ad
Deshabhimani

തീവ്രഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2017, 04:05 PM | 0 min read

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വന്‍ജയം ലഭിച്ചതോടെ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് കൂടുതല്‍ ആലോചന വേണ്ടെന്ന് വാദം ഉയര്‍ന്നിരിക്കുന്നു. 2019ലും മോഡി തന്നെ ജയിക്കുമെന്ന് അമേരിക്കന്‍ വിദഗ്ധര്‍ പ്രവചിച്ചതായി വാര്‍ത്തകള്‍ വരുന്നു. ഹിന്ദിമേഖലയുടെ ഹൃദയം മോഡി കവര്‍ന്നുവെന്നും പടയോട്ടം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സര്‍വസൈന്യാധിപനായ അമിത് ഷാ തയ്യാറെടുക്കുന്നുവെന്നും പ്രചാരണം നടക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനുള്ള മോഡിയുടെയും അമിത്ഷായുടെയും കഴിവുകളാണ് വര്‍ണിക്കപ്പെടുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ജയങ്ങളെക്കുറിച്ചും ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നതിനെക്കുറിച്ചും മാത്രമാണ് മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചകളും ആഘോഷങ്ങളും.

ഏതാണ്ട് മൂന്നുവര്‍ഷമായ മോഡിഭരണത്തിന് അനുകൂലമായ വിധിയെഴുത്തായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് ഫലത്തെ വ്യാഖ്യാനിക്കാനാണ് ശ്രമം. യഥാര്‍ഥത്തില്‍ മോഡിഭരണം ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഗുണപരമായ എന്തുമാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്? ബിജെപി ദീര്‍ഘകാലമായി ഭരിക്കുന്ന ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും സാധാരണക്കാരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടതാണ്? സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിയുടെ സൂചികകള്‍പ്രകാരം ഈ സംസ്ഥാനങ്ങള്‍ തീര്‍ത്തും പിന്നിലാണ്. ദളിതരോടും ന്യൂനപക്ഷങ്ങളോടും തികച്ചും അസഹിഷ്ണുത പുലര്‍ത്തുന്ന ഭരണവര്‍ഗമാണ് ഈ സംസ്ഥാനങ്ങളില്‍ അധികാരം കൈയാളുന്നത്. എന്നാല്‍, ബിജെപിയുടെ വിജയത്തിന്റെ പേരില്‍ ഈ സംസ്ഥാനങ്ങളില്‍ മാതൃകാഭരണമാണെന്ന പ്രതീതി വരുന്നു.

മോഡിസര്‍ക്കാര്‍ വന്നശേഷം ഇന്ത്യയുടെ മൊത്തം അനുഭവം നോക്കിയാലും ഇതാണ് സ്ഥിതി. ബേട്ടി ബച്ചാവോ, സ്വച്ഛ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതല്ലാതെ ജനങ്ങള്‍ക്ക് പ്രയോജനം ഒന്നുമുണ്ടായില്ല. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. ഉത്തര്‍പ്രദേശില്‍ യുവജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചതായും അത് തൊഴിലില്ലായ്മയ്ക്കെതിരായ വികാരപ്രകടനമാണെന്നും ബിജെപി തന്നെ അവകാശപ്പെടുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്ക് ഉത്തരവാദി സംസ്ഥാനസര്‍ക്കാര്‍ മാത്രമാണെന്ന് കരുതുന്നത് തീരെ യുക്തിയില്ലാത്ത കാര്യമാണ്. അതേസമയം, തൊഴിലില്ലായ്മയുടെ യഥാര്‍ഥകാരണം മറച്ചുപിടിക്കാനും തൊഴിലില്ലായ്മ പെരുകാന്‍ കാരണം ചില സമുദായങ്ങള്‍ക്ക് അനര്‍ഹമായ അവസരങ്ങള്‍ കിട്ടുന്നതാണെന്ന് പ്രചരിപ്പിക്കാനും സംഘപരിവാറിനും ബിജെപിക്കും കഴിഞ്ഞു. ഇതിന്റെ പേരില്‍ സാമുദായികസ്പര്‍ധ സൃഷ്ടിച്ചു. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഹരിയാനയിലും ജാതികലാപത്തിനു വഴിയൊരുക്കിയതും തൊഴിലില്ലായ്മയാണ്. സംവരണം ഇല്ലാത്തതുകൊണ്ടാണ് ജോലി ലഭിക്കാത്തതെന്ന് സമുദായനേതാക്കള്‍ പ്രചരിപ്പിച്ചു. പട്ടേലുമാര്‍ ഗുജറാത്തിലും ജാട്ടുകള്‍ ഹരിയാനയിലും കലാപം നടത്തി. ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മ എന്ന സാമൂഹ്യപ്രശ്നത്തെ ബിജെപി സമര്‍ഥമായി ചൂഷണം ചെയ്തു. സമാജ്വാദി പാര്‍ടിയുടെ ഭരണത്തില്‍ യാദവര്‍ക്കും മുസ്ളിങ്ങള്‍ക്കും മാത്രമാണ് തൊഴിലും സാമൂഹികനീതിയും ലഭിക്കുന്നതെന്ന പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ ഇതര സമുദായങ്ങളെ ഒറ്റ കുടക്കീഴിലാക്കി. ഇതരകക്ഷികള്‍ക്ക് രാഷ്ട്രീയമായി ഈ പ്രചാരണത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല.

തെരഞ്ഞെടുപ്പ് ജയം മോഡിസര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തുന്നത് അപകടകരമാണ്. മോഡിസര്‍ക്കാരിന്റെ തൊഴില്‍നിയമപരിഷ്കാരങ്ങളെ ബിഎംഎസ് ഉള്‍പ്പെടെ എതിര്‍ക്കുന്നു. എഫ്ഡിഐ എല്ലാ മേഖലയിലും അനുവദിക്കുന്നതിനെ ആര്‍എസ്എസ് സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് വിമര്‍ശിക്കുന്നു. കര്‍ഷകര്‍ക്ക് ദ്രോഹകരമായ ഭൂമിഏറ്റെടുക്കല്‍ നിയമ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. രാഷ്ട്രീയഭേദമില്ലാതെ സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങി. ഡല്‍ഹി, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടാന്‍ പ്രധാന കാരണം ഭൂമിഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലാണ്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്‍വാങ്ങി. നോട്ടുനിരോധനത്തിനുള്ള അംഗീകാരമായി തെരഞ്ഞെടുപ്പു ഫലത്തെ കാണാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. അങ്ങനെയാണെങ്കില്‍ പഞ്ചാബിലും ഗോവയിലും മണിപ്പുരിലും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഉജ്വല വിജയം ലഭിക്കേണ്ടതല്ലേ? പഞ്ചാബില്‍ ഭരണത്തിലായിരുന്ന ബിജെപി സഖ്യം മൂന്നാംസ്ഥാനത്തായി. ഗോവയില്‍ സത്യത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. മുഖ്യമന്ത്രിയും ഒട്ടേറെ മന്ത്രിമാരും പരാജയപ്പെട്ടു.  മണിപ്പുരിലും ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ല. ജനാധിപത്യത്തെ കശാപ്പുചെയ്ത് രണ്ടിടത്തും ബിജെപി അധികാരം നേടുകയായിരുന്നു. അധികാരത്തോടുള്ള ബിജെപിയുടെ ആര്‍ത്തിക്ക് തെളിവാണ് ഗോവ, മണിപ്പുര്‍ സംഭവവികാസങ്ങള്‍. നേരത്തെ ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും ബിജെപി നടത്തിയതും ഇത്തരം നീക്കങ്ങളാണ്. ഇവിടെയെല്ലാം കോണ്‍ഗ്രസിന്റെ അപചയമാണ് ബിജെപിക്ക് വളമായത്.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും രാഷ്ട്രീയമായ മത്സരം ബിജെപിക്ക് നേരിടേണ്ടി വന്നില്ല. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തളികയില്‍വച്ച് വിജയം ബിജെപിക്ക് സമ്മാനിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലും സാഹചര്യം വ്യത്യസ്തമായിരുന്നില്ല. വിശ്വാസ്യത നഷ്ടപ്പെട്ട നിലയിലാണ് എസ്പി-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജാതികളുടെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യാമെന്ന് കരുതിയ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും ബിഎസ്പിക്കും ജാതികളുടെ വിശാലസഖ്യം രൂപീകരിച്ച് ബിജെപി തിരിച്ചടി നല്‍കി. തീവ്രഹിന്ദുത്വ പ്രചാരണം ഇതിന് അകമ്പടിയായി. ജാതിരാഷ്ട്രീയത്തിന് സംഘപരിവാര്‍ അജന്‍ഡയെ ചെറുക്കാന്‍ കഴിയില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനെതിരെ തീവ്രഹിന്ദുത്വം ഉപയോഗിച്ചാണ് ബിജെപി അധികാരം പിടിച്ചത്. ജാതിരാഷ്ട്രീയകക്ഷികള്‍ക്കെതിരെ തീവ്രഹിന്ദുത്വവും ജാതികളുടെ സഖ്യവും കൂട്ടിയോജിപ്പിച്ച് വിജയം നേടുന്നു. അങ്ങേയറ്റം അപകടകരമായ ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്.

എതിരാളികളെ പരിഹസിച്ചും മുന്‍സര്‍ക്കാരുകളെ വിമര്‍ശിച്ചും വോട്ട് നേടുന്ന മോഡിക്ക് ഇപ്പോള്‍ അധികാരങ്ങള്‍ നല്‍കുന്ന ഉത്തരവാദിത്തം വര്‍ധിക്കുകയാണ്. ഇത്രയും നാള്‍ കോണ്‍ഗ്രസിന്റെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ഒന്നും ചെയ്യാന്‍ കഴിയാത്തതിനു കാരണം സംസ്ഥാനത്ത് അധികാരമില്ലാത്തതാണെന്ന്  പറഞ്ഞുവന്നു. ഇപ്പോള്‍ ഉത്തര്‍പ്രദേശിലും ബിജെപിക്ക് അധികാരം ലഭിച്ചു. ജനങ്ങള്‍ കുറെയൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് വോട്ട് ലഭിച്ചത്. ഇങ്ങനെ വോട്ട് നല്‍കിയവര്‍ 2019ല്‍ തൃപ്തരായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. 2004ല്‍ ബിജെപി തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍, ലഖ്നൌ സാരിദുരന്തം എല്ലാം തകര്‍ത്തു. 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം ബിജെപിക്ക് തിരിച്ചടിയായി. ജീവിതത്തില്‍ എന്നപോലെ രാഷ്ട്രീയത്തിലും ആകസ്മിക സംഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home