കേരളത്തിനെതിരെ യുദ്ധം നടത്തുന്നവരേ നിങ്ങൾക്ക് ‘‘ഓപ്പറേഷൻ ദോസ്‌ത്’’ ഓർമയില്ലേ

‘‘ഓപ്പറേഷൻ ദോസ്‌ത്’’ സംബന്ധിച്ച് മറവി നടിക്കുകയാണ്

സാജൻ എവുജിൻ
Published on May 12, 2025, 01:06 PM | 1 min read
‘‘ഓപ്പറേഷൻ ദോസ്‌ത്’’–2023 ഫെബ്രുവരിയിൽ വൻഭൂകമ്പം ഉലച്ച തുർക്കിക്ക് ആവശ്യമായ സഹായം നൽകാൻ ഇന്ത്യ നടപ്പാക്കിയ ദൗത്യമാണിത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ കരസേനയും ദേശീയ ദുരന്ത പ്രതികരണ സേന(എൻഡിആർഎഫ്)യും തുർക്കിയിൽ രാപകൽ ദുരിതാശ്വാസ–ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തി. ഭൂകമ്പം നേരിടാൻ തുർക്കിക്ക് 2023ലെ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷപ്രചാരണം നടത്തുന്ന സംഘപരിവാർ കേന്ദ്രങ്ങൾ പക്ഷേ, ‘‘ഓപ്പറേഷൻ ദോസ്‌ത്’’ സംബന്ധിച്ച് മറവി നടിക്കുകയാണ്.
തുർക്കിയിലെ ഇസ്കെൻഡെറുണിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് തകർന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു.
അന്ന് വിദേശ സഹമന്ത്രിയായിരുന്ന വി മുരളീധരൻ തുർക്കിക്ക് സഹായം നൽകാനുള്ള ദൗത്യത്തിന്റെ ഖ്യാതി ഏറ്റെടുക്കാനും ശ്രമിച്ചു. കേരളസർക്കാർ തുർക്കിക്ക് സഹായം നൽകുന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്‌തു. എന്നാൽ ഇന്ത്യ–പാകിസ്ഥാൻ സംഘർഷം രൂപംകൊണ്ട സാഹചര്യത്തിൽ സംഘപരിവാർ കേരളത്തിനെതിരെ തുർക്കിയുടെ പേരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുകയാണ്. പാകിസ്ഥാൻ തുർക്കിഡ്രോണുകൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ ആക്രമിക്കുകയാണ് സംഘപരിവാർ അനുകൂലികൾ.
അതേസമയം, ദുരന്തം നേരിടാൻ തുർക്കിയെ ആദ്യം തന്നെ സഹായിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവരം അറിഞ്ഞയുടൻ, ഫെബ്രുവരി ആറിന് വൈകിട്ട് സി–17 ചരക്ക് വിമാനത്തിൽ 47 എൻഡിആർഎഫ് അംഗങ്ങളെ ആവശ്യമായ എല്ലാ ഉപകരണങ്ങളും സഹിതം തുർക്കിയിലേയ്‌ക്ക് അയച്ചു. തെരച്ചിലിന് സഹായിക്കാൻ ഗരുഡ ഡ്രോണുകൾ നൽകി. അടുത്ത ദിവസം രണ്ട് സി–17 വിമാനങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഫെബ്രുവരി 12 വരെ ഏഴ് സി–17 വിമാനങ്ങളിലായി ഇന്ത്യ സഹായങ്ങൾ കൈമാറി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യ ‘സഞ്ചാർ’ എന്ന സംവിധാനം ആവിഷ്‌കരിച്ചു. ഒരു ആശുപത്രിയും നിർമിച്ചുനൽകിയശേഷം ഫെബ്രുവരി 20നാണ് ഇന്ത്യൻ സേനാംഗങ്ങൾ തുർക്കിയിൽനിന്ന് മടങ്ങിയത്. ഇന്ത്യ എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾക്കും അന്താരാഷ്‌ട്രതല ഉത്തരവാദിത്വത്തിനും മാനവികതയ്‌ക്കും അനുസൃതമായാണ് ഈ ദുരിതാശ്വാസ ദൗത്യം നടത്തിയത്. ഇക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം. നിലവിലെ സാഹചര്യം ദുരുപയോഗിച്ച് കേരളത്തിന്റെ പുരോഗമന, മാനവിക നിലപാടിനെതിരെ പ്രചാരണയുദ്ധം നടത്തുന്ന സംഘികൾ കേന്ദ്രസർക്കാരിനെയും അമ്പരപ്പിക്കുകയാണ്. ഇന്ത്യ–-പാകിസ്ഥാൻ വെടിനിർത്തൽ പ്രഖ്യാപനം വിശദീകരിച്ച വിദേശകാര്യ സെക്രട്ടറിക്കും കുടുംബത്തിനും നേരെ പോലും സൈബർ ആക്രമണം നടത്തുന്നവരിൽനിന്ന് മറ്റെന്ത് പ്രതീക്ഷിക്കണമെന്ന ചോദ്യവും ഉയരുന്നു.














