രാജ്യത്തേറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്കൂട്ടർ; ഇവിയിൽ റെക്കോർഡിട്ട് ചേതക്

രാജ്യത്തേറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഇലക്ട്രിക്ക് സ്കൂട്ടർ എന്ന സ്ഥാനം ബജാജ് ചേതകിന് സ്വന്തം. 2020 ൽ പുറത്തിറങ്ങിയ ചേതക് ഇവി പഴയ ചേതക്കിന്റെ വിന്റേജ് ലുക്കിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ ലൂക്കിന്റെ കാര്യത്തിൽ മാത്രമല്ല വർക്കിന്റെ കാര്യത്തിലും ചേതക് കഴിവ് തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് വിറ്റഴിഞ്ഞ ചേതക് ഇവി 5.10 ലക്ഷം യൂണിറ്റാണ്. കഴിഞ്ഞ പത്ത് മാസങ്ങൾ കൊണ്ടാണ് ഇതിൽ 40% വില്പനയും നടന്നിരിക്കുന്നത്.
3001, 3501, 3502, 3503 എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് ബജാജ് ചേതക് ഇ വി പുറത്തിറക്കിയിരിക്കുന്നത്. രണ്ട് വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളും നൽകുന്നുണ്ട്. 3.5kWh ബാറ്ററി പാക്കിൽ ലഭിക്കുന്ന ചേതക്കിന്റെ എക്സ് ഷോറൂം വില 99,900 രൂപയാണ്. ഒരേ സമയത്ത് മറ്റനവധി ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണിയിൽ വന്നെങ്കിലും ചേതക് ചുരുങ്ങിയ സമയം കൊണ്ടാണ് ജനപ്രിയമായത്.രാജ്യത്തുടനീളമുള്ള 3,800-ലധികം ടച്ച്‌പോയിന്റുകളുടെ വിപുലമായ സർവീസ് ശൃംഖല വിൽപ്പനയും സർവീസും കാര്യക്ഷമമായി നടത്താൻ സഹായിച്ചതോടെ ചേതക്കിന്റെ ജനപ്രീതിയേറി.










0 comments