ad
Deshabhimani

വലതുപക്ഷത്തെ നുണയൻ

v d satheeshan
ടി ചന്ദ്രമോഹൻ

Published on Feb 16, 2026, 10:35 PM | 4 min read

​ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ്‌ ഗീബൽസ്‌ നുണകൾ നൂറ്റൊന്നുതവണ ആവർത്തിച്ച മുപ്പതുകളുടെ ജർമൻചരിത്രമാണ്‌ കേരളത്തിലെ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ വാതുറക്കുമ്പോൾ ഓർമയിലെത്തുന്നത്‌. അന്ന്‌ ഗീബൽസിന്റെ നുണകൾക്ക്‌ ഇന്നത്തെ രീതിയിലുള്ള മാധ്യമപ്രചാരണം ലഭിച്ചിരുന്നില്ല. സതീശന്റെ നുണകൾ ഏറ്റെടുത്ത്‌ പ്രചരിപ്പിക്കാൻതന്നെ മുഖ്യധാരാ മാധ്യമങ്ങളിലെ ഒരുപറ്റം ലേഖകരും അവതാരകരും സിൻഡിക്കറ്റായി പ്രവർത്തിക്കുകയാണ്‌. ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ ഒറ്റുകൊടുക്കലിന്റെയും വഞ്ചനയുടെയും കാപട്യത്തിന്റെയും നാണക്കേടുകൾ മറയ്‌ക്കാൻ പുതിയ മുഖംമൂടി അണിയുന്ന സതീശൻ, പെരുംനുണകളുടെ സ്രഷ്ടാവായി മാറുകയാണ്‌. സതീശൻ വായ തുറന്നുതള്ളുന്ന നുണകളുടെ ഛർദിയെ ഒരുപറ്റം മാധ്യമങ്ങൾ അമൃതായി ഭക്ഷിക്കുകയാണ്‌. മെറ്റയ്‌ക്ക്‌ പണം നൽകി സമൂഹമാധ്യമങ്ങളിലും നുണകൾ ബൂസ്റ്റ്‌ ചെയ്യപ്പെടുന്നു.


സ്ഥലകാലബോധമില്ലാതെ യാഥാർഥ്യവുമായോ വസ്‌തുതകളുമായോ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കിത്തന്നെയാണ്‌ മാധ്യമങ്ങൾ ഇതിന്‌ അമിതപ്രാധാന്യം നൽകുന്നത്‌. മനുഷ്യബോധത്തെ സ്വാധീനിക്കുന്നതിന്‌ ബോധപൂർവം മാധ്യമങ്ങൾ സ്വീകരിക്കുന്ന തന്ത്രത്തിന്റെ ഭാഗമാണിത്‌. അച്ചടിമഷി പുരണ്ടതും ദൃശ്യഗോചരവുമായതെന്തും സത്യമാണെന്ന്‌ വലിയൊരു വിഭാഗം വിശ്വസിക്കുന്ന രീതിയിൽ മാധ്യമസ്വാധീനമുള്ള സംസ്ഥാനമാണ്‌ കേരളം. ഇത്‌ മനസ്സിലാക്കിത്തന്നെയാണ്‌ കനുഗോലുവിനാൽ വിലയ്‌ക്കെടുക്കപ്പെട്ട മാധ്യമങ്ങളിലൂടെ പൊതുബോധം സൃഷ്ടിക്കാൻ വി ഡി സതീശൻ നുണകൾ ആവർത്തിക്കുന്നത്‌. അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഞായറാഴ്‌ച മാതൃഭൂമി കൊടുത്ത അഭിമുഖത്തിൽപ്പോലും നുണകൾ ആവർത്തിക്കുന്നത്‌. പിണറായി സർക്കാർ ആറുലക്ഷം കോടി രൂപയുടെ കടബാധ്യത സൃഷ്ടിച്ചെന്ന നുണയോടെയാണ്‌ തുടക്കം. ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുലക്ഷം കോടി രൂപ ഡിഎ കുടിശ്ശിക നൽകാനുണ്ടെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡ്‌, എൽഡിഎഫ്‌ സർക്കാർ നാലുതവണ ചാർജ്‌ വർധിപ്പിച്ചിട്ടും ഇപ്പോൾ 50,000 കോടി നഷ്ടത്തിലാണെന്നും തട്ടിവിട്ടു. ഇത്തരം നുണകൾ അഭിമുഖത്തിലുടനീളം ആവർത്തിച്ചശേഷം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ നിയമസഭയിൽ പ്രതിരോധത്തിന്റെ കുന്തമുന പലപ്പോഴും താനായിരുന്നുവെന്നും അവകാശപ്പെട്ടു.


VD Satheesan.jpg


എൽഡിഎഫ്‌ സർക്കാർ ആറുലക്ഷം കോടി രൂപ കടബാധ്യത വരുത്തിവച്ചുവെന്ന നുണയുടെ യാഥാർഥ്യമെന്തെന്ന്‌ പരിശോധിക്കാം. കേരളത്തിന്റെ കടത്തിന്റെ തോത്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന്‌ കേന്ദ്രസർക്കാരിന്റെ നിതി ആയോഗിന്റെയും സിഎജിയുടെയും റിസർവ്‌ ബാങ്കിന്റെയും രേഖകളുണ്ട്‌. 2026 മാർച്ച്‌ 31ന്‌ പ്രതീക്ഷിക്കുന്ന കടം 4.62 ലക്ഷം കോടി രൂപമാത്രമാണ്‌. ഇത്‌ കേരളം നിലവിൽ വന്നശേഷം ഇതുവരെയുള്ള കടബാധ്യതയാണ്‌. ഓരോ അഞ്ചുവർഷം കൂടുന്പോഴും സംസ്ഥാനത്തിന്റെ കടം ഇരട്ടിക്കുന്നുവെന്ന സ്ഥിതിയായിരുന്നു 2016 വരെ. 2011 മാർച്ചിൽ കടബാധ്യത 78,673 കോടിയായിരുന്നു. 2016 മാർച്ച്‌ 31ന്‌ ഇത്‌ ഇരട്ടിച്ച്‌ 1,58,370 കോടിയായി. ഇതിനുപുറമെ ക്ഷേമപെൻഷൻ കുടിശ്ശികയടക്കം 20,000 കോടിയിലേറെ മറ്റു കുടിശ്ശികയും ഉണ്ടായിരുന്നു. യുഡിഎഫ്‌ സർക്കാരിന്റെ സമീപനമായിരുന്നു എൽഡിഎഫ്‌ സ്വ‍ീകരിച്ചിരുന്നതെങ്കിൽ 2021ൽ കടം 3,16,740 കോടിയും 2026 മാർച്ചിൽ 6,23,480 കോടി രൂപയുമാകുമായിരുന്നു. എന്നാൽ, 4.62 ലക്ഷം കോടിയാണ്‌ മാർച്ച്‌ 31ന്‌ പ്രതീക്ഷിക്കുന്ന കടം. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പാദനം (ജിഎസ്‌ഡിപി) 5.85 ലക്ഷം കോടിയിൽനിന്ന്‌ 14.27 ലക്ഷം കോടിയായി ഉയർന്നു. വൻ പ്രളയങ്ങൾ, കോവിഡ്‌ തുടങ്ങിയവയെ അതിജീവിച്ചായിരുന്നു ഇ‍ൗ മുന്നേറ്റം. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ്‌ കാലയളവിൽ കടം ഇരിട്ടിച്ചിട്ടും ജിഎസ്‌ഡിപി 3.64 ലക്ഷം കോടിയിൽ 5.85 ലക്ഷം കോടിയായതേയുള്ളൂ. ആധികാരികമായ അടിസ്ഥാനവിവരങ്ങളെ മറച്ചുവച്ചുകൊണ്ടാണ്‌ എൽഡിഎഫ്‌ സർക്കാർ കടബാധ്യത ആറുലക്ഷം കോടിയാക്കിയെന്ന നുണ പ്രചരിപ്പിക്കുന്നത്‌. ഇത്‌ നുണയാണെന്നറിഞ്ഞിട്ടും മാതൃഭൂമി ഇക്കാര്യം ആവർത്തിക്കുന്നു.


vd satheesan.jpg


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുലക്ഷം കോടി രൂപ കുടിശ്ശിക എന്നതിന്റെ എന്തെങ്കിലും രേഖകൾ മുന്നോട്ടുവയ്‌ക്കാൻ പ്രതിപക്ഷനേതാവിനാകില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ലാഭത്തിലായിരുന്ന കെഎസ്‌ഇബി ഇപ്പോൾ 50,000 കോടി രൂപ നഷ്ടത്തിലാണെന്നാണ്‌ സതീശൻ അഭിമുഖത്തിൽ പറഞ്ഞ മറ്റൊരു നുണ. 2011ൽ കെഎസ്‌ഇബിയുടെ ആകെ നഷ്‌ടം 988.91 കോടിയായിരുന്നു. 2012 ആയപ്പോൾ നഷ്‌ടം1693 കോടിയായി. 2016ൽ യുഡിഎഫ്‌ അധികാരമൊഴിയുന്പോൾ ആകെ നഷ്ടം 7769.9 കോടിയായി. നഷ്ടത്തിൽനിന്ന്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയ ഇ‍ൗ കാലത്തെപ്പറ്റിയാണ്‌ യുഡിഎഫ്‌ കാലത്ത്‌ ലാഭത്തിലായിരുന്നു എന്നു നുണപറയുന്നത്‌. പവർകട്ടിന്റെയും ലോഡ്‌ഷെഡിങ്ങിന്റെയും കാലംകൂടിയായിരുന്നു അത്‌. 2016 മുതൽ 2025 വരെ ഉണ്ടായ ആകെ നഷ്ടം 3449 കോടിമാത്രമാണ്. ബോർഡിന്‌ ഉണ്ടാകുന്ന നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ നികത്തുന്നുണ്ട്‌. സ്വകാര്യവൽക്കരിച്ച്‌ കമ്പനികളാക്കാനുള്ള കേന്ദ്രനിർദേശം അംഗീകരിച്ച്‌ മുന്നോട്ടുപോകാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ തീരുമാനം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കാതെ കെഎസ്‌ഇബിയെ പൊതുമേഖലാസ്ഥാപനമായി നിലനിർത്തി മുന്നോട്ടുപോവുകയാണ്‌.


മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നൽകിയപ്പോൾ അതിനെതിരെ പരസ്യമായി രംഗത്തുവരികയും ലീഗ്‌ സമുദായ സന്തുലനം ഇല്ലാതാക്കുമെന്നും ഇത്‌ ഭാവിയിൽ അപകടം ഉണ്ടാക്കുമെന്നും പ്രതികരിച്ചിരുന്നു സതീശൻ. രാഷ്‌ട്രീയനേതാക്കൾ സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങരുതെന്നും പറഞ്ഞു. എന്നാൽ, പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം സതീശൻ തിണ്ണനിരങ്ങിയ കാര്യം സമുദായ നേതാക്കൾതന്നെ അടുത്തിടെ പറഞ്ഞിട്ടുണ്ട്‌


ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിസ്ഥാനം കിട്ടാത്തതിനെ തുടർന്ന്‌ ആ സർക്കാരിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന സതീശനാണ്‌ ‘നിയമസഭയിൽ സർക്കാരിന്റെ പ്രതിരോധത്തിന്റെ കുന്തമുന പലപ്പോഴും ഞാനായിരുന്നു’ എന്ന്‌ അഭിമുഖത്തിൽ അവകാശപ്പെടുന്നത്‌. സ്ഥാനത്തും അസ്ഥാനത്തും ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിക്കലായിരുന്നു സതീശന്റെ പ്രധാന പണി. സർക്കാർ പൂർണപരാജയമാണെന്നും സർവത്ര അഴിമതിയാണെന്നും ആശുപത്രിയിൽ മരുന്നില്ലെന്നും സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക്‌ ഉത്തരവാദിത്വമുണ്ടെന്നും പറയുന്ന പഴയ പ്രസംഗത്തിന്റെ നിരവധി വീഡിയോകൾ ലഭ്യമാണെന്നിരിക്കെയാണ്‌ ഇ‍ൗ അവകാശവാദം. മുസ്ലിംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നൽകിയപ്പോൾ അതിനെതിരെ പരസ്യമായി രംഗത്തുവരികയും ലീഗ്‌ സമുദായ സന്തുലനം ഇല്ലാതാക്കുമെന്നും ഇത്‌ ഭാവിയിൽ അപകടം ഉണ്ടാക്കുമെന്നും പ്രതികരിച്ചിരുന്നു സതീശൻ. രാഷ്‌ട്രീയനേതാക്കൾ സാമുദായിക നേതാക്കളുടെ തിണ്ണനിരങ്ങരുതെന്നും പറഞ്ഞു. എന്നാൽ, പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം സതീശൻ തിണ്ണനിരങ്ങിയ കാര്യം സമുദായ നേതാക്കൾതന്നെ അടുത്തിടെ പറഞ്ഞിട്ടുണ്ട്‌. 2001, 2006 വർഷങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസ്‌ സഹായം തേടിയതായി ഹിന്ദു ഐക്യവേദി വക്താവ്‌ ആർ വി ബാബു വെളിപ്പെടുത്തിയിരുന്നു. മതനിരപേക്ഷതയെ തൊട്ടുകളിച്ചാൽ വിട്ടുവീഴ്‌ചയില്ലാതെ നിലപാടെടുക്കണം. വോട്ട് നഷ്ടപ്പെട്ടാൽ പോകട്ടെയെന്ന്‌ വിചാരിക്കണം. വാക്കുപറഞ്ഞാൽ കൂടെനിൽക്കണം. ഇരട്ടത്താപ്പും കാപട്യവും പാടില്ല. (മുസ്ലിം ജമാഅത്ത്‌ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപനവേദിയിൽ പറഞ്ഞത്‌.)


എന്നാൽ, ഒരാഴ്‌ചമുമ്പാണ്‌ പുതുയുഗയാത്രയ്‌ക്കിടെ കോഴിക്കോട്ടുവച്ച്‌ പറഞ്ഞത്‌, ജമാഅത്തെ ഇസ്ലാമിയോട്‌ കൂടുന്നതിൽ തെറ്റ്‌ എന്താണെന്നും മതരാഷ്‌ട്രവാദത്തിൽനിന്ന്‌ പിന്മാറിയ അവരെ ഒപ്പംനിർത്തുമെന്നും. വയനാട്‌ മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതർക്കുവേണ്ടി കോൺഗ്രസ്‌ പണംപിരിച്ചിട്ട്‌ വീടുകൾ വയ്‌ക്കാതിരുന്നതിനെപ്പറ്റി പുതുയുഗയാത്രയ്‌ക്കിടെ സതീശൻ പറഞ്ഞത്: "വീടിന്‌ ആവശ്യമായ സ്ഥലം സർക്കാർ തരുമെന്നാണ്‌ കരുതിയത്‌. ആവശ്യപ്പെട്ടിട്ടും തന്നില്ല. അതുകൊണ്ടാണ്‌ വീടുനിർമാണം വൈകിയത്‌. മാത്രമല്ല, പുനരധിവാസത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ 1730 കോടി രൂപയുണ്ട്‌.’ ഒരാഴ്‌ചമുമ്പുവരെ പറഞ്ഞത്‌ 720 കോടി രൂപ ഉണ്ടെന്നായിരുന്നു. 2024 ഡിസംബർ 30ന്‌ പ്രതിപക്ഷനേതാവുകൂടി പങ്കെടുത്ത യോഗത്തിലാണ്‌ സ്‌പോൺസർമാർക്ക്‌ വീട്‌ നിർമിക്കാൻ ഭൂമി അനുവദിക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയത്‌. സർക്കാരിന്റെ ദുരിതാശ്വാസ ധനസമാഹരണത്തോട്‌ സഹകരിക്കാതിരുന്നിട്ട്‌ യുഡിഎഫ്‌ പ്രവർത്തകരും സംഘടനകളും പണം നൽകിയെന്നും നുണപറഞ്ഞു.


അടുത്തിടെ പറഞ്ഞ നുണകളിൽ ചിലതും വസ്‌തുതയും


സതീശൻ: മെഡിക്കൽ കോളേജുകളിൽ സൗകര്യമില്ലാത്തതിനാൽ ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചയക്കുന്നു.


വസ്‌തുത: എല്ലാ മെഡിക്കൽ കോളേജിലും സൗകര്യങ്ങൾ വർധിപ്പിച്ചു: എന്നാൽ ജില്ല–താലൂക്ക് ആശുപത്രികൾ നിലവാരം കൂട്ടിയതോടെ പല ചികിത്സകളും അവിടെ നടത്താം.


സതീശൻ: യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരുവർഷം മാത്രമേ പാഠപുസ്‌തകവിതരണം വൈകിയിട്ടുള്ളൂ.​


വസ്‌തുത: 2011–2016 യുഡിഎഫ്‌ ഭരണത്തിൽ 2013, 2014, 2015 വർഷങ്ങളിൽ പാഠപുസ്‌തകവിതരണം വൈകി. 2015–-16 അധ്യയനവർഷത്തെ കടുത്ത പ്രതിസന്ധി മാസങ്ങളോളം നീണ്ടു. സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.


സതീശൻ: പുനർജനി പദ്ധതിക്കായി ബർമിങ്ഹാമിൽ പോയി പണം പിരിച്ചിട്ടില്ല.


വസ്‌തുത: ബർമിങ്ഹാമിൽ സംഘടിപ്പിച്ച പരിപാടിയിൽ സംഭാവന ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം അടക്കം പുറത്തുവന്നു. 
ഇത്തരത്തിൽ പ്രതിപക്ഷനേതാവ്‌ തുടർച്ചയായി പറയുന്ന നുണകളുടെയും മറ്റുള്ളവരെ അവഹേളിച്ചതിന്റെയും പരമ്പരതന്നെയുണ്ട്‌. ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ വായിൽ തോന്നുന്നത്‌ പറയുകയാണെന്ന്‌ പറഞ്ഞു; പിന്നെ അതും നിഷേധിച്ചു. പറഞ്ഞത്‌ മാറ്റിപ്പറയും. അങ്ങനെ പറഞ്ഞിട്ടില്ലെന്ന്‌ സ്ഥാപിക്കാനുള്ള അപാര തൊലിക്കട്ടിയാണ്‌ പ്രതിപക്ഷനേതാവിനുള്ളത്‌.




deshabhimani section

Dont Miss it

Recommended for you

Deshabhimani
Home