Deshabhimani

Articles

ട്രംപ് മോദിക്ക്‌ പഠിക്കുന്നു​​

ട്രംപ് മോദിക്ക്‌ പഠിക്കുന്നു​​

India-US Trade  modi trump.JPG
avatar
ഡോ. ജോസഫ് ആന്റണി

Published on Aug 01, 2026, 12:50 AM | 3 min read

തെക്കൻ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത ആബേലർദോ എസ്‌പ്രിയേല, ക്യൂബയും നിക്കരാഗ്വയും ഉൾപ്പെടെ 14 രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു. എന്നുമാത്രമല്ല, കൊളംബിയയിൽ പലസ്തീൻ എംബസി തുറക്കാനുള്ള തീരുമാനം റദ്ദാക്കുമെന്നും ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. അമേരിക്കൻ പൗരത്വമുള്ളയാളും റിപ്പബ്ലിക്കൻ പാർടി അനുഭാവിയുമായ എസ്‌പ്രിയേലയെ കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ ട്രംപിൽനിന്ന്‌ ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമാണ് ക്യൂബയ്ക്കും പലസ്തീനുമെതിരായ നീക്കം.


കൊളംബിയയിൽ തങ്ങളുടെ ഇഷ്ടക്കാരനെ ഏതുവിധേനയും പ്രസിഡന്റാക്കാൻ വേണ്ടിയുള്ള ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർടിയുടെയും നിയമവിരുദ്ധ ഇടപെടൽ നടന്ന വേളയിലാണ്, 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ ചൈന ഇടപെട്ടുവെന്ന്‌ ജൂലൈ 17ന് ട്രംപ് ലോകത്തോട് വിളിച്ചുപറഞ്ഞത്.


എസ്‌പ്രിയേല തെരഞ്ഞെടുക്കപ്പെട്ടത് ഡോണൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർടിയുടെയും ഇടപെടൽമൂലമാണെന്ന്, നിരവധി അമേരിക്കൻ പൗരസമൂഹ സംഘടനകൾതന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർജന്റീനയിലെയും ഹോണ്ടുറാസിലെയും തീവ്രവലതുപക്ഷ നിലപാടുകാരായ, യഥാക്രമം ഹാവിയർ മിലി, നസ്‌രി അസ്‌ഫുര എന്നിവരുടെ പാർടികളുടെ തെരഞ്ഞെടുപ്പുവിജയം ഉറപ്പാക്കാൻ 2025ൽ അമേരിക്ക ഇടപെട്ടെന്നും അവർ ആരോപിച്ചു. ഈ ഇടപെടലിലൂടെ ട്രംപും റിപ്പബ്ലിക്കൻ പാർടിയും ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് ചാർട്ടറിന്റെ 19–ാംവകുപ്പിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അവർ പ്രഖ്യാപിച്ചു.​


2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ, തന്നെ പരാജയപ്പെടുത്താൻ ചൈന വലിയതോതിൽ ഇടപെട്ടുവെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. അതിനായി അമേരിക്കൻ വോട്ടർമാരുടെ 22 കോടിയോളം രേഖകൾ ചൈന ശേഖരിച്ചുവെന്നും അതിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, വോട്ടർമാരുടെ രേഖകൾ ഉപയോഗിച്ച് എങ്ങനെയാണ് തന്നെ പരാജയപ്പെടുത്തിയതെന്ന്‌ ട്രംപ് വിശദീകരിച്ചതുമില്ല. ഈ ആരോപണത്തോടൊപ്പം അമേരിക്കൻ തെരഞ്ഞെടുപ്പുസമ്പ്രദായം നിരവധി ന്യൂനതകൾ നിറഞ്ഞതാണെന്നു പറയാനും ട്രംപ് മറന്നില്ല.


​2026 ഫെബ്രുവരി 28ന് ഇസ്രയേലുമായി ചേർന്ന്, ഇറാനെതിരായ നിയമവിരുദ്ധ യുദ്ധം ആരംഭിച്ചതിലൂടെ ലോകത്തിന്റെമാത്രമല്ല, ഭൂരിപക്ഷംവരുന്ന അമേരിക്കക്കാരുടെയും സാമ്പത്തികസുരക്ഷയും ട്രംപ് അട്ടിമറിച്ചു. നേരത്തേതന്നെ ഇറാനെതിരെയുള്ള യുദ്ധം എന്ന ആശയത്തോടുപോലും ഭൂരിപക്ഷം അമേരിക്കക്കാരും എതിരായിരുന്നു. യുദ്ധം ആരംഭിച്ചപ്പോൾ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുണ്ടായ വിലവർധനമൂലം നിത്യോപയോഗസാധനങ്ങളുടെ വിലയിലും വന്പിച്ച വർധനയുണ്ടായി. ഇതോടെ അമേരിക്കൻ ജനത ട്രംപിനെതിരെ തിരിഞ്ഞു.


അമേരിക്കൻ പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും ഉപരിസഭയായ സെനറ്റിലും ഭൂരിപക്ഷം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമാത്രമല്ല, തെരഞ്ഞെടുപ്പിനെ നേരിടുന്ന നിരവധി റിപ്പബ്ലിക്കൻ ഗവർണർമാർ പരാജയപ്പെടാനും സാധ്യതയുണ്ട്.

ഇടക്കാല തെരഞ്ഞെടുപ്പിൽ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലും സെനറ്റിലും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടിക്ക്‌ ഭൂരിപക്ഷം ലഭിച്ചാൽ അവർ ട്രംപിനെതിരെ ഇംപീച്ച് നടപടി ആരംഭിക്കാനും സാധ്യതയുണ്ട്. എന്നുമാത്രമല്ല, അമേരിക്കയിൽ രണ്ടാംതവണ പ്രസിഡന്റായിരിക്കുന്നയാളുടെ പാർടിക്ക്‌ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ അയാളെ "ലെയിം ഡക്ക് പ്രസിഡന്റ്" എന്നാണ്‌ വിളിക്കുക. എന്നുവച്ചാൽ, ആ പ്രസിഡന്റിന് ബാക്കിയുള്ള കാലം അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ ഭരണം നടത്താനാകില്ല.


ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടിയെ കാത്തിരിക്കുന്ന കനത്തപരാജയം എങ്ങനെയും ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ചൈനയെയും അമേരിക്കൻ തെരഞ്ഞെടുപ്പുസമ്പ്രദായത്തെയും പഴിപറഞ്ഞുള്ള ട്രംപിന്റെ വരവ്. 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈന ഇടപെട്ടതിന് തെളിവില്ലെന്നുമാത്രമല്ല, 2016ലെയും 2020ലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ, തന്നെ വിജയിപ്പിക്കുന്നതിനായി, റഷ്യ ഇടപെട്ടതിനെക്കുറിച്ച് ട്രംപ് ഒന്നും മിണ്ടിയതുമില്ല. അമേരിക്ക ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യമാണെന്നും അമേരിക്കൻ തെരഞ്ഞെടുപ്പുസമ്പ്രദായം വൻ ദുരന്തമാണെന്നും പറയുന്ന ട്രംപാണ്, 2020ൽ പരാജയപ്പെട്ടപ്പോൾ അനുയായികളെ അമേരിക്കൻ പാർലമെന്റിലേക്ക്‌ അയച്ച് തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ശ്രമിച്ചത്.


ട്രംപിന് ജനാധിപത്യത്തിൽ വിശ്വാസമൊന്നുമില്ല, ഏതുവിധേനയും അധികാരം നിലനിർത്തുകമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി പുതിയ ചില മാർഗങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അമേരിക്കൻ സുപ്രീംകോടതിയുടെവരെ സഹായത്തോടെ, നിലനിൽക്കുന്ന തെരഞ്ഞെടുപ്പുസമ്പ്രദായം അട്ടിമറിക്കാനുള്ള തീവ്രശ്രമത്തിലാണ് ട്രംപ്. നിരവധി മാർഗങ്ങൾ അതിനായി അവതരിപ്പിച്ചുകഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട നീക്കം, ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ‘സേവ് അമേരിക്ക ആക്ടാ'ണ്. ഇത് ഇന്ത്യയിൽ മോദിസർക്കാർ നടപ്പാക്കിയ എസ്ഐആറിനുസമാനമായ നീക്കമാണ്.


വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിന് പൗരത്വരേഖ നിർബന്ധമാക്കൽ, ദേശീയമായി ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് വോട്ടർ ഐഡി നടപ്പാക്കൽ, തപാൽവോട്ട് രേഖപ്പെടുത്തുന്നതിൽ പുതിയ നിബന്ധനകൾ എന്നിവയ്ക്കുപുറമെ, ഇവ പാലിച്ചില്ലെങ്കിൽ വലിയ ശിക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നുമാത്രമല്ല, ഇവ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വകാര്യവ്യക്തികൾക്ക് കേസ് നൽകാനുള്ള വ്യവസ്ഥകളും പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകൾപ്രകാരം വോട്ടറായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് പാസ്‌പോർട്ടോ ജനനസർട്ടിഫിക്കറ്റോ ഇല്ലാത്തവർക്ക് വോട്ട്‌ ചെയ്യാൻ കഴിയാത്ത അവസ്ഥവരും.


സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരമുള്ള ഫെഡറൽ വ്യവസ്ഥയാണ് അമേരിക്കയിൽ നിലനിൽക്കുന്നത്. അതിനാൽ അവിടത്തെ തെരഞ്ഞെടുപ്പുപ്രക്രിയ നിയന്ത്രിക്കുന്നത്, ഇന്ത്യയിലെപ്പോലെ ഒരു ദേശീയ തെരഞ്ഞെടുപ്പ് കമീഷനല്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽപ്പോലും അതത്‌ സംസ്ഥാനത്തിലെ സമിതികളാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ആ സംവിധാനത്തെ അട്ടിമറിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു കേന്ദ്രീകൃത സംവിധാനത്തിൻകീഴിലാക്കാനും ആലോചനയുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കുന്നതിന് ബിജെപി സർക്കാർ ഇന്ത്യയിൽ നടത്തിയതിനുസമാനമായ നീക്കമാണ് ഡോണൾഡ് ട്രംപ് തുടങ്ങിയിരിക്കുന്നത്. ഒരേസമയം ജനാധിപത്യത്തെക്കുറിച്ച് വാചകമടിക്കുകയും അതോടൊപ്പംതന്നെ മറ്റു രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കുകയും സ്വതന്ത്ര പരമാധികാര രാജ്യങ്ങളിലെ ഭരണകൂടങ്ങളെത്തന്നെ തകർക്കുകയും ചെയ്യുന്നത് ഒരു കലയായി വികസിപ്പിച്ച രാജ്യമാണ് അമേരിക്ക.


രണ്ടാംലോകയുദ്ധത്തിനുശേഷംമാത്രം, എൺപതോളം രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിനായും തങ്ങൾക്ക് ഇഷ്ടമുള്ള പാർടിയെ വിജയിപ്പിക്കുന്നതിനായും സൈനികമായോ അല്ലാതെയോ നടത്തപ്പെടുന്ന അട്ടിമറികൾ, പ്രതിപക്ഷത്തിന് സാമ്പത്തികസഹായം നൽകൽ, മാധ്യമപ്രചാരണം എന്നീ രീതികൾ അമേരിക്ക വ്യാപകമായും ഒരു മറയുമില്ലാതെയും പ്രയോഗിച്ചിട്ടുണ്ട്. ടിം വീനർ രചിച്ച ‘ലെഗസി ഓഫ് ആഷസ്' എന്ന ഗ്രന്ഥം സിഐഎ 1947 മുതൽ ലോകവ്യാപകമായി നടത്തിയ അട്ടിമറിപ്രവർത്തനങ്ങളുടെ രേഖാചിത്രം നൽകുന്ന പല ഗ്രന്ഥങ്ങളിൽ പ്രമുഖമാണ്. മറ്റിടങ്ങളിൽ പരീക്ഷിച്ചുവിജയിച്ച ജനാധിപത്യഹത്യ എന്ന ഹീനതന്ത്രം ഒടുവിൽ അമേരിക്കൻ ജനാധിപത്യത്തിലും പ്രയോഗിക്കാനാണ് ട്രംപിന്റെ ശ്രമം.​​



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home