ആശയ്‌ക്ക് വകയില്ലാത്ത കേന്ദ്രബജറ്റ്


ഡോ. വി ശിവദാസൻ എംപി
Published on Feb 03, 2026, 03:31 AM | 3 min read
സാധാരണക്കാർക്ക് ആശയ്‌ക്ക് വകയില്ലാത്തതാണ് ഇൗ കേന്ദ്ര ബജറ്റ്. 10 ലക്ഷത്തോളമുള്ള ആശാവർക്കർമാർക്കായി ഒന്നും നീക്കിവയ്‌ക്കാത്തതുകൊണ്ടുമാത്രമല്ല അത് ആശയ്‌ക്ക് വകയില്ലാത്തതായി മാറിയത്. സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളൊന്നും പരിഗണിക്കാത്തതുകൊണ്ടുകൂടിയാണ്. ബിജെപി സർക്കാർ അവതരിപ്പിച്ച മുൻകാല ബജറ്റുകളെപ്പോലെ ഇതും ഒന്നാമതായി കേരളവിരുദ്ധത അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ടത്. കേരളവിരുദ്ധതയെന്നാൽ കേരളമെന്ന ഭൂപ്രദേശത്തോടുള്ള കേവല അർഥത്തിലുള്ള വിദ്വേഷമല്ല. മറിച്ച് കേരളം ഉയർത്തുന്ന ബദൽ മാതൃകയോടുള്ള വിദ്വേഷമാണ്. അത് മനസ്സിലാക്കാൻ കേരളത്തിന്റെ ബജറ്റും ഭരണസമീപനവും നോക്കിയാൽ മതി. കേരളബദൽ ആശയ്‌ക്ക് വകനൽകുന്നതാണ്. അത് അരികുവൽക്കരിക്കപ്പെട്ട സകലമനുഷ്യരെയും ചേർത്തുനിർത്തുന്നു. ജനങ്ങൾക്ക് ഓരോ നിമിഷത്തിലും പുതിയ പ്രതീക്ഷകൾക്കുള്ള വകനൽകി. ജീവനക്കാർക്ക് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും, തൊഴിലാളികൾക്ക്–-സാധാരണക്കാർക്ക് തൊഴിലും കൂലിയും, കരുതലാവശ്യപ്പെടുന്നവർക്ക് പെൻഷനും ക്ഷേമാനുകൂല്യങ്ങളും കേരള മാതൃകയാണ്. എന്നാൽ, അതിന്റെ വിപരീതദിശയിലാണ് കേന്ദ്ര സർക്കാർ. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്നവർക്ക് കേരളമെന്ന ഭൂപ്രദേശത്തോടുള്ള വിദ്വേഷമല്ലിത്, മറിച്ച് നാം ഉയർത്തിപ്പിടിക്കുന്നതും അവർക്ക് അലോസരമുണ്ടാക്കുന്നതുമായ നയത്തോടുള്ള വിദ്വേഷമാണ്.
ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണെന്നത് ഭരണഘടന അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, സംസ്ഥാനങ്ങളുടെ ധനാഗമ മാർഗങ്ങൾ പരിമിതിപ്പെടുത്താനാണ് ബജറ്റ് ശ്രമിച്ചിരിക്കുന്നത്. ധന കമീഷന്റെ നിർദേശങ്ങളിലും അത് കാണാനാകും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയതിനേക്കാളും വളരെ കുറഞ്ഞ വകയിരുത്തലുകളാണ് നിലവിലുള്ളത്. 16–ാം ധന കമീഷൻ നിർദേശിച്ചിരിക്കുന്ന നികുതിവിഹിതം 2.382 ശതമാനമാണ്. എന്നാൽ, 11 മുതൽ 14 വരെയുള്ള കമീഷനുകളുടെ വകയിരുത്തൽ 3.06 ശതമാനം, 2.67 ശതമാനം, 2.34 ശതമാനം, 2.50 ശതമാനം എന്നിങ്ങനെയായിരുന്നു. അതിനർഥം അന്ന് നൽകിയതിനേക്കാളും കുറഞ്ഞ വിഹിതമാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നികുതിവിഹിതത്തിൽ വർധന ഉണ്ടായിരിക്കുന്നുവെന്ന് ഒരുകൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, യാഥാർഥ്യം വ്യത്യസ്തമാണ്. റവന്യുവിഹിതം സംസ്ഥാനങ്ങളുമായി പങ്കിടുന്നത് കുറച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതിയെന്ന പേര് നൽകാതെ പിരിച്ചെടുക്കുന്ന നികുതിക്ക് തുല്യമായ കോടിക്കണക്കിന് രൂപ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നില്ല. 2026–27 സാമ്പത്തികവർഷം 5.91 ലക്ഷം കോടി രൂപയാണ് സെസ്, സർചാർജ് തുടങ്ങിയ പേരിൽ പിരിച്ചെടുക്കാമെന്ന് കണക്കുകൂട്ടുന്നത്. അതിന്റെ നയാപൈസ സംസ്ഥാനങ്ങൾക്ക് വിഹിതമായി ലഭിക്കുകയില്ല.
കേന്ദ്ര ബജറ്റ് ഫെഡറൽ മര്യാദകൾ ലംഘിച്ചുവെന്നുമാത്രമല്ല, രാജ്യത്തെതന്നെ വഞ്ചിച്ച ബജറ്റാണ്. ഓരോ മേഖലയെയും ജനവിഭാഗത്തെയും പ്രത്യേകമായെടുത്താൽ അത് വ്യക്തമായി മനസ്സിലാക്കാനാകും. പ്രധാൻമന്ത്രി ഫസൽ ഭീമാ യോജനയിൽ 14,473 കോടിയാണ് കഴിഞ്ഞ ബജറ്റിലെ ചെലവ്. അത് 12,200 കോടിയായി ചുരുക്കി.
യൂറിയ സബ്സിഡിയിൽ 2094.5 കോടി രൂപ കുറച്ചു. കൊട്ടിഘോഷിച്ച വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിക്കുള്ള നീക്കിയിരിപ്പ് വെറും 95,692.31 കോടി രൂപമാത്രമാണ്. ജിഡിപിയുടെ ആറ് ശതമാനമെങ്കിലും വിദ്യാഭ്യാസമേഖലയ്‌ക്കായി വകയിരുത്തണമെന്നത് വിദ്യാഭ്യാസ കമീഷനുകൾ ഉൾപ്പെടെ ശുപാർശ ചെയ്തതാണ്. എന്നാലത് കേവലം 0.35 ശതമാനംമാത്രമാണ്. ആരോഗ്യമേഖലയിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ 150 കോടി രൂപയുടെ കുറവാണ്. ഗ്രാമീണ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്നവരാണ് ആശാവർക്കർമാർ. അവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം കൂലിയെങ്കിലും ഉറപ്പുവരുത്തണമെന്നത്. എന്നാൽ, ബജറ്റിൽ ആശാവർക്കർമാരെക്കുറിച്ച് പരാമർശിക്കുകപോലും ചെയ്തില്ല. ഓണറേറിയമായി നൽകുന്ന 2000 രൂപയിൽ ഒരുരൂപയുടെപോലും വർധന കഴിഞ്ഞ എട്ടുവർഷത്തിനിടയിലുണ്ടായിട്ടില്ല. കേന്ദ്ര പ്രോജക്ടായിട്ടും കേരളത്തിൽ ആശാവർക്കർമാർക്ക് 1000 രൂപ വർധിപ്പിച്ചത് ഇതുമായി ചേർത്ത് വിലയിരുത്തേണ്ടതാണ്. അതേസമയം, ദേശീയ ആരോഗ്യമിഷനായി (National Health Mission) 2025–26ൽ നീക്കിവച്ച തുകപോലും പൂർണമായി ചെലവഴിച്ചിട്ടില്ല.
സക്ഷം അങ്കണവാടി ആൻഡ് പോഷൺ 2.0 എന്ന് പേരിലേക്ക് മാറ്റിയ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സ്കീം (ICDS) 2026–27 വർഷത്തേക്കുള്ള ബജറ്റിൽ ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത് 23,100 കോടിമാത്രമാണ്. മുൻവർഷത്തെ പദ്ധതിച്ചെലവ് പരിശോധിക്കുമ്പോൾ, 2025–26ൽ നീക്കിവച്ചിരുന്ന 21,960 കോടിയിൽനിന്ന് 1010.53 കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടില്ല. ‘ജപ്പാനെ മറികടന്ന സമ്പദ്‌വ്യവസ്ഥ’ എന്ന് വീമ്പിളക്കുന്ന മോദിസർക്കാർ അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചിട്ടില്ല. അങ്കണവാടി വർക്കർമാർക്ക് പ്രതിമാസം 2700 രൂപയും ഹെൽപ്പർമാർക്ക് പ്രതിമാസം 1350 രൂപയുമാണ് നിലവിൽ കേന്ദ്രം നൽകുന്നത്. എത്രമേൽ പരിമിതമായ തുകയാണതെന്നത് വിശദീകരണം ആവശ്യമില്ലാത്തതാണ്. മറ്റൊരു മേഖലയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതി അഥവാ പിഎം പോഷൺ. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കോടിക്കണക്കിന് വിദ്യാർഥികൾക്ക് ഭക്ഷണം പാചകം ചെയ്ത് നൽകേണ്ടുന്നവരാണ് ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ. അവർക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന വേതനം പ്രതിമാസം 1000 രൂപമാത്രമാണ്. പരിഷ്‌കൃതസമൂഹത്തെ നാണിപ്പിക്കുന്ന വേതനമാണത്. പിഞ്ചുകുഞ്ഞുങ്ങൾക്ക് ഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്നവർക്ക് വിശപ്പടക്കാനുള്ള തുകപോലും നൽകുന്നില്ല.
“അവശന്മാർ ആർത്തന്മാർ ആലംബഹീനന്മാർ അവരുടെ സങ്കടമാരറിയാൻ” എന്ന് കവിയെഴുതിയത് മോദിസർക്കാരിനെക്കുറിച്ചാണോ എന്ന് നമുക്ക് തോന്നിപ്പോകും. കാരണം ദിവ്യാംഗൻമാരെന്ന് സർക്കാർ വിളിക്കുന്ന ജനവിഭാഗത്തിന് 2012 മുതൽ 300 രൂപയാണ് നൽകിക്കൊണ്ടിരിക്കുന്ന പെൻഷൻ. 14 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ ബജറ്റിലും ഒരു രൂപപോലും വർധിപ്പിച്ചിട്ടില്ല. ഇന്ദിരാഗാന്ധി വയോജന പെൻഷനും വർധിപ്പിച്ചിട്ടില്ല. അതുമാത്രമല്ല, മുൻവർഷം നീക്കിവച്ച തുകപോലും പൂർണമായി ചെലവഴിച്ചിട്ടില്ല. വയോജന പെൻഷൻ തുക കേവലം 200 രൂപയും 80 വയസ്സ് കഴിഞ്ഞവർക്ക് 500 രൂപയും മാത്രമാണ്. 2006ലാണ് വയോജന പെൻഷൻ 200 രൂപയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ 20 വർഷമായി വർധിപ്പിച്ചില്ല. രണ്ടുപതിറ്റാണ്ടായി ഇന്ത്യയിൽ ജീവിതച്ചെലവിലുണ്ടായിരിക്കുന്ന വർധന എത്രയെന്നത് നമ്മൾ അനുഭവിക്കുന്നതാണ്. വയോജനങ്ങൾക്ക് ആരോഗ്യസംരക്ഷണ ചെലവിൽ വന്ന വർധനയും പരിഗണിക്കേണ്ടതാണ്. അതൊന്നും ബിജെപി സർക്കാരിനുമുന്നിൽ വിഷയമേ ആകുന്നില്ല.
വിധവാ പെൻഷൻ വർധിച്ചില്ലെന്നുമാത്രമല്ല, ക്ഷേമാനുകൂല്യങ്ങളെന്തെങ്കിലും പുതിയതായി കാണാനും കഴിയില്ല. 14 വർഷമായി വിധവാ പെൻഷൻ 300 രൂപയായി തുടരുകയാണ്. ഒരുവിധ വർധനയുമില്ല. എല്ലാവരുടെയും ഒപ്പം, എല്ലാവരുടെയും വികസനമെന്ന് മുദ്രാവാക്യം വിളിക്കുന്ന ബിജെപി-–ആർഎസ്എസ് കക്ഷികൾ എന്തുകൊണ്ടാണ് ഇവരെയൊന്നും കാണാത്തത്. കർഷകത്തൊഴിലാളി പെൻഷൻ എന്ന ദീർഘകാല ആവശ്യം ഈ ബജറ്റിലും പരിഗണിക്കപ്പെട്ടിട്ടില്ല. കർഷകത്തൊഴിലാളി പെൻഷനായുള്ള മുദ്രാവാക്യവും സമരവും തുടരുകയാണ്. യഥാർഥ അന്നദാതാക്കളായ കർഷകത്തൊഴിലാളികളോട് എന്തിനാണിത്ര വിവേചനമെന്നത് നാടാകെ ചോദിക്കുന്നു. ബിജെപി-–ആർഎസ്എസ് ശക്തികൾക്ക്, അങ്ങനെമാത്രമേ ആകാനാകൂ. തൊഴിലാളികളെയും സാധാരണക്കാരെയും പിടിച്ചുപറിക്കുകയാണ് ബജറ്റിലൂടെ. ബിജെപി-–ആർഎസ്എസ് ശക്തികൾക്കുള്ള ജനതയുടെ മറുപടിയാണ്, ചെറുത്തുനിൽപ്പിന്റെ പര്യായമാണ് കേരളം. അതുകൊണ്ടുതന്നെയാണ് കേരളമാതൃകയോട് അവർക്കിത്ര വിദ്വേഷം. ഒരു കാര്യമുറപ്പാണ്. കേരളം ജയിക്കും. കാരണം കേരളമാതൃകയെന്നത് കേവലമൊരു ഭൂപ്രദേശത്തിനുവേണ്ടി മാത്രമുള്ള മാതൃകയല്ല. അത് മനുഷ്യർക്കായി മനുഷ്യരുണ്ടാക്കിയ മഹാമാതൃകയാണ്.














