ad
Deshabhimani

ഇരുള്‍ വീഴുംമുമ്പേ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2017, 05:19 PM | 0 min read

സാംസ്കാരിക- സാമൂഹിക- സാമ്പത്തികരംഗങ്ങളില്‍ മഹത്തായ പാരമ്പര്യമുള്ള ഇന്ത്യാമഹാരാജ്യം നേരിടാന്‍പോകുന്ന വിപത്തിനെക്കുറിച്ചുള്ള മുന്നറിയിപ്പല്ല ഈ കുറിപ്പ്. മറിച്ച് കൊച്ചുകേരളത്തില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കൂരിരുട്ട് പടരാന്‍ അധികം താമസമില്ല എന്ന മുന്നറിയിപ്പാണ്. കേരളം വറ്റിവരളുന്നു എന്നത് മുഴുവന്‍ കേരളീയര്‍ക്കും ബോധ്യപ്പെട്ടു. ഇടവപ്പാതി പാതിവഴിയില്‍ കേരളത്തെ ഉപേക്ഷിച്ചു. തുലാവര്‍ഷവും. ഇപ്പോഴിതാ വേനല്‍മഴയിലും 99 ശതമാനം കുറവ് രേഖപ്പെടുത്തി. വെള്ളത്തിനുവേണ്ടി കേരളം തമിഴ്നാടിനോട് സമരത്തിനിറങ്ങിയിരിക്കുന്നു!!

മുപ്പതിലധികംവരുന്ന കേരളത്തിലെ ചെറുകിട- വന്‍കിട ജലവൈദ്യുതി നിലയങ്ങള്‍ ജലത്തിനുവേണ്ടി വേഴാമ്പലിനെ പോലെ കേഴുകയാണ്. ഇതെല്ലാം  അറിയുന്ന സാക്ഷരകേരളം ഇനിയും ഉണര്‍ന്നുവോ? ഇല്ല എന്നാണ് ഉത്തരം. അതറിയണമെങ്കില്‍, വൈദ്യുതിയുടെ ഉപയോഗത്തില്‍ കേരളം ഇന്ന് ദീക്ഷിക്കുന്ന ധാരാളിത്തം നേരില്‍ കാണണമെങ്കില്‍ രാത്രിയില്‍ കേരളത്തിന്റെ തെരുവുവീഥിയിലൂടെ സഞ്ചരിച്ചാല്‍മതി. എങ്ങും ആര്‍ഭാടപൂരിതമായ ദീപാലങ്കാരങ്ങളുടെ നിറക്കാഴ്ചകള്‍ മാത്രം. മകരംമുതല്‍ ആരാധനാലയങ്ങളെ മുന്‍നിര്‍ത്തി ഉത്സവങ്ങളുടെ വേലിയേറ്റമാണ് കേരളത്തില്‍. ഉത്സവങ്ങളോട് അനുബന്ധിച്ച് ആരാധനാലയങ്ങളില്‍ മാത്രമല്ല, അതില്‍ പങ്കെടുക്കുന്ന ഒരോ കേരളീയഭവനവും അലങ്കാരദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണപ്പൊലിമയില്‍ മുങ്ങിക്കുളിക്കുകയാണ്. ഓരോ കുടുംബങ്ങളിലും നടക്കുന്ന ചെറിയ ചെറിയ ആഘോഷങ്ങളെപ്പോലും വിജയിപ്പിക്കേണ്ട ഉത്തരവാദി ദീപാലങ്കാരങ്ങള്‍തന്നെ. സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍- സര്‍ക്കാരിതര ഓഫീസുകളില്‍ ആളില്ലാക്കസേരകളാണെങ്കിലും ഓരോ കസേരയ്ക്കും മുകളിലും ഓരോ ഫാനുകള്‍ 'ആള്‍ ഇവിടെ എവിടെയോ ഉണ്ട്' എന്നറിയിക്കാന്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച. മൊബൈല്‍ ഫോണുകള്‍ ഒന്നിലധികം സ്വന്തമായിട്ടുള്ള നാമോരോരുത്തരും അതില്‍ ചുണ്ണാമ്പുതേച്ച് കളയുന്ന വൈദ്യുതി വേറെ.

ഇങ്ങനെ സമസ്ത തലങ്ങളിലും കേരളീയരുടെ വൈദ്യുതി ഉപയോഗം അതിന്റെ പരമോന്നതാവസ്ഥയില്‍ തുടരുകയാണ്. വൈദ്യുതിയുടെ ഉല്‍പ്പാദനമാകട്ടെ അതിന്റെ പരമമായ ദയനീയാവസ്ഥയിലും. സ്വയം നിയന്ത്രിക്കേണ്ടതിന്റെ ബാധ്യത ഏറ്റെടുക്കാതെയുള്ള കേരളത്തിന്റെ ഈ ധാരാളിത്തം നമ്മെ അതിവേഗം ഇരുട്ടിലേക്ക് എടുത്തെറിയുന്ന ദിനങ്ങള്‍ അനതിവിദൂരമല്ല.

അടുത്തകാലത്താണ് പോപ്പ് 'ദൈവം മാന്ത്രികവടിയുമായി നടക്കുന്ന മജീഷ്യനല്ല' എന്ന് പ്രഖ്യാപിച്ചത്. ഇവിടെ കേരളത്തിന്റെ വൈദ്യുതിമന്ത്രി മാന്ത്രികവടി ചുഴറ്റി വൈദ്യുതി സൃഷ്ടിക്കുമെന്ന് സ്വപ്നം കാണുന്നവരായി നമ്മള്‍ മാറുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

പ്രകൃതിയുടെ വരദാനമായ സൌരോര്‍ജത്തെ സരിതോര്‍ജമാക്കി അവമതിപ്പിന് ഇടയാക്കിയിരുന്നില്ലെങ്കില്‍ കേരളം ഗുരുതരമായ ഈ പ്രതിസന്ധിയിലേക്ക് ഇത്രയും രൂക്ഷമായി വലിച്ചെറിയപ്പെടില്ലായിരുന്നു. അതിന് ചൂട്ടുപിടിച്ചവര്‍ ഭരണസിരാകേന്ദ്രത്തില്‍നിന്ന് പിഴുതെറിയപ്പെട്ടിരിക്കുന്നു. ഇനിയെങ്കിലും ശരിയായ ദിശയിലൂടെ സൌരോര്‍ജത്തെ വിനിയോഗിക്കാനും പ്രചരിപ്പിക്കാനും കഴിയണം. കേരളത്തിലെ ഓരോ ഭവനവും അവര്‍ക്കാവശ്യമുള്ള വൈദ്യുതിയുടെ ഒരു നല്ല ശതമാനം സ്വയം ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറണം. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇക്കാര്യത്തില്‍ നമുക്ക് ഏറെ മുന്നേറാന്‍ കഴിയും. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ (വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകളുടെയെല്ലാം) കെട്ടിടങ്ങളുടെ മുകള്‍ഭാഗം ഫലപ്രദമായി ഇക്കാര്യത്തില്‍ ഉപയോഗിക്കാം.

ഇവിടെ ഒരു മാതൃകയെന്നോണം ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല മാറിയിരിക്കുന്നു എന്ന സദ്വാര്‍ത്ത കേരളം ആവേശപൂര്‍വം സ്വീകരിക്കേണ്ടതാണ്. രണ്ടുലക്ഷം രൂപയോളം വരുന്ന തുകയ്ക്കു തുല്യമായ വൈദ്യുതിയാണ് സംസ്കൃതസര്‍വകലാശാല അതിന്റെ ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നുമാത്രം സ്ഥാപിച്ചിട്ടുള്ള സൌരോര്‍ജ പാനലില്‍നിന്ന് പ്രതിമാസം ഉല്‍പ്പാദിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കകം മുടക്കുമുതല്‍ സ്വന്തമാക്കി ലാഭത്തിലേക്ക് മുന്നേറാന്‍കഴിയുന്ന ഇത്തരം സംരംഭങ്ങള്‍ കേരളത്തിലെ മറ്റെല്ലാ പൊതുമേഖലാസ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതാണ്.

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പത്തികാധികാരഘടനയായി രൂപംകൊണ്ട 'റൂസ' ഏറ്റവും മാതൃകാപരം എന്നു വിശേഷിപ്പിക്കുക മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കും 'ബെസ്റ്റ് പ്രാക്ടീസ്' എന്ന നിലയില്‍ നിര്‍ദേശിക്കുകയും ചെയ്ത ഒരു പ്രോജക്ടായി സംസ്കൃതസര്‍വകലാശാലയുടെ ഈ പദ്ധതിയെ വിശേഷിപ്പിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും മറ്റ് ഉന്നതന്മാരുമടങ്ങിയ റൂസയുടെ ഉന്നതാധികാരസമിതി അടുത്ത നാളുകളില്‍ സംസ്കൃതസര്‍വകലാശാല സന്ദര്‍ശിക്കുകയും പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തെ മാതൃകാപരമെന്ന് മുക്തകണ്ഠം പ്രശംസിക്കുകയുംചെയ്തു എന്നതും ശ്രദ്ധേയമാണ്. അവലോകനയോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ  വിദ്യാഭ്യാസമന്ത്രി  സി രവീന്ദ്രനാഥ് പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കുകമാത്രമല്ല, കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മാതൃകാപരമായ ഈ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് എന്നും പ്രഖ്യാപിക്കുകയുണ്ടായി.

നെടുമ്പാശേരി അന്തര്‍ദേശിയ വിമാനത്താവളം (സിയാല്‍) നടപ്പാക്കിയ പദ്ധതിയും മാതൃകാപരവും ആവേശകരവുമാണ്. അണുനിലയങ്ങളും താപനിലയങ്ങളും മാനവരാശിക്കുതന്നെ മാരകമായി ഭവിക്കുന്ന സാഹചര്യത്തില്‍ തുടക്കത്തില്‍ മുടക്കുമുതല്‍ അല്‍പ്പം കൂടുമെങ്കിലും സൌരോര്‍ജപാനലുകള്‍ ഓരോ വീടുകള്‍ക്കുമുകളിലും സ്ഥാപിതമാകുന്ന ദിനങ്ങള്‍ കേരളം സ്വപ്നം കാണേണ്ട കാലം അതിക്രമിച്ചു. അതോടൊപ്പം വൈദ്യുതി കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുകയും അനാവശ്യമായി ഉപയോഗിക്കാതിരിക്കുകയും ചെയ്തുകൊണ്ട് വൈദ്യുതി ഉപയോഗത്തില്‍ സാക്ഷരരാകേണ്ടതിന്റെ അടിയന്തരശ്രദ്ധയും കൂടിയായാല്‍ നമുക്ക് പിടിച്ചുനില്‍ക്കാം. കണ്ണില്‍ തറയ്ക്കുന്ന സൂചിഭേദ്യങ്ങളായ കറുത്ത ഇരുട്ടിന്റെ കനത്ത കരിമ്പടത്തിനടിയില്‍ കേരളം അകപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുക ഒരോ കേരളീയന്റെയും കടമയായി ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടിയിരിക്കുന്നു

(സംസ്കൃത സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലറാണ് ലേഖകന്‍ )



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home