വെൽഫയർ പാർട്ടിയുമായി സഹകരണമുണ്ടെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

കൊല്ലം: വെൽഫയർ പാർട്ടിയുമായി സഹകരണമുണ്ടെന്നും ജമാത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെ സമസ്തയിലെ ചിലർക്കുമാത്രമാണ് എതിർപ്പെന്നും മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങൾ. കൊല്ലം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, സമാന മനസ്സുള്ളവർ ഒരുമിച്ച് ഇരിക്കുന്നത് നല്ലതാണെന്നായിരുന്നു മറുപടി. അൻവറിന്റെ രാഷ്ട്രീയം ഇടതു വിരുദ്ധതയാണ്. കേരളത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് പറഞ്ഞ തങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നല്ല വികസനം നടന്നിട്ടുണ്ടെന്നും ചൂണ്ടികാട്ടി. വികസനത്തിനാണ് വോട്ടെന്നും വികസനമാണ് വിജയം നിശ്‌ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം എന്നിവരും പങ്കെടുത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്‌ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം എ കെ എം ഹുസൈൻ നന്ദിയും പറഞ്ഞു.









0 comments