22 October Thursday

ബംഗാൾ തിരിച്ചുപിടിക്കാൻ സിപിഐ എം; ഗ്രാമീണമേഖലയിൽ വർധിച്ചുവരുന്ന ജനപിന്തുണ

ഗോപി കൊൽക്കത്തUpdated: Thursday Sep 10, 2020


അഴിമതിയും ദുർഭരണവുംമൂലം ജനപിന്തുണ നഷ്ടപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ഏതുവിധേനയും മുഖം മിനുക്കി പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലാണ്‌. വരുന്ന തെരഞ്ഞെടുപ്പിൽ അണികളെ പിടിച്ചുനിർത്താനും കാലുമാറ്റത്തിലൂടെ കൂടുതൽപേരെ ഒപ്പം കൂട്ടാനുമായി കോടികൾ മുടക്കി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ കോർപറേറ്റ്‌  സ്ഥാപനത്തെയാണ്‌ മമത രംഗത്തിറക്കിയിരിക്കുന്നത്‌. അതേസമയം, ജനകീയ ആവശ്യങ്ങളുന്നയിച്ച്‌ നിരന്തരമായി നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെയും ഏത്‌ ദുർഘടഘട്ടത്തിലും എന്തും സഹിച്ച് ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും വർധിച്ചുവരുന്ന ജനപിന്തുണയാണ് കോവിഡ് കാലഘട്ടത്തിൽ ബംഗാളിലൊട്ടാകെ പ്രത്യേകിച്ച് ഗ്രാമീണമേഖല ദർശിക്കുന്നത്. വീണ്ടും സിപിഐ എമ്മിനെ ബംഗാൾ ഭരണമേൽപ്പിക്കുമെന്ന തരത്തിലുള്ള വാർത്തകൾ സംസ്ഥാനത്തും ദേശീയതലത്തിലും സജീവമാണ്‌. പല ജില്ലയിലും തൃണമൂലിന്റെയും ബിജെപിയുടെയും പ്രവർത്തകർ കൂട്ടത്തോടെ സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്‌.

ബംഗാളിൽ സമസ്ത മേഖലയിലും വ്യാപകമായ അഴിമതി നടമാടുകയാണ്‌. മമതയുടെ ദുർഭരണത്താലും അക്രമത്താലും ജനങ്ങൾ പൊറുതിമുട്ടി. അതിനു പുറമെയാണ്‌ കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരന്തങ്ങൾ. ഉംപുൻ ചുഴലിക്കാറ്റിൽ എല്ലാം നഷ്ടമായ  ദശലക്ഷക്കണക്കിനാളുകൾ വലിയ കഷ്ടതയിലാണ്‌. സർക്കാർ അവരുടെ നിസ്സഹായാവസ്ഥ കാണുന്നില്ല. അവർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ വൻ വെട്ടിപ്പാണ്‌ നടന്നത്‌. ഇതുകൂടാതെയാണ്‌ ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതിചാർജ് വർധന വന്നത്‌. പൗരത്വ ഭേദഗതിബിൽ അടക്കമുള്ള വിഷയങ്ങളും നിരവധി  ജനകീയപ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട്‌ കേന്ദ്ര–- സംസ്ഥാനസർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും നിരന്തരമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്‌ സിപിഐ എം.


 

കോവിഡ് കാലഘട്ടത്തിലും നിയന്ത്രണങ്ങളും സാമൂഹ്യ അകലവും പാലിച്ച്  ജനകീയ ആവശ്യങ്ങൾ ഉയർത്തി സമരപരമ്പരകൾതന്നെ പാർടിയും ഇടതുമുന്നണിയും സംഘടിപ്പിച്ചു. പാർടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. മഹാമാരിയും ചുഴലിക്കാറ്റുംമൂലം ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സമൂഹ അടുക്കളകളും ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനവ്യാപകമായി പാർടി ആരംഭിച്ചു.

സംസ്ഥാനത്ത് തൃണമൂൽ അധികാരത്തിൽ വന്നതിനുശേഷം സിപിഐ എമ്മും ഇടതുമുന്നണിയും അകറ്റിനിർത്തപ്പെട്ട നന്ദിഗ്രാം, ആദിവാസി ഭൂരിപക്ഷമേഖലയായ വനാഞ്ചൽപ്രദേശം, അരംബാഗ് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ സ്വമേധയാ സംഘടിച്ച് സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും തിരിച്ചുവിളിച്ച് അവർക്ക് സംരക്ഷണം നൽകാൻ ആവശ്യപ്പെടുന്നു. പൂട്ടിക്കിടന്ന നിരവധി പാർടി ഓഫീസുകൾ ജനങ്ങളുടെ സഹായത്തോടെ വീണ്ടും തുറന്നു.

മഹാമാരിക്കാലത്തുപോലും അവിടെ ആളുകൾ സ്ഥിരമായി എത്തുന്നു. മമതയുടെ കടുത്ത അക്രമ–-അഴിമതി ഭരണത്തേക്കാൾ ഇടതുമുന്നണി ഭരണമായിരുന്നു നല്ലത്‌ എന്ന തിരിച്ചറിവും ഏത് ആപൽഘട്ടത്തിലും ജനങ്ങൾക്കൊപ്പം സിപിഐ എം പ്രവർത്തകർ ഉണ്ടാകുമെന്ന തിരിച്ചറിവുമാണ് അവരെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്‌.
ജാതി–- മത വേർതിരിവിന്റെ പേരിൽ വർഗീയവിഷം ചീന്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയെയും ജനം തിരിച്ചറിഞ്ഞു.


 

ഇതിൽ അസ്വസ്ഥരാകുന്ന മമതയും ബിജെപിയും അവർക്ക് ഹല്ലെലൂയ പാടുന്ന ചില മാധ്യമങ്ങളും എങ്ങനെയും സിപിഐ എമ്മിന്റെ തിരിച്ചുവരവ് തടയാനും അടിച്ചമർത്താനുമാണ്‌ ശ്രമിക്കുന്നത്‌. ബിജെപി മമതയ്‌ക്കെതിരെ എത്ര നീങ്ങിയാലും യഥാർഥ ശത്രു സിപിഐ എം ആണെന്ന ബോധമാണ് അവരെ നയിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് സിപിഐ എം പ്രവർത്തകർക്കെതിരെ സംസ്ഥാനവ്യാപകമായി വീണ്ടും ആരംഭിച്ച ആക്രമണം. മൂന്നു മാസത്തിനുള്ളിൽ തൃണമൂൽ അക്രമത്തിൽ സിപിഐ എമ്മിന്റെ നാലു പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോവിഡ് മഹാമാരിയിലും ചുഴലിക്കാറ്റ്‌ ദുരന്തത്തിലും കഷ്ടതയനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ പാർടിപ്രവർത്തകർ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നതാണ് അതിന് കാരണം. അന്യസംസ്ഥാനങ്ങളിൽ കഴിഞ്ഞിരുന്ന  ദശലക്ഷക്കണക്കിനാളുകളാണ് കോവിഡ്മൂലം ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയത്. കൊടുംപട്ടിണിയിലായ അവരുടെ കുടുംബങ്ങളെ  തൊഴിൽസംരംഭങ്ങളൊരുക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാർടിയുടെ നേതൃത്വത്തിലുള്ള സമരവും മമതയെ വിറളിപിടിപ്പിക്കുന്നു. ആളുകളെ  ഇളക്കിവിട്ട് തനിക്കെതിരെ കലാപം സൃഷ്ടിക്കുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യമെന്നാണ്‌ മമതയുടെ പ്രതികരണം.

ചുഴലിക്കാറ്റിൽ നിരവധിപേർ മരിക്കുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ദുരിതാശ്വാസവിതരണത്തിൽ വൻ തട്ടിപ്പാണ് നടന്നത്‌. കള്ള സാക്ഷ്യപത്രങ്ങളും വ്യാജപട്ടികകളും ഉണ്ടാക്കി തൃണമൂൽ നേതാക്കളും പ്രവർത്തകരും പണം തട്ടിയെടുത്തു. രോഷാകുലരായ ജനങ്ങൾ നിരവധി സ്ഥലങ്ങളിൽ തൃണമൂൽ ഓഫീസുകളും നേതാക്കളുടെ വീടുകളും പഞ്ചായത്ത്‌ ഓഫീസുകളും തകർത്തു. പലയിടങ്ങളിലും ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ജനരോഷം ഭയന്ന്‌ നിരവധി നേതാക്കളും പ്രവർത്തകരും സ്ഥലംവിട്ടു.  ബഹുഭൂരിപക്ഷം പഞ്ചായത്തും തൃണമൂൽ നിയന്ത്രണത്തിലാണ്. അവിടെങ്ങളിലെല്ലാം കൊടും അഴിമതിയാണ് നടക്കുന്നത്. എല്ലാ അതിരുകളും മറികടന്നുള്ള സ്വന്തം പാർടിക്കാരുടെ അഴിമതിയിൽ സഹികെട്ട മമത ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചില നേതാക്കളെ താക്കീത് ചെയ്തെങ്കിലും അതൊന്നും ജനരോഷം തണുപ്പിക്കില്ല.

തൃണമൂൽ അടക്കിവാണിരുന്ന കിഴക്കൻ മേദിനിപ്പുരിലെ നന്ദിഗ്രാം, ഖേജുരി മേഖലകളിലും വൻ ജനരോഷമാണ് ഉയർന്നത്. ബംഗാളിൽ തൃണമൂലിനെ അധികാരത്തിലേറാൻ സഹായിച്ച നന്ദിഗ്രാം കലാപത്തിന്റെ നേർവിപരീതമാണ്‌ അവിടെ ഇപ്പോൾ പ്രകടമാകുന്നത്. ദുരന്തത്തിൽ സഹായത്തിനെത്തിയ സിപിഐ എം പ്രവർത്തകരെയാണ് ജനങ്ങൾ ഇപ്പോൾ ആശ്രയിക്കുന്നത്. കലാപംമൂലം 11 വർഷംമുമ്പ്  നാടുവിട്ട് പോകേണ്ടി വന്നപാർടി നേതാക്കൾക്കും പ്രവർത്തകർക്കും വൻ വരവേൽപ്പാണ് നന്ദിഗ്രാം, ഖേജുരി ഭാഗങ്ങളിലൊട്ടാകെ  ലഭിക്കുന്നത്. തൃണമൂലുകാർ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നെങ്കിലും ജനങ്ങൾ സംഘടിതമായി അവരെ നേരിടുന്നു.

തകരുന്ന പ്രതിച്ഛായ തിരിച്ചെടുക്കാൻ പ്രശാന്ത്‌ കിഷോറിന്റെ കോർപറേറ്റ്‌  സ്ഥാപനത്തെയാണ് മമത നിയോഗിച്ചത്. അതിനുവേണ്ടി സംസ്ഥാനമൊട്ടാകെ ചുറ്റിനടക്കുന്ന ‘പി കെ സംഘ’ത്തിന് കടുത്ത നിരാശയാണ്‌ നേരിടേണ്ടിവരുന്നത്. ആറുമാസമായി കറങ്ങിത്തിരിയുന്ന അവർക്ക് ഒരാളെപ്പോലും ഇതുവരെ സിപിഐ എമ്മിൽനിന്ന്‌ അടർത്തി എടുക്കാൻ കഴിഞ്ഞിട്ടില്ല. നേതാക്കളുടെയും പ്രവർത്തകരുടെയും അടിയുറച്ച നിശ്ചയദാർഢ്യത്തിനു മുന്നിൽ നാണംകെട്ട് തലകുനിച്ച് പിന്മാറേണ്ടിവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top