ധനകാര്യ നിയന്ത്രണ അതോറിറ്റിയെന്ന് വ്യാജ സ്ഥാപനം; മുന്നറിയിപ്പുമായി യുഎഇ എസ്‌സിഎ

ദുബായ് : ധനകാര്യ നിയന്ത്രണ ഏജൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിച്ച അനധികൃത സ്ഥാപനം കണ്ടെത്തിയതായി മുന്നറിയിപ്പുമായി യുഎഇ സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ). ഗൾഫ് ധനകാര്യ പെരുമാറ്റ മേൽനോട്ട അതോറിറ്റി എന്ന പേരിൽ, www.financialgcc.com എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു വ്യാജ പ്രവർത്തനം. സ്ഥാപനത്തിന് യുഎഇയിൽ യാതൊരു ലൈസൻസും ഇല്ലായിരുന്നു. ധനകാര്യ മേഖലയിലോ നിക്ഷേപ പ്രവർത്തനങ്ങളിലോ മേൽനോട്ട ചുമതല വഹിക്കാനുള്ള ബന്ധവുമില്ല.
നിക്ഷേപകർ പണം കൈമാറുന്നതിനും കരാർ ഒപ്പിടുന്നതിനും വ്യക്തിഗത വിവരം പങ്കുവയ്ക്കുന്നതിനും മുന്പ് സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉറപ്പാക്കണമെന്നും അതോറിറ്റി മുന്നറിയിപ്പിൽ വ്യക്തമാക്കി.
യുഎഇയുടെ ധനകാര്യ വിപണികളിലും നിക്ഷേപ സ്ഥാപനങ്ങളിലും ഇടനിലക്കാരിലും നിയന്ത്രണം വഹിക്കുന്ന ഫെഡറൽ ഏജൻസിയാണ് എസ്‌സിഎ. അനധികൃത സ്ഥാപനങ്ങളും വ്യാജ വെബ്‌സൈറ്റുകളും തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന മുന്നറിയിപ്പുകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നുണ്ട്. നവംബർ 19-ന് എമിറേറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു വ്യാജ സ്ഥാപനത്തെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.








0 comments