Deshabhimani

Articles

കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി-കർഷക പ്രക്ഷോഭം

കേന്ദ്രനയങ്ങൾക്കെതിരെ തൊഴിലാളി-കർഷക പ്രക്ഷോഭം

elamaram kareem interview
avatar
എളമരം കരീം

Published on Aug 07, 2026, 01:30 AM | 3 min read

ഡൽഹി താൽകട്ടോറ സ്റ്റേഡിയത്തിൽ ജൂലൈ 29ന് ചേർന്ന ട്രേഡ് യൂണിയൻ–കിസാൻ സംയുക്ത കൺവൻഷൻ ആഹ്വാനംചെയ്‌ത, കേന്ദ്രസർക്കാർ ഓഫീസ് ഉപരോധസമരം ആഗസ്ത്‌ 10ന് അഖിലേന്ത്യാവ്യാപകമായി നടക്കുകയാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും സംയുക്തമായാണ് ഉപരോധസമരം പ്രഖ്യാപിച്ചത്. കർഷക തൊഴിലാളി സംഘടനകളും ഈ സമരത്തിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി, ലക്ഷക്കണക്കിന് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും സമരത്തിൽ അണിചേരും.


ഇന്ത്യൻ തൊഴിലാളികളുടെ മ‍ൗലികാവകാശങ്ങളെല്ലാം നിഷേധിക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌, ഇ‍ൗ കോഡുകൾ പാർലമെന്റ് പാസാക്കിയ 2019 മുതൽ ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്. ഈ ആവശ്യമുന്നയിച്ച് ആറ്‌ അഖിലേന്ത്യ പണിമുടക്കുകൾ നടന്നു. അതേസമയം, ലേബർ കോഡുകൾ നടപ്പാക്കാൻ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നത് സർക്കാർ നീട്ടിക്കൊണ്ടുപോയി. ബംഗാൾ, കേരളം, തമിഴ്‌നാട്‌, അസം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. തൊഴിലാളിസംഘടനകളെ വെല്ലുവിളിച്ചുകൊണ്ടാണ് സർക്കാരിന്റെ ഈ നീക്കം.


തൊഴിലാളികളുടെ മൗലികാവകാശങ്ങളായ ട്രേഡ് യൂണിയൻ രൂപീകരണം, കൂട്ടായ വിലപേശൽ, മിനിമംവേതനം എന്നിവയെ ഉൾപ്പെടെ ലേബർ കോഡുകൾ ഇല്ലാതാക്കുന്നു. രാജ്യത്തെ തൊഴിലാളികൾ അടിമകൾക്കുസമാനരായി ഫാക്ടറികളിൽ ജോലി ചെയ്യേണ്ടിവരും. ഐഎൽഒ അംഗീകരിച്ച തത്വങ്ങളെല്ലാം മോദിസർക്കാർ കാറ്റിൽപ്പറത്തി, കോർപറേറ്റുകൾക്ക് ലാഭം വാരിക്കൂട്ടാൻ സൗകര്യമൊരുക്കുകയാണ്. സ്വാതന്ത്ര്യാനന്തരം പാർലമെന്റ് പാസാക്കി നടപ്പാക്കിയ എല്ലാ പ്രധാന തൊഴിൽനിയമങ്ങൾവഴിയും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയ വ്യവസ്ഥകളാണ് ലേബർ കോഡുകൾവഴി ഇല്ലാതാക്കിയത്. വ്യവസായശാലകളിൽ സ്ഥിരംജോലി എന്ന വ്യവസ്ഥ മേലിലുണ്ടാകില്ല. ലോകത്ത് ഒരിടത്തും കാണാത്ത തൊഴിലാളിവിരുദ്ധ നിയമങ്ങളാണ് മോദിസർക്കാർ പാസാക്കിയിരിക്കുന്നത്‌. ഇത് പൂർണമായും പിൻവലിക്കണമെന്നാണ് 10 കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന്‌ ആവശ്യപ്പെടുന്നത്.


ഇന്ത്യൻ ശിക്ഷാനിയമം ഭേദഗതി ചെയ്ത് രൂപംനൽകിയ ബിഎൻഎസ്‌ (ഭാരതീയ ന്യായസംഹിത) തൊഴിലാളികളുടെ കൂട്ടംചേരലും ഫാക്ടറികൾക്കുമുന്നിൽ ഒത്തുചേർന്ന്‌ മുദ്രാവാക്യം മുഴക്കുന്നതുമെല്ലാം ക്രിമിനൽ കുറ്റമായി പരിഗണിക്കുന്നു. ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ തൊഴിലാളികൾ ചെയ്യുന്ന എല്ലാ ഒത്തുചേരലുകളും ജാമ്യമില്ലാത്ത കുറ്റമായി ബിഎൻഎസ് കണക്കാക്കുന്നു. കോർപറേറ്റുകൾ മോദിഭരണത്തിൽ ലാഭം വാരിക്കൂട്ടുമ്പോഴാണ്‌ തൊഴിലാളികളെ എല്ലാ പ്രതിഷേധ പ്രകടനങ്ങളിൽനിന്നും വിലക്കുന്നത്. ഭരണഘടന തൊഴിലാളികൾക്ക്‌ അനുവദിക്കുന്ന അവകാശങ്ങൾപോലും മോദിസർക്കാർ നിഷേധിക്കുന്നു. കോടിക്കണക്കിന് അസംഘടിതമേഖലാ തൊഴിലാളികൾക്ക് ഒരുവിധ സുരക്ഷിതത്വവും ഇല്ലാതാക്കുന്നവയാണ് ലേബർ കോഡുകൾ.


കർഷകരുടെയും നട്ടെല്ലൊടിക്കുന്ന നടപടികളാണ്‌ മോദിസർക്കാർ കൈക്കൊള്ളുന്നത്. 2020ലെ കാർഷികനിയമങ്ങൾ കർഷകപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പിൻവലിച്ചപ്പോൾ, സംഘടനകൾക്ക് നൽകിയ ഉറപ്പുകൾ ഇതുവരെ നടപ്പാക്കിയില്ല. കാർഷികോൽപ്പന്നങ്ങൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്ത നിരക്കിൽ സംഭരണവില നൽകാൻ തയ്യാറാകുന്നില്ല. കൃഷിച്ചെലവുകൾ വർധിക്കുമ്പോഴും ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കാതെ കർഷകർ തകർച്ചയിലാണ്‌. കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന ഉറപ്പും മോദിസർക്കാർ ലംഘിച്ചു.


അമേരിക്കയുമായും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായും കേന്ദ്രം ഒപ്പുവച്ച കരാറുകൾ, വിളകളും ക്ഷീരോൽപ്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുന്നു. ഇ‍ൗ സമ്പന്നരാജ്യങ്ങൾ വൻ സബ്സിഡി നൽകിയാണ് കാർഷികോൽപ്പാദനം നടത്തുന്നത്. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ കർഷകരുടെ ഉൽപ്പന്നങ്ങളുടെ വിലയേക്കാൾ കുറഞ്ഞ വിലയിൽ കാർഷികചരക്കുകൾ രാജ്യത്തേക്ക്‌ ഇറക്കുമതി ചെയ്യപ്പെടും. അങ്ങനെവന്നാൽ ഇന്ത്യൻ കർഷകർ കുത്തുപാള എടുക്കേണ്ടിവരും. വില കുറഞ്ഞ പാലുൽപ്പന്നങ്ങൾ വൻതോതിൽ എത്തിയാൽ രാജ്യത്തെ ക്ഷീരകർഷകർ ദുരിതത്തിലാകും. അമുൽ, മിൽമ പോലുള്ള സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും. ഇതിന്‌ കാരണമാകുന്ന നയങ്ങൾ പിൻവലിക്കണമെന്നാണ് കർഷകസംഘടനകൾ ആവശ്യപ്പെടുന്നത്.


അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനുനേരെ ആക്രമണം അഴിച്ചുവിട്ടശേഷം, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഭാഗികമായി തടസ്സപ്പെട്ടു. രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില ഗണ്യമായി ഉയർന്നു. ജനങ്ങളാകെ ബുദ്ധിമുട്ടിലായി. സാമ്രാജ്യത്വം അഴിച്ചുവിട്ട യുദ്ധത്തിനെതിരെ പ്രതികരിക്കാൻ മോദിസർക്കാർ തയ്യാറായില്ല. അവർ സാമ്രാജ്യത്വശക്തികൾക്ക് ദാസ്യവേല ചെയ്യുകയാണ്.

രാജ്യത്തെ പൊതുമേഖലാ വ്യവസായങ്ങളും സേവനങ്ങളും തീവ്രമായി സ്വകാര്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം.


കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് തീറെഴുതുകയാണ്. കടലും വനപ്രദേശങ്ങളും അമൂല്യമായ ധാതുസമ്പത്തും നാട്ടിലെയും വിദേശങ്ങളിലെയും സ്വകാര്യകുത്തകകൾക്ക് കൊള്ളയ്‌ക്ക്‌ വിട്ടുകൊടുക്കുകയാണ്‌. വൈദ്യുതിമേഖല സ്വകാര്യവൽക്കരിക്കാൻ തകൃതിയായ നീക്കമാണ് സർക്കാർ നടത്തുന്നത്. വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണം, വെളിച്ചത്തിനായി വൈദ്യുതിയെ ആശ്രയിക്കുന്നവരെമാത്രമല്ല, ജലസേചനത്തിനായി വൈദ്യുതി ഉപയോഗിക്കുന്ന കോടിക്കണക്കിന്‌ കർഷകരെയും ഗുരുതരമായി ബാധിക്കും. വൈദ്യുതി, കൽക്കരി, എണ്ണ എന്നീ എല്ലാ ഊർജമേഖലകളെയും കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്.


ഗ്രാമീണമേഖലയിൽ വലിയ ആശ്വാസമായിരുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രം തകർത്തു. ഗ്രാമീണദരിദ്രർക്ക് പഴയപോലെ തൊഴിലും കൂലിയും ലഭിക്കാത്ത സ്ഥിതിയായി. വിലക്കയറ്റവും തൊഴിലില്ലായ്‌മയും ദരിദ്രരും ഇടത്തരക്കാരുമായ ജനതയെ പ്രയാസത്തിലാക്കുകയാണ്. ജീവിതപ്രശ്നങ്ങൾ കുന്നുകൂടുമ്പോൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്ന ജനങ്ങളെ ഭിന്നിപ്പിക്കാൻ വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാറിനെ കയറൂരിവിടുന്നു. മതനിരപേക്ഷതയെ തകർക്കുന്നത്‌ രാജ്യത്തെ ദുർബലപ്പെടുത്തും. ഈ പശ്ചാത്തലത്തിലാണ്‌ രാജ്യത്തെ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഒന്നിച്ച് ദേശീയപ്രക്ഷോഭത്തിന് തീരുമാനിച്ചത്. കേന്ദ്രസർക്കാർ ഓഫീസുകൾ പിക്കറ്റ് ചെയ്‌ത്‌ അറസ്റ്റ്‌ വരിക്കും. ജയിൽവാസത്തിനും സന്നദ്ധരായിട്ടാണ് ഈ സമരത്തിലേക്ക് ജനങ്ങൾ വരുന്നത്. രാജ്യത്തെ തകർക്കുന്ന നയങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരും.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home