ad
Deshabhimani

Articles

പ്രചോദനം 
പ്രകൃതിയല്ലാതെ മറ്റാര്

പ്രചോദനം 
പ്രകൃതിയല്ലാതെ മറ്റാര്

Environment Conclave
avatar
ഡോ. അബേഷ്‌ രഘുവരൻ

Published on Jun 04, 2026, 09:31 PM | 2 min read

ഇന്ന് ലോക പരിസ്ഥിതിദിനം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ഊട്ടിയുറപ്പിക്കേണ്ട ദിവസം. പക്ഷേ, പൊട്ടിപ്പോയ ഇഴകൾപോലെ അവ രണ്ടും അവരവരുടെ വഴികളിൽ സമാന്തരമായി സഞ്ചരിക്കുമ്പോൾ നാം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രകൃതിക്ഷോഭങ്ങളുടെ ആഴത്തിലേക്ക് വീണുപോകുന്നു. തിരിച്ചുപിടിക്കണം നമ്മുടെ സ്വച്ഛമായ പുഴകളെ, നനവാർന്ന മണ്ണിനെ, ഒപ്പം വിടർന്നുവിലസുന്ന പ്രകൃതിയെയും.


​പ്രകൃതി നമ്മോട് കലഹിക്കില്ല; വാദപ്രതിവാദത്തിൽ ഏർപ്പെടില്ല; ചർച്ച നടത്തില്ല. പക്ഷേ, നമ്മുടെ പ്രവൃത്തികൾമൂലം നാളെകൾ പ്രതീക്ഷാനിർഭരമല്ലെങ്കിൽ ചില സൂചനകൾ തരും. സമുദ്രജലനിരപ്പിന്റെ വർധന, കടുത്ത വേനൽ, കാട്ടുതീ, ഹിമാനികളിലെ മഞ്ഞുരുകൽ എന്നിങ്ങനെ. ഓരോ സൂചനയും മനസ്സിലാക്കി പ്രവർത്തിച്ചാൽ ഇനിയും പ്രതീക്ഷയുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ആഗോള ഊഷ്‌മാവ്‌ 1.5 ഡിഗ്രിയിൽ കൂടുതലാകരുതെന്ന ഐക്യരാഷ്ട്രസംഘടനയുടെ പ്രഖ്യാപിതനയവും നടപ്പായില്ല. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമൊക്കെ എല്ലാ ദിവസവും നാം ഉപയോഗിക്കുന്ന വാക്കുകളായിമാറി. കാലാവസ്ഥാമാറ്റംമൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന കൂട്ടമായ ശബ്‌ദങ്ങൾ ഉയരാൻ തുടങ്ങി.


​പക്ഷേ, ഈ മുറവിളികൾക്കിടയിലും മനുഷ്യൻ ചില മാറ്റങ്ങളെ പുൽകി. സോളാർ പാനലുകൾ വീടുകളുടെ മുകളിൽ ഇടംപിടിച്ചു. ടർബൈനുകൾ സ്ഥാപിച്ച്‌ കാറ്റിൽനിന്നുള്ള ഊർജം കൂടുതലായി ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. വനവൽക്കരണം കൂടുതൽ ഊർജിതമാക്കി. അങ്ങനെ നാം നിലനിൽപ്പിനായി പ്രകൃതിയുടെ വസന്തത്തെ തിരിച്ചുപിടിക്കാൻ തുടങ്ങിയിരിക്കുന്നു.


പ്രചോദനം പ്രകൃതിയിൽനിന്ന്


​കാലാവസ്ഥാവ്യതിയാനമാണ് ഈ വർഷത്തെ പ്രധാന ഫോക്കസ്. "Inspired by Nature. For Climate. For Our Future’ എന്നാണ് പ്രമേയം. പ്രകൃതിയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുകയും അതുവഴി നല്ല ഭാവി സാധ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ലോകത്തെ ശാസ്‌ത്രകണ്ടുപിടിത്തങ്ങൾ ഏതാണ്ടെല്ലാം പ്രകൃതിയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് കണ്ടെത്തിയവയാണ്. പക്ഷികളുടെ പറക്കൽ വിമാനം കണ്ടുപിടിക്കാൻ വഴിമരുന്നിട്ടതും മീനുകൾ കടലിലൂടെ നീന്തുന്ന രീതി ബോട്ടുകളുടെ ജനനത്തിന് നിദാനമായതുമൊക്കെ നമുക്കറിയാം. ഇങ്ങനെ പ്രകൃതിയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് ജന്മമെടുത്ത കണ്ടുപിടിത്തം ‘BIOMIMETICS' എന്നാണ് പറയുന്നത്. കാലാവസ്ഥാവ്യതിയാനത്തിനെതിരായി ശാസ്‌ത്രത്തെയും പ്രകൃതിയെയും ചേർത്ത്‌ പരിഹാരം കാണുകയെന്ന ആഹ്വാനമാണ് പരിസ്ഥിതിദിനത്തിന്റെ അടിസ്ഥാനം.


​പരിസ്ഥിതി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 1972ലാണ് യുഎൻ പരിസ്ഥിതിദിനം ആഘോഷിക്കാൻ തീരുമാനിച്ചത്‌. 1974ൽ "ഒരൊറ്റ ഭൂമി’ എന്ന മുദ്രാവാക്യവുമായി ലോകത്താകമാനം ദിനാചരണം തുടങ്ങി. അന്നുമുതലിങ്ങോട്ട്‌ എല്ലാ വർഷവും ജൂൺ അഞ്ചിന് ലോകമാകമാനം പരിസ്ഥിതിദിനമായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങൾക്ക് ആതിഥേയരാകുന്നത് ഓരോ രാജ്യമാണ്. ഇത്തവണ അസർബൈജാനിലെ ബാകൂവിലാണ് നടക്കുന്നത്. പാരിസ് ഉടമ്പടിയിൽ ഉൾപ്പെട്ട രാജ്യമെന്ന നിലയിൽ 2030ഓടെ കാർബൺ ബഹിർഗമനം 40 ശതമാനം കുറയ്‌ക്കുമെന്ന പ്രഖ്യാപനവും അതിനുള്ള ശ്രമവും അവരിൽനിന്ന്‌ ഉണ്ടാകുന്നുണ്ട്.


​കേവലമൊരു ചെടി നട്ടും അതിന്റെ ചിത്രം ഹാഷ്‌ടാഗോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചും നമ്മുടെയൊക്കെ ദിനാചരണം അവസാനിക്കുന്നു. അതിനപ്പുറം പ്രകൃതിയെ മനസ്സിലാക്കാനോ അടുത്തറിയാനോ നാം ശ്രമിക്കുന്നില്ല. ചുറ്റിനുമുള്ള ഓരോ ജീവജാലത്തെയും അറിയാൻ ശ്രമിക്കുന്നപോലെ അതിന്റെയെല്ലാം ആകത്തുകയായ പരിസ്ഥിതിയെയും അതിന്റെ സ്‌പന്ദനങ്ങളെയും അറിയാൻ ശ്രമിക്കേണ്ടതുണ്ട്. കൊച്ചു കുട്ടികളിൽ അങ്ങനെയൊരു തിരിച്ചറിവിന്റെ വിത്തുപാകുകയാണ് പ്രധാനം. വരുംതലമുറ പ്രകൃതിയെ സ്വന്തമെന്നു കരുതി പരിപാലിക്കേണ്ടതുണ്ട്. മണ്ണും മഴയും പുഴയും അറിയാതെ വളരുന്ന കുട്ടിക്ക്‌ മനുഷ്യനെയും സഹജീവികളെയും മനസ്സിലാക്കാനാകില്ല.


​(കൊച്ചി സർവകലാശാല സെന്റർ 
ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ 
അസി. പ്രൊഫസറാണ് ലേഖകൻ)




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home