ad
Deshabhimani

പുതിയ ആംപിയർ മാഗ്നസ് നിയോ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

Ampere Magnus Neo
വെബ് ഡെസ്ക്

Published on Apr 29, 2026, 07:10 PM | 2 min read

മുംബൈ : രാജ്യത്തെ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് കൂടുതൽ കരുത്തുമായി ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആംപിയർ മാഗ്നസ് നിയോ. ആധുനിക ഫീച്ചറുകളും മികച്ച യാത്രയും വാഗ്ദാനം ചെയ്യുന്ന പുത്തൻ ഇലക്ട്രിക് സ്കൂട്ടറിന് 86,999 രൂപയാണ് എക്സ് - ഷോറൂം വില. പഴയ പതിപ്പിനേക്കാൾ 2,099 രൂപ വില വർധിപ്പിച്ചിട്ടുണ്ട്. ഒപ്പം പ്രായോഗികമായ നിരവധി മാറ്റങ്ങളോടെയാണ് പുതിയ മാഗ്നസ് നിയോ നിരത്തിലിറങ്ങുന്നത്.


ദൈനംദിന യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന 3.5 ഇഞ്ച് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഇതിന്റെ പ്രധാന സവിശേഷത. വേഗത, ബാറ്ററി നില തുടങ്ങിയ വിവരങ്ങൾ ഇതിൽ വ്യക്തമായി കാണാം. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലാമ്പ്, ഇൻഡിക്കേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള ഫുൾ എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും സ്കൂട്ടറിനുണ്ട്. യാത്രക്കിടെ ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി പോർട്ടും സീറ്റിനടിയിൽ 22 ലിറ്റർ സ്റ്റോറേജ് സ്പേസും കമ്പനി ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്ര ചെയ്യുമ്പോഴുള്ള ക്ഷീണം കുറക്കുന്നതിനായി സീറ്റ് ഡിസൈനിലും പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


പുതിയ 10 ഇഞ്ച് പിൻ ചക്രങ്ങളാണ് ഈ മോഡലിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം. ഇതിലൂടെ സീറ്റിന്റെ ഉയരം 777 മില്ലീമീറ്ററായി കുറക്കാൻ കഴിഞ്ഞു. ഉയരം കുറഞ്ഞ റൈഡർമാർക്കും ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ വാഹനത്തിന്റെ ഭാരം 5 കിലോ കുറച്ച് 103 കിലോഗ്രാമാക്കിയത് ഇടുങ്ങിയ റോഡുകളിലും ട്രാഫിക്കിലും സ്കൂട്ടർ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കും. 2.3 kWh LFP ബാറ്ററിയാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 118 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കോ മോഡിൽ ഏകദേശം 85 മുതൽ 90 കിലോമീറ്റർ വരെ യഥാർഥ റേഞ്ച് ലഭിക്കും.


മണിക്കൂറിൽ 65 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത. ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം അഞ്ച് മണിക്കൂർ സമയം ആവശ്യമാണ്. മെക്കാനിക്കൽ സജ്ജീകരണങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും സസ്പെൻഷൻ കൈകാര്യം ചെയ്യുമ്പോൾ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് പുതിയ ആംപിയർ മാഗ്നസ് നിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home