കളം നിറഞ്ഞ് മമ്മൂട്ടിയും വിനായകനും; കളങ്കാവൽ ത്രില്ലടിപ്പിച്ചെന്ന് ആദ്യ പ്രതികരണങ്ങൾ

കൊച്ചി : പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി- വിനായകൻ ചിത്രം കളങ്കാവൽ റിലീസ് ചെയ്തു. ആദ്യ ഷോകൾക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രകടനം കൊണ്ട് മമ്മൂട്ടിയും വിനായകനും ഞെട്ടിച്ചുവെന്നാണ് പ്രേക്ഷക പ്രതികരണം. മമ്മൂട്ടിയുടെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി കളങ്കാവൽ മാറുമെന്നും പ്രതികരണങ്ങളുയരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയ്ക്കും കഥ പറച്ചിൽ രീതിയും സംവിധാനവും സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. പുതുമ നിറഞ്ഞ രീതിയിലാണ് പരിചിതമായ കഥയെ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ ഏറെയും. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രതികരണങ്ങൾ വന്നിരുന്നു.
കുറുപ്പ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്ന ജിതിൻ കെ ജോസാണ് കളങ്കാവൽ സംവിധാനം ചെയ്തത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ബിഗ്സ്ക്രീനിലെത്തുന്നത്. മമ്മൂട്ടിയുടെ പ്രതിനായക വേഷം കളം നിറഞ്ഞുതന്നെ കളിച്ചുവെന്നാണ് ആരാധകരുടെയും അഭിപ്രായം.








0 comments