രാജ്യത്തെ 42 ശതമാനം ട്രക്കുകളും 12 വർഷം കഴിഞ്ഞവ; ചരക്ക് ഗതാഗത മേഖലയിൽ ആശങ്കയോ?

പ്രതീകാത്മക ചിത്രം
മുംബൈ: ഇന്ത്യയിലെ ചരക്കുഗതാഗത മേഖല വരും വർഷങ്ങളിൽ കടുത്ത പ്രതിസന്ധി നേരിട്ടേക്കാമെന്ന് റിപ്പോർട്ട്. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന ട്രക്കുകളിൽ 42 ശതമാനവും 12 വർഷത്തിലധികം പഴക്കമുള്ളവയാണെന്ന് റിസർച്ച് ഏജൻസിയായ എൻവിറോ കാറ്റലിസ്റ്റ്‌സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
പകുതിയോളം വാഹനങ്ങളുടെ കാലാവധി പൂർത്തിയാകാറായ സാഹചര്യത്തിൽ, ഇത് ഭാവിയിൽ ഗതാഗത മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
2003 ന് ശേഷം രാജ്യത്ത് ഏകദേശം 45 ലക്ഷം ട്രക്കുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 19 ലക്ഷത്തോളം വാഹനങ്ങളാണ് 12 വർഷം പിന്നിട്ടത്. കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പേജ് പോളിസി ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ നിലനിൽക്കെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്രയധികം വാഹനങ്ങൾ നിരത്തിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും.
എന്നാൽ, ഈ വാഹനങ്ങൾക്ക് പകരം പുതിയവ എത്തിക്കുന്നതിൽ നിലവിലെ സാഹചര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ട്രക്ക് വിപണിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.എൻവിറോ കാറ്റലിസ്റ്റ്‌സിന്റെ കണക്കനുസരിച്ച്, 2003 ന് ശേഷം രജിസ്റ്റർ ചെയ്ത ട്രക്കുകളിൽ 85 ശതമാനവും ടാറ്റ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ് എന്നീ പ്രമുഖ കമ്പനികളുടേതാണ്.
മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാലാവധി തീരാറായ ചരക്കുവാഹനങ്ങൾ കൂടുതലായുള്ളത്. പഴയ വാഹനങ്ങൾ മാറ്റുന്നതിനൊപ്പം തന്നെ പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും വികസിച്ചു വരുന്നതിനനുസരിച്ച് പുതിയ ട്രക്കുകളുടെ ആവശ്യകതയും വർധിക്കും.
വർധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റാൻ ആവശ്യമായ ഉല്പാദനം നടത്താൻ വാഹന നിർമ്മാതാക്കൾക്ക് സാധിക്കുമോ എന്നതാണ് റിപ്പോർട്ടിലെ പ്രധാന ആശങ്ക. പുതിയ വാഹനങ്ങളുടെ ഉയർന്ന വിലയും സാമ്പത്തിക വെല്ലുവിളികളും കാരണം ഉടമകൾ വാഹനങ്ങൾ മാറ്റാൻ മടിക്കുന്നത് ചരക്കുനീക്കത്തെ സാവധാനത്തിലാക്കിയേക്കാം. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വരെ കാരണമായേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.










0 comments