ad
Deshabhimani

ഇവരും ഭൂമിയുടെ അവകാശികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2017, 04:29 PM | 0 min read

ആഗോളതലത്തില്‍ സസ്യജന്തുജാലങ്ങളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഖണ്ഡങ്ങളിലെ ജീവികളുടെ എണ്ണം സംബന്ധിച്ച ആഗോളസൂചികകള്‍പ്രകാരം 1970നും 2012നുമിടയില്‍ പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിലും ആഹാരശൃംഖല ഉള്‍പ്പെടെയുള്ള പാരിസ്ഥിതികബന്ധങ്ങളിലും ഓരോ ചെറുജീവിയും അതിന്റേതായ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ട് നിരവധി സസ്യജന്തു ജാലങ്ങള്‍ വംശനാശഭീഷണി നേരിടുകയാണ്. ചില ജീവിവര്‍ഗങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍നിന്ന് തുടച്ചുനീക്കപ്പെട്ടു. ഇതിന് കാരണമാകുന്ന ഘടകങ്ങളെ കഴിയാവുന്നിടത്തോളം നിയന്ത്രിച്ചുനിര്‍ത്താന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഈ സന്ദേശം പ്രചരിപ്പിക്കുകയാണ് വന്യജീവി വാരാചരണത്തിന്റെ മുഖ്യലക്ഷ്യം.

കാലാവസ്ഥവ്യതിയാനവും പരിസരമലിനീകരണവും അമിതമായ പ്രകൃതിചൂഷണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമെല്ലാം ജീവിവര്‍ഗങ്ങളുടെ അതിജീവനപ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു. നാം വലിച്ചെറിയുന്ന പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടിലും വനമേഖലകളിലുമെല്ലാം കുമിഞ്ഞുകൂടുന്നുണ്ട്. അവയുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങളും ഭക്ഷണത്തില്‍ കലര്‍ന്ന് അസുഖം പിടിപെട്ട് ചത്തുപോകുന്ന വന്യമൃഗങ്ങളുടെ എണ്ണവും ഏറിവരുന്നു. പ്ളാസ്റ്റിക്കുകള്‍ വനമേഖലകളില്‍ എത്താതിരിക്കാന്‍ കേരള വനംവകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ, കേവലം നിയമങ്ങളുടെ നിര്‍ബന്ധം കൊണ്ടുമാത്രം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിലുപരി, ജനങ്ങളുടെ ബോധമണ്ഡലത്തിലാണ് മാറ്റമുണ്ടാകേണ്ടത്. കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമായി നമ്മുടെ നീര്‍ച്ചോലകളും വറ്റിവരണ്ടപ്പോള്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി. വെള്ളവും തീറ്റയും തേടിയാണ് വന്യമൃഗങ്ങള്‍ പലപ്പോഴും നാട്ടിലിറങ്ങുന്നത്. നമ്മുടെ ജൈവവൈവിധ്യം അനുദിനം ശോഷിച്ചുവരുന്നു എന്നത് ജീവമണ്ഡലത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാണെന്നതിന്റെ സൂചനയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചു.

വന്യമൃഗസംരക്ഷണത്തില്‍ മറ്റു പലമേഖലകളിലുമെന്നപോലെ രാജ്യത്തിനുതന്നെ മാതൃകയായ നിലപാടുകളുമായാണ് കേരള വനംവകുപ്പ് മുന്നോട്ടുപോകുന്നത്. അഞ്ച് ദേശീയോദ്യാനങ്ങളും 17 വന്യമൃഗസങ്കേതങ്ങളും ഇന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി കമ്യൂണിറ്റി റിസര്‍വുമടക്കം 3214 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിന്റെ സംരക്ഷിത വനമേഖലകള്‍.  ഇവിടങ്ങളിലെ ജീവികളുടെ സംരക്ഷണത്തിനും അവയുടെ ശാസ്ത്രീയമായ കണക്കെടുപ്പിനുമായി വനംവകുപ്പ് കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പെരിയാര്‍ കടുവാസങ്കേതം ഇന്ത്യയിലെതന്നെ മറ്റു കടുവാസങ്കേതങ്ങള്‍ക്ക് മാതൃകയാകത്തക്കവിധത്തില്‍ മാറ്റിയെടുക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

ചരിത്രത്തിനുതന്നെ ഏറ്റവും കടുത്ത വേനല്‍ക്കാലമാണ് കഴിഞ്ഞതവണ കടന്നുപോയത്. വേനല്‍ച്ചൂട് നമ്മുടെ വനമേഖലകളെയും പിടിമുറുക്കിയപ്പോള്‍ കാടിനകത്തെ ജലാശയങ്ങളും വറ്റിവരണ്ടു. ഈ സാഹചര്യത്തില്‍, വനത്തില്‍ പ്രത്യേകം സംവിധാനം ഒരുക്കിയാണ് ടാങ്കറുകളില്‍ വെള്ളം കൊണ്ടുപോയി മൃഗങ്ങള്‍ക്ക് നല്‍കിയത്. അയല്‍പ്രദേശമായ ബന്ദിപുര്‍ വനമേഖലയില്‍ കാട്ടുതീ പടര്‍ന്ന് സംരക്ഷിതവനം ഏറെക്കുറെ കത്തിനശിച്ചു. എന്നാല്‍, കേരള വനമേഖലയില്‍ കാട്ടുതീ ഫലപ്രദമായി തടയാന്‍ കഴിഞ്ഞു. വന്യമൃഗങ്ങളോട് മനുഷ്യര്‍ കാണിക്കുന്ന ക്രൂരതകള്‍ തടയുന്നതിനും അത്തരം കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനും വനംവകുപ്പ് ശ്രദ്ധിക്കാറുണ്ട്. വന്യജീവികളടക്കം എല്ലാ ജന്തുജാലങ്ങളും മനുഷ്യരെപ്പോലെ ഈ ഭൂമിയുടെ അവകാശികളാണെന്നും പ്രകൃതിവിഭവങ്ങള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്നുമുള്ള ബോധത്തിലേക്ക് മനുഷ്യരായ നാം ഉണര്‍ന്നേ പറ്റൂ. അല്ലാത്തപക്ഷം പ്രകൃതിദുരന്തങ്ങളുടെ ഊഷരതയില്‍ ഭൂമണ്ഡലത്തിലെ ജീവബിന്ദുക്കള്‍ തകര്‍ന്നടിയുകയാകും ഫലം *



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home