01 June Thursday

വി ഷിനിലാലിന്റെ 'അടി' ഒട്ടും ചെറുതല്ലാത്ത ഒരു കെണിയാണ്

ലക്ഷ്‌മി ദിനചന്ദ്രൻUpdated: Tuesday Apr 26, 2022

മൂന്നു ഭാഗങ്ങളിലായി ഇരുപത്തിരണ്ട് അധ്യായങ്ങളാക്കി അടുക്കിക്കൂട്ടിയിരിക്കുന്ന ഈ പുസ്‌തകത്തെ കൃത്യമായ കാലക്രമമുള്ള ഒരു നോവൽ എന്ന് വിളിക്കാൻ പ്രയാസമാണ്. കഥകളും ഉപകഥകളും അങ്ങോട്ടുമിങ്ങോട്ടും ബന്ധുക്കളായ കഥാപാത്രങ്ങളുമൊക്കെയായി ഒരു ചെറിയ നെടുമങ്ങാടൻ 'മാവാരതം' എന്ന് വിളിക്കാവുന്ന ഒരു പുസ്‌തകമാണിത്.

ആദ്യ അധ്യായമായ 'പെലപ്പൊലീസി'ൽ പറയുന്നതുപോലെ പോലീസ് എസ്ഐ ആയ ഇ ഫിലിപ്‌സിന്റെ ജീവചരിത്രമാണ് 'അടി'. ഇ എന്നാൽ എലിസൺ. ഒന്നരനൂറ്റാണ്ടുമുമ്പ് ഏതോ കാരണവർ ഒരു സുവിശേഷകന്റെ കയ്യിൽ നിന്നും പച്ചരിയും ഉപ്പും തോർത്തുമുണ്ടും വാങ്ങിയതിനാൽ കിട്ടിയ ക്രിസ്‌ത്യാനിത്തം ഒരു ക്രിസ്‌മസ് രാത്രിയിൽ പള്ളിമുറ്റത്ത് തന്നെ തിരിച്ചേല്പിച്ചിട്ട് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ അംഗമാകാൻ പോയ എലിസൺ. ഈ നോവലിന്റെ തുടർച്ചയുടെയും ഉത്പ്രേരകം എലിസനാണ്. എലിസൺ ഫിലിപ്പോസിനു പറഞ്ഞുകൊടുക്കുന്ന കഥകൾ എന്ന നൂലിലാണ് മിക്കവാറും അധ്യായങ്ങളെല്ലാം കോർത്തിരിക്കുന്നത്. "വലിയ വലിയ രാജാക്കന്മാർക്ക് മാത്രമല്ലെടാ ചെറുക്കാ, നമുക്കും ഉണ്ട് കഥകൾ," എന്നുറച്ചു പറഞ്ഞു കൊണ്ട് തന്റെ മകന് പറഞ്ഞുകൊടുക്കാൻ എലിസൺ തിരഞ്ഞെടുത്തത് അവരുടെ രണ്ടു വളവിനപ്പുറമുള്ള ഒരിടത്ത് താമസിച്ചിരുന്ന വലിയ ഒരു ചട്ടമ്പിക്കുടുംബത്തിന്റെ കഥകളായിരുന്നു.

ഷിനിലാൽ മാധ്യമം ആഴ്‌ചപ്പതിപ്പിൽ 'ചലന'ത്തെക്കുറിച്ച് മനോഹരമായ ഒരു ലേഖനം എഴുതിയിരുന്നു. ഈ പ്രപഞ്ചത്തിലോരോന്നും ഒരേ സമയം എങ്ങനെ പലവിധമായ ചലനങ്ങൾക്കു വിധേയമാകുന്നു എന്നതിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. 'അടി'യിലെ ചട്ടമ്പി പ്രപഞ്ചനിർമ്മിതിയിൽ ഇപ്പറയുന്ന ഏകകാലികമായ ചലനങ്ങളെ അദ്ദേഹം മനോഹരമായി ഉൾച്ചേർത്തിട്ടുണ്ട് എന്ന് തോന്നും. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപുള്ള കാലം മുതൽ തൊണ്ണൂറുകളുടെ ഒടുവിൽ വരെ മൂന്നോ നാലോ തലമുറക്കാലം തിരുവനന്തപുരത്തിന്റെ നഗരാതിർത്തിയ്‌ക്കു പുറത്തുള്ള പ്രദേശങ്ങളിൽ വിലസിയിരുന്ന ചട്ടമ്പിമാരുടെ പയങ്കര അടികളിലൂടെയാണ് 'അടി' എന്ന നോവൽ വികസിക്കുന്നത്.

അവരിൽ പ്രധാനികൾ പലകാലങ്ങളിലായി കുണുക്കത്തി രായമ്മയുടെ ഒപ്പം കൂടിയ പന്ത്രണ്ട് ചട്ടമ്പിമാരാണ്. അവർ തമ്മിലുള്ള പോരുകൾ, ചന്തയടികൾ, അവരുടെ മാറുന്നതും മാറാത്തതുമായ കൂറുകൾ, പെണ്ണുങ്ങൾ, ഗുരുശിഷ്യപരമ്പരകളുടെ ഇഴകൾ, ദേഹരക്ഷയ്‌‌ക്കുള്ള കുറിപ്പടികൾ - എല്ലാം ഈ നോവലിൽ പറഞ്ഞുപോകുന്നുണ്ട്. അവരുടെയൊപ്പം നാടും നാട്ടുകാരും അടിയ്‌ക്കുപയോഗിക്കുന്ന ആയുധങ്ങളും മാറുന്നുണ്ട് - കുറുവടിയും പിച്ചാത്തിയുമായി തുടങ്ങി റാഡും നൻചാക്കും വരെ എത്തിനിൽക്കുന്നുണ്ട്. ജന്മി-അടിയാൻ കുടുംബങ്ങളുടെ ഉയർച്ച താഴ്ചകളുണ്ട്. ചട്ടമ്പിമാരുടെ പ്രമാണിത്തത്തിൽ ജാതി പ്രവർത്തിക്കുന്നതിന്റെ ചരിത്രമുണ്ട്. നെഹ്‌റു മാർത്താണ്ഡത്ത് വന്ന കഥയും, എകെജി യുടെ മിച്ചഭൂമി സമരവും നെടുമങ്ങാട് ചന്തസമരവുമുണ്ട്. നിങ്ങളീ പുസ്‌തകത്തെ എങ്ങനെ വായിക്കുന്നു എന്നതിനെ ആശ്രയിച്ച്, പൊട്ടിച്ചിരിക്കുന്നതിനോ ധാർമികരോഷംകൊണ്ടു വിറയ്‌ക്കുന്നതിനോ ഇടയ്‌ക്ക് ഇതിലൊക്കെ ശ്രദ്ധ പതിയാം, പതിയാതെയിരിക്കാം.

ഭാഷയിലും പ്രയോഗങ്ങളിലും കഥകളിലും ഹാസ്യം നിറഞ്ഞു നിൽക്കുന്നു. കുറച്ചുകൂടെ ലളിതമായിപ്പറഞ്ഞാൽ, ഈ പുസ്തകം വായിക്കുമ്പോൾ ചിരിച്ച് പള്ള കൂച്ചിപ്പോകും. അതിൽ, എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്ന യാതൊരു കലർപ്പുമില്ലാത്ത തിരുവനന്തപുരം ഭാഷയ്‌ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ടിവിയും സിനിമയും വികൃതമാക്കിയ തിരോന്തരം ഭാഷയോ സിവി കൃതികളിലെ സംശുദ്ധമാക്കപ്പെട്ട തിരുവനന്തപുരം ഭാഷയോ അല്ല. ഒരു മായവുമില്ലാത്ത, മയവുമില്ലാത്ത നാടൻഭാഷയാണ് പുസ്‌തകത്തിലുടനീളം.

കഥയും ചരിത്രവുമൊക്കെ മറന്നാലും, അതിന്റെ ഏറ്റവും എളിയ പ്രവർത്തിയായി ഒരു ദേശത്തെയും അവിടത്തെ സംസാരഭാഷയെയും മനോഹരമായി, ആത്മാർഥമായി അടയാളപ്പെടുത്തുകയാണ് ഈ കുഞ്ഞുപുസ്‌ത‌കം ചെയ്യുന്നത്. കേട്ടിട്ടില്ലാത്ത വാക്കുകൾ - ഒരു പൊതുവേദിയിൽ പറയാൻ പറ്റുന്നതും പറ്റാത്തതുമായവ - ഒരുപാടുണ്ട് ഈ നൂറ്റിച്ചില്വാനം പേജുകളിൽ. കുറച്ച് കാലം മുന്നേ ഒരു സുഹൃത്തിന്റെ അച്ഛൻ അദ്ദേഹത്തിന്റെ ഒരു പരിചയക്കാരന്റെ മകനെ 'തന്തലവട്ടിപ്പയൽ' എന്ന് സംബോധന ചെയ്യുന്നത് ഞാൻ കേൾക്കാനിടയായിരുന്നു. ശബ്ദവും ഈണവും കൊണ്ട് അതിന്റെ ഒരു ഏകദേശ അർഥം പിടികിട്ടിയെങ്കിലും ആ വാക്ക് ഒരന്വേഷണമർഹിക്കുന്നു എന്ന് തോന്നി. കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് സ്വന്തം തലതന്നെ വെട്ടുന്നതിനു സമാനമായ കാര്യങ്ങൾ ചെയ്യുന്ന പയലുകളാണ് പോലും തന്തലവട്ടിപ്പയലുകൾ. ആത്മഹത്യാപരമായ നിലപാടുകൾ പുലർത്തുന്ന യുവാവെന്നൊക്കെ വേണമെങ്കിൽ പറയാം. ഷിനിലാലിന്റെ 'അടി' യുടെ അന്പത്തിനാലാം പേജിൽ 'തന്തലവട്ടി' എന്ന ഈ വാക്ക് ചുണയോടെ കയറിയിരിക്കുന്നു. അനവധി കേട്ടുമറന്നതും കേൾക്കാത്തതുമായ വാക്കുകളും ഇനിയുമുണ്ട്  - എടവാടും കരുവാടും പേശയും പൊടകൊടയും നാക്കുറിന്ചിയും അടക്കം.

ഉപയോഗിച്ചിരിക്കുന്ന വാക്കുകളിലെ 'രാഷ്ട്രീയശരികേടുകളുടെ' പേരിൽ  വിചാരണചെയ്യപ്പെടാൻ എല്ലാ സാധ്യതയുമുള്ള ഒരു പുസ്തകമാണ് 'അടി'. സ്ത്രീകൾക്ക് വായിക്കാൻ പറ്റിയ പുസ്‌തകമല്ല എന്ന അഭിപ്രായം നേരിട്ടുതന്നെ കേട്ടു. അപ്പറഞ്ഞതിനു കാരണം ഇതിലുപയോഗിച്ചിരിക്കുന്ന അശ്ലീലപദങ്ങളുടെ ബാഹുല്യമായിരിക്കണം. അതിനുള്ള മറുപടി ശ്രീ. എം കൃഷ്ണൻ നായർ മുൻപേതന്നെ പറഞ്ഞിട്ടുള്ളത് ഇവിടെ കുറിക്കുന്നു. 'അഴുക്ക്' എന്ന വാക്കിനെ അദ്ദേഹം നിർവചിച്ചത് 'ഇരിക്കേണ്ടിടതല്ലാതെ ഇരിക്കുന്നതെന്തോ അതാണ് അഴുക്ക്' എന്നായിരുന്നത്രെ. അങ്ങനെ നോക്കിയാൽ ഷിനിലാലിന്റെ എഴുത്തിൽ അഴുക്ക് ഒട്ടുംതന്നെയില്ല.

ഒരു ലേഖനമോ പാഠപുസ്‌തകമോ എഴുതുന്നയാൾ പുലർത്തണമെന്ന് നമ്മൾ നിഷ്‌കർഷിക്കുന്ന രാഷ്‌ട്രീയശരികൾ ഒരു കഥയെഴുത്തുമനുഷ്യൻ പുലർത്തണമെന്ന് ശഠിക്കുന്നത് എത്രമാത്രം പ്രായോഗികവും ആവശ്യവുമാണെന്നുള്ളത് ചിന്തിക്കേണ്ടതുണ്ട്. കഥാപാത്രങ്ങൾക്കും അവരുടെ ജീവിതപരിസരങ്ങൾക്കും ഇണങ്ങുന്ന രീതിയിലുള്ള ഭാഷ ഉപയോഗിക്കുക എന്ന ഒരു വഴി മാത്രമേ അവർക്കു മുന്നിലുള്ളു. അതാണ് സത്യം. കാരണം, മനുഷ്യർ സംസാരിക്കുന്നത് ഇങ്ങനെയൊക്കെയാണ്. സ്വന്തം നാട്ടിൽ നിന്നും മാറിത്താമസിച്ച് പത്രവും പാഠപുസ്തകവും വായിച്ച് പഠിക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന ഒരുപാട് വളവുകളും വടിവുകളും വഴക്കങ്ങളും ഭാഷയ്‌ക്കുണ്ട്. സംസാരഭാഷയിൽ, കഥാപരിസരത്തിനൊപ്പിച്ച് വിശ്വസനീയമായി എഴുതുകന്നതിന് അച്ചടിഭാഷയുടെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടാവുക അസാധ്യം. ഏതാണ്ട് എല്ലാ അശ്ലീലപദങ്ങളും ജാതീയമാണ്, സ്‌ത്രീവിരുദ്ധമാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ. ആ അക്ഷരക്കൂട്ടങ്ങളെ അശ്ലീലമാക്കുന്നത് നമ്മളിലെ ജാതീയതയും സ്‌ത്രീവിരുദ്ധതയുമാണ്. അവയ്‌ക്ക് പകരംവെയ്‌ക്കാൻ തക്ക വല്ലഭത്വമുള്ള വാക്കുകൾ കാലങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വരുമായിരിക്കും. എന്നിരുന്നാലും, എന്തെങ്കിലുമൊക്കെ വിരുദ്ധതകളെക്കുറിച്ച് സംസാരിക്കുന്നതാണല്ലോ ഫിക്ഷൻ - സംഘർഷങ്ങളിലൂടെ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് 'അടി'യുടെ സദാചാരവായനയ്‌ക്ക് വലിയ പ്രസക്തിയുണ്ടെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല.

തുടക്കത്തിൽ സൂക്ഷ്‌മമായും ഒടുക്കം തെളിച്ചും ഇതിൽ പറയുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അനേകം സാഹിത്യകൃതികൾ മലയാളത്തിലുണ്ട്. വാഴക്കുല മുതൽ മീശ വരെ. 'അടി'യെ ഇതിൽ നിന്നും വ്യത്യസ്‌തമാക്കുന്നത് യാദൃശ്ചികവായനക്കാരെപ്പോലും ഹാസ്യത്തിന്റെ മേക്കപ്പിൽ വന്നാകർഷിച്ച് പിടികൂടിക്കളയാനുള്ള കഴിവാണ്.

'കഥകളില്ലാതെ ആരിക്കും പെറ്റു പെഴയ്‌ക്കാൻ പറ്റൂല്ല'. അവസാനത്തെ അദ്ധ്യായം വായിച്ച് മടക്കുമ്പോൾ, ചിരിയുടെ ഓളങ്ങൾ നിലയ്‌ക്കുമ്പോൾ, നിങ്ങൾ പതുക്കെ ചിന്തിച്ചുതുടങ്ങും - എന്തായിരുന്നു എലീസന്റെയും ഫിലിപ്പോസിന്റെയും തമ്പിമാരുടെയും ചട്ടമ്പിമാരുടെയും ചെല്ലമ്മ-രായമ്മ-മായമ്മമാരുടെയും കഥ എന്ന്. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത്, വി ഷിനിലാലിന്റെ 'അടി' എന്ന ചെറിയ പുസ്തകം ഒട്ടും ചെറുതല്ലാത്ത ഒരു കെണിയാണ്.

ദക്ഷിണറെയിൽവേ ഉദ്യോഗസ്ഥനായ കഥാകാരൻ ഫേസ്‌ബുക് കുറിപ്പുകളായി എഴുതിത്തുടങ്ങിയ 'അടി'യുടെ നോവൽ രൂപം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്‌സാണ്. സമ്പർക്കക്രാന്തി, 124 , ഉടൽഭൗതികം, ബുദ്ധപഥം എന്നിവയാണ് മറ്റു കൃതികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top