യുഡിഎഫിന്റെ സംഘപരിവാർ ദാസ്യം


എം വി ഗോവിന്ദന്‍
Published on Jul 01, 2026, 11:01 PM | 3 min read
കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ആർഎസ്എസും സംഘപരിവാരവും തീവെട്ടിക്കൊള്ളയുടെ പര്യായമായി മാറുകയാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുണ്ടായ ടുജി സ്പെക്ട്രം, കൽക്കരി കുംഭകോണം തുടങ്ങിയ അഴിമതികൾക്കെതിരെ ഉയർന്ന വികാരമാണ് 2014 ൽ മോദിക്ക് അധികാരമേറാൻ വഴിയൊരുക്കിയത്. "തിന്നുകയുമില്ല തീറ്റിക്കുകയുമില്ല’ എന്ന മുദ്രാവാക്യമുയർത്തി അധികാരത്തിലേറിയ മോദി 12 വർഷം പിന്നിടുമ്പോൾ അഴിമതിക്കയത്തിൽവീണ് പിടയുകയാണ്.
പൊതുസ്വത്ത് കൊള്ളയടിക്കാൻ അദാനിമാർക്കും അംബാനിമാർക്കുംവേണ്ടി എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയ മോദിസർക്കാർ വിശ്വാസത്തെയും ഭക്തിയെയുംപോലും അഴിമതിക്കുള്ള മാർഗമായി വികസിപ്പിച്ചു. ക്ഷേത്രനഗരങ്ങളായ ഉത്തർപ്രദേശിലെ അയോധ്യയിൽനിന്നും മധ്യപ്രദേശിലെ ഉജ്ജയിനിയിൽനിന്നും വരുന്ന വാർത്തകൾ അതാണ് തെളിയിക്കുന്നത്.
അയോധ്യയിലെ ബാബ്റി മസ്ജിദ് തകർക്കാൻ ആഹ്വാനംചെയ്ത് ആരംഭിച്ച തീവ്രഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വ്യാപ്തിയും മോദിയുടെ അധികാര ലബ്‌ധിക്ക് കാരണമായി. അതേ അയോധ്യാക്ഷേത്രത്തിൽ കാണിക്കയായി വിശ്വാസികൾ സമർപ്പിച്ച കോടിക്കണക്കിന് രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും അഷ്ടധാതുക്കൾ പതിച്ച ഇഷ്ടികകളും ക്ഷേത്രസംരക്ഷകർ കൊള്ളയടിച്ചിരിക്കുന്നു.
ക്ഷേത്രഭരണത്തിന് ആർഎസ്എസും പ്രധാനമന്ത്രി കാര്യാലയവും നിശ്ചയിച്ചവർ തന്നെയാണ് കൊള്ളയ്‌ക്ക് നേതൃത്വം നൽകിയത്. ബാബ്റി മസ്‌ജിദ് തകർക്കൽ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തിന്റെ വൈസ് പ്രസിഡന്റ് ചമ്പത് റായിയും രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയപ്പോൾ മുഖ്യകാർമികനായ അനിൽമിശ്രയും ടിന്നുയാദവ് ഉൾപ്പെടെയുള്ള ക്ഷേത്രജീവനക്കാരും ചേർന്നാണ് കാണിക്കപ്പണം കൊള്ളയടിച്ചത്.
മോദിയുടെ വലംകൈയും 2014–19 ൽ അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന നൃപേന്ദ്ര മിശ്രയാണ് അയോധ്യയിൽ കൊള്ളയാണ് നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. ബാബ്റി മസ്ജിദ് തകർത്ത കർസേവയിൽ പങ്കെടുത്ത വിനയ് കത്യാറും സന്തോഷ് ദുബെയും മറ്റുമാണ് പരാതിയുമായി വന്നത്. ഭൂമിവാങ്ങുന്നതിലും തെരുവ്‌വിളക്ക് സ്ഥാപിക്കുന്നതിൽപ്പോലും കൊള്ള നടന്നു. മറ്റൊരു ക്ഷേത്ര നഗരമായ ഉജ്ജയിനിയിൽ മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവുമാണ് വൻ ഭൂമികുംഭകോണം നടത്തിയത്.
സംഘപരിവാറിന് വിശ്വാസവും ഭക്തിയും പണവും വോട്ടും നേടാനുള്ള മാർഗം മാത്രമാണ്. അതുകൊണ്ടാണ് ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടരുതെന്നും വിശ്വാസികൾക്ക് സ്വതന്ത്രമായി വിട്ടുനൽകണമെന്നും അവർ ആവശ്യപ്പെടുന്നത്. ഈ കൊള്ളക്കാരിൽനിന്നും ക്ഷേത്രങ്ങളെ സംരക്ഷിക്കാൻ യഥാർഥ വിശ്വാസികൾ അണിനിരക്കേണ്ട കാലമാണിത്.
രാജ്യത്ത് സംഘപരിവാർ വൻ വിമർശങ്ങൾക്ക് പാത്രമാകുമ്പോഴാണ് അവർക്ക് സഹായഹസ്തവുമായി കേരളത്തിലെ യുഡിഎഫ് സർക്കാർ മുന്നോട്ടുവരുന്നത്.
എന്തുവിലകൊടുത്തും മതനിരപേക്ഷതയെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന വി ഡി സതീശൻ സർക്കാരാണിപ്പോൾ വർഗീയത കൊടിയടയാളമാക്കിയ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും വിനീതവിധേയരാകാൻ മത്സരിക്കുന്നത്. ആരാണ് കൂടുതൽ ഇവർക്ക് വഴങ്ങുക എന്ന കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്പരം മത്സരിക്കുന്ന പരിതാപകരമായ കാഴ്ച. കോൺഗ്രസ് മന്ത്രിമാർ മാത്രമല്ല ലീഗ് മന്ത്രിമാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ആർഎസ്എസിനെ ഇന്നുകാണുന്ന രൂപത്തിൽ തീവ്രഹിന്ദുത്വ പ്രസ്ഥാനമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച എം എസ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ വിളക്കുകൊളുത്തി വണങ്ങാൻ മടിക്കാത്ത മുഖ്യമന്ത്രിയാണ് ഈ പാദസേവയ്‌ക്ക് നേതൃത്വം നൽകുന്നത്. ഇത്തരമൊരാളെയാണ് നെഹ്റുവിന്റെ പിൻഗാമിയായി ചിത്രീകരിക്കാൻ മലയാള മാധ്യമങ്ങൾ മത്സരിക്കുന്നത്. മലയാള മാധ്യമങ്ങളും ഏറിയോ കുറഞ്ഞോ ഗോദി മാധ്യമങ്ങൾ എന്ന വിശേഷണം അർഹിക്കുന്നവരാണെന്ന് സ്വയം തെളിയിക്കുന്നു.
പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതിന് നേർവിപരീതമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ പറയുന്നതും പ്രവർത്തിക്കുന്നതും. കേന്ദ്രത്തിൽ അധികാരത്തിലുള്ള സർക്കാരിനെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നോവിക്കരുതെന്ന പൊതുതത്വമാണ് സർക്കാരിനുള്ളതെന്ന് ഒരു മാസത്തെ പ്രവർത്തനത്തിലുടെ മനസ്സിലാക്കാം. ധവളപത്രത്തിലോ ബജറ്റ് പ്രസംഗത്തിലോ കേന്ദ്രവിമർശം പൂർണമായും ഒഴിവാക്കപ്പെട്ടത് ഉദാഹരണം മാത്രം. പത്ത് വർഷം എൽഡിഎഫ് സ്വീകരിച്ച നയത്തിൽനിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണിത്.
ഗവർണറുടെ തെറ്റായ ഇടപെടലിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഏതറ്റംവരെയും പൊരുതുകയെന്ന എൽഡിഎഫ് സർക്കാരിന്റെ നയം ഉപേക്ഷിച്ച് ഫെഡറൽതത്വങ്ങളെ കാറ്റിൽപ്പറത്താൻ ഗവർണർക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് യുഡിഎഫ്. എംജി, കാർഷിക സർവകലാശാലകളുടെ താൽക്കാലിക വിസിമാരായി സംഘപരിവാർ അധ്യാപക സംഘടനകളുടെ നേതാക്കളെ ഗവർണർ രാജേന്ദ്ര ആർലേക്കർ തെരഞ്ഞെടുത്തപ്പോൾ അതിനെ വിമർശിക്കാൻ സർക്കാർ തയ്യാറായില്ല.
കേന്ദ്രവുമായി ഏറ്റുമുട്ടലിന് താൽപ്പര്യമില്ലെന്ന തൊടുന്യായം ഉയർത്തിയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഈ ഫെഡൽതത്വങ്ങളുടെ ഹത്യക്ക് കൂട്ടുനിന്നത്. നിർദിഷ്ട വിസിമാരുടെ പാനൽ തയ്യാറാക്കി നൽകാതെ ഗവർണർക്ക് ഇഷ്ടംപോലെ തെരഞ്ഞെടുക്കാനുള്ള ദാസ്യവേലയും ഇവർ ചെയ്‌തു. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് പദ്ധതിക്കാണ് യുഡിഎഫ് സർക്കാർ വഴിയൊരുക്കുന്നത്.
ഇതേ നയത്തിന്റെ ആവർത്തനമാണ് പിഎം ശ്രീ വിഷയത്തിലും കണ്ടത്. അധികാരമേറിയാൽ പിഎം ശ്രീയിൽനിന്നും വിട്ടുപോകുമെന്ന് പറഞ്ഞവർ അതിന് കടകവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. പദ്ധതിയിൽനിന്ന് വിട്ടുപോകാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ജാള്യമില്ലാതെ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യസമരകാലത്തേ കോൺഗ്രസ് നേതൃത്വം ഒഴിവാക്കിയ വന്ദേമാതരത്തിലെ ഭാഗങ്ങൾ ഉൾപ്പെടെ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിൽ ചൊല്ലാൻ അനുമതി നൽകിയാണ് ഗവർണർക്ക് സ്വന്തംഇഷ്ടംപോലെ പ്രവർത്തിക്കാൻ വി ഡി സതീശൻ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനൽകിയത്. നയപ്രഖ്യാപനവേളയിലും വന്ദേമാതരം നിയമസഭയിൽ മുഴങ്ങിയത് ഈ കീഴടങ്ങൽകൊണ്ടാണ്. ഇതിന്റെ തുടർച്ചയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ഗവർണറുടെ നടപടിയെ വിമർശിക്കാത്തതും.
സംസ്ഥാന തെരഞ്ഞടുപ്പ് കമീഷണറായി എൽ ശേഷാദ്രിനാഥനെ നിയമിച്ചതിലും സംഘപരിവാർ വിധേയത്വമാണ് നിഴലിക്കുന്നതെന്ന് പറയുന്നത് കെപിസിസി ജനറൽ സെക്രട്ടറിയാണ്. വർഷങ്ങളായി സംഘപരിവാറുമായി അടുത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഇയാളെന്നും ലോക്‌സഭാ, നിയമസഭാ മണ്ഡല പുനർനിർണയം നടക്കുന്ന വേളയിൽ ഇത്തരമൊരാളെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കുന്നത് കോൺഗ്രസ് താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്നും ഈ നേതാവ് മുന്നറിയിപ്പ് നൽകി.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഇന്ത്യകൂട്ടായ്‌മയും ചില കക്ഷികളും ചീഫ് ജസ്റ്റിസിന് കത്തയച്ച വേളയിലാണ് കടകവിരുദ്ധമായ നിലയിൽ കേരളത്തിലെ യുഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ പടവും ലോഗോയും വയ്‌ക്കാൻ അനുവദിക്കുമെന്ന തദ്ദേശ മന്ത്രിയുടെ തീരുമാനത്തിലും സംഘപരിവാർ വിധേയത്വമാണ്. മോദിയുടെ പടവും പദ്ധതി ലോഗോയും പതിച്ച് വീട്ടുകാരുടെ ആത്മാഭിമാനത്തെ തകർക്കാൻ കൂട്ടുനിൽക്കില്ലെന്ന ധീരമായ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്.
അവസാനമായി ബിജെപിയുടെ പഠനശിബിരം നടത്താൻ കെപിസിസിയുടെ കീഴിലുളള രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് തന്നെ വിട്ടുനൽകുന്ന സ്ഥിതിവരെയെത്തി. ഇനി എന്നാണ് കെപിസിസി ആസ്ഥാനംതന്നെ ബിജെപിക്കായി തുറന്നിടുക എന്നേ അറിയാനുള്ളൂ. സംഘപരിവാറിനെ പ്രീണിപ്പിക്കാൻ തുടർച്ചയായി യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടികൾ അവർ തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്നതിന് സംശയമൊന്നുമില്ല.
ഇടതുപക്ഷത്തെ തോൽപ്പിക്കാൻ യുഡിഎഫിനെ ബിജെപി സഹായിച്ചതിനുള്ള ഉപകാരസ്മരണയാണ് ഈ നടപടികളിൽ നിഴലിക്കുന്നത്. ഇടതുപക്ഷത്തിനെതിരെയുള്ള ഈ യോജിച്ച നീക്കം നാളെ അരുണാചൽ പ്രദേശും ത്രിപുരയും ആവർത്തിക്കാനേ കാരണമാകൂ എന്ന് കോൺഗ്രസ് ഓർക്കുന്നത് നല്ലതാണ്. നയപരമായ സഹകരണം സ്വാഭാവികമായും രാഷ്ട്രീയ സഹകരണത്തിലേക്ക് വളരും. അതായത് സംഘപരിവാറിന് ബാലികേറാമലയായ കേരളത്തിൽ പൊതുസ്വീകാര്യത വളർത്തി അവരെ അധികാരത്തിലേക്ക് നയിക്കുന്ന കങ്കാണിപ്പണിയിലാണ് മുഖ്യമന്ത്രിയും യുഡിഎഫും ഏർപ്പെട്ടിട്ടുള്ളത്.














