Deshabhimani

Articles

അധീശാക്രമണത്തിന്റെ 250 വർഷം

അധീശാക്രമണത്തിന്റെ 250 വർഷം

American Independence Day
avatar
ഡോ. ജോസഫ് ആന്റണി

Published on Jul 04, 2026, 05:00 AM | 4 min read

"മനുഷ്യരെല്ലാം തുല്യരായാണ് സൃഷ്ടിക്കപ്പെട്ടത്’ എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം ഫിലാഡെൽഫിയയിൽ ഒപ്പിട്ടതിന് ജൂലൈ നാലിന് 250 വർഷം തികയുന്നു. ലോകത്തിലെ എല്ലാ പോപ്പുലിസ്റ്റ്/സ്വേച്ഛാധികാര ഭരണാധികാരികളെയുംപോലെ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇ‍ൗ വാർഷികാഘോഷം തന്റെ നേട്ടങ്ങളും മഹത്വവും ഉയർത്തിക്കാണിക്കാനുള്ള അവസരമാക്കുന്നു. ട്രംപിന്റെ ഈ മാമാങ്കത്തോട് യുഎസ്‌ ജനത വലിയ താൽപ്പര്യം കാട്ടുന്നില്ല. കഴിഞ്ഞ 25ന് വാഷിങ്‌ടണിൽ ട്രംപ് പ്രസംഗിച്ച യോഗത്തിലെ ജനപങ്കാളിത്തം ശുഷ്കമായിരുന്നു. അതിനാൽ ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടത് "ജൂലൈ നാലിന് നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് പ്രസംഗിക്കുന്ന യോഗത്തിൽ കസേരകൾ ഒഴിഞ്ഞുകിടക്കാതിരിക്കാൻ ദയവുചെയ്ത് നിങ്ങൾ കൂട്ടമായി വന്ന് പങ്കെടുക്കണം’ എന്നാണ്.


ട്രംപ് ഭരണം ഏറ്റെടുക്കുന്നതിനുമുന്പ് നിലവിൽവന്ന ആഘോഷക്കമ്മിറ്റിയായ ‘അമേരിക്ക 250’, ട്രംപ് ഇപ്പോൾ രൂപീകരിച്ച കമ്മിറ്റിയായ ‘ഫ്രീഡം 250’ എന്നീ സംഘാടകസമിതികൾ തമ്മിൽ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൽ തർക്കങ്ങളുണ്ട്. 2016ൽ യുഎസ്‌ പാർലമെന്റ് എല്ലാ പാർടികളെയും ഉൾപ്പെടുത്തി രൂപീകരിച്ചതാണ് ‘അമേരിക്ക 250.’ അമേരിക്കയുടെ ചരിത്രം, അടിമസമ്പ്രദായം, വംശീയവിദ്വേഷം, അമേരിക്കൻ ആദിവാസികളുടെ പുറത്താക്കൽ, യുദ്ധപരാജയങ്ങൾ എന്നിവകൂടി ചർച്ചാവിഷയമാക്കുന്ന ആഘോഷങ്ങൾക്കാണ് ‘അമേരിക്ക 250’ ആലോചിച്ചിരുന്നത്. എന്നാൽ, ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ഫ്രീഡം 250’ പ്രാധാന്യം നൽകുന്നത് സ്ഥാപക പിതാക്കൾ, സൈനികനേട്ടങ്ങൾ, അമേരിക്കൻ മഹത്വം, ദേശസ്നേഹം, ട്രംപിനെ മഹത്വവൽക്കരിക്കൽ എന്നിവയ്ക്കാണ്.


ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക -സൈനിക ശക്തിയാണ് അമേരിക്ക. ഒരു നൂറ്റാണ്ടായി ആഗോളരാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതും യുഎസ്‌ തന്നെ. 250 വർഷംകൊണ്ട് ആഗോളഭീമനായ യുഎസ്‌, സ്വാതന്ത്ര്യവാർഷികത്തിന്റെ ആഘോഷത്തിമിർപ്പിലേക്ക്‌ കടക്കുമ്പോൾ വളർച്ചയുടെ പാതയും സഞ്ചാരവഴികളും നാളെയിലേക്കുള്ള ലക്ഷ്യങ്ങളും പരിശോധിക്കുന്നത് നന്നായിരിക്കും.


അമേരിക്കയെ കണ്ടെത്തൽ


പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും സ്പാനിഷ്, പോർച്ചുഗീസ് രാജാക്കന്മാർക്കുവേണ്ടി ഇറ്റാലിയൻ സഞ്ചാരികളായ ക്രിസ്റ്റഫർ കൊളംബസും അമേരിഗോ വെസ്പുച്ചിയും ആ ഭൂഖണ്ഡത്തിൽ കാലുകുത്തിയതോടെയാണ് അമേരിക്ക ആഗോളശ്രദ്ധയിലേക്ക്‌ വരുന്നത്. അവർ ആ പ്രദേശത്തെക്കുറിച്ച് പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നെ ലോകം കണ്ടത്, "പുതിയ ലോകം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഭൂഭാഗം കൈയടക്കാനുള്ള സാമ്രാജ്യത്വരാജ്യങ്ങളുടെ പടപുറപ്പാടായിരുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അസംസ്കൃതവസ്തുക്കളും മാർക്കറ്റും തൊഴിലാളികളെയും തേടിക്കൊണ്ടിരുന്ന രാജ്യങ്ങൾക്ക് അമേരിക്ക അക്ഷയഖനിയായി.


സാമ്രാജ്യത്വരാജ്യങ്ങളായിരുന്ന പോർച്ചുഗലും സ്പെയിനുമാണ് അവിടെയെത്തിയ ആദ്യത്തെ ശക്തികൾ. പതിനാറാം നൂറ്റാണ്ടോടെ ബ്രിട്ടനും എത്തി. അവരുടെ ആദ്യ ലക്ഷ്യം അവിടത്തെ ദശലക്ഷക്കണക്കായ ആദിവാസികളെ കൊന്നൊടുക്കി ഫലഭൂയിഷ്ഠമായ ഭൂമി കൈയടക്കലായിരുന്നു. ‘എ ട്രൂ ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ ഡാനിയൽ സ്യുർസെൻ എപ്രകാരമാണ് പകർച്ചവ്യാധികളായ വസൂരി, പൊങ്ങൻപനി എന്നിവയുടെ അണുക്കൾ വിതറിയും അടിമപ്പണിയിലൂടെയും ആക്രമണത്തിലൂടെയും ആദിവാസികളെ ഇല്ലാതാക്കിയതെന്ന് വിവരിക്കുന്നുണ്ട്.


പിന്നെയാണ് ലോകത്തെ നടുക്കിയ അടിമവ്യാപാരം ആരംഭിക്കുന്നത്. പതിനാറുമുതൽ പത്തൊന്പതുവരെയുള്ള നൂറ്റാണ്ടുകളിൽ അരങ്ങേറിയ അടിമവ്യാപാരത്തിൽ പോർച്ചുഗലും സ്പെയിനും ബ്രിട്ടനും ബ്രസീലും ഫ്രാൻസും നെതർലൻഡ്‌സുമൊക്കെ പങ്കാളിയായി. ഈ രാജ്യങ്ങളെല്ലാംകൂടി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്‌ ക്രൂരമായ ബലപ്രയോഗത്തിലൂടെ ഒന്നേകാൽക്കോടി ആളുകളെയാണ് അടിമകളായി അമേരിക്കയിലും ബ്രസീലിലും കരീബിയനിലും എത്തിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്‌ കവർന്നെടുത്ത വിഭവങ്ങളും അടിമകളായി എത്തപ്പെട്ടവരുടെ അധ്വാനവുമാണ് ഇന്നത്തെ അമേരിക്കയെ പടുത്തുയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. രസകരമായ കാര്യം, 1776 ജൂലൈ നാലിലെ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ, "എല്ലാ മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടത്, അവർക്കെല്ലാം ജീവിക്കാനും സ്വാതന്ത്ര്യത്തിനും സന്തോഷം കണ്ടെത്താനും അവകാശമുണ്ട്’ എന്ന് എഴുതിവച്ച തോമസ് ജെഫേഴ്സന്റെ വീട്ടിലും തോട്ടങ്ങളിലുമായി അറുനൂറിലേറെ അടിമകൾ അപ്പോൾ ജോലി ചെയ്യുകയായിരുന്നു. (പിന്നെയും 90 വർഷമായപ്പോഴാണ് (1865) അമേരിക്കയിലെ അടിമസമ്പ്രദായം നിയമപരമായി അവസാനിപ്പിച്ചത്.) ഈ കാപട്യത്തിന്റെ തുടർച്ചയാണ് ഇന്നും ദൃശ്യമാകുന്നത്.

ഈ കാപട്യമാണ് യാരെദ് സെക്സ്റ്റൺ അദ്ദേഹത്തിന്റെ "അമേരിക്കൻ റൂൾ' എന്ന ഗ്രന്ഥത്തിൽ പിച്ചിച്ചീന്തുന്നത്. അദ്ദേഹം പറയുന്നത് ‘ജനാധിപത്യം, നന്മ, അമേരിക്കൻ മഹത്വം എന്ന ശക്തമായ ദേശീയമിത്തുകൊണ്ട് അമേരിക്ക മറയ്ക്കാൻ ശ്രമിക്കുന്നത് കടന്നാക്രമണങ്ങളുടെയും സാമ്രാജ്യത്വവികസനത്തിന്റെയും വംശീയതയുടെയും സാമ്പത്തിക അസന്തുലിതാവസ്ഥയുടെയും ഹിംസയുടെയും നീണ്ടചരിത്രമാണ്.’


അമേരിക്കൻ ലോക ആക്രമണം


രണ്ടാം ലോകയുദ്ധത്തോടെയാണ് യുഎസ്‌ ആഗോളശക്തിയാകുന്നത്. ആഗോളനേതൃസ്ഥാനം ഉറപ്പിക്കുന്നതിനായി ആവിഷ്കരിച്ച നയമാണ് ‘ഗ്രാൻഡ് ഏരിയ പോളിസി’. കമ്യൂണിസ്റ്റ് നിയന്ത്രണത്തിലില്ലാത്ത എല്ലാ രാജ്യങ്ങളെയും വിഭവങ്ങളെയും യുഎസ്‌ സ്വാധീനത്തിൽ കൊണ്ടുവരണം എന്നാണ് ആ നയം ലക്ഷ്യമിടുന്നത്. അതിനാണ് ഐഎംഎഫ്, ലോകബാങ്ക്, ഗാട്ട് എന്നിവ 1944ലും സൈനിക സഖ്യമായ നാറ്റോ 1949ലും രൂപീകരിച്ചത്. പിന്നാലെ അവയുപയോഗിച്ചും അവ പരാജയപ്പെടുന്നിടത്ത് ചാരസംഘടനയായ സിഐഎയെ ഉപയോഗിച്ചുമാണ് ആഗോളമേധാവിത്വം ഉറപ്പിച്ചത്. എല്ലാ രാജ്യങ്ങളെയും വിഭവങ്ങളെയും കൈപ്പിടിയിലൊതുക്കണമെന്നും വഴങ്ങാത്ത രാജ്യങ്ങളെയും ഭരണാധികാരികളെയും ഏതു മാർഗത്തിലൂടെയും വരുതിയിൽ കൊണ്ടുവരുകയോ ഭരണത്തെതന്നെ അട്ടിമറിക്കണമെന്നതും ‘ഗ്രാൻഡ് ഏരിയ പോളിസി’യുടെ ഭാഗമായിരുന്നു. 1953ൽ ഇറാനിലെയും 1954ൽ ഗ്വാട്ടിമാലയിലെയും 1961ൽ കോംഗോയിലെ പാട്രിസ് ലുമുംബയെയും 1963ൽ ഹോണ്ടുറാസിലെയും 1964ൽ ബ്രസീലിലെയും 1966ൽ ഘാനയിലെ ക്വാമി എൻക്രുമയെയും 1971ൽ ബൊളീവിയയിലെയും 1973ൽ ചിലിയിലെ അലൻഡെയെയും അട്ടിമറിച്ചത്. കൊറിയ, വിയറ്റ്‌നാം അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ, സിറിയ, വെനസ്വേല, ഇറാൻ എന്നിവിടങ്ങളിലെ സൈനിക ഇടപെടലുകളും യുഎസിന്റെ ആഗോള രാഷ്ട്രീയ മേൽക്കോയ്മ നിലനിർത്താൻ വേണ്ടിയായിരുന്നു. അടുത്തതായി ക്യൂബയെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്.


തളരുന്ന അമേരിക്ക


നിരന്തരമായ ഈ യുദ്ധങ്ങളിലൂടെ അമേരിക്ക ക്രമേണ തളരുകയായിരുന്നെന്ന് ആദ്യം ലോകത്തോട് വിളിച്ചുപറഞ്ഞത് പോൾ കെന്നഡി എന്ന ചരിത്രകാരനാണ്. 1500 മുതലുള്ള ലോകശക്തികളുടെ വളർച്ചയെയും തളർച്ചയെയും സമഗ്രമായി പരിശോധിച്ച്‌, തുടർച്ചയായ യുദ്ധങ്ങളും സാമ്പത്തികനയങ്ങളിലുള്ള അശ്രദ്ധയുമാണ് മിക്ക സാമ്രാജ്യങ്ങളെയും തകർത്തതെന്ന് പോൾ കെന്നഡി 1987ൽ പ്രസിദ്ധീകരിച്ച ‘ദ റൈസ് ആൻഡ് ഫാൾ ഓഫ് ഗ്രേറ്റ് പവേഴ്‌സ്' എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചു. അമേരിക്കയെയും ആ വിധിതന്നെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


ഈ അപകടം മനസ്സിലാക്കിയതിനാലാണ്, ഇനിമുതൽ അവസാനിക്കാത്ത യുദ്ധങ്ങൾക്ക് പോകരുതെന്നും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന മുദ്രാവാക്യവുമായി 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് രംഗത്തുവരുന്നത്. തകരുന്ന സമ്പദ്‌വ്യവസ്ഥയുടെ ദുരിതംപേറുന്ന മധ്യവർഗം പൂർണമായും ട്രംപിന് അനുകൂല വിധിയെഴുതി. പക്ഷേ, അധികാരത്തിൽവന്ന 2025ൽ തന്നെ ട്രംപ് ഇറാൻ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ ആക്രമണം നടത്തി.


അമേരിക്ക–ഇസ്രയേൽ– ഇറാൻ യുദ്ധവും യുഎസിന്റെ ആഗോളമേധാവിത്വം നിലനിർത്താനുള്ള ശ്രമമായിരുന്നു. എന്നാൽ, അതും അമേരിക്ക എവിടെ നിൽക്കുന്നെന്ന് കാട്ടിക്കൊടുക്കാൻ സഹായിച്ചു. ഇറാൻ ഭരണകൂടത്തെ മാറ്റാനും അവരുടെ ആണവപദ്ധതികളെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളെയും അവസാനിപ്പിക്കാനും ഹിസ്‌ബുള്ള, ഹമാസ്, ഹൂതി എന്നീ സഖ്യസേനകളെ സഹായിക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കാനും ഇസ്രയേലിന്റെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ട ട്രംപ് വാസ്തവത്തിൽ യുഎസിനെയും ലോകത്തെയും കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. ഒടുവിൽ ഹോർമുസ് കടലിടുക്ക് തുറക്കുകയെന്ന ഉപാധി മുന്നോട്ടുവച്ച് യുദ്ധത്തിൽനിന്ന്‌ തലയൂരാനാണ് ട്രംപ് ശ്രമിച്ചത്.


പ്രശസ്ത ചിന്തകനായ ഹൊവാഡ് സിൻ ‘എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന ഗ്രന്ഥത്തിൽ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തെക്കുറിച്ച് പരാമർശിക്കുന്ന അധ്യായത്തിന് കൊടുത്തിരിക്കുന്ന തലക്കെട്ട് ‘റ്റിറനി ഈസ് റ്റിറനി' (നിഷ്‌ഠുരത നിഷ്‌ഠുരത തന്നെ) എന്നാണ്‌. അതിലൂടെ അദ്ദേഹം പറയുന്നത് 1776 ജൂലൈ നാലിന് ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന്‌ അമേരിക്കൻ കോളനികളിലെ സമ്പന്നവിഭാഗം ഭരണം ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്; അടിമത്തം ഉൾപ്പെടെ എല്ലാ അനീതികളും സാമ്രാജ്യത്വചിന്തകളും ഒസ്യത്തുപോലെ അവർ സ്വീകരിച്ചെന്നുമാണ്. രണ്ടര നൂറ്റാണ്ടിനുശേഷം അമേരിക്ക തുടരുന്നത് ആ നയങ്ങൾതന്നെയാണ്.


സ്വാതന്ത്ര്യത്തിന്റെ 250–ാം വാർഷികം ആഘോഷിക്കുന്ന അമേരിക്കയുടെ ചരിത്രം ഒരു വാചകത്തിൽ ഇങ്ങനെ ഒതുക്കാം: ക്രൂരമായ കുടിയേറ്റ കൊളോണിയലിസത്തിൽ ജനിച്ച്, മുതലാളിത്ത -സാമ്രാജ്യത്വ ചൂഷണനയങ്ങളിലൂടെ വളർന്ന്, കുടിലമായ നവസാമ്രാജ്യത്വത്തിലൂടെ ലോകാധിപത്യത്തിനായി ശ്രമിക്കുന്ന ഒരു രാജ്യം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും രാജാധികാരത്തെയും അമേരിക്കൻ മണ്ണിൽനിന്ന്‌ തൂത്തെറിഞ്ഞ ദിവസമായിട്ടാണ് ജൂലൈ നാല്‌ ആഘോഷിക്കപ്പെടുന്നത്. എന്നാൽ, 1776ൽ നിന്ന്‌ 2026ൽ എത്തുമ്പോൾ യുഎസ്‌ വീണ്ടും സ്വേച്ഛാധിപതിയായ ചക്രവർത്തിയെപ്പോലെ പ്രവർത്തിക്കുന്ന ഭരണാധികാരിയുടെ കാൽക്കീഴിൽ അമർന്നിരിക്കുകയാണ്.​ (കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ്‌ വിഭാഗം മുൻമേധാവിയാണ്‌ ലേഖകൻ)



deshabhimani section

Dont Miss it

Recommended for you

Deshabhimani
Home