കേരളീയ മാനവികത: ചരിത്രവും വർത്തമാനവും - എം എം നാരായണൻ എഴുതുന്നു

ഏതാണ്ടെല്ലാ സാമൂഹ്യ വികസന സൂചികകളിലും മലയാളികളുടെ മാതൃഭൂമി ഏറ്റവും മുന്നിലാണ്. കേവലം ഒരു നൂറ്റാണ്ടിന്റെ നേരംകൊണ്ട് കേരളം രണ്ട് നൂറ്റാണ്ടിന്റെയെങ്കിലും ദൂരമാണ് താണ്ടിയത്...
മാനവികത സാർവ്വലൗകികമാണെന്നും, അതിന് കാലദേശ ഭേദങ്ങളില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ മനുഷ്യനുമായി ബന്ധപ്പെട്ട എന്തിലും ഒരു സാമാന്യവും സവിശേഷവും സംയോജിക്കുന്നുണ്ട്. വൈരുധ്യാത്മകമായ ഒരു സമഗ്രതയുടെ (dialectical totality) സന്ദർഭത്തിൽ, ഈ സാമാന്യവും (commonality), സവിശേഷവും (specificity) തമ്മിലുള്ള സംഭാഷണവും നടക്കുന്നുണ്ട്.
മാനവികത ഒരു ഉൽപ്പന്ന (product) മല്ല. പ്രക്രിയ (process) ആണ്. ചരിത്രമെന്നാൽ അപൂർണമായ മാനവികതയിൽ നിന്ന് സമ്പൂർണ മാനവികതയിലേക്കുള്ള ഒരുപക്ഷേ അവസാനിക്കാത്ത സഞ്ചാരമാണ്. ആ യാത്ര നേർരേഖയിലൂടെ അല്ല. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഉള്ളതാണ് അതിന്റെ വഴി.
സമൂഹം ചൂഷകരും ചൂഷിതരുമായി വിഭജിതമായതോടെ, മാനവികതയല്ല, അമാനവീകരണ (dehumanaisation) മാണ് ശക്തിപ്പെട്ടത്. വർഗസമരമെന്നാൽ ആത്യന്തികമായി അമാനവികതയുടെ ശാക്തീകരണത്തിനെതിരെ മാനവികതയുടെ പൂർത്തീകരണാർഥമുള്ള സമരങ്ങളും സംഘർഷങ്ങളുമാണ്.
മനുഷ്യന്റെ ഉല്പാദന രീതികളിൽ മർത്യതയുടെ സാധ്യകളെയും, അധ്വാന ശക്തിയെയും, മനുഷ്യമാംസത്തെയും, രക്തത്തെയും, പേശികളെയും, നാഡീവ്യൂഹത്തെയും, ചേതനയെയും എല്ലാം ഏറെ സങ്കോചിപ്പിക്കുന്നതും മുരടിപ്പിക്കുന്നതും മുതലാളിത്തമാണെന്ന് മാർക്സ് പറയുന്നുണ്ട്.
‘മാനുഷരെല്ലാരും ഒന്നുപോലെ’ യാണെന്ന, സർവ്വരും ‘സുന്ദരികളും സുന്ദരന്മാരു’മാണെന്ന ‘സാർവ്വലൗകികമാനവികതാ വാദം’ വിമർശിക്കപ്പെടേണ്ടതുണ്ട്. ‘സർവ്വരും സഹോദരർ’ (‘all men are brothers’) എന്ന കമ്യൂണിസ്റ്റ് ലീഗിന്റെ പ്രഖ്യാപനം സർവ്വ രാജ്യതൊഴിലാളികളുടെ ഐക്യവും (‘workers of all countries unite’) സമര സാഹോദര്യവുമെന്ന് തിരുത്താൻ മാർക്സും ഏംഗൽസും ഇടപെടുന്നുണ്ട്.
ഉല്പാദന ബന്ധങ്ങൾ ഉല്പാദന ശക്തികളുടെ വളർച്ചയെ മാത്രമല്ല, ആശയങ്ങളുടെ, വികാരങ്ങളുടെ, ഭാവനയുടെ, ചിന്തയുടെ ‐ചുരുക്കത്തൽ മാനവികതയുടെ, വളർച്ചക്കും വികാസനത്തിനും വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന സത്യം മറച്ചുപിടിക്കാനാണ്, ഉദാര മാനവികതാ വാദം പാടുപെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് കേരളീയ മാനവികതയെ കുറിച്ചുള്ള സംവാദങ്ങൾ സംഗതമാകുന്നത്. കേരളീയ മാനവികതയ്ക്ക് എന്ത് സവിശേഷതയാണുള്ളതെന്ന പ്രശ്നം പരിഗണിക്കേണ്ടതാണ്. കടന്നുപോയ രണ്ട് നൂറ്റാണ്ടിന്റെ കാലയളവിൽ ഇവിടെ രൂപമെടുത്തത് ‘നവോത്ഥാന മാനവികത’യാണെന്ന് സാമാന്യമായി പറയാം.
മഹാഭൂരിപക്ഷം മനുഷ്യരുടെയും വികാസം തടഞ്ഞു നിർത്തിയിരുന്ന ജാതി വ്യവസ്ഥക്കെതിരായ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളുമാണ് പുതിയ മാനവികതയെ സൃഷ്ടിച്ചത്.
പാശ്ചാത്യ അധിനിവേശവും, നവോത്ഥാനവും, ദേശീയ പ്രസ്ഥാനവുമാണ് പഴയ സമൂഹത്തെ പുതുക്കിയെടുക്കുന്നതിന് പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുകയും പ്രതിപ്രവർത്തിക്കുകയും ചെയ്തത്. എന്നാൽ ചരിത്രത്തിലെ ഈ മൂന്ന് പ്രതിഭാസങ്ങളുടേയും പ്രഭാവാതിശയം ഏറെ വൈകിയാണ് കേരളത്തിലെത്തുന്നത്.
1928ൽ നാരായണഗുരു സമാധിയടയുന്നതിന് നൂറ് കൊല്ലം മുമ്പ് തന്നെ ബംഗാൾ നവോത്ഥാനത്തിന്റെ സൽഫലം പോലെ, ‘സതി’, നിയമം മൂലം നിരോധിക്കപ്പെടുകയുണ്ടായി. വിവേകാനന്ദൻ മലബാറിനെ ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കുമ്പോഴേക്കും മഹാരാഷ്ട്രയിലെ നവോത്ഥാന നായകനായ മഹാത്മാ ഫൂലെ മരണമടഞ്ഞിരുന്നു.
ബ്രിട്ടീഷ് അധിനിവേശവും കേരളത്തിലെത്തുന്നത് കൽക്കട്ടയിലും ബോംബെയിലും മദ്രാസിലും നിലയുറപ്പിച്ച് ദശകങ്ങൾക്ക് ശേഷംമാത്രമാണ്. 1885ൽ തന്നെ ദേശീയ പ്രസ്ഥാനം മറുനാടുകളിൽ നാമ്പെടുത്തുവെങ്കിലും, 1920കളിലാണ് ഇവിടേക്കത് ഒഴുകിയെത്തിയത്.
വിവേകാനന്ദൻ മലബാറിലെത്തുമ്പോൾ കേരളം ഇന്ത്യയിലെ ഇതര ദേശങ്ങളെ അപേക്ഷിച്ച് ഏറ്റവും പിന്നിലായിരുന്നു. എന്നാലിന്ന് ഏതാണ്ടെല്ലാ സാമൂഹ്യ വികസന സൂചികകളിലും മലയാളികളുടെ ഈ മാതൃഭൂമി ഏറ്റവും മുന്നിലാണ്. കേവലം ഒരു നൂറ്റാണ്ടിന്റെ നേരംകൊണ്ട് കേരളം രണ്ട് നൂറ്റാണ്ടിന്റെയെങ്കിലും ദൂരമാണ് താണ്ടിയത്.
ഇരുപതാം ശതകത്തിന്റെ തുടകകത്തിൽ തന്നെ ഇവിടെ ഗംഭീരമായ ഒരു വിചാരമാതൃകാവ്യതിയാനം സംഭവിക്കുന്നുണ്ട്. തുടർന്ന് ഈ നാടിന്റെ ചരിത്രയാത്രക്ക് ദിശാഭേദവും ഗതിവേഗവും കൈവരുകയും ചെയ്യുന്നുണ്ട്. നവോത്ഥാനം, കൊളോണിയലിസത്തിന്റെ വരദാനമാണെന്ന് രാജാറാം മോഹൻ റോയിയും, മഹാത്മാ ഫൂലെയും, നാരായണ ഗുരുവും, അംബേദ്കറും വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നവോത്ഥാനത്തിന്റെ ഈ മഹാപ്രപഞ്ചകന്മാരുടെ വിചാരജീവിതം പാശ്ചാത്യ അധിനിവേശത്തിനെതിരായ വിമർശനത്തിന്റെ അഭാവം കൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്.
മറുഭാഗത്ത് ഒന്നാം സ്വാതന്ത്ര്യ സമരം നയിച്ച ബഹദൂർഷായും, ഝാൻസി റാണിയും മാത്രമല്ല, തിലകനും, മഹാത്മാഗാന്ധിയും വരെയുള്ളവർ നവോത്ഥാന ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് പകരം പുനരുത്ഥാന മൂല്യങ്ങളെയാണ് ഉൾക്കൊണ്ടത്. വൈദേശികാധിപത്യത്തെ വീറോടെ ചെറുത്തുനിൽക്കുമ്പോഴും തദ്ദേശീയമായ ജാതി മേൽക്കോയ്മക്കും ഭൂപ്രഭുത്വത്തിനുമെതിരായ ഒരു ബഹുജനമുന്നേറ്റം സംഘടിപ്പിക്കാൻ അവരാരും മുന്നോട്ട് വന്നില്ല.
വിചിത്രമായ കാര്യം അന്നുമാത്രമല്ല ഇന്നും അധിനിവേശത്തിന്റെ അനന്തരഫലങ്ങളെ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും അഭിപ്രായ ഭിന്നതകളും നമ്മുടെ അക്കാദമിക വൃത്തങ്ങളിലും ബുദ്ധിജീവികൾക്കിടയിലും ചരിത്ര രചനയിലുമെല്ലാം തുടരുകയാണ്.
എന്നാൽ 1850കളിൽ തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവി ഫലങ്ങൾ ( ‘the future results of British rule in India’) എന്തെല്ലാമായിരിക്കുമെന്ന് കൃത്യമായും വ്യക്തമായും മാർക്സ് നിരീക്ഷിക്കുകയുണ്ടായി.
കൊളോണിയലിസിത്തിന്റെ കാര്യപരിപാടി ഈ രാജ്യത്തിന്റെ നവീകരണമല്ല, നശീകരണമാണെന്നും ഇന്ത്യയുടെ ആധുനിക വത്കരണത്തിന് നാം സ്വതന്ത്രരാകാതെ തരമില്ലെന്നും മാർക്സ് എഴുതുന്നുണ്ട്. ന്യൂയോർക്ക് ട്രിബ്യൂണിൽ മാർക്സ് എഴുതിയ കുറിപ്പുകളിലാണ് സ്വാതന്ത്ര്യമാണ് നവോത്ഥാനത്തിന്റെ മുന്നുപാധി എന്ന ആശയം ആദ്യം പ്രത്യക്ഷപ്പെട്ടത്.
ബ്രിട്ടീഷ് ഭരണവും ഇന്ത്യയിലെ ജാതി ജന്മി നാടുവാഴിത്തവും തമ്മിലുള്ള പരസ്പര ബന്ധം 1858ലെ വിക്ടോറിയ റാണിയുടെ വിളംബരം വ്യക്തമാക്കുന്നുണ്ട്. എന്നാൽ സാമൂഹ്യനവോത്ഥാനത്തിന്റെ വക്താക്കൾക്കോ സ്വാതന്ത്ര്യസമര നായകർക്കോ ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ടോ തിരിച്ചറിയാനായില്ല.
1921ലെ മലബാർ കലാപം ചരിത്രത്തിന്റെ അബോധാത്മകമായ ഉപകരണം പോലെ (unconseious tool of history) ഭൂപ്രഭുത്വത്തിനും കോളനി ഭരണത്തിനും എതിരായ (‘Againts lord and state’) സമരമായിരുന്നു. അതോടെയാണ് രാജ്യത്തിന്റെ പൊതു ചരിത്രത്തിൽ നിന്ന് കേരള ചരിത്രത്തിന് ഗതിഭേദം (tragactorial shift) സംഭവിക്കുന്നത്.
1924ലെ വൈക്കം സത്യഗ്രഹം മല ബാർ കലാപത്തിന്റെ ഒരു “ഓഫ് ഷൂട്ട്” ആയിരുന്നു. മലബാർ സമരം ജന്മിത്വത്തിനും അതുവഴി ജാതി മേൽക്കോയ്മക്കും കോളനിവാഴ്ചക്കുമെതിരായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം ജാതി വ്യവസ്ഥയെ സാധൂകരിച്ച മതപ്രത്യയശാസ്ത്രത്തിനും ക്ഷേത്രാചാരങ്ങൾക്കും എതിരെയാണ് അങ്കം കുറിച്ചത്.
മുപ്പതുകളിൽ കർഷക സംഘവും കമ്യൂണിസ്റ്റ് പാർടിയും പുരോഗമന സാഹിത്യ സംഘവുമെല്ലാം ’20കളിലെ സവിശേഷമായ സമരധാരകളെ സമന്വയിപ്പിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ജാതി‐ജന്മി‐നാടുവാഴിത്തത്തിനും അതിന്റെ രക്ഷാ കവചമായ കൊളോണിലിസത്തിനുമെതിരെ ജനങ്ങളുടെ സമ്പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തിന് കമ്യൂണിസം ‘ദാർശനികനും വഴികാട്ടി’യുമായിരുന്നു. ’21 ലെ മലബാർ സമരത്തിന്റെ വീര പൈതൃകം ഏറ്റെടുക്കാനും, ’46ലെ വയലാർ സമരമായി വികസിപ്പിക്കാനും കേരള കമ്യൂണിസത്തിന് സാധ്യമാകുന്നുണ്ട്.
ചുള്ളിക്കാട്
‘പൊക്കിളിൽ നിന്ന് ചെങ്കൊടി വലിച്ചൂരി’ (‘തോട്ടി’ ‐ബാലചന്ദ്രൻ ചുള്ളിക്കാട്) കമ്യൂണിസിറ്റുകാർ അവശരേയും ആർത്തരേയും സമരസഖാക്കളാക്കി മാറ്റിയ, തലകുനിച്ചു നിന്നവർക്ക് തലയുയർത്തിപ്പിടിക്കാൻ തന്റേടം നൽകിയ സംഘർഷഭരിതമായ കേരള ചരിത്രത്തിലെ അരുണദശകങ്ങളെ അവഗണിച്ചുകൊണ്ട് കേരളീയ മാനവികതയെകുറിച്ചുള്ള ഒരു ചർച്ചയും പൂർണമാകില്ല.
ജനസംഖ്യയിൽ വെറും 5% മാത്രംവരുന്ന ജന്മിമാരുടെ കൈവശമണ്ടായിരുന്ന 70% ഭൂമിയും 60% വരുന്ന കർഷകർക്കും കുടികിടപ്പുകാർക്കും പുനർവിതരണം ചെയ്ത ‘57ൽ തുടങ്ങിവെച്ചതും വലിയ ഇടർച്ചകൾ ഇടയ്‌ക്കുണ്ടെങ്കിലും തുടർച്ചയുണ്ടായ കമ്യൂണിസ്റ്റ്‐ഇടതുപക്ഷ‐ മന്ത്രിസഭകളുടെ നിയമനിർമാണങ്ങൾക്കും ഭരണനടപടികൾക്കും ഈ ആഖ്യാനത്തിൽ സമുജ്വലമായ പങ്കുണ്ട്.
എന്നാൽ ഏത് മാനദണ്ഡമെടുത്താലും വിപ്ലവകരമായ ഈ ഉള്ളടക്കമാണ് കേരളീയ മാനവികതയുടെ തനിമയെങ്കിലും, അന്യഭിന്നമായ അതിന്റെ ഈ സ്വത്വമുദ്രകളെ തമസ്കരിക്കാൻ ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നത്. വൈക്കം സമരത്തിന്റെ സ്ഥലകാലങ്ങളിൽ സ്തംഭിച്ചുനിൽക്കുകയാണ് കേരള ചരിത്രമെന്ന് സ്ഥാപിച്ചെടുക്കാനുള്ള പാഴ് പരിശ്രമങ്ങൾ പെരുകിവരുന്നു. കമ്യൂണിസ്റ്റുകാരുടെ സമർപ്പണങ്ങളെ, സമരങ്ങളെ, സംത്യാഗങ്ങളെ മറുകരയില്ലാത്ത മറവിയുടെ കടലിൽ മുക്കികൊല്ലാൻ ചിലർ പകലും രാവും പണിയെടുക്കുന്നു.
ഗുരു
ആസൂത്രിതവും നീചവുമായ ഈ നിശ്ശബ്ദതക്കപ്പുറം പൊതുസംവാദങ്ങളിലും പത്രദൃശ്യമാധ്യമങ്ങളിലും, കുറെക്കൂടി സൂക്ഷ്മമായും സമർത്ഥമായും ചില സാഹിത്യ രചനകളിലും കമ്യൂണിസ്റ്റുകാരെ പൈശാചിക വത്കരിക്കാനുള്ള (demonisation) നീക്കങ്ങളും നിർവിഘ്നം പുരോഗമിക്കുന്നു.
ചില എഴുത്തുകാരും വലതുപക്ഷ ബുദ്ധിജീവികളും മാധ്യമമേലാളനന്മരും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലക്ക് ഒരു പരസ്പര സഹായ സംഘം തന്നെ രൂപീകരിച്ചിട്ടുണ്ട്. വിയോജിപ്പുക്കളും വിമർശനങ്ങളും ആരോഗ്യകരമായ ഒരു ജനാധിപത്യ ജീവിതത്തിന് അനിവാര്യവും അഭികാമ്യവുമാണ്.
എന്നാലിവിടെ നിന്ദയുടെ വ്യവഹാരവും പ്രതിനിധാനപരമായ ഹിംസയുമാണ് തെഴുത്തുവരുന്നത്. അതോടൊപ്പം മുമ്പ് ജാതി ജന്മിനാടുവാഴിത്ത ശക്തികളാണ് മാനവികതയുടെ ശത്രുസൈന്യമെങ്കിൽ ഇന്ന് നവധനിക വർഗ താൽപര്യങ്ങളാണ്, അന്തസ്സുള്ളൊരു ജീവിതം ജീവിക്കാനുള്ള മലയാളിയുടെ അവകാശങ്ങൾക്ക് നേരെ യുദ്ധോദ്യുക്തമായി നിൽക്കുന്നത്.
നഗരങ്ങളിലെ വൻമാളുകളിലും വസ്ത്ര‐ആഭരണ ശാലകളിലും മറ്റും പണിയെടുക്കുന്നവർ, സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാർ, സമാന്തരവിദ്യഭ്യാസ സ്ഥാപനങ്ങളിൽ തുച്ഛവേതനത്തിന് ചോരനീരാക്കി ജോലിചെയ്യുന്ന കേരളത്തിലെ അഭ്യസ്തവിദ്യരായ യുവത ‐ വിശേഷിച്ചും യുവതികൾ ‐ ഇവരെ ഏവർക്കും അറിയാമെങ്കിലും ആരും അവരെക്കുറിച്ച് ഒന്നും പറയുന്നില്ല.
എയ്ഡഡ് സ്കൂൾ അധ്യാപകരുടെ മൂകവേദനകൾക്ക് ശബ്ദം പകരാനാണ് ചെറുകാടും കാരൂരും മറ്റും തൂലികയേന്തിയത്. ഇന്ന് തത്തുല്യമായ മഹാമൗന സങ്കടങ്ങൾക്ക് വാക്കും നാക്കും നൽകാൻ ആർക്കും ആവുന്നില്ല. ഗുരു പറഞ്ഞ ജാതിഭേദവും മതദ്വേഷവും ജാതീയതയും വർഗീയതയുമായി സ്വയം രൂപാന്തരപ്പെടുകയും മേൽപറഞ്ഞ നവധനിക വർഗത്തിന്റെ രക്ഷാദൗത്യമേറ്റെടുത്ത് ഫണം വിടർത്തി വിഷം ചീറ്റി നിൽക്കുകയും ചെയ്യുന്നു.
കൂലിക്കും വേലക്കും ഭൂമിക്കും വേണ്ടിയുള്ള സമരങ്ങളും ഭൂപരിഷ്ക്കരണ നിയമങ്ങളുമെല്ലാം മനുഷ്യത്വത്തിന്റെ ശിരസ്സിൽ ചവിട്ടി നിൽക്കുന്ന ദുഷ്ടശക്തികൾക്കെതിരായ ‘സർവ്വതോമുഖമായ സമര’ത്തിന്റെ തുടക്കം മാത്രമായിരുന്നുവെന്ന് ഇ എം എസ് എഴുതിയിട്ടുണ്ട്. പുതിയ കാലത്തെ ജനശത്രുക്കളെയും അതിന്റെ പ്രത്യയശാസ്ത്ര രൂപീകരണങ്ങളേയും എതിർത്തുകൊണ്ടല്ലാതെ മലയാളിയുടെ മാനവികതയ്ക്ക് ഇനി പുരോഗതി സാധ്യമാവില്ല.
അതോടൊപ്പം ദേശീയ രാഷ്ട്രീയ രംഗത്ത് ചോദ്യമായി തുടരുന്ന വർഗീയ ഫാസിസ്റ്റ് വാഴ്ചയുടെ ഈ രാഷ്ട്രീയ സന്ദർഭം, മാനവികതയുടെ മതനിരപേക്ഷമായ ഉള്ളടക്കത്തിന് പ്രസക്തി വർധിപ്പിക്കുന്നുണ്ട്.
ഇന്ത്യയിൽ ഫാസിസം, ജാതി വ്യവസ്ഥയിലാണ് വേരിറക്കി നിൽക്കുന്നതെന്നും, ജാതി, ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അതുകൊണ്ട് ഹിന്ദുയിസം തന്നെയാണ് ആത്യന്തികമായി ഹിന്ദുത്വഫാസിസമെന്നും ചിലർ വാദിക്കുന്നുണ്ട്. ഇന്ത്യൻ ഫാസിസത്തിനെതിരായ സമരം ഹിന്ദുമതത്തിനെതിരായ സമരംതന്നെയെന്നാണ് അക്കൂട്ടർ വിവക്ഷിക്കുന്നത്.
വിചിത്രമായ കാര്യം ഹിന്ദുത്വവും ഹിന്ദുയിസവും ഒന്നാണെന്ന് സ്ഥാപിച്ചെടുക്കാനാണ് സംഘപരിവാർ പാടുപെടുന്നത്. മേൽപറഞ്ഞവരുടെ ‘ഫാസിസ്റ്റ് വിരോധം’ സംഘ ശക്തികളെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്. ’80 കളിൽ ബിജെപി സ്വയം മതേതര വാദികളും തങ്ങളുടെ എതിരാളികൾക്ക് വ്യാജ മതേതരത്വമാണെന്നും പറഞ്ഞാണ് രംഗപ്രവേശം ചെയ്തത്.
എന്നാൽ ആ വാദം ചെലവ് സഹിതം ജനങ്ങളുടെ കോടതി തള്ളിക്കളഞ്ഞെങ്കിൽ, ഇന്ന് ആർഎസ്എസ് സ്വയം ഹിന്ദുയിസത്തിന്റെ വക്താക്കളായി കോൺഗ്രസ്സിന്റെയും മറ്റു പ്രതിപക്ഷ പാർടികളുടെയും ഹിന്ദുയിസം വ്യാജമാണെന്നും പറയുമ്പോൾ ജനങ്ങൾക്കത് സ്വാകാര്യമായിത്തീരുന്നുവെന്നാണ് ബിജെപിക്കനുകൂലമായി ആവർത്തിച്ചുണ്ടാകുന്ന ജനവിധികൾ തെളിയിക്കുന്നത്.
ഗാന്ധിയുടെ ഹിന്ദുയിസവും സവർക്കറുടെ ‘ഹിന്ദുത്വ’യും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ മാത്രമാണെന്നും ഗാന്ധിയുടെ രാമനും ഗോഡ്സെയുടെ രാമനും ഒന്നുതന്നെയാണെന്നും മേൽപറഞ്ഞ ‘ഫാസിസ്റ്റ് വിരോധികൾ’ വാശിയോടെ വാദിച്ചുകൊണ്ടിരിക്കുന്നു.
ഹിന്ദുമതത്തിലും ഇതിഹാസ പുരാണങ്ങളിലും ഇന്ത്യൻ ദേശീയതയുടെ മേലുമുള്ള സംഘപരിവാറിന്റെ അവകാശ പത്രികക്ക് കീഴിൽ തുല്യം ചാർത്തുന്ന ഈ കലാപരിപാടി ഫാസിസ്റ്റുകളെ തോൽപ്പിക്കില്ലെന്ന് മാത്രമല്ല, അവർക്ക് മുന്നിൽ തോറ്റുകൊടുക്കുന്ന, സെൽഫ് ഗോളുകളായി മാറുന്നുണ്ടെന്ന് ഈ മഹാപണ്ഡിത ന്മാർക്ക് മനസ്സിലാകുന്നതേയില്ല! എ കെ രാമാനുജം മുന്നൂറ് രാമായണങ്ങളെപ്പറ്റിയാണ് ഉപന്യസിച്ചത്.
എന്നാലിക്കൂട്ടർ ഒരൊറ്റ രാമായണവും ഒരൊറ്റ രാമനും മാത്രമേ ഉള്ളൂവെന്നാണ് ശഠിക്കുന്നത്. “മാർക്സിസം വിപ്ലവകാരിയായ തൊഴിലാളി വർഗത്തിന്റെ പ്രത്യയശാസ്ത്രമെന്ന നിലക്ക് ചരിത്ര പ്രസക്തി നേടിയത്, ഭൂതകാലത്തിന്റെ അമൂല്യമായ ഈടുവെപ്പുകളെ തള്ളിക്കളഞ്ഞതുകൊണ്ടെല്ലെന്നും മറിച്ച് സഹസ്രാബ്ദങ്ങളുടെ ദീർഘ ജീവിതമുള്ള മനുഷ്യ ചിന്തയുടേയും സംസ്കാരത്തിന്റെയും സകല നേട്ടങ്ങളേയും ഏറ്റെടുക്കുകയും നവീകരിക്കുകയും ചെയ്തതുകൊണ്ടാണെന്നും” മഹാനായ ലെനിൻ വിശദീകരിച്ചിട്ടുണ്ട്.
സമ്പത്തിന്റെയെന്നപോലെ സംസ്കാരത്തിന്റെയും ഉല്പാദകർ ജനങ്ങളാണെന്നും, അതിന്റെ ഉടമാവകാശം തട്ടിയെടുക്കുകയാണ് ഉപരിവർഗം ചെയ്യുന്നതെന്നും ‘കീഴാള പക്ഷ’ത്താണ് തങ്ങളെന്ന് സ്വയം കരുതുന്നവർ പോലും തിരിച്ചറിയുന്നില്ല.
അതുകൊണ്ട് കേരളീയ മാനവികതയുടെ പുരോഗതിയാണ് ലക്ഷ്യമെങ്കിൽ വിപ്ലവത്തിന്റെ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, പാരമ്പര്യത്തെ വിപ്ലവവത്കരിക്കാനുള്ള രാഷ്ട്രീയവും സൈദ്ധാന്തികവുമായ ജാഗ്രത പുരോഗമന കലാ സാഹിത്യ പ്രവർത്തകരിൽ നിന്ന് ഈ കാലം പ്രതീക്ഷിക്കുന്നുണ്ട്.
(ദേശാഭിമാനി വാരികയിൽ നിന്ന്)








0 comments