ad
Deshabhimani

ഇന്ത്യാകൂട്ടായ്‌മയുടെ നിർണായക യോഗം ഇന്ന്‌; കോൺഗ്രസിന്‌ എതിരെ പ്രതിഷേധം അലയടിക്കും

INDIA Bloc Leader.jpg

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 08, 2026, 07:40 AM | 1 min read

ന്യൂഡൽഹി: ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പ്രതിപക്ഷ കൂട്ടായ്‌മയെ ദുർബലപ്പെടുത്താനുള്ള കോൺഗ്രസിന്റെ ആസൂത്രിതനീക്കങ്ങൾ തുടരുന്നതിനിടെ ഇന്ത്യാകൂട്ടായ്‌മയുടെ നിർണായക യോഗം തിങ്കളാഴ്‌ച്ച ഡൽഹിയിൽ ചേരും. അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തിന്‌ ശേഷം ചേരുന്ന ആദ്യ യോഗത്തിൽ 23 പാർടികളുടെ പ്രതിനിധികൾ പങ്കെടുത്തേക്കും.


കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച്‌ രാജ്യസഭാകക്ഷി നേതാവ്‌ ജോൺബ്രിട്ടാസ്‌ പങ്കെടുക്കും. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയലക്ഷ്യങ്ങളോടെ കോൺഗ്രസിന്റെ ദേശീയനേതാക്കൾ സിപിഐ എമ്മിന്‌ എതിരെ നടത്തിയ അടിസ്ഥാനരഹിതമായ പ്രചരണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും. കഴിഞ്ഞദിവസം സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി ഇ‍ൗ വിഷയത്തിൽ കടുത്ത വിയോജിപ്പ്‌ രേഖപ്പെടുത്തി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ കത്ത്‌ നൽകിയിരുന്നു. സങ്കുചിത രാഷ്ട്രീയനേട്ടങ്ങൾ മാത്രം ഉന്നമിട്ട്‌ വിവിധ സംസ്ഥാനങ്ങളിൽ ഇന്ത്യാകൂട്ടായ്‌മയിലെ കക്ഷികൾക്ക്‌ എതിരെ കോൺഗ്രസ്‌ നടത്തുന്ന കടന്നാക്രമണങ്ങൾക്ക്‌ എതിരെ യോഗത്തിൽ വലിയ പ്രതിഷേധമുയരും.


ഡിഎംകെ, തൃണമൂൽകോൺഗ്രസ്‌, ആർജെഡി, ജെഎംഎം തുടങ്ങിയ പാർടികളും കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയനീക്കങ്ങളെ ശക്തമായി വിമർശിക്കും. കേന്ദ്രസർക്കാരിനെയും ബിജെപിയെയും എതിർക്കാനുള്ള വിശാലവേദിയെന്ന നിലയ്‌ക്കാണ്‌ ഇന്ത്യാകൂട്ടായ്‌മ രൂപീകരിച്ചത്‌. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ അനുസരിച്ച്‌ കൂട്ടായ്‌മയിലെ കക്ഷികൾ പരസ്‌പരം മത്സരിക്കുക സ്വാഭാവികമാണ്‌. എന്നാൽ, കോൺഗ്രസ്‌ തെരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിട്ട്‌ ഇന്ത്യാകൂട്ടായ്‌മയിലെ മറ്റ്‌ കക്ഷികളെ കടന്നാക്രമിക്കുകയാണ്‌. രാഷ്ട്രീയ മര്യാദകളും കീഴ്‌വഴക്കങ്ങളും കാറ്റിൽപ്പറത്തിയുള്ള ഇത്തരം കടന്നാക്രമണങ്ങൾക്ക്‌ കോൺഗ്രസിന്റെ ദേശീയ നേതാക്കളായ ഖാർഗെ, രാഹുൽ, പ്രിയങ്ക തുടങ്ങിയവർ നേതൃത്വം നൽകുന്നു.


മോദിസർക്കാരിന്റെ രാഷ്ട്രീയആയുധങ്ങളായ കേന്ദ്ര ഏജൻസികൾ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ പ്രതിപക്ഷപാർടികളെയും നേതാക്കളെയും വേട്ടയാടുന്നത്‌ പതിവാണ്‌. ഇ‍ൗ വിഷയത്തിലെ കോൺഗ്രസ്‌ നിലപാടിലും ഇരട്ടത്താപ്പുണ്ട്‌. സ്വന്തം പാർടിയെയും നേതാക്കളെയും കേന്ദ്ര ഏജൻസികൾ ആക്രമിക്കുമ്പോൾ കോൺഗ്രസിന്‌ അത്‌ രാഷ്ട്രീയവേട്ടയും മറ്റ്‌ കക്ഷികളെയും നേതാക്കളെയും ആക്രമിക്കുമ്പോൾ അത്‌ സ്വാഭാവിക നടപടിയുമായാണ്‌. ഇ‍ൗ രീതിയിൽ, പ്രധാന പ്രതിപക്ഷ പാർടിയെന്ന നിലയ്‌ക്ക്‌ ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പ്രതിപക്ഷ കൂട്ടായ്‌മയെ ശക്തിപ്പെടുത്തേണ്ട കോൺഗ്രസ്‌ ചില്ലറ രാഷ്ട്രീയ നേട്ടങ്ങൾക്ക്‌ വേണ്ടി അതിനെ തുരങ്കം വെക്കുകയാണെന്നും ഇന്ത്യാകൂട്ടായ്‌മയിലെ കക്ഷികൾ ചൂണ്ടിക്കാണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home