കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം: ബിൽ അവതരിപ്പിച്ച് ജോൺ ബ്രിട്ടാസ്

ഡോ. ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ (ഫയൽ ചിത്രം)
ന്യൂഡൽഹി: കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 282 ഭേദഗതി ചെയ്യാനുള്ള ബിൽ അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ചു. ഇതോടൊപ്പം, വന്യ ജീവി സംരക്ഷണ ഭേദഗതി ബില്ലും ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിച്ചു.
സംസ്ഥാന – സംയുക്ത പട്ടികകളിൽപ്പെട്ട വിഷയങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പണം സംസ്ഥാന ബജറ്റിലൂടെ വിനിയോഗിക്കണമെന്നാണ് എംപി ഭരണഘടനാ ഭേദഗതി ബില്ലിൽ നിർദ്ദേശിച്ചത്. ഈ പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി വിഭാവനം ചെയ്യാനാകണം. ഈ പദ്ധതികളുടെ ബ്രാൻഡിംഗും സംസ്ഥാനത്തിനു നിർവ്വഹിക്കാൻ കഴിയണം. അതിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് മുൻതൂക്കം ലഭിക്കണം – ജോൺ ബ്രിട്ടാസിന്റെ ഭരണഘടനാ ഭേദഗതിയിൽ നിർദ്ദേശിക്കുന്നു.
വന്യജീവികളെ ശല്യക്കാരായ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ മാത്രം നിക്ഷിപ്തമായ നില മാറ്റുകയാണ് വന്യ ജീവി സംരക്ഷണ ഭേദഗതി ബില്ലിന്റെ മുഖ്യോദ്ദേശ്യം. വന്യജീവി – മനുഷ്യ സംഘർഷം കൈകാര്യം ചെയ്യാൻ പ്രത്യേക നിധിക്കു രൂപം കൊടുക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്.
ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരംക്ഷണ ഭേദഗതി ബിൽ പൗരന് ഭരണഘടന ഉറപ്പാക്കുന്ന സ്വകാര്യത സംരക്ഷിക്കൽ മുഖ്യ ലക്ഷ്യമായുള്ളതാണ്. ഇതിനുള്ള ഭേദഗതികളുടെ പരമ്പരതന്നെ മുന്നോട്ടുവയ്ക്കുന്ന ബിൽ നിലവിലുള്ള നിയമത്തെ കാലോചിതമായി പുതുക്കാനുള്ള നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നു.








0 comments