പലിശ കുറയുമോ; റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. 5.5% ൽ നിന്ന് 5.25% ആയി കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. രണ്ട് മാസത്തിലൊരിക്കൽ ചേരുന്ന ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി)യുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് തീരുമാനം. ഇന്ത്യൻ രൂപ ഗുരുതരമായ വീഴ്ച നേരിടുന്ന ഘട്ടമാണ്.
ഫോറിൻ എക്സേഞ്ച് വിപണിയിൽ രൂപയ്ക്ക് ഒരു ബാൻഡും ലക്ഷ്യമിടുന്നില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ആഭ്യന്തര കറൻസിക്ക് അതിന്റേതായ ശരിയായ ലെവൽ കണ്ടെത്താൻ കേന്ദ്ര ബാങ്ക് അനുവദിക്കുന്നുണ്ടെന്നാണ് വിശദീകരണം.
വിപണിയിലെ ചാഞ്ചാട്ടം തുടരുന്ന പ്രവണതയാണ്. എന്നാൽ അസാധാരണമോ അമിതമോ ആയ ചാഞ്ചാട്ടം ഉണ്ടാവുന്നത് കുറയ്ക്കുക എന്നതാണ് ആർബിഐയുടെ ശ്രമമെന്ന് മൽഹോത്ര പറഞ്ഞു.
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള ആർബിഐയുടെ നീക്കം ഭവന വായ്പകളുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനും ഭവന ആവശ്യകത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കരുത്തേകുന്നതാണിത്.
കോവിഡ് പാൻഡെമിക് കാരണം 2020 ലും 2021 ലും ഉണ്ടായ വലിയ മാന്ദ്യത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ (2022-24) ഭവന വിൽപ്പന ഉയർന്ന് നിൽക്കയാണ്.
ഭവന വായ്പാ പലിശകൾക്ക് പുറമെ പ്രതിമാസ തിരിച്ചടവ് തുകയോ(ഇഎംഐ) തിരിച്ചടവുകളുടെ കാലയളവോ കുറയാം. ഇനി 2026 ഫെബ്രുവരിയിലാണ് പണനയസമിതിയുടെ അടുത്തയോഗം.
പണപ്പെരുപ്പം
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, പണപ്പെരുപ്പം 3.9% ആയാണ് പ്രവചിക്കുന്നത്. മുൻ എസ്റ്റിമേറ്റായ 4.5% നേക്കാൾ കുറവായി വരും എന്നാണ് അവകാശപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) പ്രവചനം ആർബിഐ അതിന്റെ മുൻ എസ്റ്റിമേറ്റായ 6.8% ൽ നിന്ന് 7.3% ആയി കുത്തനെ ഉയർത്തിയിട്ടുണ്ട്. നടപ്പ് പാദത്തിലെ (ഒക്ടോബർ-ഡിസംബർ മൂന്നാം പാദത്തിലെ) ജിഡിപി പ്രവചനവും മുമ്പത്തെ 6.4% നെക്കാൾ 6.7% കൂടുതലാണ്.
ജിഡിപിയിലെ അവകാശവാദവും വിവാദമായി
കഴിഞ്ഞ പാദത്തിൽ തൊട്ടു മുൻപത്തെ ആറ് ഘട്ടങ്ങളെ താരതമ്യം ചെയ്യത് ഏറ്റവും ഉയർന്ന വളർച്ച- 8.2% ആയി രേഖപ്പെടുത്തി. പക്ഷെ ജിഡിപി കണക്കാക്കുന്നതും അവകാശപ്പെടുന്നതും അടുത്ത കാലത്ത് വിവാദമായിരുന്നു.
വലിയ വളർച്ച കാണിച്ചു എങ്കിലും ലോക ബാങ്ക് ഇന്ത്യയുടെ വളർച്ച താഴ്ന്ന സി എന്ന റാങ്കിൽ ഉൾപ്പെടുത്തിയതോടെയാണ് ഇത് ചർച്ചയായത്.
ഇന്ത്യയിൽ ജിഡിപി പ്രഖ്യാപിക്കുന്നത് നാല് തവണയായിട്ടാണ് .മൂന്ന് മാസം വീതമുള്ള നാലു ക്വാർട്ടറുകൾ. ആദ്യത്തെ ക്വാർട്ടർ Q1 ആണ്. ഏപ്രിൽ മുതൽ ജൂൺ വരെ. രണ്ടാം ക്വാർട്ടർ Q2 ജൂലായ് മുതൽ സെപ്തംബർ വരെ മൂന്നാം ക്വാർട്ടർ Q 3 ഒക്ടോബർ മുതൽ ഡിസംബർ വരെ . ബാക്കി Q4 നവംബറിൽ പ്രഖ്യാപിച്ചത് Q2 ആണ്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ഇന്ത്യയുടെ GDP 8.2 ശതമാനമാണ് എന്നവർ പ്രഖാപിച്ചു.
കഴിഞ്ഞ വർഷം ഇതേ ക്വാർട്ടറിൽ ഉണ്ടായിരുന്ന GDP 5.4 % ആയിരുന്നു. ഇത്രയും വലിയ വർധന ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധർ അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ലോക ബാങ്ക് റാങ്കിങ്ങും വന്നത്.








0 comments