31 March Friday

കേരളം തൊട്ടറിഞ്ഞ്‌ ജനകീയ പ്രതിരോധ ജാഥ - എം വി ഗോവിന്ദൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കേരളത്തെ ഇളക്കിമറിച്ചുകൊണ്ടാണ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ തിരുവനന്തപുരത്ത്‌ ശനിയാഴ്ച സമാപിക്കുന്നത്‌. ആവേശഭരിതവും രാഷ്‌ട്രീയ സംവാദത്തിന്റെ തീപ്പൊരികൾ വീണതുമായ ഒട്ടേറെ അനുഭവങ്ങളാണ്‌ യാത്രയിലുണ്ടായത്‌. ഇടതുപക്ഷ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്തേകിയ ആശയസമരമായിട്ടാകും ജാഥയെ ചരിത്രം വിശേഷിപ്പിക്കുക. 26 ദിവസത്തെ യാത്രാനുഭവം ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്‌ ദിനേശ്‌വർമയുമായി പങ്കുവയ്ക്കുന്നു

സാമൂഹ്യജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവരും ജാഥയുമായി സംവദിച്ചു, സഹകരിച്ചു. ജാഥകൊണ്ട്‌ ഉദ്ദേശിച്ചതെന്തോ അത്‌ ഫലവത്തായി. ലക്ഷക്കണക്കിന്‌ ജനങ്ങളുമായാണ്‌ സംവദിച്ചത്‌. അവരെ ആശയപരമായി കൂടുതൽ കരുത്തരാക്കാൻ ഇതുപകരിക്കും. ആ കരുത്ത്‌ പ്രതിരോധ ആയുധമായി മാറും എന്നതാണ്‌ സവിശേഷത.

ഏറ്റവും മികച്ച നിലയിൽ ക്ഷേമപദ്ധതികൾ നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. ആധുനിക യുഗത്തിനൊത്ത്‌ സമ്പദ്‌വ്യവസ്ഥയെയും പശ്ചാത്തലമേഖലയെയും മാറ്റിയെടുക്കുന്ന വികസന നടപടികളാണ്‌ നടക്കുന്നത്‌. അതേസമയം, എന്തെല്ലാം വികസന സാധ്യതകളുണ്ടെങ്കിലും കേരളത്തിൽ അതൊന്നും വേണ്ട എന്നതാണ്‌ കേന്ദ്ര സർക്കാർ നയം. വർഗീയമായി ചേരിതിരിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള ശ്രമങ്ങളെ കേരളം എക്കാലവും ഉയർത്തിപ്പിടിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകൊണ്ട്‌ ചെറുക്കണം. ഇക്കാര്യങ്ങൾ ജനത്തിന്‌ കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്‌.


 

മുന്നണിക്കെതിരെയും  മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വ്യക്തിപരമായും എന്തെല്ലാം ആക്രമണങ്ങളാണ്‌. അതിനെതിരെ സർക്കാരും മുന്നണിയും മാത്രമല്ല, ഈ ജനങ്ങളാകെ മുന്നിൽ വന്ന്‌ പ്രതിരോധിക്കണം. കൂടുതൽ ആവേശത്തോടെ അവരത്‌ ഏറ്റെടുക്കുന്നുവെന്നാണ്‌ കണ്ടത്‌. സ്വീകരണകേന്ദ്രങ്ങളിൽ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ തെളിയിച്ചത്‌ അതാണ്‌. സംഘടനാപരമായി ക്വാട്ടനിശ്ചയിച്ച്‌ ഇത്രപേരെ എത്തിക്കുന്ന പതിവ്‌ പോലെയല്ല, സ്വമേധയാ ജാഥയെ വരവേൽക്കാൻ അനവധിപേരാണ്‌ എത്തിയത്‌. ഓരോ ദിവസവും ക്ഷണിക്കപ്പെട്ടവരുമായുള്ള സംവാദങ്ങളിലും സ്വീകരണങ്ങളിലും സിപിഐ എമ്മുമായോ എൽഡിഎഫുമായോ ബന്ധമില്ലാത്തവരും മറ്റു പാർടികളിലുള്ളവരും എത്തി. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥ അഴിമതിയടക്കം ഒട്ടേറെ പരാതികൾ കിട്ടിയിട്ടുണ്ട്‌. അതെല്ലാം ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ കൈമാറും. പാർടിയിൽ പരിശോധിക്കേണ്ടത് അങ്ങനെയും ചെയ്യും.


 

സ്‌ത്രീ മുന്നേറ്റം
വീട്‌, പട്ടയം തുടങ്ങി സർക്കാരിന്റെ വിവിധ സഹായങ്ങൾക്ക്‌ അർഹരായവരുടെ ഒഴുക്കുണ്ടായി, ആരും നിർബന്ധിച്ചിട്ടല്ല.  ഒരുകാലത്തും ഇതൊന്നും നടക്കില്ലെന്ന്‌ കരുതി നിരാശപ്പെട്ടവർക്ക്‌ അത്‌ കിട്ടിയപ്പോഴുള്ള സന്തോഷമാണത്‌. വീട്ടിലുണ്ടാക്കിയ വിവിധ വസ്തുക്കളുമായാണ്‌ സ്വീകരണസ്ഥലങ്ങളിൽ അവരെത്തിയത്‌. ആദിവാസികൾ മുളങ്കുറ്റിയിൽ തേനുമായി വന്നതൊക്കെ വലിയ അനുഭവമാണ്‌.

സ്‌ത്രീകളുടെ പങ്കാളിത്തം പ്രത്യേകം പറയേണ്ടതാണ്‌. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും ഈ പൊരിവെയിലത്തും കാത്തുനിന്നു ലക്ഷക്കണക്കിന്‌ സ്‌ത്രീകൾ. ചെറുപ്പക്കാർ വലിയൊരുവിഭാഗം ചുവപ്പുസേനയിലടക്കം അണിനിരന്നു. മാധ്യമങ്ങൾ എന്തൊക്കെ നുണ പ്രചരിപ്പിച്ചാലും കേന്ദ്രവുമായി ചേർന്ന്‌ പ്രതിപക്ഷം എന്തൊക്കെ പാര പണിതാലും അതൊന്നും ബാധിക്കില്ലെന്നാണ്‌ സ്‌ത്രീകളുടെയും യുവതയുടെയും മുന്നേറ്റം കാണിക്കുന്നത്‌. 

ദിവാസ്വപ്നങ്ങൾ
ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച്‌ ജാഥയിൽ വിശദമായി സംസാരിച്ചു, ന്യൂഡൽഹിയിൽ ഫെബ്രുവരി 19ന്‌ നടന്ന ക്രൈസ്തവരുടെ പ്രതിഷേധമടക്കം. 21 സംസ്ഥാനത്ത്‌ ക്രൈസ്തവർക്കെതിരെ നടന്ന വലിയ കടന്നാക്രമണങ്ങൾ. 598 കേന്ദ്രത്തിൽ അക്രമം നടന്നതായി അവർ എഴുതിക്കൊടുത്തു. ഛത്തീസ്‌ഗഢിൽനിന്ന്‌ ആയിരത്തിലധികം പേർ പലായനം ചെയ്തു. സ്‌ത്രീകളെ നഗ്നരാക്കി ആയിരങ്ങൾക്കിടയിലൂടെ നടത്തിച്ചു. ഇത്തരം അതിക്രമങ്ങൾ അനുഭവിക്കുന്ന ജനതയെ ആകർഷിച്ച്‌ വോട്ട്‌ നേടുമെന്നത്‌ അമിത്‌ ഷായുടെ വ്യാമോഹം മാത്രമാണ്‌. തൃശൂരും കണ്ണൂരും പിടിക്കുമെന്ന്‌ വേറൊരാൾ. അന്ന്‌ ഞാൻ പറഞ്ഞതാണ്‌, അറയ്ക്കൽ ബീവിയുടെ കഥ. കെട്ടാൻ പലരും മോഹിക്കും, പക്ഷേ, അവരുടെകൂടി സമ്മതം വേണം. 

മൂന്ന്‌ പ്രമുഖ സാർവദേശീയ മതം സഹവർത്തിത്വത്തോടെ കഴിയുന്ന നാട്ടിൽ വിഷം കലക്കാനാണ്‌ ആർഎസ്‌എസും ന്യൂനപക്ഷ വർഗീയവാദികളും ശ്രമിക്കുന്നത്‌. വർഗീയവാദികളുടെ കാപട്യവും തുറന്നു കാണിച്ചു. വലിയ പശുസ്നേഹം പറയുന്നവർ ത്രിപുരയിൽ ആയിരക്കണക്കിന്‌ വീടുകൾക്കൊപ്പം തീയിട്ടത്‌ പശുത്തൊഴുത്തുകൾക്കാണ്‌. നൂറുകണക്കിന്‌ പശുക്കൾ വെന്ത്‌ ചത്തു. പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കണമെന്ന്‌ പറഞ്ഞവരാണ്‌, പിന്നീട്‌ പിൻവലിക്കേണ്ടിവന്നെങ്കിലും. വർഗീയവാദിക്ക്‌ വിശ്വാസമില്ല, യഥാർഥ ദൈവവിശ്വാസിക്ക്‌ വർഗീയവാദിയാകാനും കഴിയില്ല. ഇതൊക്കെ പറയുമ്പോൾ ജനങ്ങളിലുണ്ടാകുന്ന ആകാംക്ഷ വളരെ വലുതാണ്‌.


 

ചോദ്യം ഉത്തരം
ചോദ്യോത്തരങ്ങളിലൂടെയാണ്‌ ജാഥ കടന്നുപോന്നത്‌. ഓരോ ചോദ്യത്തിനും ജനങ്ങൾക്ക്‌ കൃത്യമായ മറുപടിയുണ്ടായി. കൊല്ലം കോർപറേഷൻ ഉപതെരഞ്ഞെടുപ്പിലെ വോട്ട്‌ കച്ചവടം എങ്ങനെയെന്ന്‌ വോട്ടിന്റെ കണക്കുകൾ വച്ച്‌ പറഞ്ഞു. 559 വോട്ട്‌ നേരത്തേ കിട്ടിയത്‌ ഇപ്പോൾ എത്രയായെന്ന്‌ ചോദിച്ചപ്പോൾ ജനങ്ങളാണ്‌ പറഞ്ഞത്‌ 47 എന്ന്‌. യുഡിഎഫ്‌– -ബിജെപി ബന്ധം കൃത്യമായി അവർക്ക്‌ മനസ്സിലായി.

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിൽക്കുന്നതിന്റെ കള്ളക്കളികളും ബോധ്യപ്പെടുത്തി. ലക്ഷക്കണക്കിന്‌ കോടി രൂപ വിലയുള്ള സ്ഥാപനങ്ങൾ ചെറിയ വിലയ്ക്ക്‌ കോർപറേറ്റുകൾക്ക്‌ വിൽക്കുന്നു. എന്നിട്ട്‌, ആ ചെറിയ വില ബാങ്ക്‌ വായ്പയെടുക്കുന്നു. അത്‌  കുടിശ്ശികയാക്കുമ്പോൾ കേന്ദ്രസർക്കാർ എഴുതിത്തള്ളുന്നു. 20 ലക്ഷം കോടിയാണ്‌ ഇങ്ങനെ തള്ളിയത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ വാങ്ങാൻ കോർപറേറ്റുകൾ എത്ര ചെലവാക്കിയെന്ന്‌ ചോദിച്ചപ്പോൾ ജനം പറഞ്ഞു; ‘വട്ടപ്പൂജ്യം’. ഏത്‌ സാമ്പത്തികശാസ്‌ത്ര തത്വവും ജനങ്ങളെ ഇങ്ങനെ ബോധ്യപ്പെടുത്താനാകും.  
മലപ്പുറം കൊണ്ടോട്ടിയിലെത്തിയപ്പോൾ ‘ ചെങ്കോട്ടയിലേക്ക്‌ സ്വാഗതം’ എന്ന്‌ അനൗൺസ്‌ ചെയ്യുന്നത്‌ കേട്ടു. അപ്പോൾ ഞാൻ തിരുത്തി: ‘‘ ചെങ്കോട്ടയാകാൻ പോകുന്ന കൊണ്ടോട്ടിയിലേക്ക്‌’’ എന്ന്‌ പറയണം. കാരണം, വസ്തുതകളിലൂടെയാണ്‌ നമ്മൾ മുന്നേറേണ്ടത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top