു നീ ചീത്തയാണെന്ന് അല്ലെങ്കിലും ചീത്തയാണെന്ന് ഉറപ്പിക്കാൻ ചീത്തയാക്കിയവരോളം ഉറപ്പ് മറ്റ് ആർക്കാണ് ഉണ്ടാവുക. പേനയും കടലാസും തമ്മിലുള്ള വൈകാരിക ബന്ധവും ബന്ധങ്ങളിലെ ചില അസ്വാരസ്യങ്ങളും മനുഷ്യ ജീവിതത്തിലെ ചില കുറ്റപ്പെടുത്തലുകളും പോറലുകളും എല്ലാം ഈ വരികളിൽ ആഴങ്ങളിൽ സ്പർശിച്ചു പോകുന്നുണ്ട്. ഇതിലെ ഓരോ കവിതകളും പലവട്ടം ചിന്തിക്കാൻ സാഹചര്യം ഒരുക്കുന്നവയാണ്. ഓരോന്നിലും കവിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ കാണാവുന്നതാണ്. നാം ശ്രദ്ധിച്ചതോ അല്ലെങ്കിൽ ശ്രദ്ധിച്ചു കളഞ്ഞതും ആയ ചില സംഗതികൾ ചില കവിതകളിൽ തെളിയുന്നുണ്ട്.
ഒച്ച് എന്ന കവിതയിൽ ജനിച്ചപ്പോഴേ സ്വന്തമായി വീടുള്ളവൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല, എത്ര കൊടിയ സങ്കടത്തിലും ഒന്നിറങ്ങി പോകാനുള്ള സ്വാതന്ത്ര്യം പോലും തനിക്ക് ആ വീട് ഒരിക്കലും തന്നിരുന്നില്ലല്ലോ എന്ന് ഒച്ച് പറയുന്ന പരാതിയായി കവി കാണുന്നുണ്ട്. നമ്മുടെ നഗ്നത മറക്കുന്ന കുപ്പായത്തിന്റെ വേദനയും കവി കാണാതെയിരുന്നില്ല. ഓരോ കുപ്പായത്തിനും കുറെ മുറിവുകളുടെ കഥ പറയാൻ ഉണ്ടാകും വെട്ടാതെയും മുറിക്കാതെയും ഒരു കുപ്പായവും കുപ്പായം ആവുന്നില്ലല്ലോ. മുറിവുകൾ ഇല്ലാതെ ജീവിതം ജീവിതമാകാത്തതുപോലെ...അവസാനത്തെ കവിതയിൽ അമ്മയെന്ന ശീർഷകത്തിൽ അ യുടെയും അംന്റെയും നടുവിലുള്ള കടൽ മുഴുവൻ സ്നേഹം കൊണ്ട് നിറച്ചു വെച്ചതിനാൽ ആവണം അവളെ മാത്രം അമ്മ എന്ന് വിളിക്കുന്നത് എന്നാണ് കവിയുടെ കണ്ടെത്തലുകൾ.
വായനക്കാരൻ എന്ന നിലയിൽ ഇതിലെ മിക്ക കവിതകളും കണ്ണുണ്ടായാൽ മാത്രം പോരാ കണ്ണു തുറന്നിരുന്നാലേ കാണാൻ സാധിക്കുകയുള്ളൂ എന്നപോലെ വരികൾക്കുള്ളിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് അർത്ഥതലങ്ങളെ ആസ്വദിക്കണം എന്നാണ് മനസ്സിലായത്. കാരണം നിത്യജീവിതത്തിൽ നാം കണ്ടിരുന്ന പല കാര്യങ്ങളെയും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ കവി കുറിച്ചിരിക്കുകയാണ് അന്തർലീനം എന്ന കവിത സമാഹാരത്തിൽ. അവതാരികയിലെ വരികൾ കടമെടുത്താൽ ഈ കവിതാ സമാഹാരത്തിലെ കവിതകളെ കവിതാ വാക്യങ്ങൾ എന്നോ കവിതാ വർത്തമാനങ്ങൾ എന്നോ വിളിക്കാം. ഇത് ജീവിതത്തിന്റെ ആഖ്യാനം അല്ല, ജീവിതത്തെ കുറിച്ചുള്ള നർമ്മ ബിന്ദുക്കളും അല്ല, ഒറ്റയുത്തരം ഇല്ലാത്ത ജീവിത സംബന്ധിയായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള ചെറു മറുപടികളാണ്.











0 comments