ട്രംപിന്റെ തീരുവയും കേരളവും


ഡോ. ടി എം തോമസ് ഐസക്
Published on Aug 08, 2025, 10:58 PM | 4 min read
ട്രംപിന്റെ ശത്രുരാജ്യമാകുന്നതാണോ നല്ലത്, അതോ മിത്രരാജ്യമാകുന്നതാണോ നല്ലത്? ചൈന അമേരിക്കയുടെ ഒന്നാം നമ്പർ ശത്രുരാജ്യമാണ്. ചൈനയുടെമേൽ ശരാശരി 30 ശതമാനം തീരുവയാണ് നിലവിലുള്ളത്. ഇന്ത്യ മിത്രരാജ്യമാണെന്നാണ് വയ്‌പ്. പക്ഷേ, ഇന്ത്യക്കുമേൽ 50 ശതമാനമാണ് ഇപ്പോഴത്തെ തീരുവ. 25 ശതമാനമാണ് അടിസ്ഥാന തീരുവ. 25 ശതമാനം റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിനുള്ള പിഴയും. ട്രംപിന്റെ ഈ നീക്കം ഏറ്റവും ഗുരുതരമായി ബാധിക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ആസിയാൻ കരാറിനു പിന്നാലെ
ഇത് അതിരുകവിഞ്ഞൊരു ഭയാശങ്കയാണെന്നു ചിലർ കരുതുന്നുണ്ട്. കാരണം 2024ൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 8000 കോടി ഡോളർ ആയിരുന്നു. ഇതിൽ കേരളത്തിന്റെ വിഹിതം ഏതാണ്ട് 23 ശതമാനമേ വരൂ. പക്ഷേ, മനസ്സിലാക്കേണ്ടുന്ന കാര്യം ഇപ്പോൾ തന്നെ കേരളത്തിന്റെ കാർഷിക മേഖല ആസിയാൻ കരാറിൽനിന്നു കരകയറിയിട്ടില്ലായെന്നുള്ളതാണ്. കേരളത്തിന്റെ കാർഷിക മേഖല 5 ശതമാനം വീതം പ്രതിവർഷം വളർന്നുകൊണ്ടിരുന്ന കാലത്താണ് ആസിയാൻ കരാർ ഉണ്ടായത്. അതോടെ കാർഷിക വളർച്ച അട്ടിമറിക്കപ്പെട്ടു. റബർ, നാളികേരം, മറ്റു തോട്ടവിളകളുടെ വളർച്ച നിലച്ചു. അന്ന് പിടിച്ചുനിന്ന മേഖലകളെയാണ് ട്രംപ് ഇന്ന് വകവരുത്തുന്നത്.
ആസിയാൻ കരാർ ഇറക്കുമതി തകർത്തത് ഇന്ത്യയിലെ ആഭ്യന്തര കമ്പോളത്തിൽ കുത്തക ഉണ്ടായിരുന്ന കേരളത്തിലെ വാണിജ്യവിളകളെ ആയിരുന്നു. ട്രംപിന്റെ തീരുവകൾ ബാധിക്കാൻ പോകുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തിൽ പിടിച്ചുനിന്ന മറ്റു മേഖലകളെയാണ്.

5300 കോടി രൂപയുടെ കയറ്റുമതി നഷ്ടം
കേരളത്തിൽനിന്നുള്ള കുരുമുളക്, ഏലം, മഞ്ഞൾ, ജാതി തുടങ്ങിയവയുടെ 30 ശതമാനം അമേരിക്കയിലേക്കാണു കയറ്റുമതി ചെയ്യുന്നത്. ആ മാർക്കറ്റ് പൂർണമായും തെക്കുകിഴക്ക് ഏഷ്യൻ രാജ്യങ്ങൾ കൈയടക്കാൻ പോകുകയാണ്. കേരളത്തിൽനിന്നുള്ള ഏതാണ്ട് 2900 കോടി രൂപയുടെ കയറ്റുമതിയാണ് ട്രംപ് തടഞ്ഞിരിക്കുന്നത്.
ഇതിനു സമാനമായ തിരിച്ചടികളാണ് മത്സ്യമേഖലയിലും ഉണ്ടാകുന്നത്. 2023–-24ൽ 7200 കോടി രൂപയുടെ സമുദ്രോൽപ്പന്നങ്ങളാണ് കേരളത്തിൽനിന്നും കയറ്റുമതി ചെയ്യപ്പെട്ടത്. ഇതിന്റെ 27 ശതമാനം അഥവാ 1080 കോടി രൂപയുടെ ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് ആയിരുന്നു. 50 ശതമാനം ഉയർന്ന വില നൽകി അമേരിക്കയിലെ ഒരാളും കേരളത്തിന്റെ ചെമ്മീനും കൂന്തലും വാങ്ങാൻ പോകുന്നില്ല. കയറ്റുമതിയുടെ തകർച്ചയും വിലയിടിവും 10 ലക്ഷത്തോളം വരുന്ന മത്സ്യമേഖലയിലെ മനുഷ്യരുടെ ജീവിതത്തെ ഉലയ്ക്കും.
പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി പരിപ്പിന്റെയും കയറിന്റെയും ഏറ്റവും വലിയ കയറ്റുമതി മാർക്കറ്റ് അമേരിക്കയാണ്. കശുവണ്ടി പരിപ്പിന്റെ 46 ശതമാനവും കയറിന്റെ 37 ശതമാനവും കേരളത്തിൽനിന്നുള്ള കയറ്റുമതിയാണ്. ഇവ രണ്ടുംകൂടി 1080 കോടിയിലേറെ രൂപ വരും. പതിനായിരക്കണക്കിന് ആളുകളുടെ തൊഴിലും ഉപജീവനവുമാണ് അപകടത്തിലായിരിക്കുന്നത്.
അമേരിക്കയിലേക്കുള്ള തേയിലയുടെയും കാപ്പിയുടെയും ഏതാണ്ട് 20–-30 ശതമാനം കേരളത്തിൽ നിന്നാണ്. ട്രംപിന്റെ നടപടിമൂലം 250 കോടി രൂപയുടെയെങ്കിലും കയറ്റുമതി നഷ്ടമാണ് കേരളത്തിന് ഉണ്ടാകാൻ പോകുന്നത്. അങ്ങനെ മൊത്തം കണക്കാക്കിയാൽ 5300 കോടി രൂപയുടെ കയറ്റുമതി നഷ്ടമാണ് കേരളത്തിനുണ്ടാവുക.
ഡിമാൻഡ് തകർച്ചയും സേവന മേഖലയും
ഇതിലൊരു ഭാഗം മറ്റു രാജ്യങ്ങളിലേക്കോ ഇന്ത്യയിൽ തന്നെയോ വിറ്റഴിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ നിശ്ചയമായും ഈ ഉൽപ്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയും. ഈ വിലയിടിവ് കയറ്റുമതി ചെയ്തിരുന്ന വിഹിതത്തെ മാത്രമല്ല, മുഴുവൻ ഉൽപ്പാദനത്തെയും ബാധിക്കും. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ദേശീയ വരുമാന നഷ്ടം എത്രയെന്ന് ഇപ്പോൾ കണക്ക് കൂട്ടാനാകില്ല.
മറ്റൊരു പ്രത്യാഘാതവുംകൂടിയുണ്ട്. കേരള സമ്പദ്ഘടന സേവനപ്രധാനമാണ്. സേവനങ്ങളുടെ ഉപഭോഗം ജനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചിരിക്കും. കയറ്റുമതി തകർച്ച സൃഷ്ടിക്കുന്ന വിലയിടിവ് ജനങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുവഴി കാർഷികപരമ്പരാഗത മേഖലകളെ മാത്രമല്ല, സേവന മേഖലയുടെ വളർച്ചയേയും പ്രതികൂലമായി ബാധിക്കും.
രൂപയുടെ തകർച്ചയും വിലക്കയറ്റവും
ട്രംപ് തീരുവ അമേരിക്കയിൽ മാത്രമല്ല, നമ്മുടെ നാട്ടിലും വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിൽ ഉണ്ടാകുന്ന ഇടിവുമൂലം വിദേശനാണയ ലഭ്യത കുറയും. ഇത് രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇടയാക്കും. ജനുവരിയിൽ ഒരു ഡോളറിന്റെ മൂല്യം 83.12 രൂപ ആയിരുന്നു. ആഗസ്‌ത് 7ന് 87.70 രൂപയായി. ഈ തീരുവ തുടർന്നാൽ നവംബർ ആകുമ്പോഴേക്കും രൂപയുടെ മൂല്യം 95 ആയി വീണ്ടും ഇടിയും. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി വിലകൾ ഉയരുന്നതിന് ഇടയാക്കും.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തലാക്കിയാൽ എണ്ണ വില കൂടുന്നതിനും ഇടയാക്കും. ഇതെല്ലാം ഇന്ത്യയിലെ വിലക്കയറ്റത്തിന് ആക്കംകൂട്ടും. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്ന നയം തൽക്കാലം നിർത്തിവച്ചത്. വിലക്കയറ്റവും ജനജീവിതത്തെ ദുരിതത്തിലാക്കും.
ട്രംപിന്റെ ഭ്രാന്തിനുപിന്നിൽ
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ട്രംപിന്റെ ഈ ഭ്രാന്തൻ നടപടികൾ എന്തിനു വേണ്ടിയാണ്? സ്വതന്ത്രവ്യാപാര മത്സരത്തിൽ അമേരിക്ക തോറ്റു. ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതി കുത്തനെ ഉയർന്നു. അമേരിക്കയിലെ വ്യവസായങ്ങൾ അടച്ചുപൂട്ടപ്പെട്ടു. അമേരിക്ക ഇന്ന് വ്യവസായ ഉൽപ്പാദക രാജ്യത്തേക്കാൾ സേവനപ്രധാന രാജ്യമാണ്. അമേരിക്കയെ വീണ്ടും വ്യവസായവൽകൃത രാജ്യമാക്കാനാണ് ട്രംപിന്റെ ശ്രമം. ഇതിനുവേണ്ടി ചുങ്കം ചുമത്തി ഇറക്കുമതി നിയന്ത്രിക്കുന്നു. ഇറക്കുമതിക്കു പകരം അമേരിക്കയിൽ തന്നെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ വ്യവസായികളോട് ആവശ്യപ്പെടുന്നു.
എന്നാൽ ഭീഷണി മുഴക്കി വ്യവസായ നിക്ഷേപം സൃഷ്ടിക്കാൻ കഴിയില്ലായെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ദിവസംതോറും തീരുവയിൽ വരുത്തുന്ന മാറ്റങ്ങൾമൂലം ട്രംപിനെ വിശ്വസിക്കാൻ കഴിയില്ലായെന്നാണ് നിക്ഷേപകർ കരുതുന്നത്. എന്ത് ഉറപ്പിലാണ് ട്രംപ് പറയുന്നതുകേട്ട് നിക്ഷേപം നടത്തുക? ഇത് ട്രംപിനെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
തീരുവയ്ക്കു പിന്നിൽ മറ്റൊരു ഉന്നംകൂടിയുണ്ട്. ട്രംപ് നൽകിയ നികുതിയിളവുകൾ അധിക ചെലവുകൾമൂലം കമ്മി കൂടിക്കൊണ്ടിരിക്കുകയാണ്. കമ്മി പരിഹരിക്കാൻ കണ്ടിരിക്കുന്ന എളുപ്പ മാർഗമാണ് ഇറക്കുമതി തീരുവ ഉയർത്തുകയെന്നത്. ചുങ്കം വഴി സമാഹരിക്കുന്ന ഭീമമായ തുക കമ്മി കുറയ്ക്കാനും മുതലാളിമാർക്ക് കൂടുതൽ ഇളവ് നൽകാനും സഹായിക്കുമെന്നാണ് ട്രംപ് കരുതുന്നത്.
അമേരിക്കയ്‌ക്കെതിരെ കൂട്ടായ്മ
മൂന്നാമതൊരു ഉന്നംകൂടിയുണ്ട്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക അഥവാ ബ്രിക്സ് രാജ്യങ്ങൾ അമേരിക്കയേക്കാൾ വേഗതയിൽ വളരുന്ന രാജ്യങ്ങളാണ്. ബ്രിക്സ് കൂട്ടായ്മ ശക്തിപ്പെടുന്നത് അമേരിക്കൻ ആധിപത്യത്തിനും ഡോളർ നാണയ വ്യവസ്ഥയ്ക്കും ഭീഷണിയായിട്ടാണ് ട്രംപ് കരുതുന്നത്. ബ്രിക്സിനെ തകർക്കുന്നതിനുള്ള ഗൂഢലക്ഷ്യവുംകൂടി ഇന്ത്യക്കെതിരായ നീക്കത്തിനു പിന്നിലുണ്ട്.
എന്താണ് നമുക്ക് ചെയ്യാനാവുക? ഒറ്റയ്ക്ക് എതിരിട്ട് തോൽപ്പിക്കാനാകില്ല. അതുകൊണ്ട് അമേരിക്കൻ തെമ്മാടിത്തരത്തിനെതിരെ ബ്രസീലും മറ്റും നിൽക്കുന്നതുപോലെ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യാ സർക്കാർ തയ്യാറാകണം. ഒരു കാലത്ത് ചേരിചേരാ രാജ്യങ്ങളുടെ നേതൃത്വം ഇന്ത്യക്ക് ആയിരുന്നല്ലോ. അതുവെടിഞ്ഞ് മോദി അമേരിക്കൻ പാദസേവകനായി. അത് ഇന്ത്യയെ എങ്ങുംകൊണ്ട് എത്തിക്കാൻ പോകുന്നില്ല.
അമേരിക്കൻ ചുങ്കത്തിനെതിരെ കേരളം ഒറ്റക്കെട്ടായി ഉയരണം. തീരുവമൂലം തകർച്ച നേരിടുന്ന കർഷകർക്ക് ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കണം. അമേരിക്കൻ ഉപജാപങ്ങൾക്കെതിരെ രാജ്യാന്തര പ്രതിരോധം ഉയർത്താൻ പ്രധാനമന്ത്രിയോട് ഒരുമിച്ച് ആവശ്യപ്പെടണം.















