തിരുവനന്തപുരം> കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ചാത്തന്നൂര്‍ മോഹന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2023ലെ സാഹിത്യപുരസ്‌കാരം അസീം താന്നിമൂടിന്റെ 'അന്ന് കണ്ട കിളിയുടെ മട്ട്'(ഡി സി ബുക്‌സ്)എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.
ഇരുപത്തയ്യായിരം രൂപയും ആര്‍കെ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തില്‍ ജനിച്ച അസീം താന്നിമൂട് മാതൃഭൂമി ബാലപംക്തിയിലൂടെയാണ് കാവ്യ രംഗത്തു പ്രവേശിച്ചത്.മുഖ്യധാര,സമാന്തര,ഓണ്‍ലൈന്‍ മാഗസിനുകളില്‍ കവിതകളും റിവ്യൂകളും അനുഭവക്കുറിപ്പുകളും എഴുതുന്നു.
'കാണാതായ വാക്കുകള്‍'(ഡി സി ബുക്‌സ്), 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'(ഡി സി ബുക്‌സ്),'മിണ്ടിയും മിണ്ടാതെയും'(മൈത്രി ബുക്‌സ്),അന്നു കണ്ട കിളിയുടെ മട്ട്(ഡി സി ബുക്‌സ്) എന്നീ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു.2021 വര്‍ഷത്തെ മൂലൂര്‍ സ്മാരക പുരസ്‌കാരം,അബുദാബി ശക്തി അവാര്‍ഡ്, 2022ലെ ഡോ.നെല്ലിക്കല്‍ മുരളീധരന്‍ സ്മാരക അവാര്‍ഡ്,2022 പൂര്‍ണ്ണ ആര്‍ രാമചന്ദ്രന്‍ അവാര്‍ഡ്,2022ലെ ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന സമാഹാരത്തിനും, വൈലോപ്പിള്ളി പുരസ്‌കാരം,വി ടി കുമാരന്‍ മാസ്റ്റര്‍ പുരസ്‌കാരം,വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം,തിരുനെല്ലൂര്‍ കരുണാകരന്‍ പുരസ്‌കാരം,മൂടാടി ദാമോദരന്‍ സ്മാരക പുരസ്‌കാരം,അനിയാവ സാഹിത്യ പുരസ്‌കാരം,യുവ സാഹിത്യ പുരസ്‌കാരം,കന്യാകുമാരി മലയാള സമാജം പുരസ്‌കാരം തുടങ്ങി പത്തോളം പുരസ്‌കാരങ്ങള്‍ ആദ്യ സമാഹാരമായ കാണാതായ വാക്കുകള്‍ക്കും ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam (1980-2010) ഗ്രന്ഥത്തിലും 21st Century Malayalam Poetry Supplementary Special Section-നിലും പോണ്ടിച്ചേരി സര്‍വകലാശാല, കേരള സര്‍വകലാശാല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസുകളിലും കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2021ലെ കൃത്യ ഇന്റര്‍നാഷണല്‍ പൊയട്രി ഫെസ്റ്റിവലില്‍ മലയാളകവിതയെ പ്രതിനിധീകരിച്ചു.
പ്രശസ്ത കവികളായ കെ. ജയകുമാര്‍ ഐ.എ.എസ്, റോസ് മേരി, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹമായ പുസ്തകം തെരഞ്ഞെടുത്തത്.2023 ജൂണ്‍ 15-ന് വൈകിട്ട് 4-ന് കൊല്ലം പ്രസ് ക്‌ളബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ. പ്രസന്നരാജനും സെക്രട്ടറി വിനീഷ് വി രാജും അറിയിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..