ഇന്‍ഡിഗോ വിമാനം റദ്ദാക്കി; സ്വന്തം വിവാഹ റിസപ്ഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത് ദമ്പതികള്‍

ബംഗളൂരു: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് സ്വന്തം വിവാഹ സൽക്കാരത്തിൽ ഓൺലൈനായി പങ്കെടുത്ത് ദമ്പതികൾ. ഐടി ജീവനക്കാരായ മേധ ക്ഷീർസാഗറിനും സംഗമ ദാസിനുമാണ് തങ്ങളുടെ റിസപ്ഷനിൽ ഓൺലൈനായി പങ്കെടുക്കേണ്ടി വന്നത്. ഇവർ യാത്ര ചെയ്യേണ്ടിയിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കിയതോടെ, ദമ്പതികൾ വീഡിയോ കോൺഫറൻസിംഗ് വഴി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ചേരുകയായിരുന്നു.
ബഗളൂരുവിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ മേധ ക്ഷീർസാഗറിന്റെയും സംഗമ ദാസിന്റെയും സ്വീകരണം ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ നടക്കാനിരിക്കുകയായിരുന്നു. മേധ ക്ഷീർസാഗർ ഹുബ്ബള്ളി സ്വദേശിയാണ്. ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയാണ് സംഗമ ദാസ്. വിമാനം റദ്ദാക്കിയതിനെത്തുടർന്ന് മറ്റ് മാർഗ്ഗങ്ങൾ തേടിയെങ്കിലും സമയബന്ധിതമായി എത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
നവംബർ 23 ന് ഭുവനേശ്വറിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കും ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 9 മുതൽ പിറ്റേന്ന് പുലർച്ചെ വരെ വിമാനങ്ങൾ പലതവണ വൈകിയതിനെ തുടർന്ന് കുടുങ്ങി. ഡിസംബർ 3 ന് ഒടുവിൽ വിമാനം റദ്ദാക്കി.
എന്നാല്‍ ഇതിനകം തന്നെ റിസപ്ഷന്‍ വേദിയില്‍ തയ്യാറെടുപ്പുകളും പൂർത്തിയായി അതിഥികൾ ഒത്തുകൂടിയിരുന്നു. ഇതോടെ ചടങ്ങിനായി ഒരുങ്ങി ദമ്പതികള്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രത്യക്ഷപ്പെടുകയായിരുന്നു.
രാജ്യത്ത് വിവിധയിടങ്ങളിലായി ഇൻഡിഗോ വിമാന സർവീസുകൾ തടസ്സപ്പെടുകയും റദ്ദാവുകയും ചെയ്യുന്നത് തുടർക്കഥയായിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ വിവിധ വിമാനത്താവളങ്ങളിലായി ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഈ നടപടി വ്യാപകമായ തടസം സൃഷ്ടിച്ചു. ഓരോ വിമാനത്താവളത്തിലും നൂറുകണക്കിന് സർവീസുകളാണ് പെട്ടെന്ന് റദ്ദാക്കിയത്. നവംബർ ഒന്ന് മുതലാണ് പുതിയ ചട്ടം നടപ്പാക്കിയത്. ഇതോടെ സർവീസുകൾക്ക് വൻ തിരിച്ചടിനേരിടുകയായിരുന്നു.







0 comments