ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി; പ്രതിവാര വിശ്രമ നിയമം പിൻവലിച്ച് ഡിജിസിഎ

ന്യൂഡൽഹി: പുതിയ നിയമം നടപ്പാക്കൽ ഇൻഡിഗോ വിമാന സർവീസുകളിൽ താളപ്പിഴ വരുത്തിയതോടെ ഡ്യൂട്ടിച്ചട്ടത്തിൽ ഇളവുവരുത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വൻ തോതിൽ ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് പൈലറ്റുമാർക്കുള്ള പ്രതിവാര വിശ്രമ നിയമം ഡിജിസിഎ പിൻവലിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ വിവിധ വിമാനത്താവളങ്ങളിലായി ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്. ഡൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ ഈ നടപടി വ്യാപകമായ തടസം സൃഷ്ടിച്ചു. ഓരോ വിമാനത്താവളത്തിലും നൂറുകണക്കിന് സർവീസുകളാണ് പെട്ടെന്ന് റദ്ദാക്കിയത്. നവംബർ ഒന്ന് മുതലാണ് പുതിയ ചട്ടം നടപ്പാക്കിയത്. ഇതോടെ സർവീസുകൾക്ക് വൻ തിരിച്ചടിനേരിടുകയായിരുന്നു.
ഡൽഹി (95), മുംബൈ (85), ബംഗളൂരു (73), ഹൈദരാബാദ് (68), പുണെ (16), അഹമ്മദാബാദ് (5), കൊൽക്കത്ത (നാല്) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകൾ റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര സർവീസുകൾക്ക് പുറമെ അന്താരഷ്‌ട്ര സർവീസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്‌ട്ര, ആഭ്യന്തര തലത്തിൽ ഏകദേശം 2,300 സർവീസുകളാണ് ഒരു ദിവസം ഇൻഡിഗോയ്‌ക്കുള്ളത്. ഇൻഡിഗോ സർവീസുകളുടെ വൈകലും റദ്ദാക്കലുകളും മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും ബാധിച്ചു.
ഡൽഹിയിൽ നിന്ന് അർദ്ധരാത്രി വരെയും ചെന്നൈയിൽ നിന്ന് വൈകുന്നേരം 6 മണി വരെയും എല്ലാ വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ്, സാങ്കേതിക പ്രശ്‌നങ്ങൾ, ഫൈറ്റ് ഡ്യൂട്ടി സമയക്രമീകരണത്തിലുണ്ടായ പിഴവ് എന്നീ കാരണങ്ങളാണ് വിമാനങ്ങൾ കൂട്ടമായി റദ്ദാക്കാനും വൈകാനും കാരണമായത്. യാത്രക്കാരെ വലയ്‌ക്കുന്ന നടപടിയിൽ വിമാനത്താവളത്തിൽ പ്രതിഷേധങ്ങളിലേക്കും വഴിവച്ചു. പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) നിയമങ്ങൾ നടപ്പിലാക്കിയതാണ് പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്തിയിരുന്നു. ഒരു പൈലറ്റിന് അനുവദനീയമായ രാത്രി ലാൻഡിംഗ് ആറ് മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറച്ചു. ഈ മാറ്റങ്ങൾ പൈലറ്റ് ഷെഡ്യൂളിംഗിനെ സാരമായി ബാധിച്ചു. ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ തുടക്കം മുതൽ തന്നെ ഈ നിയമങ്ങളെ എതിർത്തിരുന്നു. ഇത്തരം സാഹചര്യത്തിൽ കൂടുതൽ പൈലറ്റുമാരെ നിയമിക്കേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. പുതുക്കിയ ചട്ടത്തിന്റെ ആദ്യ ഘട്ടം ജൂലൈയിൽ അവതരിപ്പിച്ചെങ്കിലും ശക്തമായ എതിർപ്പിനെത്തുടർന്ന് ചില വ്യവസ്ഥകൾ നവംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
കോക്ക്പിറ്റ് ജീവനക്കാർക്കായുള്ള പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി, വിശ്രമ സമയ മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്(എഫ്ഐപി) പറഞ്ഞു. ഇൻഡിഗോയിൽ വിശദീകരിക്കാനാകാത്ത തരത്തിൽ നിയമന നിരോധനം നടന്നുവെന്നും എഫ്ഐപി ഡിജിസിഎയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ സർവീസ് നടത്താതായതോടെ വിഷയത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നുള്ള കണ്ടെത്തലിന്റെയും വിമാന കമ്പനികളിടെ നിരന്തര അഭ്യർഥനകളും മാനിച്ചാണ് പുതിയ ചട്ടം ഡിജിസിഎ പിൻവലിക്കുന്നത്.









0 comments