ad
Deshabhimani

പീഡോഫീലിയ , ബാലലൈംഗികാതിക്രമം, മനശ്ശാസ്ത്രം, നിയമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 04, 2017, 07:28 AM | 0 min read

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെപ്പറ്റി ജിതിന്‍ ദാസ്‌ എഴുതുന്നു ...
 
പീഡോഫീലിയ നിര്‍‌വചനം
ഏറ്റവും വ്യാപകമായി ഉപയോഗിച്ചു വരുന്ന നിര്‍‌വചനം അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേര്‍സിന്റേതാണ്. 2013 ഇല്‍ പുതുക്കിയ നിര്‍‌വചനപ്രകാരം പീഡോഫീലിയ 'ആവര്‍ത്തിച്ചും തീഷ്ണമായും 13 വയസ്സില്‍ താഴെയുള്ള കുട്ടികളോട് മുതിര്‍ന്ന വ്യക്തിക്കു തോന്നുന്ന ലൈംഗികാകര്‍ഷണമോ ലൈംഗിക വ്യവഹാരമോ ആണ്'. പീഡോഫീലിയ പാരഫീലിയകളില്‍ അസാധാരണമായ വ്യക്തികളോടോ വസ്തുക്കളോടോ സാഹചര്യങ്ങളോടോ തോന്നുന്ന ലൈംഗികാകര്‍ഷണങ്ങള്‍ പെടുന്നു. മുന്‍‌ നിര്‍‌വചനങ്ങളില്‍ നിന്നും ഇപ്പോഴത്തെ നിര്‍‌വചനത്തിലുള്ള പ്രധാന വത്യാസം പീഡോഫീലിയയെ മെന്റല്‍ ഡിസോര്‍ഡേര്‍സ് മാനസിക പ്രശ്നങ്ങള്‍ എന്ന് തെളിച്ചു തന്നെ പറഞ്ഞിരിക്കുന്നു എന്നതും.

പ്രധാനമായും സ്ഥിരമായും കുട്ടികളോട് മുതിര്‍ന്നവര്‍ക്കു ലൈംഗികാകര്‍ഷണം തോന്നുന്ന മാനസിക പ്രശ്നമാണ് പീഡോഫീലിയ എന്ന പാരഫീലിയ. യഥാര്‍ത്ഥ പീഡോഫൈലുകള്‍ പറ്റു പാരഫൈലുകളെപ്പോലെ തന്നെ സമൂഹത്തിന്റെ തീരെച്ചെറിയൊരു ശതമാനമേ വരുന്നുള്ളൂ.

പീഡോഫീലിയയും ബാല‌ലൈംഗിക കുറ്റകൃത്യങ്ങളും.
പീഡോഫീലിയ ഉള്ളവരെല്ലാം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്നു വരില്ല. കുട്ടികളോട് ലൈംഗികാകര്‍ഷണം തോന്നുന്ന ഒരു വ്യക്തി അത് തെറ്റാണെന്ന സ്വന്തം നീതിബോധത്തിലോ സ്വന്തം കുടുംബം അടക്കം സമൂഹം തന്നെ പുറം തള്ളും എന്ന ഭയത്തിലോ കര്‍ശനമായ ശിശുസുരക്ഷാനിയമങ്ങള്‍ തന്നെ ദീര്‍ഘകാലം തടവിലാക്കും എന്ന ഭീതിയിലോ ആ ആകര്‍ഷണം പ്രവൃത്തിയിലാക്കാതിരിക്കാം.

അതേപോലെ തന്നെ മനശാസ്ത്ര നിര്‍‌വചനപ്രകാരം പീഡോഫൈലുകള്‍ അല്ലാത്തവരാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവരില്‍ പകുതിയിലേറെയും. ലൈംഗികാതിക്രമം മുതിര്‍ന്നവരോട് ആയാലും കുട്ടികളോട് ആയാലും മിക്കപ്പോഴും അത് ലൈംഗിക താല്പര്യം തോന്നിയിട്ടല്ല, അതിക്രമിക്കാനും മുറിവേല്പ്പിക്കാനും ക്രൂരത കാണിക്കാനുമുള്ള കുറ്റവാസനകള്‍ കൊണ്ടാണ്. എന്നും ഒരു കാരണവുമില്ലാതെ കുട്ടിയെ തല്ലുന്ന ഒരു പിതാവ് അതിനെ ലൈംഗികമായും ആക്രമിച്ചേക്കാം, അതിനെ പീഡോഫീലിയ ആയി കാണാനാവില്ല. എന്നിരിക്കെ തന്നെ പീഡോഫൈല്‍ കുട്ടികളോട് ലൈംഗികാകര്‍ഷണം ഉണ്ടാകുന്ന ആളായതിനാല്‍ കുട്ടികള്‍ക്കു മേല്‍ ലൈംഗികാക്രമണം നടത്താന്‍ സാദ്ധ്യതയേറുന്നു.

പീഡോഫൈല്‍ ആയാലും അല്ലാതെയുള്ള കുറ്റവാളി ആയാലും കുട്ടികള്‍ക്കു മേല്‍ ലൈംഗികാക്രമണം നടത്തിയാല്‍ (ചൈല്‍ഡ് സെക്സ് അബ്യൂസ്) എന്ന രീതിയിലാണ് നിയമം കാണുന്നത്. പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 39 ശതമാനത്തിനും 53 ശതമാനത്തിനും ഇടയില്‍ കുട്ടികള്‍ പലതരം ലൈംഗികാക്രമണങ്ങള്‍ക്ക് കുട്ടിക്കാലത്ത് എപ്പോഴെങ്കിലുമൊക്കെ വിധേയരാകുന്നു എന്നതില്‍ നിന്ന് ബാല ലൈംഗികാക്രമണങ്ങള്‍ എത്ര വ്യാപകമാണ് ഇന്ത്യയില്‍ എന്ന് കാണാം. ചില മലയാളി ഫെയിസ്ബുക്ക് സൈറ്റുകള്‍ ബാലിവേശ്യാവൃത്തിയും നടത്തുന്നു എന്ന് പോലീസ് പറയുകയുണ്ടായി.

എന്താണ് കുട്ടികള്‍ ലൈംഗികാക്രമണത്തിനു ഇരയായാല്‍ സംഭവിക്കുക?
ആക്രമണം ആരു നടത്തി, എത്ര ക്രൂരമായിരുന്നു, എത്രകാലം ദീര്‍ഘമുണ്ടായിരുന്നു ആക്രമണ കാലത്ത് എന്നതിലൊക്കെ ആശ്രയിച്ചിരിക്കും എന്നു മാത്രമല്ല വ്യക്തിയില്‍ നിന്നും വ്യക്തിയിലേക്ക് വ്യത്യസ്തപ്പെട്ടും ഇരിക്കും.

കുട്ടിക്ക് ശാരീരിക ക്ഷതങ്ങള്‍, ഭീതി, മാനസികാഘാതം, വിഷാദം, ആത്മഹത്യാവാസന, നിസ്സഹായത തുടങ്ങി വിദഗ്ദ്ധചികിത്സ വേണ്ടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. അതിലും വലിയ ദയനീയത, കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാക്രമണം ഉണാക്കുന്ന ക്ഷതങ്ങള്‍ ഒരായുസ്സുകാലം മുഴുവന്‍ നില നിന്നേക്കാനാണ് സാധ്യത എന്നതും.
എലന്‍ ബാസ്സും ലോറ ഡേവിസും ചേര്‍ന്നെഴുതിയ The Courage to Heal- Guide for adult women survivors of child sex abuse എന്ന പുസ്തകം കുട്ടിക്കാലം ലൈംഗികാക്രമണം അതിജീവിച്ചിട്ടുള്ള മുതിര്‍ന്ന സ്ത്രീകള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തിലാണ്. നൂറിലധികം മാനസിക പ്രശ്നങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ഒട്ടേറെ എനിക്കറിയാവുന്ന ചെറുപ്പത്തില്‍ ലൈംഗികാക്രമണം നേരിട്ട മുതിര്‍ന്നവരിലുണ്ട് (അത്തരം രണ്ടു ഡസനോളം ആളുകളെ എനിക്കു വ്യക്തിപരമായി അറിയാം). എന്റെ പരിചയക്കാരില്‍ സാധാരണയായി കാണുന്നവ:

1. ഭീതിദമായ ലൈംഗികാക്രമണ സ്വപ്നങ്ങള്‍
താങ്ങാവുന്നതിലും അപ്പുറമുള്ള ഒരു പ്രശ്നമുണ്ടായാല്‍ അതിനെ ക്ഷണം മറക്കാന്‍ (ഡിനെയല്‍) കുട്ടികളുടെ മനസ്സ് ശ്രമിക്കും. എന്നാല്‍ അത് പൂര്‍ണ്ണമായും പോകുകയുമില്ല. ഇവയുടെ ബാക്കിപത്രങ്ങള്‍ ഭീതിസ്വപ്നങ്ങളായി സ്ഥിരം രാത്രിയുണ്ടാവുന്ന അവസ്ഥ.

2. ആരെയും വിശ്വാസമില്ലായ്മ.
മിക്കപ്പോഴും കുട്ടികള്‍ക്ക് നേരേ ലൈംഗികാക്രമണം നടത്തുന്നത് അടുത്ത ബന്ധു അല്ലെങ്കില്‍ അതുപോലെ കുട്ടി പൂര്‍ണ്ണമായും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍ ആയതിനാല്‍ അവരില്‍ നിന്ന് ഇത്തരം ഒരു പെരുമാറ്റം ഉണ്ടാകുന്നതോടെ വ്യക്തിത്വം രൂപപ്പെടുമ്പോള്‍ ആളുകളെ വിശ്വസിക്കാനുള്ള കഴിവ് നഷ്ടമാകുന്നു

3. ലൈംഗികതയെയും ലൈംഗികത ഉള്‍പ്പെടുന്ന സ്നേഹത്തെയും ഭയം.

4. സ്നേഹിക്കുന്ന ആളോട് ലൈംഗിക വികാരം തോന്നാതിരിക്കുകയും മറ്റുള്ളവരോട് തോന്നുകയും ചെയ്യുന്ന അവസ്ഥ.

5. മറ്റുള്ളവര്‍ സന്തോഷമായി ജീവിക്കുന്നു എനിക്കു മാത്രം ഇങ്ങനെ പറ്റി എന്ന സ്ഥിര വിചാരവും വിഷാദരോഗവും.

6. എന്തെങ്കിലും ഒരു കാര്യത്തില്‍ സന്തോഷിക്കാനാവാതെ വരികയും എപ്പോള്‍ വേണമെങ്കിലും ദാരുണമായ എന്തെങ്കിലും നടക്കുമെന്ന അനാവശ്യവും സ്ഥിരവുമായ ഭീതി.

7. കുട്ടികള്‍ കൂടെയുള്ളപ്പോള്‍ അകാരണ ഭീതി, സ്വന്തം കുട്ടികളെ സ്കൂളില്‍ വിടാന്‍ പോലും ഭയം.

ഈ പട്ടിക എണ്ണമില്ലാത്തതാണ്. ഒരു ഉദാഹരണത്തിനു ചിലത് കാണിച്ചു നിറുത്തുന്നു.

ആരാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍? ഇവരെ തിരിച്ചറിയാനാകുമോ? ഇതെങ്ങനെ തടയാം?
എങ്ങനെയാണ് കുട്ടികളോട് ഉള്ള ലൈംഗികാക്രമണം തടയുന്നത്?

പീഡോഫീലിയ ഇത്രയും ഗുരുതരമായി കാണേണ്ട ഒന്നല്ല എന്ന തരം വാദങ്ങള്‍ ഉണ്ടോ? അവ നില നില്‍ക്കുന്നതാണോ?
അല്പമെങ്കിലും കാര്യമുള്ള ഒന്നായി കണ്ടത് പീഡോഫീലിയ (കുട്ടികളോട് ലൈംഗികാകര്‍ഷണം തോന്നല്‍) ഉണ്ടായിട്ടും ഒരു കുറ്റവും ചെയ്യാത്ത വ്യക്തികള്‍ സമൂഹം പുറന്തള്ളും, ജോലി പോകും, പരിസരത്തു കുറ്റം നടന്നാല്‍ താനൊന്നും ചെയ്തിട്ടില്ലെങ്കിലും പോലീസ് പിടിക്കും എന്നൊക്കെയുള്ള ഭീതി മൂലം ചികിത്സയ്ക്ക് വിധേയരാകാന്‍ മടിക്കുന്നു എന്നതാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതില്‍ അല്പ്പം വസ്തുതയുമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ശിക്ഷിക്കപ്പെട്ട ബാല ലൈംഗികാതിക്രമണ കുറ്റവാളി പോലും ജയിലില്‍ നിന്നിറങ്ങിയാല്‍ വീട്ടുകാരും നാട്ടുകാരും ഒരു മടിയുമില്ലാതെ സ്വീകരിക്കുന്നു, കുറ്റവാളി കുറ്റം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

 
മറ്റുള്ള അസംബന്ധങ്ങള്‍ ഇങ്ങനെ:

1. പീഡോഫീലിയ ഒരു മാനസികപ്രശ്നമാണ്, തനിയേ ഉണ്ടാകുന്ന വികാരമാണ്. അതിനാല്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്.
രാട്ടോഫീലിയ ബലാത്സംഗം ചെയ്ത് ലൈംഗിക സംതൃപ്തി നേടാനുള്ള വികാരം ഒരാള്‍ക്ക് ഉണ്ട് അതുകൊണ്ട് ബലാത്സംഗം കുറ്റകരമല്ലാതെയാക്കണം എന്ന് ആരെങ്കിലും വാദിക്കുമോ?

ലൈംഗികാകര്‍ഷണം ഒരു വികാരമാണ് ശരി. എന്നാല്‍ എല്ലാ വികാരങ്ങളും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ചാല്‍ ഊളന്‍‌പാറയിലാക്കണം. കോപം ഒരു വികാരമാണ് എന്നത് ആരെയെങ്കിലും കൊല്ലാന്‍ അവകാശം തരുന്നില്ല. അസൂയ ഒരു വികാരമാണ് എന്നത് മോഷ്ടിക്കാന്‍ അവകാശം തരുന്നില്ല.
ഒരു വ്യക്തിയുടെയും ഒരു വികാരവും മറ്റൊരു വ്യക്തിക്ക് ദ്രോഹമാകാന്‍ പാടില്ല. കുട്ടികളാണ് സമൂഹത്തിലെ ഏറ്റവും ആശ്രിതരും അജ്ഞയും ദുര്‍ബ്ബലരുമായ വിഭാഗം. അവര്‍ക്കെതിരേ ഗുരുതരമായ കുറ്റം ചെയ്യാന്‍ ആര്‍ക്കും യാതൊരു അവകാശവുമില്ല.

2. പീഡോഫീലിയ എന്ന വാക്കിന്റെ അര്‍ത്ഥം കുട്ടികളോടുള്ള സ്നേഹം എന്നാണ്. അതിനാല്‍ കുട്ടികളെ ഞങ്ങള്‍ സ്നേഹിക്കുന്നു.
കോപ്രോഫീലിയ എന്ന വാക്കിന്റെ അര്‍ത്ഥം അമേദ്ധ്യത്തോട് ഉള്ള സ്നേഹം എന്നാണ്. ഒരു കോപ്രോഫൈല്‍ തീട്ടത്തോട് കാണിക്കുന്ന സ്നേഹമൊക്കെ പീഡോഫൈലിനു കുട്ടികളോടും ഉണ്ടാകുമല്ലോ അപ്പോള്‍?

3. കുട്ടികള്‍ക്കും ലൈംഗികതയുണ്ട്
കുട്ടികള്‍ക്ക് ലൈംഗികതയുണ്ട്. അത് മുതിര്‍ന്നവരില്‍ നിന്നു വത്യസ്ഥമാണ്. അത് രൂപപ്പെടുന്നതും വത്യസ്ഥമാണ്. അതവിടെ നില്‍ക്കട്ടെ, എനിക്കു ലൈംഗികതയുണ്ട് എന്നത് നിങ്ങള്‍ക്ക് എന്നെ ബലാത്സംഗം ചെയ്യാന്‍ ഒരു അവകാശവും തരുന്നില്ല.

4
. കുട്ടികള്‍ പലപ്പോഴും വിസമ്മതിക്കുന്നില്ല.
സമ്മതം എന്നത് മുതിര്‍ന്ന് പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വബോധത്തിലും സമ്മര്‍ദ്ദങ്ങളില്ലാതെയും ചെയ്യുന്ന ഒരു പ്രവൃത്തിയാണ്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത ഒരു പ്രമാണം നിങ്ങള്‍ ഒപ്പിടുമോ? മയക്കുമരുന്ന് തന്നിട്ട് ഒപ്പിടീച്ചതാണെങ്കിലോ? എന്താണെന്ന് പൂര്‍ണ്ണമായി അറിയാത്ത ഒരു കാര്യം, പലപ്പോഴും കുട്ടിക്ക് വേണ്ടെന്നു പറയാന്‍ അവകാശമില്ലാത്തതോ ധൈര്യമില്ലാത്തതോ ആയ അവസ്ഥയില്‍ ഉദാഹരണം കുട്ടിയുടെ പിതാവാണ് ഉപദ്രവിക്കുന്നത്, അപരിചിതന്‍ മൊബൈലില്‍ ഫോട്ടോ ഉണ്ട് എന്നു പറയുന്നു ഇതൊന്നുമില്ലെങ്കില്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സമ്മതത്തിനു തന്നെ ഒരു വാലിഡിറ്റിയുമില്ല പിന്നെയല്ലെ വിസമ്മതമില്ലായ്മയ്ക്ക്.

5. ഞങ്ങളെ ശിക്ഷിക്കേണ്ടാ ചികിത്സിച്ചാല്‍ മതി.
പീഡോഫൈലുകള്‍ ചികിത്സിക്കപ്പെടേണം. പൂര്‍ണ്ണമായും ചികിത്സിച്ച് അടക്കാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും വികാരം തോന്നിയാല്‍ അടക്കാന്‍ പരിശീലിപ്പിക്കല്‍, ലൈംഗിക വികാരം കുറയ്ക്കല്‍ തുടങ്ങിയവ ആണ് ചികിത്സ. അതവിടെ നില്‍ക്കെ തന്നെ വികാരം തോന്നിയാല്‍ അടക്കാന്‍ മൂന്നു ഡിറ്ററന്റുകള്‍ ഉണ്ട് സ്വന്തം നീതിബോധം: നിസ്സഹായരായ കുഞ്ഞുങ്ങളെ അവര്‍ ഒരായുസ്സു മുഴുവന്‍ കഷ്ടപ്പെടുന്ന രീതിയില്‍ ഉപദ്രവിക്കുന്നത് കടുത്ത ക്രൂരതയാണ് എന്ന സ്വയ ബോധം ; സമൂഹം പുറന്തള്ളും ഇങ്ങനെ ഒരു വികാരം ഉണ്ടായാല്‍ സ്വന്തം കുടുംബം അടക്കം തന്നെ പുറന്തള്ളിക്കളയും എന്ന ഭയത്താല്‍ കുറ്റം ചെയ്യാതെ ഇരിക്കല്‍; ശിക്ഷ കുറ്റം ചെയ്താല്‍ നിയമം ശിക്ഷിക്കുമെന്ന ബോധം. ഇതെല്ലാം സമൂഹത്തില്‍ നിലനില്‍ക്കണം. അഴിയെണ്ണും എന്ന ഭയമില്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന കൊലപാതങ്ങളുടെ തോത് എത്ര വലുതായിരിക്കും എന്ന് ആലോചിച്ചു നോക്കൂ.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home