തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേരിടുന്നത് രണ്ട് വർഗീയ ശക്തികളെ: എം വി ഗോവിന്ദൻ

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് വർഗീയ ശക്തികളെയാണ് ഇടതുപക്ഷം നേരിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്ക്കെതിരായ പോരാട്ടം ഫലപ്രദമായി ഉപയോഗിച്ച് ഈ തെരഞ്ഞെടുപ്പിലും ശക്തമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭൂരിപക്ഷ വാർഗീയത അതിന്റെ എല്ലാ സീമകളും ലംഘിച്ച് ഹിന്ദുത്വ അജണ്ട തെരഞ്ഞെടുപ്പിൽ ശക്തിയായി കൊണ്ടുവരികയാണ്. അപരവിരോധത്തിന്റെ കേന്ദ്രമാക്കി കേരളത്തെയും മാറ്റാനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ നേരിട്ടു കൊണ്ടല്ലാതെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഉയർത്തിപ്പിടിക്കാനാവില്ല.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ചേർത്ത് ഒരു മുന്നണിയാക്കി തീവ്ര വലതുപക്ഷത്തിന്റെ പുതിയ മുഖമായി മാറി. ആർഎസ്എസ് ഹിന്ദുത്വ അജണ്ടയാണ് മുന്നോട്ട് വെക്കുന്നതെങ്കിൽ ഇസ്ലാമിക ലോകമെന്ന സിദ്ധാന്തം മുറുകെ പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകക്ഷിയായി യുഡിഎഫ് മാറി. ഈ രണ്ടു വർഗീയ ശക്തികളെയുമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ നേരിടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നും തുടർ ഭരണത്തിൻ്റെ കേളി കൊട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലമെന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു.








0 comments